ശ്രീ ശ്രീ രവിശങ്കര്‍ പുസ്തകം വായിക്കാറേയില്ല

ഫ്രാന്‍സ്വാ ഗോതിയെ

17 May 2013


ഗുരുജി വായിക്കാറേയില്ല. ഏതെങ്കിലുമൊരു പുസ്തകത്തിന്റെ രണ്ടു പേജുപോലും വായിക്കുവാന്‍ തനിക്കു കഴിയുകയില്ലെന്നും, വായിച്ചുതുടങ്ങുന്നതോടെ താന്‍ ഒന്നുകില്‍ ധ്യാനത്തിലേക്കോ അല്ലെങ്കില്‍ നിദ്രയിലേക്കോ വഴുതിവീണു പോകുമെന്നും ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി! നേരേമറിച്ച് ഞൊടിയിടയില്‍ ഏതൊരു വിഷയത്തെക്കുറിച്ചും, ഏറ്റവും ലളിതമായ ശൈലിയില്‍ ആര്‍ക്കും എത്തിപ്പിടിക്കാവുന്നവിധം അതിമനോഹരമായ മൊഴിമുത്തുകള്‍ ചേര്‍ത്ത് ഒരു പ്രഭാഷണം നടത്തുവാന്‍ അദ്ദേഹത്തിനു കഴിയും. ശിഷ്യന്മാരുമായി നടത്തുന്ന അചിന്തിത പൂര്‍വസംഭാഷണങ്ങളില്‍നിന്നുമാണ് അറിവിന്റെ താളുകള്‍ എന്നറിയപ്പെടുന്ന വിവിധ വിഷയങ്ങളിലുള്ള സുഭാഷിതങ്ങളും അറിവിന്റെ വാമൊഴിയൊതുക്കങ്ങളും പിറവിയെടുക്കുന്നത്. ഗുരുജി അറിവിന്റെ ഒരു താള്‍ രൂപപ്പെടുത്തുന്ന കാഴ്ച എനിക്കു വളരെ കൗതുകകരമായിത്തീര്‍ന്നു. ബുധനാഴ്ചകളില്‍ ഉച്ചതിരിഞ്ഞോ വൈകുന്നേരമോ അദ്ദേഹം ഒരു സംഘം ശിഷ്യന്മാര്‍ക്ക് ഓരോ വിഷയത്തിലും അവരുടെ സംശയങ്ങള്‍ക്കു നല്കുന്ന മറുപടികളാണ് അറിവിന്റെ താളുകളായി രൂപപ്പെടുന്നത്. വിഷയം എത്ര ഗൗരവമുള്ളതായാലും അവിടത്തെ അന്തരീക്ഷത്തിന്റെ ലാഘവത്വവും ആഹ്ലാദവുമാണ് ആ അറിവിന്റെ താളുകളെ അതിവിശിഷ്ടമാക്കിത്തീര്‍ക്കുന്നത്. അത്രയും ലളിതമായ വാക്കുകളില്‍ ഗംഭീര വാക്‌ധോരണിയിലൂടെ അറിവിന്റെ ചെറിയൊരു താള് പിറക്കുകയായി. ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള നാലായിരത്തിലധികം സത്‌സംഗകേന്ദ്രങ്ങളിലേക്ക് ഫാക്‌സ് മുഖേനയോ ഇ മെയില്‍ മുഖേനയോ അയയ്ക്കപ്പെടുന്ന ആ താള് അവിടെയെല്ലായിടങ്ങളിലും വായിക്കപ്പെടും. അവയ്ക്കുള്ള ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഇന്ത്യയിലും യൂറോപ്പിലുമുള്ള പല പത്രങ്ങളിലും അവ പ്രസിദ്ധീകരിക്കപ്പെടുന്നു, ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു ആത്മാന്വേഷിക്കുള്ള അടുപ്പത്തിന്റെ കുറിപ്പുകള്‍ (ആന്‍ ഇന്റിമേറ്റ് നോട്ട് റ്റു ദ് സിന്‍സിയര്‍ സീക്കര്‍) മൗനം ആഘോഷിക്കപ്പെടുമ്പോള്‍ (സെലിബ്രേറ്റിങ് സൈലന്‍സ്) എന്നീ പുസ്തകങ്ങളില്‍നിന്നെടുത്ത അറിവിന്റെ ചില താളുകള്‍ ഞാനിവിടെ കൊടുക്കുന്നു:

