ദുഃഖംകൊണ്ടു തപിക്കുന്നവരോട്‌

കെ.പി.കേശവമേനോന്‍

20 Dec 2012


''എന്തൊരു വിധിയാണിത്! എന്തിനാണ് ഈശ്വരന്‍ എന്നെ നരകത്തിലിട്ട് വറക്കുന്നത്? കരുണാനിധിയാണ് ദൈവം എന്നൊക്കെ പറയാറുണ്ട്. ഇതിന് വല്ല അര്‍ത്ഥവുമുണ്ടോ? വെന്തുരുകുന്ന എന്റെ മനസ്സിനെ അങ്ങ് ഒന്ന് തണുപ്പിക്കുമോ?'' എന്നു പറഞ്ഞു കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ എന്നെ സമീപിക്കുകയുണ്ടായി. ദരിദ്രകുടുംബത്തില്‍പ്പെട്ട ഒരു നിര്‍ഭാഗ്യവാനാണ് ആ യുവാവ്. കാഴ്ച തീരെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരുകൊല്ലം മുമ്പ് നേത്രചികിത്സക്കായി മധുരയ്ക്കു പോകുവാന്‍ സഹായം തേടിക്കൊണ്ട് അയാള്‍ എന്റെ അടുക്കല്‍ വന്നിരുന്നു. മൂന്നുനാലു മാസത്തോളം മധുര ആസ്​പത്രിയില്‍ ചികിത്സ നടത്തുന്നതിനുള്ള സൌകര്യവും ഉണ്ടാക്കിക്കൊടുത്തു. പ്രയോജനമുണ്ടായില്ല. അന്ന് ആത്മവിശ്വാസവും ചുറുചുറുക്കുമുള്ള ഒരു യുവാവായിട്ടാണ് എനിയ്ക്കയാളെ തോന്നിയത്; കാഴ്ച വീണ്ടെടുത്ത് വല്ല ജോലിയിലും പ്രവേശിച്ച്, ഞാന്‍ എന്റെ അമ്മയേയും അനുജന്മാരേയും രക്ഷിച്ചോളാം എന്ന് ഉത്സാഹത്തോടെ അയാള്‍ പറയുകയുണ്ടായി. ആ ഉത്സാഹമെല്ലാം തീരെ നശിച്ചതായിട്ടാണ് കണ്ടത്. പട്ടിണിയും പരാധീനതയും അമ്മയുടെയും സഹോദരന്മാരുടെയും കഷ്ടപ്പാടുകളും തന്റെ നിസ്സഹായതയും ആ ചെറുപ്പക്കാരനെ ഏതാണ്ടൊരു ഭ്രാന്തനെപ്പോലെ ആക്കിയിരുന്നു. അടുത്തിരുത്തി ഞാന്‍ അയാളെ ആശ്വാസപ്പെടുത്തുവാന്‍ ശ്രമിച്ചു.

ഞാന്‍ ഇങ്ങനെ പറഞ്ഞു: ''വല്ല വഴിയുമുണ്ടോ എന്നു ഞാനൊന്നു നോക്കട്ടെ. ആയിരക്കണക്കായ ആളുകളാണ് ഇന്ന് നാട്ടില്‍ നരകതുല്യമായ ദുരിതമനുഭവിക്കുന്നത്. വിധിയെ ശപിച്ചിട്ടും ഈശ്വരനെ പഴിച്ചിട്ടും യാതൊരു പ്രയോജനവുമില്ല. പുതിയ മാര്‍ഗങ്ങള്‍ തേടുക. പുതിയ സഹായികളെ അന്വേഷിക്കുക. ആപത്തു നേരിടുമ്പോഴും ആശ കൈവിടാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക. നിങ്ങളുടെ കഥ കേട്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തോന്നീട്ടുണ്ട്. കുറേക്കൂടി ക്ഷമിക്കൂ, ഞാനൊന്നു നോക്കട്ടെ.''
ഈശ്വരന്റെ നിശ്ചയത്തെ നമ്മുടെ പരിമിതമായ ബുദ്ധികൊണ്ട് അറിയുവാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ അഭിപ്രായത്തില്‍ പാകപ്പിഴ വരുന്നതു സ്വാഭാവികമാണ്. ശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്- ഉത്സാഹം കൈവിടാതെ ശ്രമിക്കേണ്ടത്. തടിച്ച കാര്‍മേഘംകൊണ്ട് കറുത്ത ആകാശത്തെ പെട്ടെന്നുണ്ടാവുന്ന സൂര്യരശ്മി പ്രകാശമാനമാക്കുന്നില്ലേ? ആരു കണ്ടു, അത്തരം ഒരു ഭാഗ്യോദയം നിങ്ങള്‍ക്കുമുണ്ടാവില്ലെന്ന്? നിങ്ങള്‍ക്ക് തോന്നിയ നൈരാശ്യം എന്നെയും പല പ്രാവശ്യം ബാധിച്ചിട്ടുണ്ട്. ഞാന്‍ അപ്പോഴെല്ലാം എന്നെക്കാള്‍ നിര്‍ഭാഗ്യവാന്മാരുടെ സ്ഥിതി ഓര്‍ക്കുകയാണ് ചെയ്തത്. പണം പോയാല്‍ കഷ്ടം തന്നെ. ധൈര്യം പോയാല്‍ അതിലും വലിയ കഷ്ടമായി. എന്നാല്‍ വിശ്വാസം പോകുന്നതാണ് എല്ലാറ്റിലും വലിയ ആപത്ത്. അതുകൂടാതെ കഴിക്കണം. വരൂ, പത്തു ദിവസം കഴിഞ്ഞ് ഇനിയും എന്നെ വന്നു കാണൂ''- എന്നു പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ അയച്ചു.

വരുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആശ്വാസത്തോടുകൂടിയാണ് അയാള്‍ എന്റെ അടുക്കല്‍ നിന്ന് പോയത് എന്ന് എനിക്കയാളുടെ വാക്കുകളില്‍നിന്നു തോന്നി. എനിക്ക് അയാളെ കാണുവാന്‍ കഴിഞ്ഞിരുന്നില്ല. അയാള്‍ക്ക് എന്നെയും. തികഞ്ഞ അനുഭാവം മാത്രമാണ് ഞങ്ങളെ തമ്മില്‍ ബന്ധിച്ച സ്‌നേഹപാശം.

ഇനി മറ്റൊരു സംഭവം പറയാം ഒരു തീര്‍ത്ഥാടന സ്ഥലത്തുവെച്ച് എന്റെ ഒരു പഴയ പരിചയക്കാരനെ ഞാന്‍ കാണുകയുണ്ടായി. സാമാന്യം നല്ല നിലയിലുള്ള ഒരുദ്യോഗം കുറെക്കാലം മുന്‍പ് അദ്ദേഹത്തിനുണ്ടായിരുന്നു. പത്‌നിയുമൊത്ത് സുഖമായി ജീവിക്കുകയും ചെയ്തുപോന്നു. ആ സമയത്തായിരുന്നു ഞാന്‍ അദ്ദേഹത്തെ ആദ്യം കണ്ടത്. സുഖമായി കുടുംബജീവിതം അനുഭവിച്ചിരുന്ന ഒരു ഭാഗ്യവാനായിട്ട്. അതു പത്തുകൊല്ലം മുമ്പായിരുന്നു. ഇപ്പോള്‍ മുഖത്തിന്റെ ഭാവം മാറി. പെരുമാറ്റത്തിന്നും ഒരു പന്തിയില്ലായ്മ തോന്നി. സംസാരത്തിലും അതു പ്രകടമായിരുന്നു. എന്താ, ഇപ്പോള്‍ ഇവിടെ വന്നു പാര്‍ക്കുന്നത്, എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്നുണ്ടായ ഹൃദയഭേദകമായ അനുഭവം വിവരിച്ചുതന്നു. അതിന്റെ ചുരുക്കമിതാണ്:

