യഥാര്‍ത്ഥ വിജയത്തിലേക്കുള്ള രഹസ്യമെന്താണ് ?

എ.കെ.മനോജ്കുമാര്‍

15 Dec 2012

നമുക്ക് ഓരോരുത്തര്‍ക്കും ചെയ്യാനാവുന്നത് എന്താണെന്ന് സ്വയം മനസ്സിലാക്കുക. ആവുന്നത്ര ഭംഗിയായി ആവുന്നത്ര കാലം അതുചെയ്യുക- മനുഷ്യജീവിതത്തിലെ വിജയരഹസ്യം ഇതാണ്. -ബര്‍ണാഡ് ഷാ.

യഥാര്‍ത്ഥ വിജയത്തിലേക്കുള്ള രഹസ്യമെന്താണ് ? പരാജയ പരമ്പരകളുടെ ദുരനുഭവങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയ ഒരു യുവാവിന് അറിയേണ്ടത് അതായിരുന്നു. തത്വചിന്തകനായ സോക്രട്ടീസിനു മുന്നിലെത്തി ഈ സംശയത്തിനുത്തരം തേടിയ യുവാവിനോട് നാളെ രാവിലെ അടുത്തു തന്നെയുള്ള നദിക്കരയിലെത്താനാണ് സോക്രട്ടീസ് ആവശ്യപ്പെട്ടത്.

പറഞ്ഞ സമയത്തുതന്നെ യുവാവ് എത്തിച്ചേര്‍ന്നു. തന്നോടൊപ്പം നദിയിലേക്കിറങ്ങാന്‍ യുവാവിനോട് സോക്രട്ടീസ് ആവശ്യപ്പെട്ടു. കഴുത്തളവ് വെള്ളമായപ്പോഴേക്കും ആ ചെറുപ്പക്കാരന് ആലോചിക്കാന്‍ ഒരു നിമിഷം പോലും കൊടുക്കാതെ അത് സംഭവിച്ചു. ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതെ സോക്രട്ടീസ് അയാളെ ആ വെള്ളത്തിനുള്ളില്‍ മുക്കിത്താഴ്ത്തി വച്ചു.

ജീവന്‍ പോകുമെന്ന ഘട്ടമായപ്പോള്‍ സോക്രട്ടീസ് അയാളെ ആ വെള്ളത്തില്‍ നിന്നും പുറത്തേയ്‌ക്കെടുത്തു. വെള്ളത്തില്‍ നിന്നും പുറത്തുവന്ന ഉടനെ ആ യുവാവ് ആദ്യം ചെയ്തത് കഴിയുന്നത്ര പ്രാണവായു ഉള്ളിലേക്കു വലിച്ചെടുക്കുകയായിരുന്നു.

ഏതാനും ദീര്‍ഘനിശ്വാസങ്ങള്‍ കഴിഞ്ഞ് ശാന്തനായ ചെറുപ്പക്കാരനോട് സോക്രട്ടീസ് ചോദിച്ചു. ''വെള്ളത്തില്‍ മുങ്ങി മരിക്കുമെന്ന സാഹചര്യത്തില്‍പ്പെട്ടപ്പോള്‍ നിനക്ക് ഏറ്റവും ആവശ്യമായ സംഗതി എന്തായിരുന്നു?'' ''പ്രാണവായു''. ചെറുപ്പക്കാരന്‍ ഒട്ടും സംശയിക്കാതെ പറഞ്ഞു. ''എന്നാല്‍ ഇതുതന്നെയാണ് വിജയത്തിലേക്കുള്ള രഹസ്യമാര്‍ഗവും. പ്രാണവായുവിനായി നീ എത്രത്തോളം തീവ്രമായി ആഗ്രഹിച്ച് കുതിച്ചുയര്‍ന്നുവോ അതേ ശ്വാസംമുട്ടലിന്റെ തീവ്രത തന്നെയാണ് ഓരോ വിജയത്തിന്റെ മുന്നോടിയായും നിനക്കുണ്ടാകേണ്ടത്. ഇതല്ലാതെ വിജയത്തിലേക്ക് മറ്റു ലളിതമാര്‍ഗങ്ങളോ രഹസ്യസൂത്രങ്ങളോ ഇല്ല.''

