ആത്മസമര്‍പ്പണമാണ് തകര്‍ക്കാനാകാത്ത മൂലധനം

എ.കെ. മനോജ്കുമാര്‍

14 Jun 2013

എല്ലാവര്‍ക്കും ആഗ്രഹങ്ങള്‍ ഉണ്ട്; പലര്‍ക്കും സ്വപ്നങ്ങള്‍ ഉണ്ട്. ചിലര്‍ക്ക് ആദര്‍ശങ്ങളുണ്ട്; എന്നാല്‍ ചുരുക്കം പേര്‍ക്കേ പദ്ധതികള്‍ ഉള്ളൂ. - വില്യം ആര്‍തര്‍ വാര്‍ഡ്

സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് നമ്മള്‍ ഒരു പാഠം പഠിക്കുന്നു. അതിനുശേഷമാണ് പരീക്ഷ. എന്നാല്‍ ജീവിതാനുഭവങ്ങള്‍ തുടക്കത്തില്‍ തന്നെ നമ്മെ പരീക്ഷിക്കുന്നു. അതിനുശേഷമാണ് അവ നമ്മെ ഒരു പാഠം പഠിപ്പിക്കുന്നത്. സ്‌കൂളിലെ പാഠങ്ങള്‍ക്കും ജീവിതപാഠങ്ങള്‍ക്കും തമ്മിലുള്ള കാര്യമായ വ്യത്യാസമതാണ്.

നമ്മളില്‍ പലരും ഉത്സാഹത്തോടെ ഒരു കാര്യം തുടങ്ങിവയ്ക്കും. പ്രതികൂലസാഹചര്യങ്ങള്‍ ചിലപ്പോള്‍ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കും. 'കടി പറ്റിയുമില്ല; പിടി വിട്ടും പോയി' എന്ന അവസ്ഥയിലായിപ്പോകും കാര്യങ്ങള്‍. തുടക്കത്തില്‍ത്തന്നെ പിന്മാറിയാല്‍ പ്രിതസന്ധികളെ നേരിടാനാകാതെ വെറും ആരംഭശൂരത്വമായിരുന്നു അയാളുടേത് എന്ന പഴി കേള്‍ക്കേണ്ടിയും വരും.
പൊരുതുക. നിങ്ങള്‍ ജയിക്കും. കാരണം ദൈവം സ്ഥിരോത്സാഹികള്‍ക്ക് ജയം നല്‍കുന്നുവെന്ന് സിമോണ്‍ ബൊളിവറിന്റേതായ ഒരു ആശ്വാസവചനമുണ്ട്. ഉരുളുന്ന കല്ലില്‍ പുരളുമോ പായല്‍? എന്ന് പറയാറില്ലേ? നിരന്തരോത്സാഹികളാണ് നിരാശയെ അതിജീവിച്ച് വിജയം നേടുന്നത്. ഒരു വിദേശാനുഭവ കഥ ഈ വസ്തുത ഇങ്ങനെ തെളിയിക്കുന്നു:

