ദാമ്പത്യം.. കുടുംബം

ഡോ. ഗുലാബ് കോത്താരി

02 Dec 2012

സൃഷ്ടിയുടെ യുഗ്മതത്ത്വത്തില്‍ നിന്നും ഉടലെടുത്തിട്ടുള്ളതാണു ദാമ്പത്യം. ദാമ്പത്യത്തിന്റെ വ്യാപ്തി ഭാവിയിലും ഉണ്ടാവണമെങ്കില്‍ യുഗ്മത്വത്തിന്റെ സഹായം ആവശ്യമാണ്. ഇണചേരുന്നതിലൂടെയാണു സൃഷ്ടിപ്രക്രിയ നടക്കുന്നത്. അതുകൊണ്ടു സ്ത്രീപുരുഷന്മാരുടെ യുഗ്മ സ്വരൂപം ദാമ്പത്യത്തിലൂടെ സൃഷ്ടികര്‍മം നടത്തുന്നു എന്നു പറയാം. ബ്രഹ്മവും മായയും അല്ലെങ്കില്‍ ബ്രഹ്മവും ശക്തിയുമാണ് അടിസ്ഥാനമായി സൃഷ്ടി നടത്തുന്നത് എന്നു പറയാം.

ഇപ്രകാരം ലോകത്തിലെ സൃഷ്ടിപ്രക്രിയകളും ബ്രഹ്മത്തിന്റെയും മായയുടെയും സംയോഗത്തിലൂടെയാണു സംഭവിക്കുന്നത്. അതായത് സ്ത്രീപുരുഷ സംയോഗത്തിലൂടെ സൃഷ്ടിപ്രക്രിയ നടക്കുന്നു. പ്രാധാന്യമനുസരിച്ചു നോക്കുമ്പോള്‍ സ്ത്രീയില്‍ മായയുടെയും പുരുഷനില്‍ ബ്രഹ്മത്തിന്റെയും അംശമാണുള്ളത്. ഇതുതന്നെയാണു രണ്ടുകൂട്ടരെയും കര്‍മ്മത്തില്‍ വിഭിന്നരാക്കുന്നത്. ഓരോ പുരുഷനിലും മായയുടെ അംശവും ഓരോ സ്ത്രീയിലും ബ്രഹ്മത്തിന്റെ അംശവും ഉണ്ട്.
ബ്രഹ്മം കര്‍മ്മനിഷ്ഠമായി വര്‍ത്തിക്കുന്നില്ല. പുരുഷനിലുള്ള മായയുടെ അംശമാണ് അയാളെ കര്‍മ്മശീലനാക്കി മാറ്റുന്നത്. സദാ ബ്രഹ്മത്തില്‍ ലയിക്കാന്‍ അയാള്‍ സന്നദ്ധനാണ്. അത് ദൃഢമായി ഇച്ഛാശക്തിയും ഔന്നിത്യത്തിലേക്കുള്ള അഭിലാഷവും വളര്‍ത്തുന്നു. ഇതിനു കടകവിരുദ്ധമായി സ്ത്രീ മായയുടെ സ്വരൂപം സ്വീകരിച്ചിരിക്കുന്നു. മായയുടെ ഒരു ആവരണം തന്നെ സ്ത്രീയുടെ മുകളില്‍ ഉണ്ട്. വികാരത്തിനു പ്രാധാന്യമുള്ളതിനാല്‍ സ്ത്രീയുടെ പ്രധാന ലക്ഷണം. ജീവന്റെ അംശം ഗര്‍ഭത്തില്‍ എത്തുമ്പോള്‍ തന്നെ സ്ത്രീ അതിനുമേല്‍ പഞ്ചഭൂതാത്മകമായ ഒരു ആവരണം അണിയിക്കുന്നു. അതിനുശേഷമാണു ശരീരം രൂപപ്പെടുക. ജീവിതകാലം മുഴുവന്‍ അതിനെ പരിപോഷിപ്പിക്കുന്നു. അതിനെ വളര്‍ത്തുന്നു. ശരീരത്തിലും ബുദ്ധിയിലും അമ്മയുടെ സ്വാധീനമുണ്ട്.

