ആജീവനാന്തം വേണം... ഈ സ്‌നേഹാദരങ്ങള്‍

എ.കെ. മനോജ്കുമാര്‍

13 Sep 2013

''മാതാവെപ്പോല്‍ മനസ്സില്‍ കരുണ, ജനകനെ
പ്പോലെവേ ക്ഷേമചിന്ത,
ഭ്രാതാവെപ്പോലെയേന്തുന്നിതു ഹൃദിസഹജ
സ്‌നേഹവും മോഹമെന്യേ;
വേദത്തെപ്പോലെന്നയേതുന്നറിവു, നൃപതിയെ
പ്പോലെ പാലിച്ചീടുന്നി
ന്നേതല്ലോര്‍ത്താലെനിക്കെന്‍ ഗുരുപദമതിനെ
സ്സന്തതം ഞാന്‍ തൊഴുന്നേന്‍''

'' അമ്മയെപ്പോലെ മനസ്സില്‍ കരുണ, അച്ഛനെപ്പോലെ ക്ഷേമചിന്ത, കൂടെപ്പിറപ്പിനെപ്പോലെ ഹൃദയത്തില്‍ സഹോദരസ്‌നേഹം ഇവയൊക്കെ സ്വാര്‍ത്ഥചിന്തയൊന്നും കൂടാതെ പ്രകടിപ്പിക്കുന്നു. വേദങ്ങളെപ്പോലെ അറിവു പകരുന്നു. രാജാവിനെപ്പോലെ കാത്തു രക്ഷിക്കുന്നു. ഇതൊക്കെ നിര്‍വഹിക്കുന്നത് ആരാണെന്ന്ചിന്തിച്ചുനോക്കിയാല്‍ അത് എന്റ ഗുരുപദമാണ്. അവിടെ ഞാന്‍ എന്നെന്നും എല്ലായ്‌പ്പോഴും നമസ്‌കരിക്കുന്നു''
- കുമാരനാശാന്‍ (വനമാല- ഗുരുപാദശതകം)

വിദ്യാഭ്യാസത്തിന്റെ വേരുകള്‍ ചിലപ്പോള്‍ കയ്‌പേറിയതായിരിക്കും. എങ്കിലും അറിവിന്റെ ആ പൂങ്കാവനത്തില്‍ നിന്ന് മധുരഫലങ്ങള്‍ കണ്ടെത്തിക്കൊണ്ടുവരുന്നവരുണ്ട്.

കുഞ്ഞുങ്ങളെ അറിവിന്റെ സ്വര്‍ഗീയ വിശാലതകളിലേക്ക് ഉയര്‍ത്താനായി ബലിഷ്ഠമായ ചിറകുകള്‍ വെച്ചുപിടിപ്പിക്കുന്നതും അവരാണ്.
സുഗന്ധമില്ലാത്ത പൂവുപോലെ വലിച്ചെറിയപ്പെടാനിടയാക്കാതെ വിദ്യാര്‍ത്ഥികളില്‍ വിവേകത്തിന്റെ സൗരഭ്യം നിറയ്ക്കുന്നതും മറ്റാരുമല്ല.
മാതാപിതാക്കള്‍ക്കൊപ്പം സ്ഥാനം നല്‍കി ദൈവികതയിലേക്ക് സഞ്ചരിക്കുന്നതിനിടെയുള്ള മാര്‍ഗദര്‍ശകരായി നാം ആജീവനാന്തം ആദരിച്ചിരുന്നതും അവരെയാണ്. മാതാ പിതാ ഗുരു ദൈവം എന്ന ആദിമ സങ്കല്പത്തിന് പില്ക്കാലത്ത് ഇടിവ് സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ അറിവിന്റെ അക്ഷയപാത്രം നിറച്ചുവെച്ച് അവര്‍ അദ്ധ്യാപനകര്‍മ്മ തുടര്‍ന്നു കൊണ്ടിയിരിക്കുന്നു.

ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമായ സപ്തംബര്‍ അഞ്ചാണ് നാം അദ്ധ്യാപകദിനമായി ആചരിക്കുന്നത്. പല മാസങ്ങളില്‍ പല തിയതികളിലായി വിവിധ വിദേശരാജ്യങ്ങള്‍ ഈ ദിനാഘോഷം നടത്തുന്നു. ബ്രിട്ടനുള്‍പ്പെടെ പല രാജ്യങ്ങളിലും ഒക്ടോബര്‍ അഞ്ചിനാണ് ഈ ദിനാചരണം. കുട്ടികള്‍ അദ്ധ്യാപകരായി കൃത്യനിര്‍വഹണം നടത്തിയും സെമിനാറുകളിലും സമ്മേളനങ്ങളിലും മുഴുകിയും ആ ദിനവും പതിവുപോലെ കടന്നുപോകുന്നു.

പിന്നീട് ഔദ്യോഗിക പദവികളുടെ ഉന്നതശ്രേണികളില്‍ വിഹരിക്കുമ്പോള്‍ തങ്ങളുടെ അദ്ധ്യാപകരുടെ പ്രവൃത്തികള്‍ പലതും നിസ്സാരമായിരുന്നുവെന്ന് കണ്ട് പലരും പുച്ഛിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ജീവിതമഹായാത്രയുടെ ആദ്യചുവടുകള്‍ പിച്ചവയ്പിച്ചവരോട് അങ്ങനെതന്നെയാണോ വേണ്ടത്?ഗുരുവിനെക്കാള്‍ മഹാനായ ആചാര്യനോ ഗുരുവിന്റെ ദിവ്യത്വത്തേക്കാള്‍ അനുഗ്രഹപ്രദമായ ദര്‍ശനമോ ഗുരുവാക്യത്തേക്കാള്‍ പ്രാമാണികമായ ഗ്രന്ഥമോ ഗുരുനാമത്തെക്കാള്‍ ശ്രേഷ്ഠമായ മന്ത്രമോ ഇല്ല- എന്നാണ് ശ്രീരമാദേവി രേഖപ്പെടുത്തിയിട്ടുള്ളത്. കൈപിടിച്ചു നടത്തിയും മനസ്സുതൊട്ടുണര്‍ത്തിയും ഹൃദയം തൊട്ടറിഞ്ഞും ഗുരുപരമ്പരകള്‍ നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു.

അദ്ധ്യാപനത്തിനിടെ വിവിധവേഷങ്ങളില്‍ പകര്‍ന്നാടേണ്ട നിയോഗങ്ങളെക്കുറിച്ച് ഒരു വിദേശ അദ്ധ്യാപകനായ സ്റ്റാക്കി ബോണിനോ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്.

'' വിഷാദത്തില്‍പ്പെട്ട ഒരു കുട്ടിയ്ക്കു മുന്നില്‍ ഒരദ്ധ്യാപകന്‍ മനശാസ്ത്രജ്ഞനും കൗണ്‍സലറുമാണ്. പ്രശ്‌നക്കാരനായ വിദ്യാര്‍ത്ഥിക്കുമുന്നില്‍ പോലീസ് ഓഫീസര്‍. സഞ്ചാരതല്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ട്രാവല്‍ ഏജന്റ്. വിവിധ പദ്ധതികള്‍ക്കായി പണം സംഭരിക്കേണ്ടപ്പോള്‍ ഒരു ബാങ്കര്‍. കുട്ടികളുടെ വര്‍ഷം പ്രതിയുള്ള വളര്‍ച്ച ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫര്‍. കുട്ടികള്‍ അസുഖബാധിതാരായാല്‍ ആ വൈഷമ്യങ്ങള്‍ തിരിച്ചറിയുന്ന ഡോക്ടര്‍. സമകാലിക സംഭവങ്ങള്‍ അറിയിക്കുന്ന റിപ്പോര്‍ട്ടര്‍. മൂല്യവത്തായവയെ ശ്രദ്ധയില്‍പ്പെടുത്തുന്ന പ്രഭാഷകന്‍. കുഞ്ഞു ദുരൂഹതകള്‍ കണ്ടെത്തുന്ന ഡിറ്റക്ടീവ്. അമുല്യ വസ്തുക്കളുടെ സൂക്ഷിപ്പുകാരന്‍. വിജ്ഞാന സങ്കേതങ്ങളുടെയും കഥകളുടെയും ലോകത്തേക്ക് നയിക്കുന്ന ലൈബ്രേറിയന്‍. എല്ലാ കുട്ടികള്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഡയറ്റീഷ്യന്‍. അച്ഛനുമമ്മയുമില്ലാത്ത സന്ദര്‍ഭങ്ങളില്‍ അവര്‍ക്കു പകരം മാനസിക സുരക്ഷ പകരുന്ന സൈനികന്‍. കുട്ടികളുടെ മനോവിഷമങ്ങള്‍ മാറ്റുന്ന തമാശക്കാരന്‍. പക്ഷേ അവയൊക്കെയും സമ്മേളിക്കുന്ന ഒരദ്ധ്യാപകനാണ് ഞാനെന്നു പറയുന്നതിലാണ് ഞാനഭിമാനിക്കുന്നത്''

