ത്തരേന്ത്യന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നും അഭംഗുരം നടക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. ഒരു ദളിതന്‍ ഓഫീസര്‍  തസ്തികയില്‍ നിയമിക്കപ്പെടുന്നു എന്നിരിക്കട്ടെ. അയാള്‍ക്ക് പ്യൂണായി ഒരു ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ വന്നെന്നും കരുതുക. ഓഫീസര്‍ക്ക് സേവനം നല്‍കാന്‍ സ്വന്തം ചെലവില്‍ ശമ്പളം കൊടുത്ത് മറ്റൊരു ദളിതനെ മേല്‍ജാതിക്കാരന്‍ ജോലിക്ക് വയ്ക്കും. കമലാപതി ത്രിപാഠിമാരില്‍ തുടങ്ങി മായാവതിയിലൂടെ യോഗി ആദിത്യനാഥില്‍ എത്തി നില്‍ക്കുന്ന ഉത്തരഭാരതത്തിലെ സര്‍ക്കാരുകളില്‍ വരുന്ന മാറ്റങ്ങള്‍ എന്തുമാകട്ടെ, സര്‍ക്കാര്‍ ഓഫീസുകളിലെ അവസ്ഥയാണ് പറഞ്ഞത്. ദളിതനെ മനുഷ്യനായി കാണാന്‍ തയ്യാറല്ലാത്ത വിധം ഇന്നും സങ്കീര്‍ണമാണ് ഇന്ത്യന്‍ ജാതിവ്യവസ്ഥ. 

ഡോ. പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ 'എരി' എന്ന നോവലാണ് പഴയ അനുഭവങ്ങളെ മനസ്സിലേക്ക് എത്തിച്ചത്. 'എരി' ഇതിനകം ഏറെ ആഘോഷിക്കപ്പെട്ടിരിക്കുന്നു, നവമാധ്യമങ്ങളിലും ബദല്‍ ചിന്തകളിലും. പ്രദീപന്റെ അവസാന നോവല്‍ എന്ന വൈകാരികതയിലേക്ക് ചര്‍ച്ചകള്‍ ചുരുങ്ങുന്നുമുണ്ട്. പൊയ്കയില്‍ അപ്പച്ചനും പണ്ഡിറ്റ് കറുപ്പനും സഹോദരന്‍ അയ്യപ്പനും ഒക്കെ പടര്‍ത്തിയ വിശാലമായ ഒരു എഴുത്തുലോകമുണ്ട് മലയാളത്തിന്. ഭക്തിക്ക് പുറത്തെ ആന്തരിക ചൈതന്യത്തിലേക്ക് നയിച്ച ശ്രീനാരായണഗുരുവിന്റെ രചനകളുമുണ്ട്. കോവിലന്‍ വികസിപ്പിച്ച് നാരായന്‍ വളര്‍ത്തി പന്തിഭോജനത്തിന്റെ സമകാലിക സാന്നിദ്ധ്യത്തോളം തുടരുന്ന വായനകളുമുണ്ട്. എവിടെയാണ് 'എരി'യുടെ  നില്‍പ്? 

ദളിതത്വം ഒരു അവസ്ഥയാണ്. അധികാരത്തിന്റെ സ്വരൂപങ്ങളോട് നേരിട്ട് ബന്ധപ്പെട്ടത്. പരമമായ അധികാരത്തിന്റെ നാലയലത്തു പോലും എത്താത്തവര്‍ സ്വന്തം അപകര്‍ഷതയില്‍ ആനന്ദത്തിന് കണ്ടെത്തുന്ന ഇരകളാണ് എക്കാലത്തും എവിടേയും ദളിതത്വം. നിറവും തൊഴിലും ലിംഗവും എല്ലാം ഇരജീവിതങ്ങളെ ദീനമാക്കുന്നു.ഇന്ത്യന്‍ അവസ്ഥയില്‍  ജാതിയായി തൊഴില്‍ വിഭജിക്കപ്പെട്ടതോടെ അധികാരത്തിന്റെ ഇടപെടല്‍ കുറേയേറെ മൂര്‍ത്തമായി. തെന്നിവീഴുന്ന പാഴ്നിലങ്ങളിലേക്ക് ദളിതന്‍ പിന്തള്ളപ്പെട്ടു. ശ്രേണീബദ്ധമായ ഏറ്റിറക്കങ്ങള്‍ക്ക് ഈ വീഴ്ച അനിവാര്യമായി, ആനന്ദത്തിന്റെ പരപീഡാരതിയുമായി കൂട്ടിവായിക്കുമ്പോള്‍ മാത്രമേ നിലവാരപരമായ ഉയര്‍ച്ചതാഴ്ച്ചകളില്‍ വിഹരിക്കുന്ന തുച്ഛമായ ഇന്ത്യന്‍ ജീവിതത്തിന്റെ യുക്തിരാഹിത്യത്തിന്റെ ആഴം ബോധ്യമാവൂ. 

