കോന്‍ ബനേഗാ നാരായണമൂര്‍ത്തി

ദേബാശിഷ് ചാറ്റര്‍ജി

04 Dec 2012


എനിക്കുമഭിമാനിക്കാന്‍ വകയുണ്ട്. എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മാതൃഭൂമിതന്നെയാണ് എന്റെയും ജന്മഭൂമി. അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും വിദ്യാഭ്യാസകാലം എന്റെ ഓര്‍മകളിലുണ്ട്. ഒപ്പം വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേളകളില്‍ മുടങ്ങാതെ ലഭിച്ചിരുന്ന കീടസമാനപരിഗണനകളുടെ ഓര്‍മകളും. അവരുടെ സമ്പന്നതയുടെ പാല്‍പ്പായസത്തില്‍ ഇടിച്ചിറങ്ങാനെത്തുന്ന ഈച്ചകളെപ്പോലെയാണ് അധികൃതര്‍ ഞങ്ങളെ കണ്ടിരുന്നത്. ആ ഈച്ചകളെ ആട്ടിയോടിക്കുന്ന കോപാവേശത്തോടെയായിരുന്നു ഞങ്ങളുടെ പാസ്‌പോര്‍ട്ടുകളില്‍ എമിഗ്രേഷന്‍ മുദ്രകള്‍ പതിഞ്ഞിരുന്നതും. കാര്യങ്ങള്‍ ഇപ്പോള്‍ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. ലണ്ടനിലെയും ബോസ്റ്റണിലെയും കാര്‍ ഡ്രൈവര്‍മാരുടെ സമീപനത്തില്‍ ഒരുപാടു മാറ്റം വന്നു. ഇന്ത്യയില്‍നിന്നുമെത്തുന്ന ഐ.ടി. വിദഗ്ധരോടുള്ള മാന്യമായ സമീപനവും പരിഗണനയും എനിക്കും കിട്ടിത്തുടങ്ങി. ഒരു 'തെറ്റിദ്ധാരണ'യുടെ പുറത്താണെങ്കിലും ഞാനുമതിന്റെയൊരു ഗുണഭോക്താവായി. സരസ്വതിയും ലക്ഷ്മിയും ഒരുപോലെ കടാക്ഷിച്ച ഹൈടെക് ഇന്ത്യന് എങ്ങും ലഭിക്കുന്ന പരിഗണനയ്ക്ക് നാം നാരായണമൂര്‍ത്തിയെപ്പോലുള്ളവരോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യനെന്ന പേരുതന്നെ ഒരു സംഭവമാക്കിയതും അര്‍ഹിക്കുന്ന പരിഗണന എവിടെയും നേടിയെടുത്തതും അദ്ദേഹമാണ്. എത്രയോ സി.ഇ.ഒമാര്‍ ഉടുമ്പുകണക്കെ സ്വന്തം കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കുമ്പോള്‍ നാരായണമൂര്‍ത്തി ആ കസേരയോടു വിടപറയുകയായിരുന്നു. ഇരുപതുകളില്‍ ഒരാള്‍ ആദര്‍ശവാദിയാവുന്നില്ലെങ്കില്‍ എന്തെങ്കിലും കുഴപ്പം അയാളുടെ ഹൃദയത്തിനുണ്ടാവണം. നാല്പതായിട്ടും ആദര്‍ശവാദിയായി തുടരുകയാണ് അയാളെങ്കില്‍ കാര്യമായ എന്തോ തകരാറ് തലയെയും ഗ്രസിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ അന്‍പതുകളിലെത്തിയാലോ? നാരായണമൂര്‍ത്തിയെപ്പോലെ ഒരു സത്യമാവാം. ഒരാളുമിവിടെയവശേഷിപ്പിക്കുന്ന മഹനീയപൈതൃകം വാര്‍ധക്യത്തിന്റെ നിഴലില്‍ മാഞ്ഞുപോവുകയില്ലെന്ന തിരിച്ചറിയലില്‍ നമ്മളെത്തുന്നു. സൂക്ഷിച്ചുവെക്കപ്പെടുവാനുള്ളതല്ല, മറിച്ച് പങ്കുവെക്കപ്പെടുവാനുള്ളതാണ് സമ്പത്തെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. ദാരിദ്ര്യത്തില്‍നിന്നും സമൃദ്ധിയിലേക്കു കരകയറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തിന്റെ ഉത്പാദനശേഷിയോടാണ് നാരായണമൂര്‍ത്തി സംവദിക്കുന്നത്. തലമുറകളുടെ ഭേദമില്ലാതെ ഒരു ജനതയ്ക്ക് നാരായണമൂര്‍ത്തി ആരാധനാമൂര്‍ത്തിയാവുന്നതും അതുകൊണ്ടാണ്. ജ്ഞാനമാര്‍ഗത്തിലൂടെ സമ്പത്ത് ആര്‍ജിക്കുന്നതിനെപ്പറ്റി ദേശീയതലത്തില്‍ ആരെങ്കിലും ഒരു ടോക് ഷോ സംഘടിപ്പിക്കുമോ ആവോ? ഇനി ആരെങ്കിലും അതിനു തയ്യാറാവുമെങ്കില്‍ ആ സംവാദത്തെ നമുക്കിങ്ങനെ വിളിക്കാം - കോന്‍ ബനേഗാ നാരായണമൂര്‍ത്തി?

