പൊരുതുക തന്നെ ജീവിതം

എ.കെ. മനോജ്കുമാര്‍

17 Nov 2012

അറിവില്ലാത്തവനും തനിക്ക് അറിവില്ലെന്ന് അറിയാത്തവനും വിഡ്ഢിയാണ്; അവനെ അകറ്റുക. അറിവില്ലാത്തവനും തനിക്ക് അറിവില്ല എന്ന് അറിയുന്നവനും അജ്ഞനാണ്; അവനെ പഠിപ്പിക്കുക. അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്ന് അറിയാത്തവനും നിദ്രാധീനനാണ്; അവനെ ഉണര്‍ത്തുക. അറിവുള്ളവനും തനിക്ക് അറിവുണ്ട് എന്നറിയുന്നവനും ബുദ്ധിമാനാണ്; അവനെ പിന്തുടരുക.

ജീവിത സമരങ്ങള്‍ക്കിടയില്‍ മുന്നില്‍ നിന്നും നയിക്കുന്നവരും പിന്നില്‍ അനുയായികളായി നയിക്കപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ഈ മാര്‍ഗനിര്‍ദേശക വാക്യങ്ങള്‍ ഒരു ബ്രിട്ടീഷ് പഴമൊഴിയിലേതാണ്.

ഓരോ ചെറിയ മണല്‍ത്തരിക്കുപിമ്പിലും അറിയപ്പെടാത്ത എത്രയോ സൗരയൂഥങ്ങളുടെ പ്രപഞ്ച സാന്നിദ്ധ്യമുണ്ടാകാമെന്ന് ഒരിക്കല്‍ ഒരു കവി പാടിയിട്ടുണ്ട്. 'പരോപകാരമേ പുണ്യ'മെന്നതായിരുന്നു ഒരിക്കല്‍ നമ്മുടെ പൊതുവായ കാഴ്ചപ്പാട്. സാമൂഹിക ജീവിതത്തിനിടെ പലതരത്തില്‍പ്പെട്ട ആള്‍ക്കാരുമായി നമുക്ക് ഇടപെടേണ്ടി വരുന്നുണ്ട്. അതില്‍ പലരോടും നാം പലതരത്തില്‍ കടപ്പെട്ടിട്ടുമുണ്ടാവാം. പരസ്​പരം ഉപകരിക്കുന്നതിലൂടെയാണ് സമൂഹം സമൃദ്ധി നേടുന്നത്. ഒട്ടും സ്വാര്‍ത്ഥതയില്ലാതെ ചെയ്യുന്ന ഉപകാരങ്ങള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെയെങ്കിലും ഒരു നല്ല പ്രതികരണം ഉണ്ടാകാതെ വരില്ല.

ഉപകരിക്കുന്നത് എല്ലായ്‌പ്പോഴും സാമ്പത്തികമായെന്നതിനേക്കാള്‍ മറ്റുതരത്തിലാവുമ്പോഴാണ് മൂല്യമേറുന്നത്. പണം കൊണ്ട് നല്‍കുന്നതിനെക്കാള്‍ എത്രയോ വിലപ്പെട്ട നന്മകള്‍ മറ്റുസഹായം കൊണ്ടുണ്ടാകാം. പരോപകാരര്‍ഥമിദം ശരീരം എന്ന പരമ്പരാഗത കാഴ്ചപ്പാടാണ് നമ്മെ നയിച്ചിരുന്നത്. ഒരു തിരിയില്‍ നിന്ന് ഒട്ടനേകം തിരികള്‍ തെളിച്ചാലും
അവയൊക്കെയും അക്ഷീണം നിലനില്‍ക്കുന്നതുപോലെ (ദീപാദന്യേയഥാ ദീപാ:) ഉപകാരിയുടെ മഹത്വവും കുടുന്നേയുള്ളു.
ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്ന ഏതാനും പുസ്തകങ്ങളുടെ രചയിതാവാണ് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണായ സുധാമൂര്‍ത്തി. ഇന്‍ഫോസിസ് സ്ഥാപകനായ എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെ ഭാര്യയായി വിജയ വഴികളില്‍ ഒപ്പം സഞ്ചരിക്കുന്ന സുധാമൂര്‍ത്തിയുടെ പുതിയ പുസ്തകമാണ് 'ദി ഡേ ഐ സ്റ്റോപ്പ്ഡ് ഡ്രിങ്കിങ് മില്‍ക്ക്: ലൈഫ് സ്റ്റോറീസ് ഫ്രം ഫിയര്‍ ആന്‍ഡ് ദെയര്‍' . പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിലെ 'ബോംബെ ടു ബാംഗ്ലൂര്‍' എന്ന അധ്യായത്തിലെ പ്രസക്തഭാഗം പ്രസാധകരുടെ അനുമതിയോടെ ഒരു സൂഹൃത്ത് മെയില്‍ ചെയ്തിരുന്നു.

