മരിച്ചുജീവിക്കാം; 'ജീവിച്ചും' മരിക്കാം

എ.കെ.മനോജ്കുമാര്‍

24 Nov 2012

മരിച്ചു ജീവിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ജീവിച്ചുമരിക്കുകയെന്നത്. രണ്ടു വാക്കുകള്‍ മാറ്റിയിട്ടുകൊണ്ടുള്ള ഒരു വാക്യപ്രയോഗമല്ല ഇത്. അതിജീവനത്തിന് സര്‍വശക്തിയുപയോഗിച്ച് തയാറെടുക്കുന്നവര്‍ക്ക് മുന്നില്‍ രണ്ടു സമീപനങ്ങള്‍ക്ക് അവസരമുണ്ടെന്നതാണ് വസ്തുത.

ചത്തതിനൊക്കുമേ ജീവിച്ചിരിക്കുമെന്ന മട്ടില്‍ മരിച്ചു ജീവിക്കാം. അതുതന്നെ രണ്ടുവിധത്തിലാവാം. നിഷ്‌ക്രിയമായ ആലസ്യത്തിന്റെ വഴിയില്‍ ഒന്നും ആയിത്തീരാതെയും ഒന്നുമൊന്നും ആക്കിത്തീര്‍ക്കാതെയും മന്ദഗതിയില്‍ ജീവിക്കുകയാണ് ഒരു മാര്‍ഗം. ജീവനുണ്ടായിട്ടു വേണ്ടേ ചാവാന്‍?എന്ന പഴമൊഴി അത്തരക്കാരെക്കുറിച്ചാണ്.

അപകടത്തിന്റെ വഴിയില്‍ മരിച്ചിട്ടായാലും ജീവിക്കുകയെന്ന അറ്റകൈപ്രയോഗമാണ് മറ്റൊരു മാര്‍ഗം. അപകടസാധ്യത അറിഞ്ഞുകൊണ്ടു തന്നെ 'റിസ്‌ക്കെടു'ത്തു ജീവിക്കുന്നവര്‍ വെന്നും കൊന്നും നേടുന്നത് ഈ മാര്‍ഗത്തിലൂടെയാണ്. അതൊരിക്കലും ശാശ്വതമാകണമെന്നില്ല. ഒരു രാക്ഷസന്റെ കരുത്തുണ്ടാകുന്നത് വളരെ നന്ന്എന്നാല്‍ അതൊരു രാക്ഷസനെപ്പോലെ പ്രയോഗിക്കുന്നത് നിഷ്ഠുരമാണ് എന്ന ഷേക്‌സ്​പിയറുടെ സൂചന ഇക്കൂട്ടര്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും.

എന്നാല്‍ ജീവിച്ചുമരിക്കുകയെന്നതിന് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും അര്‍ഥപൂര്‍ണമായി ജീവിക്കുകയെന്ന ലക്ഷ്യമാണുള്ളത്. കഠിനമായി പരിശ്രമിക്കുകയും പ്രതിസന്ധികളില്‍ പിന്മാറാതിരിക്കുകയും ചെയ്യുകയെന്നതാവും ഇവരുടെ സമീപനം. മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിക്കുന്നതാണ് ജീവിതമെന്ന അരുണ്ഡേലിന്റെ അഭിപ്രായത്തിലെന്ന പോലെ ഇവര്‍ ജീവിതാന്ത്യം വരെയും നല്ല മാര്‍ഗ നിര്‍ദേശകരായിരിക്കും.

മനുഷ്യനെ മൃഗത്തില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ചിന്തിക്കാനുള്ള കഴിവാണെന്ന് ശരിയാണ്. പക്ഷെ ഈ കഴിവ് മനുഷ്യന്‍ ശരിയായ വിധത്തിലല്ല ഉപയോഗിക്കുന്നതെന്ന് ഗ്രിഗ്രറി സ്മിത്ത് അഭിപ്രായപ്പെടുന്നു. തന്നെ മനസ്സിലാക്കാത്തവന്‍ പിന്നെ ആരെ മനസ്സിലാക്കുമെന്ന ചിന്തകനായ എമേഴ്‌സന്റെ ഈ ചോദ്യത്തിലും എങ്ങനെ ജീവിക്കണമെന്നതിന് ഓരോരുത്തര്‍ക്കുമുള്ള ഉത്തരമുണ്ട്.
ഓരോരോ സാഹചര്യങ്ങളില്‍ നിന്നും ഒരാള്‍ അവനവനുവേണ്ട ഉത്തരം കണ്ടെത്തുക തന്നെ വേണം. അത് എങ്ങിനെ ആകണമെന്ന് സൂചിപ്പിക്കുന്ന ഒരു കഥയുണ്ട്. രണ്ടു സഹോദരങ്ങളുടെ കഥയാണത്. ഒരാളാകട്ടെ മയക്കുമരുന്നുകള്‍ക്ക് അടിമയും മദ്യപാനിയുമാണ്. ദിവസവും ഭാര്യയെയും മക്കളെയും തല്ലിച്ചതച്ച് ജീവിതം നരകമാക്കുകയാണ് അയാളുടെ രീതി.

അയാളുടെ സഹോദരനായ മറ്റേ വ്യക്തിയാകട്ടെ മികച്ച രീതിയില്‍ ജീവിക്കുന്ന പ്രശസ്തനായ വ്യവസായിയാണ്. സമൂഹം വിലമതിക്കുന്ന സമാധാനപരമായ കുടംബാന്തരീക്ഷമായിരുന്നു അദ്ദേഹത്തിന്റേത്,.ഒരേ അച്ഛനമ്മമാരുടെ മക്കളായി ഒരേ സാഹചര്യത്തില്‍ ജീവിച്ചിട്ടും ഇരുവര്‍ക്കും തമ്മില്‍ ഇത്രത്തോളം സ്വഭാവ വ്യത്യാസം വന്നതെങ്ങനെ എന്നറിയാന്‍ ചിലര്‍ക്കു താല്പര്യമുണ്ടായിരുന്നു. അവര്‍ ആദ്യത്തെ ആളെ സമീപിച്ച് ഇങ്ങിനെ ചോദിച്ചു.

''നിങ്ങളെങ്ങിനെയാണ് ഇത്തരത്തിലായിപ്പോയത്?നിങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട്. അമിതമായി മദ്യപിക്കുന്നുമുണ്ട്. കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കി അവരെ മര്‍ദിക്കുകയും ചെയ്യുന്നു. ഈ വിധത്തിലാകാന്‍ ആരാണ് നിങ്ങളെ പ്രേരിപ്പിച്ചത്?''. ''അതെന്റ അച്ഛന്‍തന്നെ''യെന്നായിരുന്നു അയാളുടെ മറുപടി. ''അച്ഛന്‍ ലഹരിവസ്തുക്കളെല്ലാം ഉപയോഗിക്കും.
മൂക്കുമുട്ടെ കുടിച്ചുവന്ന് ഞങ്ങളെയൊക്കെ പൊതിരെ തല്ലുകയും ചെയ്തിരുന്നു. പിന്നെ ഞാനെന്തുവേണമെന്നാണ്. വളര്‍ന്നുവന്നപ്പോള്‍ ഞാനുമങ്ങിനെയായി'' - അയാള്‍ പറഞ്ഞു.മാന്യമായി ജീവിക്കുന്ന സഹോദരനടുത്തെത്തിയും അവര്‍ ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ''നിങ്ങളെല്ലാ കാര്യങ്ങളും ഭംഗിയായും മാതൃകാപരമായും ചെയ്യുന്നുണ്ടല്ലോ? ഇതെങ്ങിനെ സാധിക്കുന്നു. ആരാണ് നിങ്ങളെ ഇപ്രകാരം ചെയ്യുന്നതില്‍ സ്വാധീനിച്ച വ്യക്തി?''അതിനയാള്‍ എന്തു മറുപടിയാവും പറഞ്ഞതെന്നതിനെക്കുറിച്ച് വല്ലരൂപവുമുണ്ടോ? ഉത്തരം ഒന്നുതന്നെയായിരുന്നു. താനിങ്ങനെയാവാന്‍ കാരണക്കാരന്‍ ''തന്റെ അച്ഛന്‍തന്നെ'' യാണെന്ന മറുപടിയാണ് അയാളും നല്‍കിയത്.''ഞാന്‍ തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മദ്യലഹരിയില്‍ സ്വയം മറന്ന് അച്ഛന്‍ കാട്ടിക്കൂട്ടിയ വൃത്തികേടുകളോരോന്നും കാണുമ്പോഴൊക്കെ ഞാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഞാനൊരിക്കലും അങ്ങിനെ പെരുമാറുകയേ ഇല്ലെന്ന്.'' തിന്മകള്‍ക്കു വിപരീതമായി പ്രാവര്‍ത്തികമായ നന്മകളാണ് തന്റെ വിജയരഹസ്യമെന്നും അയാള്‍ വെളിപ്പെടുത്തി.