സ്ത്രീ എളുപ്പം വികാരവിക്ഷോഭങ്ങള്‍ക്ക് വശംവദയാകയാല്‍ ചാഞ്ചല്യം അവളുടെ കൂടപ്പിറപ്പാണ്. മായയുടെ രൂപം തന്നെ ചാഞ്ചല്യമാണ്. നീണ്ട പരിശീലനത്തിനു ശേഷമാണു പുരുഷന്‍ ചഞ്ചലനും സ്ത്രീ ദൃഢതയുള്ളവളുമായിത്തീരുന്നത്. ഇതില്‍ കുറച്ചെല്ലാം കര്‍മ്മഫലം കൊണ്ടും സംഭവിക്കുന്നുണ്ട്.
ഇതു മാത്രമല്ല, സ്ത്രീയുടെ പരിവര്‍ത്തനാത്മക സ്വഭാവം കൂടിയാണ് അവള്‍ക്കു അനേക രൂപങ്ങള്‍ നല്‍കുന്നത്. ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം സ്ത്രീ ജീവിതപങ്കാളിയാണ്, മിത്രമാണ്, കൂടാതെ ഉപദേഷ്ടാവുമാണ്. രംഭയാണ്. ആവശ്യം വരുമ്പോള്‍ അവള്‍ മാതൃത്വഭാവത്തില്‍ ഭര്‍ത്താവിനെ ആശ്വസിപ്പിക്കുന്നു, പ്രത്യേകിച്ചും രോഗാവസ്ഥയില്‍. നിര്‍ണായക ഘട്ടങ്ങളില്‍ ഒരേ സമയത്ത് ഒന്നില്‍ കൂടുതല്‍ സംയോജിപ്പിക്കാനും ക്രമീകരിക്കാനും സ്ത്രീക്കു കഴിയുന്നു എന്നത് അവളുടെ കഴിവിനെയാണു കാണിക്കുന്നത്. ഭര്‍ത്താവിന്റെ കര്‍മ്മഫലങ്ങളില്‍ അവള്‍ പങ്കാളിയാണ്. അതുകൊണ്ടുതന്നെ സുഖത്തില്‍ പങ്കാളിയാവുക അല്ലെങ്കില്‍ സുഖമനുഭവിക്കുക എന്നത് അവളുടെ അവകാശത്തില്‍ പെട്ടതാണ്.

പുരുഷന്‍ പൊതുവെ മഹത്ത്വകാംക്ഷിയാണെങ്കില്‍ അയാള്‍ സദാ ഉദാസീനനായാണു കാണപ്പെടുന്നത്. സ്ത്രീയില്‍ എപ്പോഴും അക്രമപരമായ ഭാവമാണു കാണപ്പെടുന്നത്. ഉന്നതങ്ങളില്‍ എത്താന്‍ സ്ത്രീയുടെ വൈകാരികത അവളെ സഹായിക്കുന്നു. സ്ത്രീയില്‍ ചപലതയും ചഞ്ചലതയും കാണപ്പെടാറുണ്ട്. പുരുഷനില്‍ സ്ഥിരതയും ദൃഢതയും തീരുമാനവും ഗോചരമാവുന്നു. പുരുഷനില്‍ ഏറ്റവും പ്രധാനം ദൃഢതയ്ക്കാണ്. സ്ത്രീ കുടുംബകാര്യങ്ങളിലും സാമൂഹിക ജീവിത കാര്യങ്ങളിലും അതിയായ നൈപുണ്യം പ്രകടിപ്പിക്കുന്നു. അവള്‍ ലൗകികകാര്യ കര്‍മ്മങ്ങളില്‍ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീ ജനനിയാണ്. പുരുഷന്‍ സ്വന്തം വികസനകാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

