ശൂന്യതയില്‍ വിടരുന്ന പൂവുകള്‍

എ.കെ.മനോജ്കുമാര്‍

22 Dec 2012

ചത്തുകഴിഞ്ഞിട്ടും സുഗന്ധം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരേ ഒരു കാര്യമേയുള്ളൂ. അത് ഭൂതകാലം മാത്രമാണ്. കാലഗണനയുടെ മഹാപ്രവാഹത്തിലൂടെ ഒരു വര്‍ഷംകൂടി കടന്നുപോകാന്‍ തുടങ്ങുകയാണ്. മാറ്റംവരുത്താനാകാത്ത ചില വസ്തുതകള്‍ ഓരോരോ ജീവിതസന്ദര്‍ഭങ്ങളിലായി രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകണം. വിശകലനത്തില്‍ നിന്ന് പഠിക്കാന്‍ ചില സ്ഥിതിവിവരക്കണക്കുകളുടെ സാധ്യതയാണ് ഇനി ബാക്കിയുള്ളത്.

നേട്ടങ്ങളുടെ പരമ്പര ഒന്നൊന്നായി കീഴടക്കി മുന്നേറിയവര്‍ കുറെയുണ്ടാകാം. സ്‌നേഹാന്വേഷണങ്ങള്‍ക്കിടയില്‍ സാധാരണ പറയാറുള്ള ''ഓ,അങ്ങിനെ ജീവിച്ചു പോകുന്നു''എന്ന മട്ടില്‍ ജീവിച്ചുപോയവരാകും ബഹുഭൂരിപക്ഷവും.''ആയാത മായാതപേക്ഷണീയംഗതം ഗതം സര്‍വമുപേക്ഷണീയംഅലംവൃഥാ മോദനഖേദനാഭ്യാംഅലംഘനീയാ കമലാസനാജ്ഞാ''എന്ന ശ്ലോകത്തിലെ ആശയം നോക്കുക. ''വരുന്നത് വരുന്നതെല്ലാം സ്വീകരിക്കുക. പോകുന്നതു പോകുന്നതെല്ലാം ഉപേക്ഷിക്കുക. സന്തോഷിച്ചിട്ടോ ദുഃഖിച്ചിട്ടോ പ്രയോജനമില്ല. വിധിയുടെ ആജ്ഞ ലംഘിക്കാന്‍ കഴിയില്ലല്ലോ?'' ചരിത്രം തിരുത്തിയ ജേതാക്കളുടെ വിജയപശ്ചാത്തലം എന്തായിരുന്നുവെന്ന് അന്വേഷിച്ചാല്‍ പക്ഷേ, ഒരു കാര്യം ബോധ്യപ്പെടും. ഒരുപക്ഷെ അതായിരുന്നിരിക്കാം അവരുടെ യഥാര്‍ത്ഥവിധി.