ഇനി അദ്ധ്യാപകരെ അവഗണിച്ച് അപമാനിക്കുന്നവര്‍ക്ക് പാഠമാകാവുന്ന ഒരു കഥയിലേക്ക്.

ഒരിക്കല്‍ ഒരു ബിരുദദാനചടങ്ങിനിടെ ഒരദ്ധ്യാപകന്‍ പ്രസംഗിക്കുകയായിരുന്നു. 'ഒരു ഡോക്ടര്‍ തന്റെ കുഞ്ഞിനെ ഡോക്ടറക്കാനാഗ്രഹിക്കുന്നു. എന്‍ജിനീയര്‍ മികച്ച മറ്റൊരെന്‍ജിനീയറായി തന്റെ കുട്ടി വളര്‍ന്നു വരാന്‍ മോഹിക്കുന്നു. ഒരു ബിസിനസ്സുകാരനാകട്ടെ തന്റെ മകനെയോ മകളെയോ ഒരു സി.ഇ.ഒ. ആക്കാനാവും ശ്രമിക്കുന്നത്. എന്നാല്‍ അദ്ധ്യാപകര്‍ പോലും തങ്ങളുടെ മക്കളെ ഇവരിലൊരാളാക്കാനാണ് മുതിരുന്നത്. അല്ലാതെ അദ്ധ്യാപകരക്കാനല്ല. ആര്‍ക്കും ഇഷ്ടാനുസരണം അദ്ധ്യാപകരാകണമെന്നില്ലെന്നതാണ് വസ്തുത. ദുഃഖകരമായ സത്യമാണിത്'.

ചടങ്ങിനെ തുടര്‍ന്ന് അത്താഴം കഴിച്ച് പിരിയുംമുമ്പ് നടന്ന ചര്‍ച്ചയ്ക്കിടെ ഒരു സി.ഇ.ഒ. ഇതുമായി ബന്ധപ്പെട്ട് ചോദിച്ചു. അദ്ധ്യാപനം ഒരു തൊഴിലായി തിരഞ്ഞെടുക്കുന്ന ഒരു കുട്ടിക്ക് പിന്നീട് ജീവിതത്തില്‍ എന്താണ് പ്രതീക്ഷിക്കാനുള്ളത്? എന്നിട്ട് അടുത്തുണ്ടായിരുന്ന ഒരദ്ധ്യാപികയോട് അല്പം പരിഹാസത്തോടെ ചോദിച്ചു. 'മാഡം, നിങ്ങളൊരദ്ധ്യാപികയല്ലേ? കാര്യമായി ചോദിക്കുകയാണ്. സ്‌കൂളുകളില്‍ നിങ്ങളെന്തു മല മറിക്കുകയാണ്? അപ്രതീക്ഷിതമായ ചോദ്യം സമചിത്തതയോടെ നേരിട്ടുകൊണ്ട് അവര്‍ പറഞ്ഞു. ''തനിക്ക് കഴിയില്ലെന്നു പറഞ്ഞ് മനസ്സ് തകര്‍ന്നുപോകാറുള്ള ഒരു കുട്ടിയെ കഠിനാദ്ധ്വാനശീലത്തിലേക്ക് നയിക്കാന്‍ അദ്ധ്യാപകര്‍ വേണം.

