റബിപ്പൊന്ന് തേടിയുള്ള മലയാളിയുടെ യാത്രകള്‍ നൂറ്റാണ്ടുകള്‍ മുമ്പേ തുടങ്ങിയതാണ്. അന്നവും അര്‍ഥവും തേടി പ്രവാസജീവിതത്തിന് പുറപ്പെട്ടവരില്‍ പലര്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും. ചിലര്‍ക്കത് ജീവിതവിജയത്തിന്റേതാണെങ്കില്‍ മറ്റ് ചിലര്‍ക്ക് കണ്ണീരിന്റെ ഉപ്പു നിറഞ്ഞ കഥകളാണ്.

അന്യനാട്ടില്‍ ജീവിതം തേടിപ്പോയിട്ടും മരണത്തിനും ജീവിതത്തിനുമിടയില്‍ തുലാസിലാടപ്പെട്ട ജീവിതങ്ങളുണ്ട്. പ്രവാസത്തിന്റെ ഇരുണ്ട ഓര്‍മകളായി വേട്ടയാടപ്പെടുന്ന ജയില്‍ അനുഭവങ്ങള്‍ സ്വന്തമായുള്ളവര്‍. ഇത്തരത്തില്‍ പ്രവാസ ജീവിതത്തിനിടയില്‍ അനുഭവിച്ച ജയില്‍ ജീവിതത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ്  എന്റെ ജയിലനുഭവങ്ങള്‍.

ഭാവനയെ വെല്ലുന്ന ജീവിതാനുഭവങ്ങളാണ് എന്റെ ജയിലനുഭവങ്ങള്‍ എന്ന പുസ്തകം പങ്കുവയ്ക്കുന്നത്. തികച്ചും വേറിട്ട വായനാനുഭവം സമ്മാനിക്കുന്ന പുസ്തകത്തിലെ ഓരോ താളുകളിലും ഓരോ വാക്കുകളിലും ഒരു ജന്മം കൊണ്ട് അനുഭവിച്ച വേദനയുടെ കനം വായനക്കാരന് വായിച്ചറിയാന്‍ സാധിക്കും. വേദന കിനിഞ്ഞിറങ്ങുന്ന ഈ വരികള്‍ക്കിടയിലെ കാവ്യഭംഗിയാണ് പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത.

വായനക്കാരെ മടുപ്പിക്കുന്ന നീണ്ട ലേഖനങ്ങളല്ല മറിച്ച് ചെറിയ കുറിപ്പുകളായി തന്റെ അനുഭവങ്ങള്‍ വായനക്കാരില്‍ എത്തിക്കുകയാണ് സുബൈദ ഈ പുസ്തകത്തില്‍. ഇതിന്റെ ഓരോ താളുകളും ജീവിതത്തിന്റെ ഓരോ ഏടുകളാണ്. ഒരു പ്രവാസി ജയിലിന്റെ ഇരുട്ടില്‍ അനുഭവിച്ച യാതനകളിലേക്ക് അവ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

ente-jayilanubhavangalഗള്‍ഫിലെത്തി വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തപ്പോള്‍ കിട്ടിയ പണവുമായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ജയിലിനുള്ളില്‍ അകപ്പെട്ടത് മുതലുള്ള അനുഭവങ്ങളാണ് സുബൈദ പുസ്തകത്തില്‍ പറയുന്നത്. എന്തിനായിരുന്നു താന്‍ ജയിലില്‍ അടയ്ക്കപ്പെട്ടത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന് പോലും കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല. ചെയ്ത പാപത്തിന്റെ ശിക്ഷകള്‍ അനുഭവിക്കാന്‍ കുറച്ചുകാലം ജയിലില്‍ കിടക്കട്ടെ എന്നായിരിക്കാം ദൈവത്തിന്റെ കല്പന എന്നാണ് അദ്ദേഹം അതിന് ഉത്തരം കണ്ടെത്തുന്നത്.

തുടര്‍ന്ന് ജയില്‍, ജീവിതത്തില്‍ അനുഭവിച്ച ഓരോ സന്ദര്‍ഭങ്ങളും അദ്ദേഹം വായനക്കാരന് മുന്നില്‍ അവതിരിപ്പിക്കുന്നു. അതിഭാവുകങ്ങളില്ലാതെ, നാടകീയത കലരാതെ ജീവിതത്തിന്റെ പച്ചയായ എഴുത്ത്. സ്വന്തം അനുഭവങ്ങള്‍ക്കൊപ്പം സഹതടവുകാര്‍ അനുഭവിച്ച പ്രശ്‌നങ്ങളും അദ്ദേഹം വായനക്കാരില്‍ എത്തിക്കുന്നു. ജയില്‍ ജീവിതം എന്നത് കേവലം സ്ഥലസംബന്ധമായ ഒരു ദുരന്തം മാത്രമല്ല. സ്വന്തം നരകം നേരിടുന്നതിനൊപ്പം സഹജീവികളുടെ നരകം കൂടി കണ്ടു നില്‍ക്കേണ്ട ഗതികേടാണെന്ന് പുസ്തകം വ്യക്തമാക്കിത്തരുന്നു.

എനിക്ക് ജീവന്‍ തിരിച്ചു കിട്ടിയിരിക്കുന്നു. ഞാന്‍ എന്നെ തൊട്ടു നോക്കി. നുള്ളി നോക്കിയപ്പോള്‍ ബോധ്യമായി, ഞാനുണ്ട്. ഭ്രാന്തമായ ചിരി. ചിരി നിര്‍ത്താനാകുന്നില്ല. ചിരിച്ചു തളര്‍ന്നപ്പോള്‍ കരഞ്ഞു. കരഞ്ഞു കരഞ്ഞു നനുത്ത തുണിപോലെ തറയില്‍ കുഴഞ്ഞുവീണു.- ജയില്‍ മോചിതനായ സന്ദര്‍ഭത്തെ വിവരിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.