ഒരിക്കല്‍ ഒരു ബിസിനസ് എക്‌സിക്യൂട്ടീവ് കരകയറാനാകാത്ത വിധം കടബാധ്യതകളില്‍പ്പെട്ടുപോയി. പണം നല്‍കി സഹായിച്ചിരുന്നവര്‍ കൈവിട്ടു. കടം നല്‍കി സഹായിച്ചിരുന്നവരാകട്ടെ ആദ്യം ബാധ്യത തീര്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കാനും തുടങ്ങി. ബാങ്ക് ജപ്തിയില്‍പ്പെട്ട് തന്റെ സര്‍വതും അന്യാധീനപ്പെടുന്നത് എങ്ങനെ തടയാനാകുമെന്നതില്‍ ഒരുപോംവഴി പോലും കണ്ടെത്താന്‍ ആ യുവാവിനു കഴിഞ്ഞില്ല. നിരാശനായ അയാള്‍ ഒരു പാര്‍ക്കിലെത്തി സങ്കടത്തോടെ തലയില്‍ കൈവെച്ചിരുന്നു.
പൊടുന്നനെയാണ് വൃദ്ധനായ ഒരു മനുഷ്യന്‍ ഒരു ദൈവദൂതനെപ്പോലെ അവിടെ പ്രത്യക്ഷപ്പെട്ടത്. ''നിങ്ങളെ ഗുരുതരമായ എന്തോ പ്രശ്‌നം അലട്ടുന്നതായി ഞാന്‍ മനസ്സിലാക്കുന്നു'' എന്നുപറഞ്ഞ് അയാള്‍ ആ യുവാവിന്റെ അവസ്ഥ തിരക്കി. എനിക്കു നിങ്ങളെ സഹായിക്കാനാകുമെന്നും വ്യക്തമാക്കി. ഉടന്‍ തന്നെ ആ ചെറുപ്പക്കാരന്റെ പേരില്‍ ചെക്കെഴുതി നല്‍കി. എന്നിട്ട് പറഞ്ഞു: ''ഈ പണം നിങ്ങള്‍ക്കുപകരിക്കും. ഇന്നുതുടങ്ങി ഒരുവര്‍ഷം തികയുന്ന നാളില്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും. അന്നു നിങ്ങള്‍ ഈ പണം മടക്കിത്തന്നാല്‍ മതിയാകും.''

ആ വൃദ്ധന്‍ പോയ ഉടനെ ചെറുപ്പക്കാരന്‍ ചെക്കു നിവര്‍ത്തി നോക്കി. അഞ്ചുലക്ഷം ഡോളറിന്റേതായിരുന്നു ആ ചെക്ക്. അതില്‍ ഒപ്പിട്ടിരുന്നത് ലോകത്തെ ധനികരില്‍ പ്രധാനിയും വ്യവസായിയും പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനുമായ ജോണ്‍ ഡി. റോക്ക്‌ഫെല്ലര്‍ ആയിരുന്നു.

ഇനി തന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന പുത്തന്‍ പ്രതീക്ഷയോടെ യുവാവ് മടങ്ങി. ചെക്ക് പണമാക്കി മാറ്റുന്നതിനു പകരം അത് ഭദ്രമായി സൂക്ഷിക്കാനാണയാള്‍ പക്ഷെ തീരുമാനിച്ചത്. അതവിടെത്തന്നെയുണ്ടല്ലോ? അതൊരു കരുതല്‍ നിക്ഷേപമായി സൂക്ഷിക്കാം. അതുണ്ടെന്ന മാനസിക ധൈര്യമാര്‍ജിച്ച് സ്വന്തം പ്രയത്‌നഫലം കൊണ്ടുതന്നെ ബിസിനസ്സിലെ പ്രതിസന്ധികളെ അതിജീവിക്കാം, ഇങ്ങനെയായിരുന്നു അയാളുടെ ചിന്താഗതി.

പുനര്‍നവീകരിക്കപ്പെട്ട ആത്മവിശ്വാസത്തോടെ ഇടപാടുകാരുമായി സംസാരിച്ച് കാലാവധി നീട്ടി വാങ്ങി ആള്‍ വീണ്ടും വന്‍ നീക്കങ്ങളിലൂടെ മുന്നേറി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കടബാധ്യത തീര്‍ത്ത് അയാള്‍ വീണ്ടും മികച്ച വ്യവസായി ആയി മാറി.
കൃത്യം ഒരു വര്‍ഷത്തിനുശേഷം പണമാക്കി മാറ്റാത്ത ആ അഞ്ചുലക്ഷം ഡോളറിന്റെ ചെക്കുമെടുത്ത് അയാള്‍ ആ പഴയ പാര്‍ക്കിലെത്തി. വൃദ്ധനെ കാത്തിരുന്നു. ഏറെനേരം കാത്തിരുന്ന ശേഷമാണ് വൃദ്ധന്‍ എത്തിയത്. പക്ഷെ അദ്ദേഹം ആ യുവാവിനെ തിരിച്ചറിഞ്ഞതായി തോന്നിയില്ല. എങ്കിലും യുവാവ് വൃദ്ധനെ തടഞ്ഞ് ചെക്ക് കൈമാറി. നന്ദി പറഞ്ഞതിനോടൊപ്പം തന്റെ വിജയാനുഭവങ്ങളും ഏതാനും വാക്കുകളില്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞറിയിച്ചു.