സ്വയം ചതുരക്കള്ളിയിലൊതുങ്ങാതിരിക്കുക

ഉടനടി സ്വയം വിലയിരുത്തുന്നതും നിങ്ങളെയും നിങ്ങളുടെ സ്‌നേഹഭാവത്തെയും ഒരു ചതുരക്കള്ളിയിലൊതുക്കാതിരിക്കുക.
നിങ്ങള്‍ ശരിക്കും മൂത്തുപഴുത്ത ഒരു കനിപോലെയാണ്. ദൈവികഗുണങ്ങള്‍ നമ്മള്‍ ആര്‍ജിക്കുകയാണു ചെയ്യുന്നത്. നമ്മള്‍ അവയെ പരിശോധിക്കുകയോ നട്ടുവളര്‍ത്തുകയോ ചെയ്യുന്നില്ല.

സ്‌നേഹം അതിന്റെ ഭാവം നൈസര്‍ഗികമായി കണ്ടെത്തുന്നു

മാങ്ങ മൂത്തു പഴുക്കുമ്പോള്‍ അതിന്റെ നിറം മാറുന്നു. അകലെനിന്നു നോക്കിയാലും നിങ്ങള്‍ക്കതിനെ വേര്‍തിരിച്ചു കാണാം.

പരമമായ സ്‌നേഹം അനുഭവിക്കുന്ന അവസ്ഥ

പരമമായ സ്‌നേഹം നമ്മളെ പ്രചോദിപ്പിക്കുന്നു. അറിവു പ്രയോഗിക്കുവാനുള്ള ആത്മവിശ്വാസം അതു നല്കുന്നു. ഒടുങ്ങാത്ത പുഞ്ചിരിയാണ് പരമസ്‌നേഹത്തിന്റെ പ്രത്യക്ഷ ലക്ഷണം.
ആത്മനു സങ്കടമോ മരണമോ അറിഞ്ഞുകൂടായെങ്കിലും അതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഒഴുകുന്നത് ആത്മനിലൂടെയാണ്.
സ്‌നേഹം അനുഭവിക്കാത്തപ്പോള്‍ പിരിഞ്ഞിരിക്കുവാന്‍ എളുപ്പമാണ്. പരമമായ സ്‌നേഹം അനുഭവിക്കുക, അതേസമയം ചഞ്ചലരാകാതിരിക്കുക. ജാഗ്രതയോടൊപ്പം സങ്കടപ്പെടാതിരിക്കുക, ദൃഢാഗ്രഹത്തോടെയിരിക്കുന്നതോടൊപ്പം ഉലയാതിരിക്കുക എന്നീ അവസ്ഥകളെല്ലാം ആത്മാവിന്റെ പ്രകാശനം പുറത്തേക്കു പ്രവഹിക്കുന്നതിന്റെ ലക്ഷണമാണ്.

നിസ്സംഗത മറച്ചുവെച്ച് നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുക. നിസ്സംഗത പ്രകടിപ്പിക്കുന്നതോടെ നിങ്ങള്‍ക്കു ജീവിതത്തിലുള്ള ആവേശം നഷ്ടമാകും.
സ്‌നേഹം പ്രകടിപ്പിക്കാതിരിക്കുന്നതോടെ നിങ്ങള്‍ക്കു ശ്വാസംമുട്ടനുഭവപ്പെടുന്നതുപോലെ തോന്നും.
നിസ്സംഗത പ്രകടിപ്പിച്ചാല്‍ അഹങ്കാരം മടങ്ങിവരും.
ഒരു വൃക്ഷത്തിന്റെ വേരുകള്‍പോലെ നിസ്സംഗതയെ നിങ്ങളുടെ ഹൃദയത്തില്‍ ഒളിപ്പിച്ചുവെക്കുക.
തിരസ്‌കാരത്തെ അതിജീവിക്കുന്ന സ്‌നേഹം ക്രോധത്തില്‍നിന്നും അഹന്തയില്‍നിന്നും മുക്തമായിരിക്കും.
അപമാനത്തെ അതിജീവിക്കുന്ന പ്രതിബദ്ധത ഏക ശിഖാരൂപത്തിലുള്ളതായിരിക്കും. അതു ലക്ഷ്യത്തിലെത്തും.
വൈകാരിക കോളിളക്കത്തെ അതിജീവിക്കുന്ന വിവേകം ജീവിതത്തില്‍ സമന്വയിക്കപ്പെടും.
സംശയത്തിന്റെ ദശലക്ഷക്കണക്കിനുള്ള സാധ്യതകളെ അതിജീവിക്കുന്ന വിശ്വാസം പൂര്‍ണത കൊണ്ടുവരും.
കാലത്തെ അതിജീവിക്കുന്ന സംഭവങ്ങള്‍ ദശലക്ഷക്കണക്കിനാളുകള്‍ക്കു ധര്‍മനിഷ്ഠയായിത്തീരും.