പകല്‍ക്കിനാവില്‍ തുടങ്ങാം

'മാറാന്‍ എനിക്കിഷ്ടമല്ല. എങ്കിലും എനിക്കു മാറണം.' അല്പം നിരാശപൂണ്ട പരിഭവം ഒരു വീട്ടമ്മയുടേതായിരുന്നു. ആവര്‍ത്തനവിരസത ശമ്പളവും അവഗണന ദിനബത്തയുമായി വന്നുവീഴുന്ന വീട്ടുജോലിയില്‍നിന്നുമൊരു മോചനം. ഏതാണ്ട് മുപ്പതുകളിലെന്നു തോന്നിക്കുന്ന ആ മൂന്നു കുട്ടികളുടെ അമ്മയുടേത് ഒരു വിമോചനസ്വപ്‌നംതന്നെയായിരുന്നു. ഭര്‍ത്താവ് ഒപ്പിച്ചെടുത്ത ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ജോലിയില്‍ പ്രവേശിക്കുവാനാവട്ടേ, അവര്‍ തയ്യാറായതുമില്ല. ഓര്‍ക്കിഡ്, ക്രൈസാന്തിമം പോലുള്ള പുഷ്പങ്ങള്‍ കയറ്റുമതി ചെയ്യുന്ന ബിസിനസ്സിലൂടെയുള്ള ഉയര്‍ച്ചയായിരുന്നു അവരുടെ സ്വപ്‌നം.
'പുറത്തിറങ്ങിയെന്തെങ്കിലും ചെയ്യണമെന്നുണ്ട്, പക്ഷേ, എന്തോ ഒരു പേടി. എന്തിനെയാണ് പേടിക്കുന്നതെന്നുമറിയില്ല.' അവര്‍ സ്വയം വെളിപ്പെടുത്തി. സ്വയമറിയാത്ത എന്തിനെയെങ്കിലും പേടിക്കുന്നതെങ്ങനെയാണെന്നായിരുന്നു എന്റെ സത്യസന്ധമായ ചോദ്യം. പരിഭ്രമം നിഴലിക്കുന്ന അവരുടെ കണ്ണുകളെയും ആശ്ചര്യചിഹ്നമെന്നോണം കവിളത്തേക്കുതിര്‍ന്നുവീണ മുടിയിഴകളെയും ഒരു നിമിഷം നോക്കി ഞാന്‍ തുടര്‍ന്നു: 'ഇപ്പോഴത്തെ പരിചിതമായ സുരക്ഷ നഷ്ടമാവുമെന്ന ചിന്തയാണ് യഥാര്‍ഥത്തില്‍ നിങ്ങളെ ഭയപ്പെടുത്തുന്നത്.' നമ്മള്‍ പലപ്പോഴും ഗതകാല അനുഭവങ്ങളുടെ അടിമകളാണ്. പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തിലും അധീനതയിലുമുള്ളതിനെ ഉപേക്ഷിക്കേണ്ടിവരികയെന്നതു നമ്മെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്നതാണ്. ഇന്നലെകളുമായുള്ള വൈകാരികബന്ധം ഇല്ലാതാവുന്നതിനെപ്പറ്റിയുള്ള ചിന്തയാണ് സത്യത്തില്‍ നിങ്ങളെ ഭയപ്പെടുത്തുന്നത്.

'പിന്നെയെങ്ങനെയാണ് ഒരാള്‍ക്ക് മാറാനാവുക?' ചോദ്യം അവരുടേതായിരുന്നു. ഭൂതകാലത്തില്‍ രമിച്ചിരിക്കാതെ ഭാവി രൂപകല്പന ചെയ്യുകയാണ് വേണ്ടത് എന്നായിരുന്നു എന്റെ മറുപടി. 'ചിന്തയെ ഓര്‍ക്കിഡുകളുടെ ആ താഴ്‌വരയിലേക്ക് കെട്ടഴിച്ചുവിടുക. അവിടെ മനോഹരമായ ചെടികള്‍ തളിരിടട്ടെ. എങ്ങും ഓര്‍ക്കിഡ് പുഷ്പങ്ങള്‍ വിരിയട്ടെ. ആ പുഷ്പങ്ങള്‍ കൈകളിലെത്തുന്ന എത്രയോ ആളുകള്‍ ആനന്ദചിത്തരാകട്ടെ. ആ പൂക്കളെപ്പോലെ അവരുടെ ദിനങ്ങള്‍ മനോഹരമാവട്ടെ.' പറഞ്ഞുകഴിയുമ്പോഴേക്കും അവരിടപെട്ടു: 'അതൊരു പകല്‍ക്കിനാവുപോലെ തോന്നിക്കുന്നല്ലോ.'
അതേ, തീര്‍ച്ചയായും അതൊരു പകല്‍ക്കിനാവാണ്. ഭാവിരൂപകല്പനതന്നെ ഉണര്‍ന്ന കണ്ണുകളില്‍ വിരിയുന്ന സ്വപ്‌നമാണ്!