ഒരു ദിവസം ആപ്പീസില്‍നിന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ല. ഭൃത്യനോടു ചോദിച്ചപ്പോള്‍, 'ഞാന്‍ പുറത്തേയ്ക്കു പോയി തിരിച്ചുവന്നപ്പോള്‍ അമ്മയെ കണ്ടില്ലെ'ന്ന് അവന്‍ പറഞ്ഞു. മേശപ്പുറത്തു വെച്ചിരുന്ന ഒരു കത്ത് പൊളിച്ചു വായിച്ചപ്പോഴാണ് അയാള്‍ക്ക് കാര്യം മനസ്സിലായത്. പണക്കാരനായ കാമുകനൊന്നിച്ച് ഭാര്യ മറ്റൊരു സ്ഥലത്തേയ്ക്കു പോയതായറിഞ്ഞു. മാത്രമല്ല, രണ്ടാളുടേയും പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം എല്ലാം എടുത്തുകൊണ്ടുപോവുകയും ചെയ്തു. ''ഇനി എന്നെ കാത്തിരിക്കേണ്ട. ഞാന്‍ തിരിച്ചു വരുമെന്നു വിചാരിയ്ക്കയും വേണ്ട.'' എന്ന ആ കത്തിലെ അവസാന വാചകം വായിച്ചപ്പോള്‍ അയാള്‍ക്കു തലയ്ക്ക് ഒരു മയക്കംപോലെ തോന്നി. ആ കത്തും കയ്യില്‍ പിടിച്ച് താനറിയാതെ അവിടെ കിടന്നു. എത്ര നേരം അങ്ങനെ കിടന്നുവെന്ന് അയാള്‍ക്കുതന്നെ നിശ്ചയമില്ല. ഭാര്യ എവിടെയാണെന്ന് പല അന്വേഷണങ്ങളും നടത്തി. സ്ഥലം കണ്ടുപിടിച്ച് അവിടെ ചെന്നപ്പോള്‍ ഭര്‍ത്താവിനെ കാണുവാന്‍തന്നെ ആ സ്ത്രീ കൂട്ടാക്കിയില്ല. വീട്ടില്‍ തിരിച്ചുപോയി സാമാനങ്ങളെല്ലാം ഓരോരുത്തര്‍ക്കു കൊടുത്തു, കൂടിയേ കഴിയൂ എന്ന ചിലതു മാത്രം പെട്ടിയിലെടുത്തു അയാള്‍ ഉദ്ദേശ്യമില്ലാത്ത ഒരു യാത്ര ആരംഭിച്ചു. കരഞ്ഞും ഓരോന്നു പറഞ്ഞും വഴിയരികില്‍ കിടന്നും ഏതാണ് സ്ഥലമെന്നുകൂടി അന്വേഷിയ്ക്കാതെ അങ്ങനെ യാത്ര ചെയ്തു. അവസാനമെത്തിയത് ആ തീര്‍ത്ഥാടനസ്ഥലത്താണ്. ''എന്തൊരു കടും വഞ്ചന! ഞാന്‍ അവള്‍ക്കു വേണ്ടി എന്തെല്ലാം ചെയ്തു! എനിക്കു കിട്ടിയ പ്രതിഫലമോ'' എന്ന് പറഞ്ഞ് അയാള്‍ വിങ്ങിക്കരഞ്ഞു. ''ഈ ലോകം എനിക്കു മനസ്സിലാകുന്നില്ല, എന്തു തത്ത്വോപദേശം കേട്ടാലും കേട്ടാലും എന്റെ മനസ്സിനു സ്വസ്ഥതയുണ്ടാകുന്നില്ല. ആത്മഹത്യ ചെയ്യുന്നതിന് എനിക്കു ധൈര്യം വരുന്നില്ല. ജീവിച്ചിരിക്കുന്നതിനു എനിക്കിഷ്ടവുമില്ല. അങ്ങനെ തപിക്കുകയാണ് ഞാന്‍. ഭക്തിമയമായ ഈ അന്തരീക്ഷത്തില്‍ക്കൂടി എനിക്ക് മനഃശാന്തി ലഭിക്കുന്നില്ല. നിങ്ങളെല്ലാം ഭാഗ്യവാന്മാരാണ്. ലോകത്തില്‍ ഒരു ബന്ധവുമില്ലാത്ത നിസ്സഹായനാണ് ഞാന്‍.'' കൈകൊണ്ടു മുഖം പൊത്തി തലതാഴ്ത്തി പിന്നേയും അയാള്‍ കുറെ കരഞ്ഞു. സമാധാനം ഒന്നും പറവാന്‍ എനിക്കപ്പോള്‍ തോന്നിയില്ല.

കുറെനേരം അങ്ങനെ ഇരുന്നതിന്നു ശേഷം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു- ''നമ്മുടെ ഓരോരുത്തരുടെയും ദുഃഖഭാരം ഓരോ വിധത്തിലുള്ളതാണ്. വൈവിധ്യം നിറഞ്ഞ ഈ ലോകത്തില്‍ അനുഭവത്തിനുമുണ്ട് വൈവിധ്യം. നമ്മുടെ സുഖത്തിനും മനശ്ശാന്തിക്കും മറ്റുള്ളവരെ ആശ്രയിക്കുന്ന കാലത്തോളം മനുഷ്യനു സ്വസ്ഥത ലഭിക്കുക സാധ്യമല്ല. ഈ വസ്തുത അറിഞ്ഞിരിക്കുന്നതു നന്ന്.'' കൂടുതല്‍ ഒന്നും പറയാതെ ഞാന്‍ അദ്ദേഹത്തോടു വിടവാങ്ങി.

മദ്ധ്യവയസ്സുകാരിയുടെ കഥയാണ് മറ്റൊന്ന്. ആദ്യത്തെ പ്രസവം കഴിഞ്ഞ് ഒരു കൊല്ലം കഴിയുന്നതിന് മുമ്പ് ഭര്‍ത്താവ് മരിച്ചു. തനിക്കും മകള്‍ക്കും കഴിഞ്ഞുകൂടുവാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. വീട്ടുപണിക്ക് പോയിട്ടാണ് അവര്‍ ചെലവു കഴിച്ചുപോന്നതും മകളെ പഠിപ്പിച്ചതും. പഠിക്കുവാന്‍ മിടുക്കത്തിയായ നല്ലൊരു കുട്ടിയായിരുന്നു അവള്‍. അവളുടെ ഓരോ ദിവസത്തെ വളര്‍ച്ചയും അത്യധികം താത്പര്യത്തോടും കൗതുകത്തോടുമായിരുന്നു അമ്മ നോക്കിവന്നിരുന്നത്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education