'രോഗങ്ങളില്‍നിന്നും മോചനം നേടിത്തരുന്നത് പ്രകൃതിയാണ്‌. ഫീസു വാങ്ങുന്നത് ഡോക്ടര്‍മാരും.' ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ 

heratപല ആത്മകഥകളും പിന്‍തലമുറകള്‍ക്ക് വഴികാട്ടിയായിട്ടുണ്ട്. ഇവിടെ ഒരു സാധാരണ കുടുംബിനിക്ക് നേരിടേണ്ടിവന്ന അപ്രതീക്ഷിതപ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഒരു ആത്മകഥ പിറവിയെടുത്തിരിക്കുന്നു. ഈ രചന ആത്മകഥയുടെ സാമ്പ്രദായിക ചട്ടക്കൂടുകള്‍ക്കുമപ്പുറത്തേക്ക് വളര്‍ന്ന് കവിതയുടേയും ശാസ്ത്രചിന്തകളുടേയും മേഖലകളെ സ്പര്‍ശിക്കുന്നു.  

അപ്പോഴും മാനവഹൃദയങ്ങളില്‍ അനുരണനം സൃഷ്ടിക്കുകയെന്ന ആത്മകഥാധര്‍മ്മം സമര്‍ത്ഥമായി നിര്‍വ്വഹിക്കപ്പെടുന്നു. ഞാനിപ്പോള്‍ ഒന്നിലധികം തവണ വായിക്കാനിടയായ ഹൃദയസാന്ത്വനമെന്ന കൃതി പ്രസിദ്ധിയല്ല ആത്മകഥാരചനയുടെ അര്‍ഹതയെന്ന് വിളംബരം ചെയ്യുന്നു. (രചന എം.ബി.ശാന്ത, എസ്.പി. നമ്പൂതിരി) ആത്മാവിഷ്‌കാരവൈഭവവും സത്യസന്ധതയുമാണ് ആത്മകഥകളെ കലാസൃഷ്ടികളാക്കിമാറ്റുന്നതെന്ന് ഈ കൃതി സാക്ഷ്യം വഹിക്കുന്നു. ഇതിലെ പല രംഗങ്ങളും കണ്ണു നനയാതെ ഒരാള്‍ക്ക് വായിക്കാന്‍ കഴിയില്ല. ഇതെന്റെ അനുഭവമാണ്. ഒരു ഡോക്ടര്‍ക്ക് സംഭവിച്ചുപോയ ഒരബദ്ധത്തിന്റെ ഫലമായി ഒരു കുടുംബിനി നല്ലപ്രായത്തില്‍ ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഹൃദ്രോഗിയായിത്തീരുന്നു. 

രോഗിയുടെ ഭര്‍ത്താവ് സമാനമായ ഒരു പ്രശ്‌നവും അതിന്റെ പ്രത്യാഘാതങ്ങളും സ്വന്തസഹോദരന്റെ കാര്യത്തില്‍ നേരിടേണ്ടിവന്ന ഒരാളാണ്. തന്നെയല്ല അക്കാലത്ത് ഇവിടെ വേണ്ട വിദഗ്ധചികിത്സ ലഭ്യമാവാത്ത സാഹചര്യത്തില്‍ ഏറെ ക്‌ളേശം സഹിച്ച് അനിയനെ, മോസ്‌കോവിലേക്ക് അയയ്ക്കാന്‍ മുന്‍കൈ എടുത്ത ആളാണ്. അതുകൊണ്ടദ്ദേഹം ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു: 'ഇതൊരു വാതപ്പനിയാണോ? ആ നിലയില്‍ ഒരു മുന്‍കരുതലെടുക്കണോ?' ഡോ: 'ഇതൊരു സാധാരണ പനിയും ശരീരവേദനയും മാത്രം.' ഡോക്ടര്‍ ആ നിലയില്‍ ചികിത്സിച്ചു. അസുഖം മാറി. പില്‍ക്കാലത്ത് ഭര്‍ത്താവു തന്നെയാണ് ഈ കുടുംബിനിയെ ഒന്നു നോക്കണമെന്ന് സഹോദരിയായ ഡോക്ടറോടു പറയുന്നത് ഒരോണാഘോഷത്തിനിടയില്‍. 'ശാന്തക്കു പരാതിയൊന്നുമില്ല. എല്ലാ ജോലികളും ചെയ്യുന്നുണ്ട്. പക്ഷെ, ക്ഷീണമുണ്ട്. ഹൃദയസ്പന്ദനവും ശരിയാണെന്നു തോന്നുന്നില്ല.' ഡോക്ടര്‍മാരായ സഹോദരിയും സഹോദരീഭര്‍ത്താവും ശാന്തയെ പരിശോധിക്കുന്നു. ഹൃദയത്തിന് ചെറിയൊരു പ്രശ്‌നമുണ്ടെന്ന് അഭിപ്രായപ്പെടുന്നു. തുടര്‍ന്ന് വിസ്തരിച്ചുള്ള പരിശോധനയില്‍ മൈട്രല്‍ വാല്‍വ് ചുരുങ്ങിവരുന്നതായി സ്ഥിരീകരിക്കപ്പെട്ടു. ഓപ്പറേഷനല്ലാതെ പോംവഴിയില്ല. ഓപ്പറേഷനു വിധേയയായി. 