പക്ഷെ, അതിനകം അവിടെ ഓടിയെത്തിയ ഒരു നഴ്‌സ് ആ വൃദ്ധനെ കടന്നുപിടിച്ചുകൊണ്ട് പറഞ്ഞു: ''ഓ, എന്തൊരാശ്വാസം; അങ്ങനെ ഒടുവില്‍ നിങ്ങളെ വീണ്ടും പിടികൂടാനായി'' എന്നിട്ട് ചെറുപ്പക്കാരനോട് ചോദിച്ചു. ''നിങ്ങളെ ഇദ്ദേഹം ഉപദ്രവിച്ചിട്ടൊന്നുമില്ലല്ലോ? റസ്റ്റ് ഹോമില്‍ നിന്ന് ഇദ്ദേഹം ഇടയ്ക്കിടെ ആരും കാണാതെ പുറത്തുചാടും. എന്നിട്ട് കണ്ണില്‍ക്കണ്ടവരോടൊക്കെ പറയുന്നതെന്താണെന്നോ? താനാണ് ആ പ്രശസ്തനായ ധനികന്‍ ജോണ്‍ ഡി. റോക്ക്‌ഫെല്ലറെന്ന്'' - ഇങ്ങിനെ പറഞ്ഞുകൊണ്ട് വൃദ്ധനെയും താങ്ങിപ്പിടിച്ച് ആ നഴ്‌സ് മടങ്ങിപ്പോയി.

എന്തുപറയണമെന്നറിയാതെ ആ യുവാവ് കുറെനേരം അവിടെ അന്ധാളിച്ചു നിന്നു. ഈ ഒരു വര്‍ഷവും അയാള്‍ ഓടിനടക്കുകയായിരുന്നു. വില്പനകള്‍, വാങ്ങലുകള്‍, കരാര്‍ ഇടപാടുകള്‍, പ്രശ്‌നപരിഹാരങ്ങള്‍... ഒക്കെയും അഞ്ചുലക്ഷം ഡോളറുണ്ടെന്ന ആത്മബലം കൊണ്ടുമാത്രം നേടിയവ. സത്യമോ? മിഥ്യയോ? എന്തായാലും കൊള്ളാം. ചെക്ക് ആത്മവിശ്വാസത്തിലേക്കുള്ള മാധ്യമമായിരുന്നു.

വാസ്തവമോ, ഭാവനയോ എന്തായാലും പണമിരിപ്പുണ്ടെന്ന ആത്മവിശ്വാസത്തിന്റെ ഫലമാണിതെല്ലാം. അങ്ങനെയാണെങ്കില്‍ എന്തൊക്കെ സംഭവിച്ചാലും മുന്നേറിയേ മതിയാകൂ എന്ന ആത്മവിശ്വാസം തന്നെയായിരിക്കില്ലേ അയാളുടെ വിജയരഹസ്യം? തീര്‍ത്തും ഉള്ളറിഞ്ഞു നല്‍കുന്ന ആ ആത്മസമര്‍പ്പണമാണ് തകര്‍ക്കാനാകാത്ത മൂലധനവും. അത് അവനവനില്‍ത്തന്നെയാണ് ഉള്ളത്. അത് തിരഞ്ഞുകണ്ടെത്തണം; സ്വായത്തമാക്കി മുന്നേറ്റം തുടരണം.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education