മായയുടെ ആവരണമാണ് സ്ത്രീസ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വന്തം ഭര്‍ത്താവിന്റെ രക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി എത്രമാത്രം വിട്ടുവീഴ്ച ചെയ്യാനും ക്രമീകരണം നടത്താനും അശ്രാന്തപരിശ്രമം നടത്താനും ഒന്നുംഅല്‍പ്പം പോലും മടിക്കുന്നില്ല. അതെല്ലാം സ്വാഭാവികമായി, അനായാസമായി ചെയ്യാന്‍ എപ്പോഴും തയാറാണ്. എന്നാല്‍ പുരുഷന്‍ അപ്രകാരം ചെയ്യാന്‍ ഒരിക്കലും തയാറാവുന്നില്ല. അതുകൊണ്ടാണ് ദ്വന്ദ്വാത്മകമായ സൃഷ്ടി നിലനില്‍ക്കുന്നത്. ഇതുകൊണ്ടുതന്നെയാണു കുടുംബജീവിതത്തില്‍ പുരുഷന്‍ സ്ഥിരതയോടെ വര്‍ത്തിക്കുന്നത്. മാര്‍ഗനിര്‍ദേശകന്റെ വേഷമണിയുന്നത്. ജീവിതത്തിന്റെ ആത്മാര്‍ഥതയുടെയും സൂക്ഷ്മതയുടെയും വേഷമണിയുന്നവളാണു സ്ത്രീ. സ്ത്രീയുടെയും പുരുഷന്റെയും സമഞ്ജസമായ സമ്മേളനം നടക്കുമ്പോഴാണു ജീവിതത്തെ മനസ്സിന് ഇമ്പം നല്‍കുന്ന രീതിയില്‍ മുന്നോട്ടു നയിക്കുവാന്‍ സാധിക്കുന്നത്. കുടുംബാംഗങ്ങളുടെ ആഗ്രഹ പൂരണമാണു പുരുഷന്റെ പരമമായ കര്‍ത്തവ്യവും സുഖവും. ഭാര്യയുടെ നിത്യേനയുള്ള എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതില്‍ ഭര്‍ത്താവിന്റെ ശ്രദ്ധയുണ്ടായിരിക്കണം. ശാരീരികവും മാനസികവും ആയ രീതിയില്‍ സുഖം ലഭിക്കുന്ന, ഭാര്യയുടെ മനസ്സില്‍ ഭര്‍ത്താവിനുവേണ്ടി സുഖദായകമായ അഭിലാഷങ്ങളാണ് ഉളവാകുന്നത്. ഇതും ഒരു സത്യമാണ്.

കര്‍മ്മങ്ങളുടെ പ്രഭാവം വ്യക്തി മനസ്സിനെ മൂടിവയ്ക്കുന്നു. ഇത് അയാളുടെ വീക്ഷണഗതിക്കു മങ്ങലേല്‍പ്പിക്കുന്നു. തന്റെ മുഴുവന്‍ കഴിവുകളെയും കണക്കുകൂട്ടാനും വിലയിരുത്താനും അയാള്‍ക്കു സാധിക്കുന്നില്ല. ഓരോരുത്തര്‍ക്കും തന്റെ കുടുംബജീവിതം സുഖമായി കഴിച്ചുകൂട്ടാനാവശ്യമായ കഴിവുണ്ടോ എന്നറിയാന്‍ സാധിക്കാതെ വരുന്നു. കുടുംബജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണു ഭാരതീയ ആചാര്യന്മാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ രണ്ടുകൂട്ടരും ഒരുപോലെ യോജിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജീവിതമാകുന്ന രഥം ശരിയായ ദിശയില്‍ ഓടിക്കുവാന്‍ സാധിക്കുകയുള്ളൂ. ഒറ്റയ്‌ക്കൊരാള്‍ക്ക് ഈ രഥം ഓടിക്കുക സാധ്യമല്ല.

കുഞ്ഞിനു ജന്മം നല്‍കുന്നതു സ്ത്രീയാണ്. വൈകാരികമായി ഈ കാര്യം പുരുഷനു ചെയ്യാന്‍ സാധിക്കുകയില്ല. കുടുംബജീവിതത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിലും പുതിയ തലമുറയ്ക്കു ജീവിതവിജയത്തിനാവശ്യമായ വിദ്യാഭ്യാസം, പരിശീലനം എന്നിവ ഒരു ഗുരുവിനെപ്പോലെ നല്‍കുന്നതിനും സ്ത്രീക്കു മാത്രമേ കഴിയുകയുള്ളൂ. തന്റെ കുടുംബത്തിന്റെ സംസ്‌കാരം നിലനിര്‍ത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതു പുരുഷനാണ്. അയാള്‍ക്കു ബാഹ്യമായ കാര്യങ്ങള്‍ മാത്രം ചെയ്താല്‍ പോരാ. ദര്‍ശനം, ശാസ്ത്രങ്ങള്‍, ആരാധന എന്നിവയ്ക്കു വേണ്ടിയാണ് അയാള്‍ തന്റെ സമയം ചെലവഴിക്കുന്നത്. എന്നാല്‍ ഇതിന്റെ സദ്ഫലങ്ങള്‍ ലഭിക്കുന്നതു കുടുംബത്തിനു മുഴുവനുമാണ്. അതുകൊണ്ടാണു ഭര്‍ത്താവിന്റെ സത്പ്രവൃത്തികള്‍ക്കെല്ലാം സഹായിയായാണ് ഭാര്യയെ കാണുന്നത്.