നിയന്ത്രിതജീവിതം നയിക്കാം; നയിക്കണം. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു ഓപ്പറേഷന്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി. പിന്നെയും പന്ത്രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടുമൊരു ഓപ്പറേഷന്‍ വാല്‍വ് ട്രാന്‍സ്പഌന്റേഷന്‍. ഒന്‍പതുവര്‍ഷങ്ങള്‍ പിന്നെയും പിന്നിട്ടു. വീണ്ടും പ്രശ്‌നമായിരിക്കുന്നു. ജീവിതത്തിന്റെ നല്ലകാലം മുഴവന്‍ ഹൃദ്രോഗചികിത്സാകേന്ദ്രങ്ങളില്‍ കയറിയിറങ്ങിയും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും ജീവിച്ചതിന്റെ അനുഭവവിവരണമാണ് ഹൃദയസാന്ത്വനമെന്ന ഈ കൃതി. ആത്മാവിഷ്‌കാരം ഹൃദയസ്പര്‍ശിയായിട്ടുണ്ട്. 

Coverഹൃദ്രോഗചികിത്സാരംഗത്തെ അതികായന്മാരായ ഡോ. വലിയത്താന്‍, ഡോ. വിജയരാഘവന്‍, പത്മശ്രീ. ഡോ. കെ.എം. ചെറിയാന്‍ മുതലായവരുമായി നടത്തിയ അഭിമുഖസംഭാഷണങ്ങള്‍ ഈ ഗ്രന്ഥത്തിനൊരു മുതല്‍ക്കൂട്ടാണ്. മെഡിക്കല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍, ഡോ. മോഹന്‍ദാസ്, കേരളായൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍, പി. ഗോവിന്ദപ്പിള്ള, വി.എസ്. അച്യുതാനന്ദന്‍, ഇ.എം. രാധ, ലഫ്. കേണല്‍ ഡോ. എം.എം. നായര്‍(സമാനമായ ചികിത്സാദുരിതങ്ങള്‍ അനുഭവിക്കാനിടയായ ഈ സാഹിത്യകാരന്‍ ഇതുപോലൊരു സാഹിത്യകൃതി രചിക്കാന്‍ കഴിയാത്തതില്‍ ദു:ഖിതനാണ്), മെഡിക്കല്‍ കോളേജ് പ്രൊഫസര്‍. ഡോ. സി.എ. രാജന്‍ എന്നിവരെല്ലാം ഓരോ തരത്തില്‍ ഈ ആത്മകഥയെ സമ്പന്നമാക്കാന്‍ സഹകരിച്ച പ്രതിഭാശാലികളാണ്.

അനുഭവാഖ്യാനങ്ങള്‍ക്കുമപ്പുറം നമ്മുടെ ആരോഗ്യരക്ഷാമേഖലയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഈ ഗ്രന്ഥത്തിന്റെ ഒരു സവിശേഷതയാണ്. ഇതെല്ലാം ചേര്‍ന്നതാണ് ചികിത്സാപര്‍വ്വമെന്ന ഈ കൃതിയുടെ ഒന്നാംഭാഗം. രണ്ടാംഭാഗമായ പ്രതിരോധപര്‍വ്വമാവട്ടെ ഹൃദ്രോഗികളുള്‍പ്പെടെ ഹൃദയമുള്ളവരെല്ലാം അറിഞ്ഞിരിക്കേണ്ട മുന്‍കരുതല്‍ നടപടികളുടെ ശാസ്ത്രീയവിവരങ്ങളാണ്. ശ്രീചിത്രയിലെ ഗവേഷണവിഭാഗം തയ്യാറാക്കിയ ഒരു ശാസ്ത്രീയരേഖയാണിത് വെറും കാര്യമാത്രപ്രസക്തം. ഇവിടെ സാഹിത്യത്തിനൊന്നും ഒരു പങ്കാളിത്തവുമില്ല. *ക്രിസ്റ്റഫര്‍ കോഡ്‌വെല്ലിനെ അനുസ്മരിച്ചുകൊണ്ട് വിലയിരുത്തട്ടെ: ചികിത്സാപര്‍വ്വം വികാരത്തിന്റെ ശാസ്ത്രമാണ്. പ്രതിരോധപര്‍വ്വം വിചാരത്തിന്റെ കലയാണ്.