കുട്ടികളെ അത്ഭുതലോകങ്ങളിലേക്ക് നയിക്കാന്‍, വേണ്ടപ്പോള്‍ പ്രതികരിക്കാന്‍, ക്ഷമചേദിക്കാന്‍ ആരാണ് പഠിപ്പിക്കുന്നത്? മറ്റുള്ളവരെ ബഹുമാനിക്കാന്‍ ചെയ്യുന്ന പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പില്ക്കാലജീവിതത്തിലെ കണക്കുകൂട്ടലുകള്‍ക്ക് വേണ്ട അടിസ്ഥാനമൊരുക്കാന്‍ ഇവയ്‌ക്കൊക്കെ അവരെ പരിശീലിപ്പിക്കുന്നത് അദ്ധ്യാപകരല്ലാതെ മറ്റാരാണ്? അവരെ ഭാഷാഭിമാനികളാക്കാനും ആശയപ്രകാശനത്തിനൊരുക്കാനും അദ്ധ്യാപകര്‍ തന്നെ വേണം.

മനഃസാക്ഷിയുടെ നിര്‍ദ്ദേശങ്ങളനുസരിക്കാന്‍ സ്ഥിരോത്സാഹത്തോടെ കഠിനമായി പ്രയത്‌നിക്കാനും ജീവിത വിജയം കൈവരിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നവരാണ് അദ്ധ്യാപകര്‍. ഇനി വ്യക്തിജീവത്തില്‍ അദ്ധ്യാപനം കൊണ്ട് ഞാനെന്താണ് സമ്പാദിച്ചത് എന്നാണെങ്കില്‍ പണമാണ് എല്ലാമെന്ന് കരുതരുത്. അങ്ങനെ കരുതുന്നവരുടെ അജ്ഞതയ്ക്കുമുന്നില്‍ ശിരസ്സുയര്‍ത്തി ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ ഒരദ്ധ്യാപികയെന്ന നിലയ്ക്ക് എനിക്കു കഴിയുന്നുണ്ട്. അതെന്തു കൊണ്ടാണെന്നോ? നിങ്ങള്‍ പ്രൊഫഷണലുകളുടെയൊക്കെ ജീവിത സാഹചര്യങ്ങളില്‍ കുട്ടികളായിരിക്കെ വിദ്യാഭ്യാസത്തിലൂടെ വഴിത്തിരിവ് സൃഷ്ടിച്ച് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും സി.ഇ.ഒ. മാരുമൊക്കയായി മാറ്റിയത് ഞങ്ങള്‍ അദ്ധ്യാപകര്‍ തന്നെയായിരുന്നു എന്നുള്ളതുകൊണ്ടാണത്'.

ഈ മറുപടിക്കു ശേഷം ചോദ്യമുന്നയിച്ച സി.ഇ.ഒ.യോട് ആ അദ്ധ്യാപിക ചോദിച്ചു. 'ഇനി ഞാനൊന്നു ചോദിച്ചോട്ടെ? മിസ്റ്റര്‍ സി.ഇ.ഒ. നിങ്ങള്‍ ഈ സമൂഹത്തിന് നല്‍കുന്ന സവിശേഷ സംഭാവന എന്താണ്?'' പ്രത്യേകിച്ച് ഒന്നും പറയാനില്ലാതെ അദ്ദേഹം ഒരക്ഷരം പോലുമുരിയാടാതെ നിശ്ശബ്ദനായിരുന്നു.

ആ ജീവനാന്തമാനന്ദമരുളും വിദ്യനല്‍കുവോന്‍' എന്നത് മഹാകവി ഉള്ളൂരിന്റെ വിദ്യാപദ്ധതിയിലെ വരികളാണ്. വിജ്ഞാനത്തിന്റെ മഹാപ്രപഞ്ചത്തിലേക്ക് നയിക്കുന്ന അധ്യാപകര്‍ ആ ജീവാനന്ത സ്‌നേഹാദരങ്ങള്‍ അര്‍ഹിക്കുന്നുവരാണ്. ആദരിച്ചില്ലെങ്കിലും അവരെ അപമാനിക്കരുത്.

ജീവിതവിജയപുസ്തകങ്ങള്‍ വാങ്ങാം
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT