പുതിയ കാര്‍ വാങ്ങുമ്പോള്‍

ബൈജു.എന്‍ .നായര്‍

21 Dec 2012

അംബാസഡറിന്റെയും ഹെറാള്‍ഡിന്റെയും പത്മിനിയുടെയും കാലത്ത് പുതിയ കാര്‍ തിരഞ്ഞെടുക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നില്ല. ഈ മൂന്നില്‍ ഒന്ന് സെലക്ട് ചെയ്താല്‍ കാര്യം കഴിഞ്ഞു. തന്നെയുമല്ല, ഇവയുടെ ഗുണദോഷങ്ങള്‍ നാട്ടിലെങ്ങും പാട്ടായിരുന്നുതാനും. കാരണം, വിലയിരുത്തപ്പെടാന്‍ കൂടുതല്‍ മോഡലുകളൊന്നും വിപണിയിലുണ്ടായിരുന്നില്ലല്ലോ. അംബാസഡറിന്റെ പുതിയ വേരിയന്റുകള്‍-മാര്‍ക്ക് രണ്ട്, മൂന്ന്, നാല് എന്നൊക്കെയായിരുന്നു, പേരുകള്‍- വിപണിയിലെത്തുന്നത് കാത്തിരിക്കുന്നവരായിരുന്നു വാഹനപ്രേമികള്‍. ഗ്രില്ലിന്റെയോ ടെയ്ല്‍ ലാമ്പിന്റെയോ ചെറിയ മാറ്റങ്ങളാണ് മാര്‍ക്ക് രണ്ടിനെ മൂന്നും നാലുമൊക്കെയാക്കി മാറ്റിയിരുന്നത്! പക്ഷേ, അന്നൊക്കെ ആ മാറ്റങ്ങള്‍ പോലും ഉത്സവങ്ങളായിരുന്നു. നാലോ അഞ്ചോ വര്‍ഷത്തിനുശേഷം സംഭവിക്കുന്ന മാര്‍ക്ക് മൂന്നിനും നാലിനുംവേണ്ടി ജനസാമാന്യം കാത്തിരുന്നു.

ആ കാലം കഴിഞ്ഞു. ഇന്നിപ്പോള്‍ ഇന്ത്യയില്‍ എത്ര വാഹനനിര്‍മാതാക്കളുണ്ടെന്ന് ഓര്‍മിച്ചെടുക്കണമെങ്കില്‍പ്പോലും ഏറെനേരം വേണം. നിര്‍മാണമില്ലെങ്കിലും ഇന്ത്യയില്‍ വില്പനയുള്ള മോഡലുകളും നിരവധി.

പുതുതായി കാര്‍ വാങ്ങാനാഗ്രഹിക്കുന്നയാളിന്റെ മുന്നില്‍ പുതുകമ്പനികളും പുതുമോഡലുകളും നിരക്കുന്നു. ഒരേ മോഡലിനുതന്നെ നിരവധി വേരിയന്റുകള്‍. വിവിധ വേരിയന്റുകള്‍ക്കുതന്നെ വിവിധ ഫീച്ചറുകള്‍; ആക്‌സസറികള്‍. പത്രമാസികകളിലെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങളും ഡീലര്‍മാരുടെ വാഗ്ദാനങ്ങളും വിപണിയിലെ മോഡല്‍ പെരുപ്പവും കണ്ട് അന്തംവിട്ടു നില്ക്കുമ്പോള്‍ നിങ്ങള്‍ സ്വയം ചോദിച്ചുപോകും, ഏതു കാര്‍ വാങ്ങണം?

എന്നാല്‍, ആദ്യമായി കാര്‍ വാങ്ങുന്നയാള്‍ തീരുമാനമെടുക്കും മുന്‍പ് സ്വയമൊരു ചോദ്യം ചോദിക്കണം- എനിക്ക് കാര്‍ വേണോ?
കാര്‍ വേണോ?

സുഹൃത്തുക്കള്‍ക്കും അയല്‍പക്കക്കാര്‍ക്കുമൊക്കെ കാറുള്ളതുകൊണ്ട് എനിക്കും ഒരു കാര്‍ വേണം എന്നതാണ് മനോഭാവമെങ്കില്‍ ഒന്നുകൂടി ചിന്തിക്കുക: ഇപ്പോള്‍ കാര്‍ ഒരാവശ്യമാണോ? ഒരു വര്‍ഷംകൂടി കാറില്ലാതെ ജീവിച്ചുകൂടെ?

കാര്‍ ആഡംബരമല്ല; ആവശ്യമാണ് എന്നുണ്ടെങ്കില്‍ മാത്രമേ കാര്‍ വാങ്ങുന്നതിനെപ്പറ്റി ചിന്തിക്കാവൂ. നിശ്ചിതവരുമാനമുള്ള ഇടത്തരക്കാരന്‍ പുതിയ കാര്‍ സ്വപ്‌നം കാണുമ്പോള്‍ മനസ്സിലൊരു ബജറ്റിന് രൂപം നല്കാറുണ്ട്. കാര്‍ വാങ്ങുമ്പോള്‍ ആദ്യം നല്കുന്ന തുക അഥവാ ഡൗണ്‍ പേയ്‌മെന്റും വായ്പയെടുത്തിരിക്കുന്ന ബാങ്കിന് പ്രതിമാസം നല്കുന്ന ഇഎംഐയും (ഈക്വല്‍ മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്) മാത്രമേ സാധാരണയായി ബജറ്റില്‍ ഉള്‍പ്പെടാറുള്ളൂ. കാറിനു വേണ്ടിവരുന്ന റണ്ണിങ് കോസ്റ്റി (ഇന്ധനം, മെയിന്റനന്‍സ് ചെലവ്)നെപ്പറ്റി ചിന്തിക്കുന്നവര്‍ കുറവാണ്. എന്നാല്‍ ഇത് പലപ്പോഴും ഇഎംഐയെക്കാള്‍ കൂടുതലായിരിക്കും എന്നതാണ് യാഥാര്‍ഥ്യം.

ഉദാഹരണമായി, വാങ്ങുന്ന കാറിന്റെ വില 3 ലക്ഷം രൂപയാണെന്നിരിക്കട്ടെ. 50,000 രൂപ ഡൗണ്‍ പേയ്‌മെന്റ് നല്കി, 2.5 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെങ്കില്‍ പ്രതിമാസം 5000 രൂപയിലേറെ ഇഎംഐ അടയ്ക്കണം. ഇനി റണ്ണിങ് കോസ്റ്റ് നോക്കുക: ഇത് ഒരു മാസം ഏകദേശം 4000 രൂപയോളമാകും. മെയിന്റനന്‍സ് ചെലവും സ്‌പെയര്‍പാര്‍ട്‌സ് ചെലവും വേറെ. ഓട്ടത്തിനിടയില്‍ ആക്‌സിഡന്റ് എന്തെങ്കിലും സംഭവിച്ചാല്‍, ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍പ്പോലും റിപ്പയറിങ്ങിന്റെ ചെറിയൊരു ശതമാനം വാഹന ഉടമ നല്കണം. ആ ചെലവും മനസ്സില്‍ കാണണം.

റണ്ണിങ് കോസ്റ്റിന്റെ കാര്യത്തില്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന മറ്റു രണ്ട് കാര്യങ്ങളുണ്ട്: ടാക്‌സും ഇന്‍ഷുറന്‍സും. പുതിയ കാറുകള്‍ക്ക് 15 വര്‍ഷത്തേക്കാണ് ടാക്‌സ് അടയ്‌ക്കേണ്ടത്. ഇന്‍ഷുറന്‍സ് ഒരു വര്‍ഷത്തേക്കും. 3 ലക്ഷം രൂപ വിലയുള്ള കാറിന് ടാക്‌സ് 10,000 രൂപയിലേറെ വരും. ഇന്‍ഷുറന്‍സ് പ്രതിവര്‍ഷം 5000 രൂപയ്ക്കു മേലേയും. ഇവയും റണ്ണിങ് കോസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ? അതുപോലെ, റിപ്പയറിങ്ങിനായി ഇന്‍ഷുറന്‍സ് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം പ്രീമിയം അടയ്ക്കുമ്പോള്‍ തുകയുടെ 15 ശതമാനം കൂടുതല്‍ നല്കണം. ഉദാഹരണമായി, ഈ വര്‍ഷം 5000 രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചതെന്നിരിക്കട്ടെ. ക്ലെയിമിനു ശേഷം അടുത്ത വര്‍ഷം അടയ്‌ക്കേണ്ടിവരുന്നത് 5750 രൂപയായിരിക്കും.
സ്വന്തമായി കാറുണ്ടെങ്കില്‍ യാത്രകളുടെ എണ്ണവും കൂടും. ബസ്സിലോ മറ്റോ യാത്ര ചെയ്യേണ്ടതുകൊണ്ട് ഒഴിവാക്കുന്ന പല യാത്രകളും 'പോയേക്കാം' എന്നു തീരുമാനിപ്പിക്കാന്‍ കാറിനു കഴിയും. കൂടാതെ ദേവാലയ ദര്‍ശനം, വിനോദയാത്ര എന്നിവയുടെ എണ്ണവും കാര്‍ വര്‍ധിപ്പിക്കും. ഫലം: ചെലവിന്മേല്‍ ചെലവ്.