പരോപകാരത്തിന്റെ ഹൃദയസ്​പര്‍ശിയായ ചില അനുഭവങ്ങളാണ് സുധാമൂര്‍ത്തി ഇതില്‍ ഇങ്ങിനെ വിവരിക്കുന്നത്.ഒരു മധ്യവേനലവധിക്കാലത്ത് ഗുല്‍ബര്‍ഗ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉദ്യാന്‍ എക്‌സ്​പ്രസ്സില്‍ ബാംഗ്ലൂരിലേക്കു പോകുകയായിരുന്നു താന്‍. സെക്കന്‍ഡ് ക്ലാസ് റിസര്‍വ്ഡ് കമ്പാര്‍ട്ട്‌മെന്റില്‍ കഠിനമായ തിരക്കില്‍ ബര്‍ത്ത് കിട്ടിയെന്നായപ്പോഴാണ് അശ്രദ്ധമായി കീറിത്തുന്നിയ വേഷം ധരിച്ച തലമുടി ചീകാത്ത ഇരുണ്ട നിറത്തിലുള്ള പതിമൂന്നോ പതിനാലോ വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയോട് ടിക്കറ്റ് എക്‌സാമിനര്‍ ടിക്കറ്റെടുക്കാത്തതിന് കയര്‍ക്കുകയാണ്. കമ്പാര്‍ട്ട് മെന്റില്‍ നിന്ന് ബലം പ്രയോഗിച്ച് ആ പെണ്‍കുട്ടിയെ പുറന്തള്ളുമെന്നായപ്പോള്‍ ബാംഗ്ലൂര്‍ വരെയുള്ള ടിക്കറ്റ് താനെടുത്തു.

ചിത്ര എന്ന പേരുള്ള ആ പെണ്‍കുട്ടി ജനിച്ചപ്പോള്‍ തന്നെ അമ്മ മരിച്ചുപോയിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്‍ വീണ്ടും വിവാഹിതനായി. രണ്ട് ആണ്‍കുട്ടികളുമുണ്ടായി. ഏതാനും മാസം മുന്‍പ് അച്ഛന്‍ മരിച്ചതോടെ ഇളയമ്മയുടെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് അവള്‍ വീടുവിട്ടിറങ്ങിയതത്രേ. ബാംഗ്ലൂരിലെത്തി തന്റെ ലഗേജുകള്‍ ഡ്രൈവര്‍ കാറിലെടുത്തു വച്ചപ്പോള്‍ തന്നെയാരോ പിന്നില്‍ നോക്കിനില്‍ക്കുന്നുവെന്നു തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ ദയനീയമായ നോട്ടവുമായി ചിത്രയുണ്ട് പിന്നില്‍. അവളോട് കാറിലേക്ക് കയറാന്‍ പറഞ്ഞു. ചിത്രയെ പെണ്‍കുട്ടികള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോം നടത്തുന്ന സുഹൃത്ത് റാമിനെ പറഞ്ഞേല്പിച്ചശേഷം താന്‍ മടങ്ങി.

ചിത്ര അവിടെ കൂടുതല്‍ സന്തോഷവതിയാണെന്ന് പിന്നീടറിഞ്ഞു. അവള്‍ അടുത്തുള്ള ഹൈസ്‌കൂളില്‍ പോയിത്തുടങ്ങിയെന്നറിഞ്ഞപ്പോള്‍ പഠനം തുടരുന്നിടത്തോളം പഠനച്ചെലവ് താന്‍ വഹിക്കാമെന്ന് ഉറപ്പു നല്‍കി.

പിന്നീട് കോളേജില്‍ പഠനം തുടരണമെങ്കിലും സഹായിക്കാമെന്ന് പറഞ്ഞെങ്കിലും ''അതുവേണ്ട അക്ക കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ എടുത്താല്‍ താമസിയാതെ ജോലി കിട്ടുമല്ലോ'' എന്നാണവള്‍ മറുപടി പറഞ്ഞത്. അതിലും അവള്‍ നല്ല മാര്‍ക്കോടെ പാസായി. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ അസിസ്റ്റന്റ് ടെസ്റ്റിങ് എന്‍ജിനീയറായി ജോലിയും കിട്ടി. ഭേദപ്പെട്ട ശമ്പളം കിട്ടിയപ്പോള്‍ തന്റെ ഓഫീസില്‍ ഒരു സാരിയും ഒരു പെട്ടി മധുരവുമായി അവളെത്തിയിരുന്നു.