സ്‌നേഹത്തിന്റെ ലക്ഷ്യമെന്താണ്?

എന്തോ ഒന്നിന്റെ മാര്‍ഗമാണ് അല്ലാതെ ലക്ഷ്യമല്ല സ്‌നേഹം. ഉദ്ദേശ്യമെന്നത് ലക്ഷ്യമുള്ള എന്തോ ഒന്നുമായി ബന്ധപ്പെട്ടതാണ്. ഭക്ഷണം പാകംചെയ്യുന്നതിന്റെ ഉദ്ദേശ്യം ഭക്ഷിക്കലാണ്. സുഖസൗകര്യങ്ങളുടെ ഉദ്ദേശ്യം ജീവിക്കുകയാണ്. ഒരു മരം പൂക്കുന്നു, അതിന്റെ ലക്ഷ്യമെന്താണ്? സ്‌നേഹംതന്നെ ഒരു ലക്ഷ്യമാകുന്നു.

എല്ലാറ്റിന്റെയും ലക്ഷ്യം സ്‌നേഹത്തില്‍ ഏര്‍പ്പെടുക എന്നതാണ്. ഗുരു സ്‌നേഹമാണ്. ഭയം, ഉത്കണ്ഠ, വെറുപ്പ്, ആര്‍ത്തി, അസൂയ എന്നിവയ്ക്കപ്പുറത്തേക്ക് ഗുരു സ്‌നേഹം ജ്വലിപ്പിക്കുന്നു. ഈ സ്‌നേഹത്തെ ഒട്ടാകെ സമാവേശിപ്പിക്കുന്നതാണ് സ്‌നേഹം.
എന്താണ് സ്‌നേഹത്തിന്റെ ഉദ്ദേശ്യം?
ആ ചോദ്യംതന്നെ അപ്രസക്തമാണ്.

ആഗ്രഹം

ആഹ്ലാദത്തിനുവേണ്ടിയാണ് എല്ലാ ആഗ്രഹങ്ങളും. അതാണ് ആഗ്രഹത്തിന്റെ ലക്ഷ്യം, അല്ലേ? പക്ഷേ, എത്രത്തോളം നിങ്ങളുടെ ആഗ്രഹങ്ങള്‍ നിങ്ങളെ ലക്ഷ്യത്തിലേക്കു നയിക്കുന്നു? ആഗ്രഹങ്ങളുടെ പ്രകൃതത്തെക്കുറിച്ചു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ആനന്ദം നാളെയാകാം. പക്ഷേ, ഇപ്പോള്‍ വേണ്ട എന്നാണ് അതിന്റെ ലളിതമായ അര്‍ഥം.
ആനന്ദം ഒരിക്കലും നാളെയല്ല. അതെപ്പോഴും ഇന്നുതന്നെയാണ്.

അപ്പോള്‍ ആഗ്രഹങ്ങള്‍ ഉള്ള സമയത്തുതന്നെ നിങ്ങള്‍ക്കെങ്ങനെ ആനന്ദം കണ്ടെത്താന്‍ കഴിയും?
ആഗ്രഹം നിങ്ങളെ ആഹ്ലാദത്തിലേക്കു നയിക്കുന്നതായി കാണപ്പെടുന്നു, പക്ഷേ, യഥാര്‍ഥത്തില്‍ അതിനതു സാധിക്കുകയില്ല. അതുകൊണ്ടാണ് മോഹം മായയാകുന്നത്.

അഹം

എപ്പോഴാണ് അഹംഭാവം ഉണ്ടാകുന്നത്?

1. നിങ്ങള്‍ക്ക് ആരുടെയും ശ്രദ്ധ കിട്ടാതാകുമ്പോള്‍.
2. നിങ്ങള്‍ക്ക് ശ്രദ്ധ നഷ്ടപ്പെടുന്നതായി തോന്നുമ്പോള്‍.
3. നിങ്ങള്‍ക്ക് ശ്രദ്ധ കിട്ടുമ്പോള്‍.