സാമൂതിരി രാജാവിനെ കാണാന്‍ വന്ന കഥ വാസ്‌കോ ഡി ഗാമയുടെ ഡയറിക്കുറിപ്പുകളില്‍ കാണാം ആ പഴയ ഇന്ത്യന്‍ അവസ്ഥ. പന്തലായനി ക്ഷേത്രത്തില്‍ പള്ളിയെന്ന് കരുതി തൊഴുത്, അബദ്ധം പറ്റിയതില്‍ കുമ്പസരിച്ച്, കോഴിക്കോട്ടെത്തി ഗാമ രാജാവിനെ കാണുന്നു. ലിസ്ബണ്‍ തെരുവുകളില്‍ കാഹളം മുഴക്കിയ യാത്രയയപ്പിന്റെ ഓര്‍മ്മ കാതുകളില്‍ കടലിനേക്കാള്‍ ഉച്ചത്തില്‍ ഗൃഹാതുരമായി ഇരമ്പുമ്പോള്‍ ഗാമ കണ്ടു. വൃദ്ധനും അല്‍പവസ്ത്രനുമായ രാജാവിനെ. രാജാങ്കണത്തിന്റെ ശോച്യതയില്‍ ഗാമ കൗതുകം പൂണ്ടു. 

സ്വന്തം ജീവിതത്തിന്റെ ഈ നിലവാരമില്ലായ്മയില്‍ അധികാരം പ്രകടമാക്കാന്‍ കേരളം കാണിച്ചത് എന്താണെന്ന് ഡോ. കെ. ഭാസ്‌കരന്‍ നായര്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ കേരള ചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. തന്നേക്കാള്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ആര്‍ക്കും തന്നേക്കാള്‍ നല്ല പാര്‍പ്പിടം ഉണ്ടാക്കാന്‍ അധികാരികള്‍ അനുവദിച്ചതേയില്ല. ഉടുപ്പിലും നടപ്പിലും തീനിലും കുടിയിലും കല്യാണത്തിലും ജനനത്തിലും മരണത്തിലും എല്ലാം ഈ വ്യവസ്ഥകള്‍ നിരന്തരം അടിച്ചേല്‍പിക്കപ്പെട്ടു. 

അതിനിടെ കിരാതമായി കോളനിവാഴ്ച കടന്നെത്തി. നാടുവാഴികള്‍ക്ക് പുതിയ രാജാക്കന്മാര്‍ കടല്‍ കടത്തേണ്ടുന്ന സമ്പത്തിന്റെ ചുങ്കപ്പങ്ക് നിശ്ചയിച്ചു. പോയ ഒന്നിനും കണക്കുണ്ടായില്ല. കീഴാളജീവിതങ്ങള്‍ വീണ്ടും വീണ്ടും കൊള്ളയടിക്കപ്പെട്ടു. ഇന്നത്തെപ്പോലെ തന്നെ. പല പേരുകളില്‍, പല നികുതികളായി പല ചെലവുകള്‍. എല്ലാം ഒരേ ജീവിതത്തെ അപഹരിച്ചു. കോളനി വാഴ്ച പക്ഷേ, പാശ്ചാത്യ വിജ്ഞാനത്തിന്റെ തിരി കൊളുത്തി. സ്വന്തം അടിമകളെ പോറ്റാന്‍ വേണ്ടി പണ്ടോറയുടെ പെട്ടി തുറന്നു അധികാരം. നൂറ്റാണ്ടുകളായി പുലര്‍ത്തിപ്പോന്ന അനുസരണയുടെ ശ്വാനബോധങ്ങളെ ശീര്‍ഷാസനത്തിലിട്ട് ചോദ്യം ചെയ്യാന്‍ നാട് പഠിച്ചത് അങ്ങനെയൊക്കെയാണ്.