എനിക്കു പ്രത്യേകിച്ചു നയങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരോദിവസവും എന്റെ കഴിവിനൊത്തു പരമാവധി കാര്യങ്ങള്‍ നിര്‍വ്വഹിച്ചു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാംലിങ്കണ്‍ ഒരിക്കല്‍ തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങിനെയായിരുന്നു. ഇതു ശ്രദ്ധിച്ചാല്‍ ഇങ്ങനെയൊരു അനായാസേന ജീവിതം കൊള്ളാമല്ലോ എന്നു തോന്നിപ്പോകാനിടയുണ്ട്. പക്ഷെ മേല്പറഞ്ഞവാക്യം ഒന്നുരണ്ടു സവിശേഷതകള്‍ അടിസ്ഥാനമാക്കിവേണം ഉള്‍ക്കൊള്ളാന്‍. ഓരോദിവസവും തന്റെ കഴിവിനൊത്തു പരമാവധികാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ തക്ക കര്‍മ്മശേഷി എബ്രഹാം ലിങ്കനുണ്ടായിരുന്നു. അതദ്ദേഹം തന്റെ പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തതാണ്.ഗോതമ്പുമണി നിലത്തുവീണ് അഴുകുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴുകിയാലോ, അത് വളരെഫലം പുറപ്പെടുവിക്കും-ബൈബിളില്‍ യോഹന്നാന്റെ സുവിശേഷത്തിലാണ് ഇത്തരമൊരു സൂചനയുള്ളത്.ജന്മസിദ്ധമായ ശേഷികള്‍ പ്രകൃതിയിലെ സസ്യങ്ങളെപ്പോലെയാണ്. ശ്രദ്ധാപൂര്‍ണമായ പഠനത്തിലൂടെ അവയെ വെട്ടിയൊരുക്കി നിര്‍ത്തേണ്ടുതണ്ടെന്ന് ഫ്രാന്‍സിസ് ബേക്കണ്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നുവച്ച് ഒരു ഡിസംബര്‍ 31 കഴിഞ്ഞ് ജനവരിയില്‍ തുടങ്ങി നൂലുപിടിച്ചതുപോലെ വീണ്ടും വീണ്ടും ശപഥങ്ങളുടെ തനിയാവര്‍ത്തനം തുടരണമെന്നില്ല. മനുഷ്യന്റെ മഹത്വം സ്ഥിതിചെയ്യുന്നത് ഹൃദയത്തിലാണ്;ബുദ്ധിയിലല്ല എന്ന മഹാത്മജിയുടെ സന്ദേശം ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.പിന്തിരിഞ്ഞു നോക്കുമ്പോള്‍ പരിഗണിക്കാനാവുന്ന ഒന്നും തന്നെയില്ല. എല്ലാം ശുദ്ധശൂന്യം പോലെ. ഈയൊര വസ്ഥ ഭയാനകമാണ്. കിനാവില്‍ കണ്ട പണം ചെലവിന് ഉതകൂലെന്ന ഒരു നാടന്‍ ചൊല്ലുണ്ട്. സ്വപ്നത്തില്‍ കാണുന്നത് അനുഭവത്തില്‍ കിട്ടില്ലെന്നു സാരം.നേരത്തെ സൂചിപ്പിച്ച വിധിയിലേക്ക് ഒന്നുകൂടി മങ്ങിവരാം. സംസ്‌കൃത ന്യായങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് കൂപയന്ത്രഘടികാന്യായം. അതിലെ ആശയം ഇങ്ങനെയാണ്: വെള്ളം കോരാനായി കുറെ കലങ്ങള്‍ വെച്ചുകെട്ടിയ കിണറ്റിലെ യന്ത്രം കറങ്ങുന്നു. ചില കുടങ്ങള്‍ കീഴ്‌പ്പോട്ടവന്ന് വെള്ളവുമായി പൊങ്ങുമ്പോള്‍ വേറെ ചിലത് ശൂന്യങ്ങളായി മുകളില്‍ തന്നെ നില്‍ക്കുന്നു. തുടര്‍ന്ന് അവ നിറയ്ക്കപ്പെടുന്നു. ആദ്യം നിറഞ്ഞവ ശൂന്യമാകുന്നു. മനുഷ്യരുടെ വിധി നിര്‍ണയത്തിലെ അസ്ഥിരതയെയാണ് ഇത് സൂചിപ്പിക്കുന്നത്.'മൃച്ഛകടി'കമെന്ന സംസ്‌കൃത നാടകത്തിലാണ് ഈ അവസ്ഥ ഒരു പദ്യത്തിലൂടെ വിശദമാക്കുന്നത്. ചിലരെ തുച്ഛന്മാരായി തരംതാഴ്ത്തുന്നു. ചിലരെ ഐശ്വര്യങ്ങളാല്‍ നിറയ്ക്കന്നു. ചിലരെ ഉയര്‍ത്തുന്നു. ചിലരെ താഴ്ത്തുന്നു. ചിലരെ ചുറ്റിക്കുന്നു-ഇങ്ങനെ ഓരോരുത്തരുടെയും ജീവിതത്തില്‍ വിളയാടുന്ന വിധി, പരസ്​പരം ഏവരെയും ശത്രുപക്ഷത്താക്കി കൂപയന്ത്രത്തില്‍ ഘടിപ്പിച്ച കുടങ്ങളെന്ന കണക്കിന് കറങ്ങിക്കൊണ്ടിരിക്കുന്നു.ഇടയ്‌ക്കൊക്കെ ജീവിതത്തിനിടയിലും ചില ശൂന്യസ്ഥലങ്ങള്‍ ആവശ്യമെന്നുതന്നെ കരുതണം. വാര്‍ത്തകള്‍ തിങ്ങിക്കൂടിയ ഒരു പത്രത്താളിലെ ഇത്തിരി വൈറ്റ് സ്‌പേസ് പോലെ. പക്ഷെ ആ ശൂന്യത പോലും മുന്നില്‍കണ്ട് സംവിധാനം ചെയ്യുന്നവരുടെ കൂടെയാവും പലപ്പോഴും വിധിയും വിജയവും. ഇതു സൂചിപ്പിക്കുന്ന പ്രസിദ്ധമായ ഒരു പഴയ കഥയുണ്ട്. അതിങ്ങനെയാണ്: തന്റെ യജമാനന്റെ വീട്ടിലേക്ക് ആ ജോലിക്കാരന്‍ വെള്ളമെടുക്കുന്നത് രണ്ടു കുടങ്ങളിലായാണ്. തോളത്തുവച്ച ഒരു തടിക്കഷ്ണത്തിനിരുവശവുമായി തൂക്കിയിട്ട രണ്ടുകുടങ്ങളില്‍ ഒന്നില്‍ പക്ഷേ ഒരു പിളര്‍പ്പുണ്ടായിരുന്നു. ആ വിടവിലൂടെ വെള്ളം പാഴാകുന്നതിനാല്‍ അരക്കുടം വെള്ളം മാത്രമാണ് അതിലൂടെ കിട്ടിയിരുന്നത്.

നിറകുടം വെള്ളം നല്‍കുന്നതില്‍ ആദ്യത്തെ കുടം അഭിമാനിച്ചിരുന്നു. രണ്ടുവര്‍ഷമായി പകുതി മാത്രം വെള്ളം നല്‍കിക്കൊണ്ടിരുന്ന മറ്റേ കുടം വിഷമം സഹിക്കാനാവാതെ ഒടുവില്‍ ജോലിക്കാരോട് ക്ഷമ ചോദിച്ചു. അതെന്തിനെന്ന് ആരാഞ്ഞ ജോലിക്കാരനോട് തന്റെ വിള്ളലിലൂടെ വെള്ളം പാഴാകുന്നതിനാല്‍ ജോലിക്കാരന്റെ പ്രയത്‌നത്തിന് പൂര്‍ണ ഫലം കിട്ടുന്നില്ലെന്നതാണ് തന്റെ വിഷമമെന്ന് അത് വ്യക്തമാക്കി.

അതോര്‍ത്ത് വിഷമിക്കേണ്ടെന്ന് ആശ്വസിപ്പിച്ച് ആ കുടവുമായി വെള്ളം ചുമട്ടുകാരന്‍ വീണ്ടും വെള്ളമെടുക്കാന്‍ ചെന്നു. അപ്പോളയാള്‍ ആ പൊട്ടിയ കുടത്തോടുചോദിച്ചു. 'നോക്കൂ, നിന്നെ തൂക്കിയിട്ടിരുന്ന ഭാഗത്തുമാത്രമാണ് തഴച്ചുവളര്‍ന്നു നില്‍ക്കുന്ന ഈ ചെടികളില്‍ മനോഹരമായ പൂക്കളുള്ളത്. മറ്റേ ഭാഗത്ത് പൂക്കളൊന്നുമില്ലെന്നത് ശ്രദ്ധിച്ചല്ലോ?. അതിന് കാരണമിതാണ്. കുടത്തിലെ വിള്ളല്‍ പ്രശ്‌നമാകുമെന്ന് കണ്ട് ഞാനതിന്റെ ആനുകൂല്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചിന്തിച്ചിരുന്നു.

അതുകൊണ്ട് ഞാന്‍ ഈ കുടം ചോര്‍ന്ന് വെള്ളം വീഴുന്ന വഴിത്താരയുടെ വശത്ത് നല്ല ചില പൂച്ചെടികളുടെ വിത്ത് പാകിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി എന്റെ മുതലാളിയുടെ സ്വീകരണമുറിയിലെ ഫ്‌ളവര്‍വെയ്‌സ് അലങ്കരിക്കുന്നത് ആ പൂക്കളാലാണ്. നിന്റെ ഈ പരിമിതിയുടെ ഫലമായാണ് മനോഹരമായ ആ പൂക്കള്‍ വിടര്‍ന്നുല്ലസിക്കുന്നത്. കഴിവില്‍പ്പെട്ടത് ചെയ്യാനല്ലാതെ ഒരാളെയും ദൈവം നിര്‍ബന്ധിക്കുകയില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഓരോരുത്തരം പ്രവര്‍ത്തിച്ചതിന്റെ ഗുണങ്ങള്‍ അവരവര്‍ക്കു തന്നെയുള്ളതാണെന്നും ഖുര്‍ ആന്‍ സൂചിപ്പിക്കുന്നു.

മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നമ്മുടെ പരിമിതികളുടെ ശൂന്യസ്ഥലത്തില്‍ മുങ്ങിത്താഴാതിരിക്കുക. നിങ്ങളുടെ പരിമിതികളും നിങ്ങളുടെ ജീവിതത്തിലെ ശൂന്യസ്ഥലങ്ങളും പലപ്പോഴും ഉത്കൃഷ്ടവും മനോഹരങ്ങളുമായിരിക്കും. അവയുടെ സാധ്യതകളെ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുക.

ഒരു മനുഷ്യായുസ്സില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ അത്ഭുതവും വിസ്മയവും തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കില്ല എന്ന് ഒരു മനുഷ്യന്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ അവന് സാധിക്കുന്നു എന്നതാണെന്ന് ഹെന്‍ട്രിഫോര്‍ഡിന്റെ സൂചന ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും.

ഈ ബ്രഹ്മം പൂര്‍ണമാണ്. ഈ പ്രപഞ്ചവും പൂര്‍ണമാണ്. ഈ പൂര്‍ണമായ ബ്രഹ്മത്തില്‍നിന്നും പൂര്‍ണമായ പ്രപഞ്ചമുണ്ടായി. പൂര്‍ണതയില്‍നിന്നും പൂര്‍ണത്തെ എടുത്താലും പൂര്‍ണം തന്നെ അവശേഷിക്കുന്നു. 'പൂര്‍ണസ്യ പൂര്‍ണാമാദായ പൂര്‍ണമേവശിഷ്യതേ' എന്ന ഉപനിഷത് പാഠം പകരുന്ന സന്ദേശം ശ്രദ്ധിക്കുക. ആദിദൈവികവും ആദിഭൗതികവും ആധ്യാത്മികവുമായ ദുഃഖങ്ങള്‍ക്കെല്ലാം ശാന്തിയുണ്ടാകട്ടെ.

പൂര്‍ണത്തില്‍നിന്നും പൂര്‍ണത്തെ എടുത്താലും പൂര്‍ണം തന്നെ ശേഷിക്കുന്ന ഫലസിദ്ധിക്കിടെ സ്വയം പ്രഖ്യാപിതമായ ശൂന്യസ്ഥലങ്ങള്‍ ഒരുക്കുന്നവര്‍ അത് മലര്‍വാടികളാക്കാനുംകൂടി ശ്രദ്ധിക്കുക.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education