ഗരത്തിന്റെ വേഗത്തില്‍ നിന്ന് ഗ്രാമമധ്യത്തിലേക്ക് എത്തിപ്പെട്ട അയന്‍ എന്ന ഇരുപത്തിയാറുകാരന്റെ കഥ... പ്രീതി ഷേണായിയുടെ 'എ ഹണ്‍ഡ്രഡ് ലിറ്റില്‍ ഫ്‌ലെയിംസ്' എന്ന നോവലിനെ ഒറ്റവരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍, ആ കഥയില്‍ അടങ്ങിയിരിക്കുന്ന വൈകാരികതയും കഥയിലെ സാമൂഹിക പ്രസക്തിയും മറ്റൊരു തലത്തിലേക്കാണ് കഥയെ കൊണ്ടെത്തിക്കുന്നത്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളും ബന്ധങ്ങളുടെ മൂല്യവുമെല്ലാം പ്രീതി കഥയിലൂടെ വരച്ചുകാട്ടുന്നു. 

ജോലി നഷ്ടപ്പെടതിനെ തുടര്‍ന്ന് അച്ഛന്റെ നിര്‍ബന്ധം മൂലം കേരളത്തിലെ ഒരു ഗ്രാമത്തിലേക്കെത്തുന്ന അയനിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അച്ഛന്‍ ജയരാജിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് നാട്ടിലെത്തുന്ന അയന് തന്റെ ജീവിതം ഏതുവഴിക്കാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഇന്റര്‍നെറ്റിന്റെയും വേഗത്തിന്റെയും ലോകത്തു നിന്ന് ശാന്തതയുടെ തീരത്തെത്തിയ അയന്‍ നിമിഷങ്ങളെ എണ്ണി കഴിയുന്നു. എന്നാല്‍, മുത്തച്ഛന്‍ ഗോപാല്‍ ശങ്കറിനെയും അദ്ദേഹത്തിന്റെ ചിന്തകളെയും മനസ്സിലാക്കുന്നതോടെ, അയന്‍ മറ്റൊരു വ്യക്തിയായി മാറുകയായിരുന്നു. അച്ഛന്‍ എന്തുകൊണ്ടാണ് തന്നെ മുത്തച്ഛന്റെ അടുത്തേക്ക് അയച്ചതെന്ന് വ്യക്തമാകുന്നതോടെ അദ്ദേഹത്തിന് തുണയായി നില്‍ക്കാന്‍ അവന്‍ തീരുമാനിക്കുകയായിരുന്നു. 
 
മൂന്നു തലമുറയുടെ ജീവിതരീതികളും ചിന്തകളുമാണ് ഈ കഥയില്‍ നിറഞ്ഞുനില്‍ക്കുന്നത്. മുത്തച്ഛനെ തന്റെ തറവാട്ടില്‍നിന്നു മാറ്റി, തറവാട് വില്‍ക്കുക എന്ന ദൗത്യമായിരുന്നു അയന്റെ അച്ഛന്റെ മനസ്സില്‍. സ്വത്തു മാത്രം മോഹിച്ച ജയരാജ്, തന്റെ അച്ഛന്റെ മനസ്സും വികാരങ്ങളും മനസ്സിലാക്കാന്‍ തയ്യാറാവുന്നില്ല. ഇവിടെയാണ് ചെറുമകന്‍ അയന്‍ മുത്തച്ഛന്റെ തണലാവുന്നത്. പ്രായം എത്രയായാലും തന്റെ ഹൃദയത്തെ പിന്തുടരാന്‍ മറക്കരുതെന്ന വലിയ പാഠമാണ് ഈ നോവല്‍ എടുത്തുപറയുന്നത്.

a hundred little flamesപ്രണയം എത്രത്തോളം വിലപ്പെട്ടതാണെന്നും കാലം എത്ര കടന്നാലും യഥാര്‍ത്ഥ പ്രണയം മനസ്സില്‍ നിലനില്‍ക്കുമെന്നും ഗോപാല്‍ ശങ്കറിന്റെ ജീവിതം പറയുന്നു. തന്റെ കളിക്കൂട്ടുകാരിയായ രോഹിണിയെ എണ്‍പതുകളിലും ഹൃദയത്തോട് ചേര്‍ക്കുന്ന ഗോപാല്‍ ശങ്കര്‍ ഇന്നും അവളുടെ കത്തുകള്‍ ഒരു നിധിപോലെ സൂക്ഷിക്കുന്നു. തന്റെ ഡയറിയിലെ ഓരോ പേജും അവള്‍ക്കായി, അവളുടെ ചിന്തകള്‍ക്കായി മാറ്റിവയ്ക്കുന്നു. ജീവിതത്തിന്റെ കൊടുങ്കാറ്റില്‍ അവള്‍ എങ്ങോ പോയി മറയുമ്പോഴും ഇരുവരിലും സ്‌നേഹവും വിശ്വാസവും നിലനില്‍ക്കുന്നു എന്ന് ഇരുവരും സമ്മതിക്കുന്നു. 

ഓരോ കത്തിലും ഓരോ അക്ഷരത്തിലും നിലനിന്നിരുന്ന ആത്മാര്‍ഥത ഒരു തലമുറയുടെ തന്നെ വിശ്വാസമാണ് വരച്ചുകാട്ടുന്നത്. തന്റെ മുത്തശ്ശന്റെ കളിക്കൂട്ടുകാരിയെ കണ്ടെത്തുന്നതിനായി അയന്‍ നടത്തുന്ന യാത്രയും പഴയ തലമുറയുടെ സത്യസന്ധത വിവരിക്കുന്നു. സ്‌നേഹത്തിന്റെ വിലയെന്തെന്നും വിശ്വാസം എന്താണെന്നും വായനക്കാരന് കാണിച്ചുകൊടുക്കുകയാണ് ഗോപാല്‍ ശങ്കറിന്റെയും രോഹിണിയുടെയും ജീവിതം. ഒടുവില്‍ എണ്‍പതാം വയസ്സില്‍ പഴയ കളിക്കൂട്ടുകാര്‍ കണ്ടുമുട്ടാനിരിക്കെ, വിധി വില്ലനാവുകയാണ് ഇവിടെ. മുത്തച്ഛന്റെ ജീവിതത്തിലൂടെ ജീവന്റെ വ്യത്യസ്ത അര്‍ഥതലങ്ങള്‍ അയന്‍ മനസ്സിലാക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.

എഴുതിയ ഒമ്പത് നോവലുകളില്‍ നിന്നും വ്യത്യസ്തമായ കഥാതന്തുവാണ് പ്രീതി ഷേണായ് ഈ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്. വാര്‍ധക്യകാലമെത്തിയ മാതാപിതാക്കളെ വേണ്ടെന്നു വയ്ക്കുന്ന മക്കളും പ്രണയത്തെ തമാശയായി കാണുന്ന മനസ്സുകളും വിശ്വാസനഷ്ടങ്ങളുമെല്ലാം സമൂഹത്തിലേക്കുള്ള കണ്ണാടിയാണ്. ഒരു നോവലിലൂടെ തന്നെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് പ്രീതി വായനക്കാരന് നല്‍കുന്നത്. 299 രൂപയാണ് പുസ്തകത്തിന്റെ മുഖവില. 

Content Highlights : preeti shenoy, a hundred little flames, preeti shenoy books, indian english Literature