ചുരുക്കിപ്പറഞ്ഞാല്‍, പ്രതിമാസം 5000 രൂപ വായ്പ ഗഡു അടയ്ക്കുന്ന കാര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ചെലവാകുന്നത് 10,000ലേറെ രൂപ.
ഇനി ഒന്നുകൂടി ചിന്തിക്കുക: ഇപ്പോള്‍ കാര്‍ ഒരു ആവശ്യമാണോ?
കാര്‍ ആവശ്യമാണെങ്കില്‍
കാര്‍ ആവശ്യമാണെന്നാണ് ഉത്തരമെങ്കില്‍ ഇനി അന്വേഷണങ്ങളു
ടേയും വിലയിരുത്തലുകളുടേയും തീരുമാനങ്ങളുടേയും കാലമാണ്.
'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന പഴഞ്ചൊല്ല് ഓര്‍മിക്കുക. വായില്‍ വെള്ളമൂറിക്കുന്ന ഭാവഹാവാദികളോടെ, നിരത്തിലൂടെ കടന്നുപോകുന്ന പല കാറുകളുടേയും ഉള്ളില്‍ നിറഞ്ഞിരിക്കുന്നത് മെയിന്റനന്‍സുകളെന്ന വിഷ സര്‍പ്പങ്ങളും സ്‌പെയര്‍പാര്‍ട്‌സുകളെന്ന മുള്‍പ്പടര്‍പ്പുകളുമായിരിക്കും.
അതുകൊണ്ട്, പുതിയ കാര്‍ വാങ്ങുംമുന്‍പ് ഇനി പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.
എത്രയാകാം, ബജറ്റ്?
സാമ്പത്തികബാധ്യത വരുത്തിവെക്കുന്ന ഏതൊരു കാര്യത്തിലും തീരുമാനമെടുക്കുന്നത് ബുദ്ധിപൂര്‍വമായിരിക്കണമല്ലോ; അഞ്ച്-ഏഴ് വര്‍ഷത്തേക്ക് പ്രതിമാസവരുമാനത്തില്‍നിന്ന് വായ്പത്തുക അടയ്‌ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇനി, രൊക്കം പണം നല്കി കാറെടുക്കുന്നവരാണെങ്കിലും ശ്രദ്ധിക്കുക- വാഹനം ഒരിക്കലും നല്ലയൊരു നിക്ഷേപമാര്‍ഗമല്ല. ഏഴു ലക്ഷം രൂപ മുടക്കി ഭൂമി വാങ്ങി, അഞ്ചു വര്‍ഷം കഴിഞ്ഞു വിറ്റാല്‍, കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിവെച്ചു നോക്കിയാല്‍ ഇരട്ടി ലാഭം നേടാം. എന്നാല്‍ ഏഴു ലക്ഷം രൂപയുടെ കാര്‍ അഞ്ചു വര്‍ഷം കഴിഞ്ഞു വിറ്റാല്‍ കിട്ടുന്നത് നേര്‍പകുതി തുകയായിരിക്കും. അതിനിടെ മെയിന്റനന്‍സിനും മറ്റും വലിയൊരു സംഖ്യ ചെലവാകുകയും ചെയ്യും. അതുകൊണ്ട് പുതിയ കാര്‍ വാങ്ങാന്‍ എത്ര രൂപ മുടക്കാന്‍ കഴിയുമെന്ന് ബുദ്ധിപൂര്‍വം ചിന്തിക്കുക.

ഏതു സെഗ്‌മെന്റ്?