ചോദ്യങ്ങള്‍ക്ക് ഒരു കുഴപ്പമുണ്ട്. ഉത്തരങ്ങള്‍ കിട്ടുവോളം അത് തുടരും. തൃപ്തിയുടെ ദ്വീപിനൊപ്പം അതൃപ്തിയുടെ സമുദ്രവും വളരും. ജോര്‍ജ് ഓര്‍വെല്ലിന്റെ വിഖ്യാതവചനം പോലെ കുറ്റവിമുക്തരാക്കപ്പെടുവോളം ആരും വിശുദ്ധരാവില്ല. അധികാരത്തിന്റെ എല്ലാ സ്വരൂപങ്ങളും അടിമുടി ചോദ്യം ചെയ്യപ്പെട്ടു. വെള്ളക്കാരന്റെ കൊള്ള, നാടുവാഴിയുടെ തിട്ടൂരം, പ്രമാണിയുടെ വാക്കുകള്‍, ജാതിക്കോയ്മയുടെ അതിരുകള്‍, ദൈവത്തിന്റേയും ദേവാലയത്തിന്റേയും  വരമ്പുകള്‍, പൊതുവഴിയിലെ നടപ്പ്, നാട്ടു കിണറ്റിലെ വെള്ളം, ആണധികാരത്തിന്റെ ധാര്‍ഷ്ട്യം. എല്ലാം യാഥാര്‍ത്ഥ്യബോധത്തോടെ അവിശ്വസിക്കപ്പെട്ടു.

പ്രദീപന്റെ 'എരി' വരുന്നത് അത്തരമൊരു സാമൂഹിക-ചരിത്ര പശ്ചാത്തലത്തിലാണ്. അത് ശ്രീനാരായണ ഗുരുവിനും മുമ്പെന്ന് നോവലിസ്റ്റ്. മലബാറില്‍ അത് സാധ്യമായതില്‍ വിസ്മയിക്കുന്നു എഴുത്തുകാരന്‍. മലബാര്‍ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. സ്വാഭാവികമായും എരി വരാന്‍ തിരുക്കൊച്ചിയേക്കാള്‍ എളുപ്പം മലബാറില്‍ തന്നെയാണ്. പറയനെരിയുടെ എരിയുന്ന പറച്ചിലുകളുടെ ചരിത്രമാണ് നോവല്‍. പറയന്റെ പറയാത്ത കഥകള്‍. കുലം മുടിച്ചവരുടെ കണക്കുപുസ്തകങ്ങള്‍ക്ക് പുറത്തു കടന്ന് പരമ്പരയുടെ വംശാഭിമാനം തിരിച്ചു പിടിക്കാനുള്ള ശ്രമം. 

പ്രദീപന്റെ കൈ തട്ടിമാറ്റി അക്ഷമനായ മരണം ശുഭം എന്നെഴുതി നോവലിനെ പൂര്‍ത്തിയാക്കി എന്ന് കല്‍പറ്റ നാരായണന്‍ വിവരിക്കുന്നുണ്ട് നോവലിനെ പറ്റി. എന്നാല്‍ നോവലിനെ വസ്തുനിഷ്ഠമായി സമീപിച്ചാല്‍ നിറവുകളേക്കാള്‍ നിറയുന്നത് ശൂന്യസ്ഥലികളാണ്. 

ദളിത് സാഹിത്യത്തിന്റെ വിശാലമായ പരിസരമുണ്ട് നമുക്ക്. ശരണ്‍കുമാര്‍ ലിംബാളേയും നരേന്ദ്ര ജാദവും  ജയമോഹനും ഒക്കെ വികസ്വരമായ പരിപ്രേക്ഷ്യങ്ങളെ മുമ്പേ മുന്നിലെത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ കോവിലനാകട്ടെ എഴുത്തിന്റെ കത്തിമുനയില്‍ വായനക്കാരന്റെ കഴുത്തിനെ നേര്‍ക്കു നിര്‍ത്തി.  അവിടെയാണ് എരി വരുന്നത്. പുതിയ കാലം പോലും സ്വീകരിക്കാന്‍ ഭയപ്പെടുന്ന ജിജ്ഞാസുവിന്റെ മൂല്യബോധങ്ങളുമായി മുമ്പേ പറന്നവന്‍. വിധിയില്‍ ആധിപ്പെടാതെ കലഹത്തിന്റെ വാള്‍ ഉയര്‍ത്തിയവന്‍. കണ്ണൂരിലെ മില്ലില്‍ തുണി കൊടുത്ത് കുറ്റാക്കൂരിരുട്ടില്‍ അഞ്ചാം പീടികയില്‍ എത്തി ചൂട്ടു ചോദിച്ചപ്പോള്‍ പിന്നിയൂരെത്തുവോളം കണ്ണു തെളിക്കാന്‍ വെളിച്ചം തേച്ചു കൊടുത്തവന്‍. പറയനാര്‍ പുരത്തിന്റെ പാരമ്പര്യങ്ങളെ ആവാഹിച്ചവന്‍. പറയനെരി ഒരു അത്ഭുതം തന്നെയാണ് എന്ന് തുടക്കത്തിലേ നോവലിസ്റ്റ്.