ഇത്തരത്തിലൊരാത്മകഥ അപൂര്‍വ്വമാണെന്നു തോന്നുന്നു. മലയാളത്തിലുണ്ടായിട്ടില്ലെന്ന് തീര്‍ച്ച. വിശ്വസാഹിത്യത്തില്‍ത്തന്നെ ഇതുവേറിട്ടുയര്‍ന്നുനില്‍ക്കുമെന്നാണ് അറിവുള്ളവര്‍ പറയുന്നത്. ചികിത്സാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ എഴുതിയിട്ടുള്ള പുസ്തകങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു രോഗി രചിച്ച ഇത്തരമൊരു കൃതി പല നിലയിലും ശ്രദ്ധേയമാണ് അഭൂതപൂര്‍വ്വമാണ്. സ്വാനുഭവാഖ്യാനം തുല്യദു:ഖിതരായ സഹജീവികള്‍ക്ക് സഹായകരമാവട്ടെ എന്ന സദുദ്ദേശത്തോടെയാണ് എസ്.പി. നമ്പൂതിരിയും എം.ബി. ശാന്തയും ഈ കൃതി രചിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്നെയല്ല. ഈ പുസ്തകത്തിന്റെ റോയല്‍റ്റി ഹൃദ്രോഗികളെ സഹായിക്കാന്‍ വിനിയോഗിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. 

ആത്മകഥയെന്ന സാമ്പ്രദായികസാഹിത്യശാഖയിലെന്നപോലെതന്നെ ഹൃദയചികിത്സാസംബന്ധിയായ വൈജ്ഞാനികമേഖലയിലും ഹൃദയസാന്ത്വനം ഒരു സാന്ത്വനമാധുര്യവും സാന്ത്വനശക്തിയുമാണെന്നതില്‍ തര്‍ക്കമില്ല. സാന്ത്വനത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയുമായ ചില സിദ്ധികള്‍ ഈ പുസ്തകത്തിലുണ്ടെന്നും തീവ്രപരിചരണവിഭാഗത്തില്‍ വിശ്രമിക്കുന്ന ഹൃദ്രോഗികള്‍ക്കുപോലും ഈ പുസ്തകം വായിക്കാന്‍ കൊടുക്കാമെന്നുമുള്ള ഡോ. വിജയരാഘവന്റെ നിരീക്ഷണം എത്രയും അര്‍ത്ഥവത്താണ്. 

ഈ കൃതിയുടെ ഗ്രന്ഥകര്‍ത്താക്കള്‍ പുസ്തകാരംഭത്തില്‍ മനസ്സുതുറക്കുന്നതിങ്ങനെ: ജീവന്റെ തുടിപ്പുകളാണല്ലോ ഹൃദയസ്പന്ദനങ്ങള്‍. ആയുസ്സെത്തുന്നതിനു മുമ്പേ ജീവനും കൊണ്ട് കടന്നുകളയുന്ന മഹാരോഗങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ഹൃദ്രോഗമാണ്. മൂന്നു പതിറ്റാണ്ടിലേറെയായി ഹൃദ്രോഗത്തിനെതിരായ നിരന്തരസമരങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഒരാളാണിതെഴുതുന്നത്. ചികിത്സാജന്യരോഗമെന്ന നിലയ്ക്കാണ് ഹൃദ്രോഗമെന്നില്‍ കുടിയേറിയത്. ഹൃദ്രോഗംതന്നെ എത്രതരമുണ്ട്? അതിന്റെ വൈവിദ്ധ്യങ്ങളും വൈപുല്യങ്ങളും വിവരണാതീതമാണ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഹൃദ്രോഗബാധിതരുടെ കാര്യമെടുത്താല്‍ ഇന്ത്യ ഒന്നാംസ്ഥാനത്താണ്. ഈ മേഖലയില്‍ ലോകം ആര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന അറിവുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ ദു:ഖസത്യത്തെ നാം നേരിടണം. ഹൃദ്രോഗത്തെ കീഴടക്കാനുള്ള ജീവന്‍മരണസമരങ്ങള്‍ക്കിടയില്‍ എത്ര ആശുപത്രികള്‍ കയറിയിറങ്ങി? എത്രയെത്ര ഭിഷഗ്വരന്മാരേയും ശസ്ത്രകര്‍മ്മവിദഗ്ധരേയും അഭിമുഖീകരിച്ചു? 