സ്ത്രീ ശക്തിസ്വരൂപിണിയാണ്. പ്രകൃതി സ്ത്രീയില്‍ ഒരു ശൂന്യതാഭാവവും നല്‍കിയിരിക്കുന്നു. യോഗ്യനായ ഒരു പുരുഷനു മാത്രമേ ഈ ശൂന്യത നികത്താന്‍ സാധിക്കുകയുള്ളൂ. സ്ത്രീയുടെ ഇത്തരം സ്വരൂപത്തിനു കടകവിരുദ്ധമായാണു പുരുഷഭാവം. അയാള്‍ തനിക്ക് അനുയോജ്യമായ ശൂന്യത അന്വേഷിച്ചു നടക്കുകയാണ്. സ്ത്രീയും പുരുഷനും പരസ്​പര പൂരകമായാണു ദാമ്പത്യജീവിതത്തില്‍ വര്‍ത്തിക്കുന്നത്. അടിസ്ഥാനപരമായി തന്നില്‍ ശക്തിയുടെ ഒരംശം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന വസ്തുത സ്ത്രീ മനസ്സിലാക്കുന്നില്ല. ആ തിരിച്ചറിവുണ്ടായാല്‍ തന്നെ തനിക്കും അനേകം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന വസ്തുത സ്ത്രീ തിരിച്ചറിയുന്നില്ലതാനും. തന്റെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നതാണ് തന്റെ ശക്തി എന്നവള്‍ കരുതുന്നു.

ഈ സ്ഥിതി പുരുഷനെ സംബന്ധിച്ചിടത്തോളവും വാസ്തവമാണ്. അയാളും തന്നില്‍ കുടികൊള്ളുന്ന ശിവരൂപത്തെ മനസ്സിലാക്കുന്നില്ല. അയാളെല്ലായിപ്പോഴും മിഥ്യാഹങ്കാരത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് അയാള്‍ സ്ത്രീയെ തന്നെക്കാള്‍ ചെറുതായി കണക്കാക്കുന്നത്. യഥാര്‍ത്ഥത്തില്‍ സ്ത്രീയെ തന്റെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പുരുഷനറിഞ്ഞുകൂടാ. ഭയപ്പെടുത്തിയോ അധികാരശക്തിയാലോ സ്ത്രീയെ നിയന്ത്രിച്ചുനിര്‍ത്തുക അസാധ്യമാണ്. സ്‌നേഹം കൊണ്ടുമാത്രമേ അവളെ ആര്‍ക്കും തന്റെ അധീനതയില്‍ വരുത്താന്‍ സാധിക്കുകയുള്ളൂ. പുരുഷന്റെ കീഴിലുള്ള സ്‌നേഹം മാത്രമാണ് അവളാഗ്രഹിക്കുന്നത്. എന്നാല്‍ പുരുഷന്‍ അവനെക്കുറിച്ചോ അവന്റെ ശക്തിയെക്കുറിച്ചോ അജ്ഞാതനാണെന്നതാണ് ഏറ്റവും വലിയ ധര്‍മ്മസങ്കടം.

ഒട്ടും പരിശ്രമിക്കാതെയും ബുദ്ധിമുട്ടാതെയും സുഖമായി ജീവിക്കണമെന്നാണു നാമെല്ലാവരും ആഗ്രഹിക്കുന്നത്. ഈശ്വരന്‍ നമുക്കായി സൃഷ്ടിച്ചിരിക്കുന്നതെല്ലാം സസന്തോഷം സ്വീകരിച്ച് സദാചാര നിയമങ്ങള്‍ക്കനുസരിച്ചു ജീവിക്കുക എന്നതാണു നമ്മുടെ കര്‍ത്തവ്യം.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education