ചിരിയിലൂടെ ചിന്തകളുടെ വാതിലുകള്‍ തുറന്നിടുന്ന എഴുത്തുശൈലിയാണ് അക്ബര്‍ കക്കട്ടിലിന്റേത്. ഒട്ടും സങ്കീര്‍ണതകളില്ലാതെ, ലളിതവും സുന്ദരവുമായ ഭാഷയില്‍ ഒരു കാലഘട്ടത്തെ മുഴുവനായും കോറിയിടാന്‍ കക്കട്ടിലിന്റെ രചനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 

ഉപന്യാസം എന്ന ശ്രേണിയില്‍ പെടുമെങ്കിലും ഒരു കഥ വായിക്കുന്ന മനസ്സോടെ നമുക്ക് വായിക്കാന്‍ കഴിയുന്ന പുസ്തകമാണ് സ്‌കൂള്‍ ഡയറി. രണ്ടായിരത്തിന്റെ ആദ്യത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ സമ്പ്രദായത്തിന്റെ നേരെഴുത്താണ് പുസ്തകം.

അധ്യാപകരെ വാര്‍ക്കപ്പണിക്കാര്‍ എന്നാണ് പുസ്തകത്തിലുടനീളം കക്കട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വരും തലമുറയെ വാര്‍ത്തെടുക്കേണ്ട 'വാര്‍ക്കപ്പണിക്കാര്‍'. നാടന്‍ ശൈലിയില്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിലുടനീളം ഉണ്ടാകുന്ന മാറ്റത്തെ അവതരിപ്പിക്കുകയാണ് എഴുത്തുകാരന്‍. 

akber kakkattil school diaryപുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഡോ.സുകുമാര്‍ അഴീക്കോടാണ്. അദ്ദേഹം പറയുന്നുണ്ട്- എസ്.കെ.പൊറ്റക്കാടിന്റെയോ കാരൂരിന്റെയോ കഥകളിലേ പോലെ പാവപ്പെട്ടവരല്ല കക്കട്ടിലിന്റെ കഥകളിലെ അധ്യാപകര്‍ എന്ന്.  ഇന്ന് മനുഷ്യന്‍ പ്രഗല്ഭരാണെന്നും, അവര്‍ കൊണ്ടുനടക്കുന്ന ആദര്‍ശങ്ങളും പ്രസ്ഥാനങ്ങളുമാണ് പാവപ്പെട്ടവയെന്നും അവതാരികയില്‍ വിവരിക്കുന്നുണ്ട്.

അതെ, കക്കട്ടിലിന്റെ ഡയറിയിലുള്ള അധ്യാപകര്‍ വിരുതന്‍മാരാണ്. കുട്ടികള്‍ അതിവിരുതരും. ലളിതഗാന മത്സരത്തില്‍ നഴ്‌സറിക്കുട്ടിയുടെ നാവിലൂടെ 'അക്കരയിക്കരെ നിന്നാലെങ്ങനെ ആശതീരും നമ്മുടെ ആശതീരും'എന്ന് പാടിപ്പിച്ചപ്പോള്‍. പുരാണങ്ങള്‍ പറഞ്ഞുകൊടുക്കുന്ന  അമ്മമാരുടെ കാലം കഴിഞ്ഞെന്നും ഇനിയതു നല്ലമക്കള്‍ അമ്മമാര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും കക്കട്ടില്‍ പറയുന്നുണ്ട്. 

കോപ്പിയടിയില്‍ കുട്ടികള്‍ കാണിക്കുന്ന പുതിയ തന്ത്രങ്ങളും, എ.ഇ.ഒയുടെയും, ഡി.ഇ.ഒയുടെയും അറിവും, തലയെണ്ണല്‍ ചരിത്രവും, പത്താം ക്ലസിലെത്തിക്കാതെ തോറ്റ് തോറ്റ് ബെഞ്ച് തഴയ്ക്കുന്ന സ്‌കൂള്‍ ' യുവാക്കളെയും' ഓരോ അധ്യായത്തിലും കാണാം. 

ഭാഷപ്രയോഗത്തേയും അക്ഷരത്തെറ്റിനെയും ഉപന്യസത്തിന്റെ ഓരോ അധ്യായത്തിലും ചര്‍ച്ചാ വിഷയമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നമ്മള്‍ ഒരിക്കല്‍ പഠിച്ച അല്ലെങ്കില്‍ സിനിമയിലോ മറ്റോ കണ്ടിട്ടുള്ള ഒരു ക്ലാസ് മുറിയുടെയും, സ്‌കൂളിന്റെയും, ബെഞ്ചിന്റെയും മണവും ഓര്‍മ്മകളും പുസ്തകം വായിക്കുന്നവരില്‍ ഉണ്ടാവുന്നുണ്ട്. മറ്റ് സ്‌കൂള്‍ സംബന്ധിയായ രചനകളില്‍ നിന്ന് വ്യത്യസ്തമായി കക്കട്ടിലിന്റെ സ്‌കൂള്‍ ഡയറിയില്‍ നമ്മെ അടുപ്പിക്കാന്‍ ഒരുപാട് മേമ്പൊടികള്‍ ഉപന്യാസത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. എഴുത്തുകാരനപ്പുറം ഒരധ്യാപകന്‍ കണ്ടും, അനുഭവിച്ചും, കൊണ്ടും അറിഞ്ഞിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തിലെ ഓരോ വരിയും.

അക്ബര്‍ കക്കട്ടിലിന്റെ മറ്റു പുസ്തകങ്ങള്‍ വാങ്ങാം