കത്തിജ്ജ്വലിക്കുന്ന വിജയാഭിലാഷമാണ് മഹത്തായ എല്ലാ വിജയങ്ങളിലേക്കുമുള്ള ആദ്യചുവട്. ചെറുതീ വലിയ ചൂടുപകരാനിടയില്ല. അതുപോലെ ചെറിയ ചെറിയ താല്പര്യങ്ങള്‍ക്ക് വലിയ വലിയ വിജയങ്ങളെ യാഥാര്‍ത്ഥ്യമാക്കാനാവില്ല. കപ്പല്‍ കടല്‍ത്തീരത്ത് എല്ലായ്‌പ്പോഴും സുരക്ഷിതമായിരിക്കും.... പക്ഷെ അത് നിര്‍മിച്ചിരിക്കുന്നത് അങ്ങനെ നങ്കൂരമിട്ടിരിക്കാനല്ല. പ്രതിസന്ധികളോട് പടപൊരുതി മുന്നേറിക്കൊണ്ട് സഞ്ചരിക്കാനാണ്.

വിജയത്തിന്റെ രഹസ്യം കാര്യത്തിലുള്ള വിശ്വാസദാര്‍ഢ്യമാണെന്ന ബഞ്ചമിന്‍ ഡിസ്‌റേലിയുടെ നിലപാടും ഈ വസ്തുത ശരിവയ്ക്കുന്നതാണ്. ഏതു കാര്യമായാലും വിജയത്തിലേക്കുള്ള വഴി ആ കാര്യത്തിലുള്ള താല്പര്യത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന് സര്‍ വില്യം ഓസ്‌ലറും അഭിപ്രായപ്പെട്ടിട്ടുണ്ട്.
''ഉദ്യമേന ഹി സിദ്ധ്യന്തി
കാര്യാണി ന മനോരഥൈഃ
നഹി സുപ്തസ്യ സിംഹസ്യ
പ്രവിശന്തി മുഖേ മൃഗാഃ''
-എന്ന ഹിതോപദേശശ്ലോകം സ്വപ്നം കാണുന്നതിലൂടെ കാര്യസിദ്ധി ഉണ്ടാകുന്നില്ലെന്ന് സമര്‍ഥിക്കുന്നു.
കാര്യങ്ങള്‍ പ്രയത്‌നംകൊണ്ടാണ് സിദ്ധിക്കുന്നത്; മനോരഥങ്ങളാലല്ല. ഉറങ്ങുന്ന സിംഹത്തിന്റെ വായിലേക്ക് മാനുകള്‍ ചെന്ന് കയറുന്നില്ല- എന്നതിലൂടെ വിജയം ഫലപ്രദമാക്കാന്‍ കഠിനമായി അധ്വാനിക്കേണ്ടതിന്റെ പ്രാധാന്യംതന്നെയാണ് വ്യക്തമാകുന്നത്.
അനുഭവങ്ങള്‍ കൊണ്ടുമൂടി കരകയറാനാകാതെ വീര്‍പ്പുമുട്ടുമ്പോഴാണ് പലര്‍ക്കും അവനവനില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ തിരിച്ചറിയാനാവുന്നത്. വലിയ പുതുമയില്ലെങ്കിലും അത്തരമൊരു കഥ ഒരു കോവര്‍കഴുതയില്‍നിന്നുപോലും പഠിക്കാനായേക്കും.
ഒരു കര്‍ഷകന്റെ കഴുത ഒരിക്കല്‍ ഒരു പൊട്ടക്കിണറ്റില്‍ വീണു. അതിന്റെ നിലവിളി കേട്ട് സാഹചര്യം വിലയിരുത്തിയ കര്‍ഷകന്‍ ഒരു കടുത്ത തീരുമാനമെടുത്തു. അതിനെ കരയ്ക്ക് കയറ്റുന്നതിനേക്കാള്‍ നല്ലത് മാലിന്യങ്ങളിട്ട് ആ കിണറ് മൂടുന്നതാണ്. വയസ്സുചെന്നു തുടങ്ങിയ കഴുതയേയും ഒഴിവാക്കാം; പൊട്ടക്കിണറ് മൂടുകയുമാകാം. രണ്ടുകൊണ്ടും വലിയ പ്രയോജനമില്ലെന്ന ചിന്തയാണ് അതിനയാളെ പ്രേരിപ്പിച്ചത്. തുടര്‍ന്നയാള്‍ തന്റെ അയല്‍ക്കാരെ വിളിച്ച് കാര്യമറിയിച്ചു. അവരവരുടെ പക്കലുള്ള മാലിന്യമിട്ട് കിണറ് മൂടാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു.