പരിചാരകവൃന്ദങ്ങള്‍, സഹായഹസ്തം നീട്ടിയ ബന്ധുമിത്രാദികള്‍, പൊതുപ്രവര്‍ത്തകര്‍, ഭരണാധികാരികള്‍, വിദഗ്‌ധോപദേശം തന്നവര്‍എല്ലാമെല്ലാം ഓര്‍മ്മിച്ചെടുക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ അതിനെല്ലാമുപരി മനസ്സിനെ മഥിച്ചുകൊണ്ട് സ്മരണയില്‍ നിറഞ്ഞുനില്‍ക്കുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്? തുല്യദുഖിതരായ ഹൃദ്രോഗികള്‍, ആശുപത്രികളുടെ ഇടുങ്ങിയ ഇടനാഴികള്‍, പരന്ന നടുത്തളങ്ങള്‍, ഓപ്പറേഷന്‍ തീയറ്ററുകളുടെ അടഞ്ഞവാതിലിനു മുന്നില്‍ തീവ്രപരിചരണവിഭാഗങ്ങളിലെ ഏകാന്തമൂകതകളില്‍ഇവിടെയൊക്കെ കഴിയുന്നവരും കാത്തിരിക്കുന്നവരുമായ ഉല്‍കണ്ഠാകുല ജീവിതങ്ങള്‍ മരണമണിമുഴക്കിക്കൊണ്ട് ചീറിപ്പാഞ്ഞുവരുന്ന ആംബുലന്‍സുകളില്‍ നിന്ന് അര്‍ദ്ധപ്രാണരായ രോഗികളേയും കൊണ്ട് ഓടിയെത്തുന്ന ബന്ധുജനങ്ങള്‍ നിശ്ചലഹൃദയത്തിനും നിശ്ശബ്ദശരീരത്തിനും ചുറ്റും കാവലിരുന്നു കൊണ്ടും ഗദ്ഗദകണ്ഠരായി മടങ്ങുന്ന ബന്ധുമിത്രാദികളെ വഹിച്ചുകൊണ്ടും കനല്‍ക്കണ്ണുകള്‍ കൂമ്പിയടഞ്ഞും മിന്നിത്തെളിഞ്ഞും ദീനരോദനത്തോടെ മടങ്ങിപ്പോകുന്ന ആംബുലന്‍സുകള്‍. 

നവജാതശിശുക്കള്‍ മുതല്‍ നവതി കഴിഞ്ഞവര്‍ വരെ ഏതുപ്രായത്തിലുള്ളവരേയും ഹൃദ്രോഗം കടന്നാക്രമിക്കുന്നു കശക്കിയെറിയുന്നു. ജീവിതം തന്നെ ഉത്തരമില്ലാത്തൊരു കടംകഥപോലെ മുന്നില്‍ നില്‍ക്കുമ്പോഴാണ് ജീവനില്‍ത്തന്നെ കടന്നുപിടിച്ചുകൊണ്ടുള്ള ഹൃദ്രോഗത്തിന്റെ തിരനോട്ടം. ഇത്തരത്തില്‍ ഇരുട്ടില്‍ പെട്ടവര്‍ക്ക് എന്റെ ഈ അനുഭവകഥാഖ്യാനം ഒരു മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടമെങ്കിലുമായിത്തീരട്ടെയെന്ന് ഞാനാഗ്രഹിക്കുന്നു. ഹൃദയസാന്ത്വനമെന്ന ഈ കൃതി ആര്‍ക്കെങ്കിലും ഒരു സാന്ത്വനസ്പര്‍ശമായി അനുഭവപ്പെടുന്നപക്ഷം ഞങ്ങള്‍ കൃതാര്‍ത്ഥരായി. ഹൃദ്രോഗംകൊണ്ട് ഹൃദയവേദനകള്‍ അനുഭവിക്കുന്ന ഹതഭാഗ്യരുടെ ഹൃദയപത്മങ്ങളില്‍ ഈ ജീവിതകഥാഖ്യാനം സമര്‍പ്പിക്കുന്നു.

കഷ്ടകാലത്തെ സമ്പാദ്യം മധുരം കയ്പുമോര്‍മ്മകള്‍ അര്‍ച്ചനാപുഷ്പമാവട്ടെ എല്ലാ സഹൃദയര്‍ക്കുമായ്...

( കാനഡയില്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്ന ലേഖകന്‍, പ്രഭാഷകനും എഴുത്തുകാരനുമാണ്.)