നക്ഷത്രശോഭ നിങ്ങളുടെ കണ്ണുകളില്‍

വിണ്ണിലെ നക്ഷത്രങ്ങളെ എനിക്കിഷ്ടമാണ്. മണ്ണിലെയും! മണ്ണില്‍നിന്നു മനസ്സിനെ പ്രകാശപൂരിതമാക്കുന്ന എത്രയോ നക്ഷത്രങ്ങളെ ഞാന്‍ പലപ്പോഴായി കാണുന്നു. വിമാനത്താവളങ്ങളില്‍, ഹോട്ടല്‍ ലോബികളില്‍, കോര്‍പ്പറേറ്റ് മേഖലകളില്‍, കായികമാമാങ്കങ്ങളില്‍. എന്നെയും നിങ്ങളെയും പോലെ സാധാരണമനുഷ്യരാണ് താരമായി ഉയരുന്നത് എന്നതാണ് ഒരസാധാരണത്വം. അവര്‍ ജന്മംകൊള്ളുന്നു. കുറച്ചുകാലം കത്തിനില്ക്കുന്നു. പിന്നെ അണയുന്നു. എവിടെയാണ് വ്യത്യാസം? ഒന്നുമാത്രം. നമ്മുടെ മനസ്സുകളില്‍ അവര്‍ ഒരല്പം ദീര്‍ഘകാലം പ്രകാശം ചൊരിയുകയും നമ്മെക്കാള്‍ ഒന്നുകൂടി ജ്വലിച്ചു ജീവിക്കുകയും ചെയ്യുന്നു.

നമുക്കായി ഇന്ന് മാനത്തു പ്രകാശം ചൊരിയുന്ന ഒരുപാട് ഉജ്ജ്വലനക്ഷത്രങ്ങള്‍ പണ്ടേ മൃതിയുടെ കണക്കുപുസ്തകങ്ങളില്‍ വരവുവെക്കപ്പെട്ടതാണെന്ന് എനിക്കു പറഞ്ഞുതന്നത് ഒരു ബഹിരാകാശശാസ്ത്രജ്ഞനാണ്. പ്ലൂട്ടോ എന്ന ഗ്രഹത്തിന്റെ അതേ അവസ്ഥ. അവയില്‍നിന്നു ജന്മമെടുത്ത ആ ദിവ്യപ്രകാശം അനന്തവിഹായസ്സിലൂടെ എത്രയോ കാലം സഞ്ചരിച്ച് നമ്മുടെ കണ്ണുകളിലേക്ക് എത്തുമ്പോഴേക്കും അവ കാലഗതി പ്രാപിക്കുകയാണ് പതിവ്. അതേ, ഇമ ചിമ്മി നമ്മെ ആനന്ദഭരിതരാക്കിയ ആ നക്ഷത്രങ്ങള്‍ കണ്ണടച്ചു. എരിഞ്ഞുപോയ ആ നക്ഷത്രങ്ങളെ നാം കാണുന്നത് അവ നമുക്കായി ചൊരിഞ്ഞ വെളിച്ചത്തിലൂടെയാണ്. ഭൂമിയിലെ നക്ഷത്രങ്ങളും വ്യത്യസ്തരല്ല. അവരും ഇവിടെ ജനിക്കുന്നു. അവരുടെ മേഖലകളില്‍ കത്തിനില്ക്കുന്നു. താമസംവിനാ കത്തിയമരുന്നു! അവരുടെ ചിത്രങ്ങള്‍ നമ്മുടെ ചുമരുകളെ അലങ്കരിക്കുന്നു. അവരുടെ ഐതിഹാസികജീവിതം തലമുറകളെ ആവേശഭരിതരാക്കുന്നു.

ഇനി താരശോഭയുള്ള ഒരാളെ കണ്ടുമുട്ടുമ്പോള്‍ സ്വയം ചെറുതായി തോന്നിപ്പോവരുത്. ഓര്‍ക്കുക - താരം പ്രകാശിക്കുന്നത് നിങ്ങളുടെ കണ്ണുകളിലാണ്. ജീവിക്കുന്നത് ഹൃദയത്തിലും. താരവിജയത്തിന്റെ അളവുകോല്‍ ജനപ്രീതിയാണ്. ജനപ്രീതിയില്ലാത്തപക്ഷം താരമൂല്യം ശൂന്യമാണ്. ഒന്നുകൂടി വിശദമാക്കിയാല്‍, ഒരുപക്ഷേ, നിങ്ങളൊരു താരമാവണമെന്നില്ല, എങ്കിലും താരം ചൊരിയുന്ന പ്രഭ തീര്‍ച്ചയായും നിങ്ങളാണ്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education