കാറുകള്‍ പല വിഭാഗത്തില്‍പ്പെടുന്നവയുണ്ട്. മാരുതി 800 മാത്രം ഉള്‍പ്പെടുന്ന 'എ' സെഗ്‌മെന്റ് മുതല്‍ പ്രീമിയം ലക്ഷ്വറി കാറുകളുടെ 'ഡി' സെഗ്‌മെന്റ് വരെ ഇവ നീളുന്നു. ഇവയില്‍ത്തന്നെ ഹാച്ച് ബാക്ക്, സെഡാന്‍ എന്നീ വിഭാഗീകരണങ്ങള്‍ വേറെയുമുണ്ട്. പിന്നില്‍, പാസഞ്ചര്‍ ക്യാബിനില്‍നിന്ന് വേറിട്ടു നില്ക്കുന്ന ബൂട്ട് സ്‌പേസ് ഉള്ളവയാണ് സെഡാനുകള്‍. ഉദാ: ഫോര്‍ഡ് ഐക്കണ്‍, എസ്റ്റീം, കൊറോള. പാസഞ്ചര്‍ ക്യാബിനുള്ളില്‍ത്തന്നെ ബൂട്ട് സ്‌പേസ് ഉള്ളവയാണ് ഹാച്ച് ബാക്കുകള്‍. ഇവയുടെ പിന്‍ഭാഗം തുറന്നാല്‍ കാണുക പാസഞ്ചര്‍ ക്യാബിനാണ്. ഉദാ: മാരുതി 800, ആള്‍ട്ടോ, വാഗണ്‍ ആര്‍, അവിയോ യുവ.
ഹാച്ച് ബാക്കിന്റെ പരിമിതിധാരാളം സ്ഥലസൗകര്യം വേണ്ടവര്‍ക്ക് ഹാച്ച് ബാക്ക് മോഡല്‍ അപര്യാപ്തമാണ്. പിന്‍സീറ്റിനു പിറകിലെ വളരെ ചെറിയ സ്ഥലമേ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ലഭിക്കുകയുള്ളൂ. അതില്‍ത്തന്നെ കുറേ ഭാഗം സ്റ്റെപ്പിനി ടയര്‍ അപഹരിക്കും. ഗ്യാസ് കണ്‍വേര്‍ഷന്‍ നടത്താന്‍ പരിപാടിയുണ്ടെങ്കില്‍ ബൂട്ട്‌സ്‌പേസിന്റെ ബാക്കിയുള്ള സ്ഥലം ഗ്യാസ് ടാങ്കും കയ്യടക്കും. അതോടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒട്ടും സ്ഥലസൗകര്യമില്ലാതാകും. ഇത് ധാരാളം പ്രായോഗികബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. പിന്നെയുള്ള ഒരു പരിഹാരം റൂഫില്‍ കാരിയര്‍ സ്ഥാപിക്കുക എന്നതാണ്. എന്നാല്‍ കാരിയറില്‍ സാധനങ്ങള്‍ കെട്ടിവെക്കുന്നത് സുരക്ഷിതമല്ല. തന്നെയുമല്ല, അഴിക്കലും കെട്ടലുമൊക്കെയായി മനസ്സുമടുപ്പിക്കുന്ന പരിപാടിയാണത്. അതുകൊണ്ട്, ഏറെ യാത്രകളില്ലാത്ത ചെറുകുടുംബങ്ങള്‍ക്കേ ഹാച്ച് ബാക്ക് യോജിക്കൂ. മൂന്നംഗങ്ങള്‍ മാത്രമുള്ള കുടുംബമാണെങ്കില്‍ പിന്‍സീറ്റിന്റെ ബാക്കിഭാഗത്തും സാധനങ്ങള്‍ സൂക്ഷിച്ച് ഹാച്ച്ബാക്കിന്റെ പരിമിതിയെ മറികടക്കാം.

സെഡാന്റെ ഗുണങ്ങള്‍

ധാരാളം ബൂട്ട്‌സ്‌പേസുണ്ടാകും, സെഡാന്. ഗ്യാസ് ടാങ്ക് ഫിറ്റു ചെയ്താല്‍പ്പോലും സാധനങ്ങള്‍ സൂക്ഷിക്കാന്‍ പിന്നെയും സ്ഥലം ബാക്കി. പാസഞ്ചര്‍ ക്യാബിനുമായി ബന്ധമില്ലാത്തതിനാല്‍ അല്പം ദുര്‍ഗന്ധമുള്ള സാധനങ്ങളോ സിമന്റുപോലെ പൊടിപറക്കുന്ന സാധനങ്ങളോപോലും സെഡാന്റെ ബൂട്ടില്‍ സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ നീളം കൂടുതലുള്ളതുകൊണ്ടും നിര്‍മാണത്തിനായി കൂടുതല്‍ ഉരുക്കും മറ്റും വേണ്ടിവരുന്നതുകൊണ്ടും സെഡാന് വില കൂടുതലായിരിക്കും.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education