മനഃക്ലേശം, അസ്വസ്ഥത, ഭയം, ഉത്കണ്ഠ എന്നിവയ്ക്ക് അഹം കാരണമാകുന്നു. സ്‌നേഹം ഒഴുകുവാന്‍ അഹംഭാവം അനുവദിക്കുന്നില്ല. അഹംഭാവം വേര്‍പാടും, ഒന്നും സ്വന്തമല്ലെന്ന തോന്നലും, എല്ലാം തെളിയിക്കാനും കൈയടക്കാനുമുള്ള തോന്നലും സൃഷ്ടിക്കുന്നു. 'ഞാനാരാണ്?' എന്നന്വേഷിക്കുന്നതിലൂടെ സത്യം മനസ്സിലാക്കി നമുക്ക് അഹംഭാവത്തെ അതിജീവിക്കാം. അഹംഭാവിയായ ഒരു മനുഷ്യനോട് നിങ്ങള്‍ക്കു പലപ്പോഴും വെറുപ്പും അസൂയയും തോന്നിയിരിക്കാം. എന്നാല്‍, നിങ്ങള്‍ക്കു തോന്നേണ്ടത് സഹതാപമോ കരുണയോ ആണ്.
അഹംഭാവത്തിന് ഒരു ക്രിയാത്മകവശംകൂടിയുണ്ട്. അഹംഭാവം നിങ്ങളെ ജോലി ചെയ്യാന്‍ ഉത്തേജിപ്പിക്കുന്നു. ഒരു മനുഷ്യന്‍ ഒന്നുകില്‍ അനുകമ്പകൊണ്ടോ അല്ലെങ്കില്‍ അഹങ്കാരംകൊണ്ടോ ആയിരിക്കും ജോലി ചെയ്യാന്‍ തയ്യാറാകുന്നത്. സമൂഹത്തിലെ ഭൂരിഭാഗം ജോലികളും അഹംഭാവംമൂലമാണ് നിര്‍വഹിക്കപ്പെടുന്നത്. ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ എന്തെങ്കിലും തെളിയിക്കാനോ കൈയടക്കുവാനോ ഇല്ലെങ്കില്‍ അഹംഭാവം അലിഞ്ഞുപോകുന്നു.

വിലയിരുത്തലും നല്ല കൂട്ടുകെട്ടും

'വിലയിരുത്തരുത്' എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടാവാമെങ്കിലും വിലയിരുത്തല്‍ ഒഴിവാക്കാനാവാത്തവിധം ദൈനംദിനജീവിതത്തിലേക്കു കടന്നുവരുന്നു. ആളുകളുടെ പ്രവൃത്തികളും അഭിപ്രായങ്ങളും അടിസ്ഥാനമാക്കി നിങ്ങള്‍ അതിനെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.

പക്ഷേ, എല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന കാര്യം ഓര്‍ക്കുക. വിലയിരുത്തലില്‍ മുറുകെ പിടിക്കാതിരിക്കുക. അല്ലെങ്കില്‍ അതു പാറപോലെ ഉറച്ചുപോകും. അതു നിങ്ങള്‍ക്കും മറ്റാളുകള്‍ക്കും ദുരിതം കൊണ്ടുവരും.

വിലയിരുത്തലുകള്‍ ഇളംകാറ്റുപോലെ, വായുപോലെ ഭാരം കുറഞ്ഞതാണെങ്കില്‍ അവ സുഗന്ധം കൊണ്ടുവന്നു വിതറിയശേഷം അകലേക്കു മാറിപ്പോകും. അതിനു ദുര്‍ഗന്ധം പരത്തിയ ശേഷം മാറിപ്പോവുകയുമാകാം. പക്ഷേ, നിതാന്തമായി അതിനിവിടെ നിലനില്ക്കാന്‍ കഴിയില്ല.

നിര്‍ണയങ്ങള്‍ വളരെ കനംകുറഞ്ഞവയായതുമൂലം അവയുടെ സാന്നിധ്യത്തെക്കുറിച്ചുപോലും ചിലപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാക്കാനാവില്ല. ഒരാള്‍ കാര്യങ്ങള്‍ വിലയിരുത്തുന്ന ആളാണെന്നു നിര്‍ണയിക്കുന്നതോ മുദ്രയടിക്കുന്നതോ ഒരു നിര്‍ണയമാണ്. സ്‌നേഹവും സഹാനുഭൂതിയും നിങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പ്രാണാവസ്ഥയില്‍ മാത്രമാണ്, എല്ലാ നിര്‍ണയങ്ങളില്‍നിന്നും നിങ്ങള്‍ മുക്തനാവുന്നത്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education