അച്ഛന്റെ കൂടെ ഒരു ദിവസം

പ്രൊഫ. പി.എ. വര്‍ഗീസ്‌

15 Jun 2013


പത്തു വയസ്സുള്ള ജോണി ഡാഡിയുടെ മുറിയിലേക്ക് കയറിച്ചെന്നു. അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന അദ്ദേഹത്തെ സാരമായി എന്തോ അലട്ടുന്നുണ്ടായിരുന്നു. വലിയ ബിസിനസ്സുകാരനായ അദ്ദേഹത്തിനു കുട്ടിയെ ശ്രദ്ധിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല. നിരാശനായി ഇരുന്ന ഡാഡിയെ ജോണി മടിയില്‍ കയറിയിരുന്ന് ഉമ്മവെയ്ക്കാന്‍ തുടങ്ങി.
'നീ എന്താണ് ചെയ്യുന്നത്?'
'ഞാന്‍ ഡാഡിക്ക് 50 ഉമ്മ തരുകയാണ്. ഡാഡിയുടെ അമ്പതാം പിറന്നാളല്ലേ ഇന്ന്?'
'ഇപ്പോള്‍ നീ പോ. അത് പിന്നീടെപ്പോഴെങ്കിലുമാകാം.'
നിരാശയോടെയാണ് അവന്‍ അവിടംവിട്ടു പോയത്.
തന്റെ സൈക്കിളെടുത്തിട്ട് അതിവേഗത്തില്‍ റോഡിലേക്കു നീങ്ങി. അത് അവന്റെ അവസാന പോക്കായിരുന്നു.
ജോണി അന്ന് ഒരു കാര്‍ തട്ടി മരിച്ചു.
ആ പിതാവിനുണ്ടായ ദുഃഖം ഊഹിക്കാവുന്നതിനപ്പുറത്തായിരുന്നു.
കുട്ടിയെ താലോലിക്കാന്‍ എത്ര അവസരം കിട്ടും എന്നു പറയുകവയ്യല്ലോ.
ധനത്തിന്റെയും പ്രശസ്തിയുടെയും പുറകില്‍ പോയി കുടുംബസമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്ക് കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാന്‍ കിട്ടാറില്ല. അവരോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയാറില്ല. കുട്ടിയുടെ കൂടെ കളിക്കാനും സംസാരിക്കാനും സമയമുണ്ടാകാറുമില്ല.
അവസാനം അവര്‍ ധനികരോ പ്രശസ്തരോ ആകുന്നതിനുമുന്‍പ് കുട്ടികള്‍ അവരുടെ വഴിക്ക് പോയിട്ടുണ്ടാകും.
അമ്മ അമ്മയുടെ വഴിക്കും.
അവസാനം അദ്ദേഹം എന്തു നേടി?
താന്‍ സ്‌നേഹിച്ചിരുന്ന എല്ലാം നഷ്ടപ്പെട്ടില്ലേ? തന്റെ കുട്ടികള്‍, ഭാര്യ, കുടുംബം.... എല്ലാം പോയില്ലേ?
കുഞ്ഞിനു ശ്രദ്ധ മുഴുവന്‍ കൊടുക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കരുത്.
രാജുവിന്റെ അച്ഛന്‍ ഒരുദിവസം അവന്റെ കൂടെ 'ഫിഷിങ്ങിന്' പോയി. കൂടുതലൊന്നും സംസാരിക്കാതെ അവര്‍ ആ ഹോബിയില്‍ മുഴുകി. കുട്ടിക്ക് ബോറടിക്കുമോ എന്ന് അച്ഛന്‍ ചിന്തിച്ച് വിഷാദിച്ചു. കുട്ടിക്ക് സ്വര്‍ഗീയാനുഭൂതിയായിരുന്നു എന്നത് അദ്ദേഹത്തിനറിയില്ലായിരുന്നല്ലോ.

'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹര ദിവസം. ഒറ്റയ്ക്ക് അച്ഛനോടൊപ്പം.' അങ്ങനെയാണ് രാജു പ്രതികരിച്ചത്.
ഒറ്റയ്ക്ക് മമ്മിയോടൊപ്പം അല്ലെങ്കില്‍ ഡാഡിയോടൊപ്പം അതേത് കുട്ടിയുടെയും സ്വപ്‌നമാണ്. ആ നിമിഷം കുട്ടിയാണല്ലോ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്തി. ഈ സാഫല്യത്തിനു കൊതിക്കാത്ത കുട്ടികളുണ്ടാവില്ല.
സമയമുണ്ടെങ്കില്‍ കൊടുക്കേണ്ട ഒന്നല്ല ഇത്. കുട്ടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണിത്. കുട്ടി തന്നെത്തന്നെയും ലോകത്തെയും നോക്കിക്കാണുന്നത് ഇതിന്റെ വെളിച്ചത്തിലായിരിക്കും.

അച്ഛനമ്മമാരുടെ മുഴുവന്‍ ശ്രദ്ധ കിട്ടാത്ത കുട്ടിക്ക് ആധിയുണ്ടാകാം. മാതാപിതാക്കള്‍ക്ക് മറ്റെല്ലാത്തിനെക്കാള്‍ പ്രധാനം താനാണെന്നൊരു തോന്നല്‍ കുട്ടിയിലുടലെടുക്കണം. അതിനു മുഴുവന്‍ ശ്രദ്ധയും കൊടുക്കുന്ന സമയം സഹായിക്കാതിരിക്കില്ല. ഇത്തരത്തില്‍ ശ്രദ്ധിക്കാതിരുന്നാല്‍ കുട്ടിയുടെ സുരക്ഷിതത്വബോധം പൂര്‍ണമാകില്ല, വളര്‍ന്നുവരുമ്പോള്‍ പക്വമതിയായിരിക്കില്ല. മറ്റുള്ളവരില്‍നിന്ന് ഓടിയൊളിച്ചെന്നുവരും. പ്രശ്‌നക്കാരായി വളര്‍ന്നുവന്നുകൂടായ്കയില്ലതാനും.'
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education