എന്നാല്‍ 'എരി'യുടെ താക്കോല്‍ പണ്ഡിറ്റ് കറുപ്പനിലാണ്. ആത്മബോധവും ജ്ഞാനപ്രകാശവുമാണ് 'എരി'യില്‍ പ്രദീപന്‍ ആരോപിക്കുന്ന ബോധത്തുറവികള്‍. ഗുരുവിന്റെ കാലത്തിനും മുമ്പേ ചരിത്രത്തിലേക്ക് നീക്കി നിര്‍ത്തുന്ന പറയന് അത് അനിവാര്യവുമാണ്. എന്നാല്‍ ഗുരുവിനും പിമ്പേ വന്ന കറുപ്പന്റെ സാന്നിദ്ധ്യമാണ് 'എരി'യിലെ രണ്ടു സംജ്ഞകളും സമ്മാനിക്കുന്നത്. രണ്ടും അധികാര വ്യവസ്ഥകളെ വെല്ലുവിളിക്കാനുള്ള ഉപകരണങ്ങളുമാണ്. അകത്തേക്ക് തുറക്കുന്ന മനസ്സും പുറത്തേക്ക് നീളുന്ന അറിവും പകലിന്റെ പ്രസരിപ്പുകളെ പറഞ്ഞുവയ്ക്കുന്നു. രാത്രി മാത്രം പുറത്തിറങ്ങാന്‍ അനുവാദം ഉണ്ടായിരുന്ന കീഴാളന് പകലിന്റെ വെളിച്ചം പകരുകയാണ് 'എരി'യുടെ ദൗത്യം. പുഴയുടെ നീര്‍ക്കുത്തുകളും ചാലുകളും ഇരുളിലും മനക്കണ്ണായ 'എരി' പകലില്‍ ആരുമറിയാതെ കണ്ടല്‍ക്കാടുകളില്‍ ഒളിച്ചു കഴിയേണ്ടി വരുന്നവന്റെ സങ്കടങ്ങളെ വിക്ഷേപിക്കുന്നത് ജാതിക്കോട്ടയുടെ പുറത്തേക്കാണ്.

കേട്ടുകേള്‍വികളെ ഐതിഹ്യങ്ങളും ചരിത്രവുമാക്കുന്നതിലെ അനീതി എപ്പോഴും വിഹ്വലപ്പെടുത്തുന്നുണ്ട് എഴുത്തുകാരനെ. അപ്പോഴും കേള്‍വികളിലെ മനോനിലകളിലേക്ക് ആദ്യഘട്ടത്തില്‍ ചുവടുറപ്പിക്കുന്നു 'എരി'. വിശ്ലഥമായ വിലോഭനീയതകളായി കേട്ടറിവുകള്‍ പരിണമിക്കുന്നു. അപ്പോഴും പറയാതെ വയ്യ. തോറ്റങ്ങള്‍ എന്ന കോവിലന്‍ കൃതി പകരുന്ന അസാമാന്യമായ വായനാനുഭവത്തിന്റെ അടുത്തെങ്ങും എത്തുന്നില്ല എരി വായന. തട്ടകത്തിന്റെ  വിസ്തൃതിയിലേക്ക് അത് വളരുന്നുമില്ല. എരി ആഗ്രഹിക്കുന്നതിന്റെ വിപരീതത്തിലേക്ക് വളരുന്നു. 'എരി' അവനവനിലേക്ക് ചുരുങ്ങുന്നു.

ലിംബാളെയുടെ കൃതികള്‍ തിരസ്‌കൃതരുടെ തിരിച്ചുവരവ് പറയുന്നു. കേവലാധികാരത്തിന്റെ ഉച്ചസ്ഥായികളിലും  വേതാളത്തെപ്പോലെ പിടിവിടാത്ത ജാതിയുടെ മാറാപ്പിനെ ജയമോഹന്‍ വിവരിക്കുന്നു. വിടുതലിന്റേയും വിമോചനത്തിന്റേയും മോഹങ്ങളെ കാലഘടികാരം തിരിച്ചു വയ്ക്കുന്ന ചരിത്രബോധം അവിടമെല്ലാം കാണാറാകുന്നു. എരിയില്‍ മുഴച്ചു നില്‍ക്കുന്നതാകട്ടെ അനാക്രോണിസത്തോളം നീളുന്ന ചരിത്രബോധമില്ലായ്മയാണ്. എന്തിനെ അടിമുടി പറിച്ചെറിയണമെന്ന് കഥാകൃത്ത് മോഹിച്ചുവോ അതേ കോട്ടയുടെ അടിക്കല്ലുകള്‍.!

നമ്മുടെ വലിയൊരു പോരായ്മ ലിഖിതമായ ചരിത്രത്തിന്റെ അഭാവമാണ്. കൊട്ടാരം വൈദ്യന്മാരും കൊട്ടാരം വാദ്ധ്യാന്മാരും കെട്ടിപ്പൊക്കിയ അധികാരബദ്ധമായ ഓര്‍മ്മകളുടെ കുറിപ്പടികളിലാണ് നമ്മുടെ നാട്ടുകഥകളുടെ നില്‍പ്. നാലു തലമുറ മുമ്പത്തെ പ്രപിതാമഹന്മാരെപ്പോലും അറിയാത്ത വലിയൊരു സമൂഹമാണ് വര്‍ത്തമാന മലയാളി. വേരറ്റ വാഴ്വുകള്‍ അവനെ എത്തിക്കുന്നത് ആത്മനിന്ദയും പരദൂഷണവും സമം ചേര്‍ത്ത പരിഹാസത്തിലാണ്. മൂക്കു താഴോട്ട് നീണ്ടവരെയെല്ലാം പരിഹസിക്കുന്നവര്‍ എന്ന മുത്തശ്ശിച്ചൊല്ലിന്റെ മൂച്ചോളമെത്തുന്നു ആ നിന്ദാഗര്‍വം.

നാട്ടറിവുകളുടെ അക്ഷയ ഖനികളെ തുലച്ചൊടുക്കിയത് വെറും ജാതിമേല്‍ക്കോയ്മ മാത്രമായിരുന്നില്ലെന്നതാണ് നമ്മുടെ ചരിത്രം. കോളനിവാഴ്ചയുടെ ചൂണ്ടക്കൊളുത്തുകളും അതിന്റേതായ ഇടം പിടിച്ചു. മലബാറിലാകട്ടെ വിവിധ ഘട്ടങ്ങളില്‍ കടന്നു വന്ന വിദേശികളും മൈസൂര്‍ രാജാക്കന്മാരും നേരിട്ട് സമൂഹത്തില്‍ ഇടപെട്ടു. മുഴുവന്‍ അടരുകളിലും ഇത്  പ്രതിഫലിച്ചു. എന്നാല്‍ മുമ്പേ നിന്നിരുന്ന സാമൂഹിക മാനങ്ങളെക്കുറിച്ചുള്ള അജ്ഞാനമാണ് നമ്മുടെ ഗതികേട്. മുഴുവന്‍ വിദേശികളും വന്ന് കോരിക്കൊണ്ടുപോയിട്ടും സമ്പത്ത് ബാക്കി കിടന്നു എന്നതിനര്‍ത്ഥം മുമ്പേ അത്രമേല്‍ സമ്പന്നമായിരുന്നു എന്നു കൂടിയാണ്. അതായത് കീശയില്‍ കാശില്ലെങ്കിലും പ്രകൃതി വിഭവങ്ങളാല്‍ ഏതു വികസിത സൂചികയേക്കാള്‍ സമ്പന്നര്‍. കീഴ്ത്തട്ടിലേക്ക് ഊര്‍ന്നുവീണ ഈ സാമ്പത്തികാംശങ്ങള്‍ കാര്‍ഷികോല്‍പാദനപരവും പരിമിതമായ  ആവശ്യങ്ങള്‍ ഗതി നിര്‍ണയിച്ചതുമായ നാടിന് ഭേദപ്പെട്ട സാമൂഹിക സംതൃപ്തി നല്‍കിയിരുന്നിരിക്കണം.

ആ സംതൃപ്തിയെ നമുക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ തകഴിയോളം കാണാം. പിശുക്കിനെ ചൊല്ലി അഭിമാനിച്ചപ്പോഴും ചെന്നു കണ്ടവര്‍ക്കൊല്ലം പുഞ്ചനെല്ല് സമ്മാനിച്ചു തകഴി. അതൊരു ഫ്യൂഡല്‍ ബോധ്യമായിരുന്നു. കോയ്മയുടെ തുഴയെറിച്ചില്‍. പണത്തിന്റെ മൂല്യം പ്രവാസത്തിന്റെ മണി ഓര്‍ഡര്‍ സമ്പദ്ഘടന വരുവോളം മലയാളി അറിഞ്ഞതേയില്ല. കാശു തുളച്ച് മാലയാക്കിയിട്ട നിഷ്‌കളങ്കതയോളം അത് നീണ്ടു. 

കീഴാളന് എരിവും മേലാളന് മധുരവും രുചിയുടെ മാത്രമല്ല അഭിരുചിയുടെ കൂടി വൈരുധ്യങ്ങളായി. ആ അഭിരുചിയെ കോവിലന്‍ നിര്‍വചിക്കുന്നത് നോക്കുക. "എല്ലില്‍ തൊടാത്തതൊന്നും എഴുതാറില്ല. പിച്ച തെണ്ടാന്‍ വയ്യാത്തതിനാല്‍ ക്ഷേത്രങ്ങളില്‍ പോകാറുമില്ല". 

എരിയിലെ വിരുദ്ധോക്തി പാരമ്പര്യത്തെ ദൈവമായി കണ്ട് ഊര്‍ജം തേടുമ്പോള്‍ അത് കടന്നു പോകുന്ന നൂറ്റാണ്ടിന്റെ കാമ്പില്ലായ്മയെ സ്പര്‍ശിക്കുന്നു. പാലച്ചോട്ടിലേക്ക് കുരുത്തോല കെട്ടി മുഴുവന്‍ പ്രകൃതിയേയും ആവാഹിച്ച നര്‍ത്തനത്തിന് ബദല്‍ ദൈവത്തിന്റെ കരുത്തിനേക്കാള്‍ ഗുരു പ്രതിഷ്ഠിച്ച ഈഴവശിവന്റെ ഉറപ്പുണ്ട്. എരിയില്‍ ചോരുന്നത് ആ എരിവാണ്. ശ്രീനാരായണന്‍ പിറക്കും മുമ്പേ ചത്ത പശുവിനെ തിന്നേണ്ടെന്ന് പറയാനുള്ള കാഴ്ചപ്പാട് നേടി 'എരി'. സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടുന്ന അടിത്തറ നിര്‍മ്മിച്ചു 'എരി'. എന്നാല്‍ കുറുമ്പ്രനാടിന്റെ കേവലാതിരുകളില്‍നിന്ന് നോവലിസ്റ്റ് ശ്രമിച്ചിട്ടും 'എരി'ക്ക് മുക്തനാവാന്‍ കഴിയുന്നതേയില്ല. 

ഒരു കാല്‍ വര്‍ത്തമാനത്തിലും മറ്റേക്കാല്‍ ഭൂതത്തിലും ചവിട്ടി പുനര്‍നിര്‍മ്മിക്കാനാവില്ല ചരിത്രത്തെ. തനിക്കു ചുറ്റും കറങ്ങുന്ന ഭൂമിക്ക് പുറത്തു കടന്ന് എഴുത്തുകാരന് കാലത്തെ കീഴ്മേല്‍മറിക്കുന്ന ഉത്തോലകത്തെ തേടേണ്ടതുണ്ട്. അവന്റെ യോഗനയനങ്ങള്‍  ഭാവിയുടെ വിദൂരതകളിലേക്ക് പായേണ്ടതുണ്ട്. 'എരി'യില്‍ നാട്ടറിവുകളുടെ തുറസ്സുകളെ ആവാഹിക്കുമ്പോഴും ആ വിറകില്‍ കത്തിജ്വലിക്കാതെ പുകയുന്നതേയുള്ളൂ അഗ്നി.