ആദ്യത്തെ കുട്ട മാലിന്യം പുറത്തേക്ക് വീണപ്പോള്‍ തന്നെ കഴുതയ്ക്ക് ഭ്രാന്തെടുത്ത അവസ്ഥയായി. മാലിന്യകൂമ്പാരം വീണ് വേദനിച്ചുതുടങ്ങിയ കഴുത തുടര്‍ന്ന് സംഭവിക്കാന്‍ പോകുന്നതിലെ ഭയാനകത വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു.
അടുത്ത കുട്ട മാലിന്യം വീണപ്പോഴേക്കും കഴുത അവ ചവിട്ടിമെതിച്ച് പൊടുന്നനെ അതിന് മുകളിലേക്ക് കയറി. ഓരോ തവണ മാലിന്യം തട്ടുമ്പോഴും കഴുത ഇതുതന്നെ ആവര്‍ത്തിച്ചു. 'ചവിട്ടിക്കയറുക, കുതിച്ച് മുന്നേറുക' എന്നൊരു സൂത്രവാക്യം അത് ഇതിനോടകം തന്നെ രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു. ചവിട്ടിക്കയറുക........കുതിച്ചുമുന്നേറുക, ചവിട്ടക്കയറുക.... കുതിച്ചുമുന്നേറുക എന്നതൊരു പ്രചോദനവാക്യമായി അത് വീണ്ടും വീണ്ടും ഉരുവിട്ടു തുടങ്ങി.

അതങ്ങനെ ക്രമേണ സ്വയം ധൈര്യമാര്‍ജിച്ചു മാലിന്യമിടുന്നതിന്റെ തോത് കൂടിക്കൂടി വന്നപ്പോഴും മലീമസമായ സാഹചര്യത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും അത് ഭയം കൂടാതെ അതിജീവനത്തിനായുള്ള മാനസിക മുന്നേറ്റം തടര്‍ന്നുകൊണ്ടേയിരുന്നു.

ഇപ്പറഞ്ഞത് കേവലം ഒരു കഴുതക്കഥയല്ല. ജീവിത പ്രതിസന്ധികളില്‍ തര്‍ന്നടിഞ്ഞുവെന്നുവരാം; പക്ഷേ അപ്പോഴൊക്കെയും ആ പ്രതിബന്ധങ്ങളെ തകര്‍ത്തു തരിപ്പണമാക്കുക. പ്രശ്‌നങ്ങളുടെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യാന്‍ അവസാനശ്വാസം വരെയും തയാറായിരിക്കുക. ഏതു പടുകുഴിയില്‍ നിന്നും മൂന്നേറാനും ചുറുചുറുക്കോടെ നിരന്തര പരിശ്രമം നടത്തുക- ഇങ്ങനെയൊക്കെ വേണം ശ്വാസം മുട്ടിക്കുന്ന ദുരനുഭവങ്ങള്‍ വന്നു മൂടുമ്പോള്‍ വിജയാഭിലാക്ഷങ്ങളുടെ ജീവശ്വാസം വലിച്ചെടുക്കേണ്ടത്.

പരിഭ്രമിച്ചും സ്വയം സഹതപിച്ചും തുടരുന്നവര്‍ മനസ്സിലാക്കേണ്ട വസ്തുത ഇതാണ്. ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്നതല്ല ഏറ്റവും വലിയ മഹത്വം; ഓരോ വീഴ്ചയില്‍ നിന്നും നാം കരകയറുകയെന്നതാണ്.

വിജയരഹസ്യത്തിലേക്കുള്ള ഏഴുമാര്‍ഗങ്ങള്‍ (അവരവരുടെ മുറിയില്‍ നിന്നു തന്നെ കണ്ടെത്താവുന്നത്)

മേല്‍ക്കൂര പറഞ്ഞത് : ഉയരമാവണം ലക്ഷ്യം.

ഫാന്‍ പറഞ്ഞത്: കൂളായിരിക്കുക.

ക്ലോക്ക് പറഞ്ഞത്: ഓരോ മിനിറ്റും അമൂല്യമാണ്.

നിലക്കണ്ണാടി പറഞ്ഞത്: പ്രവര്‍ത്തിക്കുന്നതിന് മുമ്പ് തന്നെ സ്വയം പ്രതിഫലിച്ചു കാണുക

ജനാല പറഞ്ഞത്: ലോകത്തിലേക്ക് ഉറ്റുനോക്കുക.

കലണ്ടര്‍ പറഞ്ഞത്: എന്നെന്നും കാലികമായിരിക്കുക.

വാതില്‍ പറഞ്ഞത്: വിജയലക്ഷ്യങ്ങളെ തള്ളിത്തുറന്നു കൈവരിക്കുക.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education