പിന്നീടൊരിക്കല്‍ ഡല്‍ഹിയിലായിരുന്നപ്പോള്‍ ചിത്രയുടെ ഫോണ്‍ വിളി വന്നു. ''അക്ക എന്നെ എന്റെ കമ്പനി യു.എസ്.എയിലേക്കയക്കുന്നുണ്ട്. കണ്ടനുഗ്രഹം വാങ്ങാനാഗ്രഹമുണ്ടെങ്കിലും അക്ക ബാംഗ്ലൂരിലില്ലല്ലോ?'' എന്ന വിഷമം പറഞ്ഞു.വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു. ഇതിനിടെ ഒരു ഈ മെയിലില്‍ നിന്ന് അവള്‍ അമേരിക്കയില്‍ നല്ല നിലയില്‍ ജോലി ചെയ്ത് ജീവിക്കുന്നുണ്ടെന്നറിയാന്‍ കഴിഞ്ഞു. എവിടെയായാലും അവള്‍ സന്തോഷവതിയായി കഴിയണമെന്ന് ഞാന്‍ മൗനമായി പ്രാര്‍ത്ഥിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ കന്നട സംസാരിക്കുന്നവരുടെ കൂട്ടായ്മയില്‍ ഒരിക്കല്‍ പ്രഭാഷകയായി ക്ഷണം കിട്ടി. അതേ ഹോട്ടലില്‍ തന്നെയായിരുന്നു തന്റെ താമസവും. പരിപാടിക്കു ശേഷം മടങ്ങിപ്പോകുന്നതിന് മുമ്പ് ബില്‍ പേ ചെയ്യാന്‍ തുടങ്ങുമ്പോഴാണ് റിസപ്ഷനിസ്റ്റ് പറഞ്ഞത് ''മാഡം നിങ്ങളുടെ ബില്ലെല്ലാം ഒരു യുവതി നേരത്തെ തന്നെ അടച്ചുകഴിഞ്ഞു. അവര്‍ക്കു നിങ്ങളെ നന്നായി അറിയാമെന്ന് തോന്നുന്നു.'' തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു വിദേശ യുവാവിനൊപ്പം അഭിമാനവും സന്തോഷവും നിറഞ്ഞ, നല്ലവണ്ണം വസ്ത്രം ധരിച്ച മുടി വെട്ടിയൊതുക്കി മനോഹരമാക്കിയ ചിത്രയെയാണ് കണ്ടത്. നിറഞ്ഞ മനസ്സോടെ തന്നെ ആലിംഗനംചെയ്ത് അവള്‍ കാല്‍തൊട്ടു വന്ദിച്ചപ്പോള്‍ എന്തുപറയണമെന്ന് എനിക്കറിയുമായിരുന്നില്ല. ഒടുവില്‍ ''എന്റെ ഹോട്ടല്‍ബില്‍ കൊടുത്തതെന്തിനാണ്, അതുവേണ്ടിയിരുന്നില്ലെന്നു '' ഞാന്‍ പറഞ്ഞു.

വിമ്മിക്കരഞ്ഞ് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞ മറുപടി ഇതായിരുന്നു: ''അത് അന്ന് ബോംബെ മുതല്‍ ബാംഗ്ലൂര്‍ വരെ അക്ക എന്റെ ടിക്കറ്റിനു കാശുകൊടുത്തതുകൊണ്ടാണ്.''

'പൊരുതുക തന്നെയാണ് ജീവിതമെന്ന' തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് അതിനുശേഷവും സുധാമൂര്‍ത്തി ഏറെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ദീര്‍ഘയാത്രയും ആദ്യകാല്‍വയേ്പാടെ മാത്രമേ ആരംഭിക്കാനാകൂ. ദീപമായി നമുക്ക് പ്രകാശം പരത്താനാകും. അപ്പോഴും ഇരുളിലെ നിഴലില്‍ ക്ഷമയോടെ വിളക്കു പിടിച്ചുനില്‍ക്കുന്നവരെ ഓര്‍മിക്കണം. പ്രത്യുപകാരം മറക്കുന്നവര്‍ ജീവിച്ചിരുന്നാലും മരിച്ചവരെപ്പോലെയാണെന്നാണ് കവി വാക്യം.
ഇനിയും ഉപകാരം ചെയ്യേണ്ടതെങ്ങനെ എന്നു പഠിക്കേണ്ടവര്‍ പ്രകൃതിയിലേക്കാണു നോക്കേണ്ടത്.
''വഹന്തി നദ്യഃ സ്വയമേവ വൃഷ്ടിഃ
ഖാദന്തി ന സ്വാദു ഫലാനി വൃക്ഷാഃ
പയോധരേണ പ്രരുഹന്തി സസ്യാഃ
പരോപകാരായ ഭവന്തി സന്തഃ''
- എന്നാണ് നീതിസാരം പകരുന്ന ഒരു സംസ്‌കൃതശ്ലോകം വ്യക്തമാക്കുന്നത്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education