നോക്കൂ, സമാനമായ സാഹചര്യത്തില്‍ നിന്നാണ് അവനവന്റെ ഇഷ്ടാനുസരണം കര്‍മ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഒരുവന്‍ ഗുണപരമായ ശക്തി പ്രയോജനപ്പെടുത്തുമ്പോള്‍ മറ്റേയാള്‍ വിനാശകരമായ ബലഹീനതയെയാണ് പിന്തുടരുന്നത്. ഒരാള്‍ കുറ്റാക്കൂരിരുട്ടിലും നറുനിലാവ് പ്രതീക്ഷിക്കുമ്പോള്‍ മറ്റേയാള്‍ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും തല്ലിക്കെടുത്തി കൂരിരുട്ടിന്റെ കൂട്ടുകാരനാവുന്നു.
നിഷേധകര്‍മങ്ങള്‍ക്കു വിട പറയുക. അല്ലലുകള്‍ക്കിടയിലും ഉല്ലാസത്തോടെ പ്രത്യാശ പകരുന്നത് ഒരു ശീലമാക്കി മാറ്റുക.
'അല്ല, മത്സരമല്ല ജീവിതം, യജ്ഞം താനെ-
ന്നുല്ലസിച്ചഖിലരും കര്‍മമാചരിച്ചെങ്കില്‍'
എന്ന ജീവിത വീക്ഷണമായിരുന്നു മഹാകവി ജി.ശങ്കരക്കുറുപ്പ് പ്രത്യാശയോടെ പങ്കുവെച്ചത്.
'രമ്യാണി വീക്ഷ്യ, മധുരാംശ്ച നിശമ്യ ശബ്ദാന്‍
പര്യുല്‍സുകോ, ഭവതി യത് സുഖിതോപി ജന്തു
ന ഛേതസാ സ്മരന്തി നൂനമബോധപൂര്‍വം
ഭാവസ്ഥിരാണി, ജനനാന്തര സൗഹൃദാനി'

എന്ന ശ്ലോകത്തിന്റെ ആശയം നോക്കുക.

രമ്യമായ വസ്തുക്കള്‍, മധുരങ്ങളായ ശബ്ദങ്ങള്‍ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ സുഖം ആഗ്രഹിക്കുന്ന ജീവികള്‍ക്ക് ഉത്സാഹം ഉണ്ടാകുന്നു. അപ്പോള്‍ അവര്‍ സ്വന്തം ജീവന്‍കൊണ്ട് താനറിയാതെ തന്നെ ജന്മജന്മാന്തരങ്ങളായി കടന്നുവന്നിട്ടുള്ള ഭാവസ്ഥിരതയുള്ള സൗഹൃദങ്ങളെപ്പറ്റി ഓര്‍മിച്ചു പോകുന്നു. അതായത് ജീവിതം ഒരു പ്രവാഹമാണെന്നും ആ പ്രവാഹത്തിന്റെ സ്ഥായീഭാവം ജന്മത്തിലും ജന്മാന്തരത്തിലുമുള്ള ബോധപൂര്‍വവും അബോധപൂര്‍വവുമായ സ്റ്റേഹബന്ധമാണെന്നും അര്‍ത്ഥം. ഇരുട്ടിന്റെ നിറം നന്നായി മനസ്സിലാക്കിയേ പറ്റൂ. പക്ഷേ ആ അറിവുകൊണ്ടു വെളിച്ചത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ആത്മതേജസ്സായി ഉള്‍ക്കൊള്ളാനും കഴിയുക കൂടി വേണം.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education