വിജയത്തിന് നൂറു പിതാക്കളുണ്ടാകും പരാജയം ഒരു അനാഥനാണ്‌

എ.കെ. മനോജ്കുമാര്‍

20 Oct 2012

നാളെ കിട്ടുന്ന കോഴിയേക്കാള്‍ ഇന്നു കിട്ടുന്ന മുട്ട തന്നെയാണ് നല്ലത് എന്നൊരു പഴമൊഴിയുണ്ട്. വാരിക്കോരി ഏറെയൊന്നും കൊടുക്കാനായില്ലെങ്കിലും വേണ്ട സമയത്ത് അര്‍ഹിക്കുന്ന രീതിയില്‍ ഉപകാരപ്പെടുക എന്ന മനോഭാവത്തെയാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്.

സന്മനോഭാവത്തോടെ യഥാസമയം വേണം പരിഗണന എന്ന പിന്തുണ നാം മറ്റുളളവര്‍ക്കു നല്‍കാന്‍. തിരക്കേറിയ ദൈനംദിന ജീവിതത്തിനിടയില്‍ കാര്യമായ സമയം കണ്ടെത്തി പരോപകാരതല്പരനാകാനൊന്നും കഴിഞ്ഞെന്നു വരില്ല. എങ്കിലും കരുണ നിറയുന്ന ഒരു വാക്കോ നന്മ പകരുന്ന ഒരു ചെറുപുഞ്ചിരിയോ മതി ഒരാളുടെ ഒരു ദിവസം പ്രത്യാശയോടെ കടന്നുപോകാന്‍. തന്നാല്‍ കഴിയുന്നത് എത്രകുറഞ്ഞ തോതിലായാലും അത് മറ്റൊരാള്‍ക്ക് എത്രമാത്രം ഉപകാരപ്പെടുമെന്ന് ശ്രദ്ധിച്ചാല്‍ മതി, പരിഗണനയുടെ സാധ്യതകള്‍ക്ക് പരിധിയില്ലെന്ന് മനസ്സിലാകാന്‍.

ഫലേച്ഛ കൂടാതെ കടമകള്‍ നിര്‍വഹിക്കുക,ഫലം താനേ വന്നുകൊള്ളും എന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നു. അന്യരെ പരിഗണിക്കുന്ന കര്‍ത്തവ്യങ്ങളിലൂടെ ഊര്‍ജം ഉള്‍ക്കൊള്ളാനും അതിലൂടെ സ്വാര്‍ഥരഹിതമായ വ്യക്തിത്വം നേടിയെടുക്കാനും കഴിയുന്ന ചിലരുണ്ട്. പരിഗണിച്ചും പരിഗണിക്കപ്പെട്ടും നേടുന്ന ഒരു പാരസ്​പര്യമാണത്.

പക്ഷെ, പരിഗണനയുടെ പാഠങ്ങള്‍ തുടങ്ങേണ്ടത് ഓരോരുത്തരുടേയും വീട്ടില്‍ നിന്നുമാണ്. ഒരു കുട്ടിക്ക് കിട്ടാവുന്ന ഏറ്റവും നല്ല മാതൃകകള്‍ അമ്മയും അച്ഛനും തന്നെയാണ്. എന്നാല്‍ അത്യാധുനിക സൗകര്യങ്ങളുടെ പുറംമോടികള്‍ ഒരുക്കി കുട്ടികളെ പരിഗണിക്കുന്നുവെന്നു വരുത്തുന്ന രക്ഷിതാക്കളാണ് ചിലരെങ്കിലും. പുറം കാഴ്ചകളുടെ കഥയില്ലായ്മകള്‍ പരിഗണനയുടെ സ്‌നേഹസാന്ത്വനങ്ങള്‍ക്കു പകരമാവില്ല. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടുമ്പോള്‍ വൃദ്ധസദനങ്ങളുടെ സൗകാര്യാധിക്യങ്ങളിലേക്ക് മാതാപിതാക്കളെ പരിഗണിച്ചുവെന്നു വരുത്തി മക്കളും കര്‍ത്തവ്യനിരതരാണെന്നു വരുത്തുന്നത് ഇതിന്റെ തുടര്‍ച്ചയാണ്.

ഒരിത്തിരി പരിഗണന ആഗ്രഹിച്ച ഒരു കുട്ടിയുടെ അനുഭവക്കുറിപ്പെന്ന രീതിയില്‍ പ്രചരിച്ച ഒരു കഥ വായനക്കാരുടെ പരിഗണനയ്ക്കു വിടുന്നു.

ഒരിക്കല്‍ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപിക തന്റെ വിദ്യാര്‍ഥികളോട് ഒരുപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടു. ദൈവം അവര്‍ക്കുവേണ്ടി എന്തുചെയ്യണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത് എന്ന വിഷയമാണ് ഉപന്യാസ രചനയ്ക്കു നല്‍കിയത്.

വൈകുന്നേരം വീട്ടിലെത്തി ഉപന്യാസരചനകള്‍ക്ക് മാര്‍ക്കിടുമ്പോഴാണ് ടീച്ചര്‍ വല്ലാതായത്. അവയിലൊരെണ്ണം ആ അധ്യാപികയെ ഏറെ വിഷമത്തിലാക്കുന്നതായിരുന്നു. വീട്ടിലെത്തിയ ഭര്‍ത്താവ് എന്താണിത്ര വിഷമച്ചിരിക്കാന്‍ എന്നന്വേഷിച്ചപ്പോള്‍ ഒന്നും മിണ്ടാതെ ആ ഉപന്യാസം വായിക്കാനാണ് അവര്‍ പറഞ്ഞത്. കുട്ടിയുടെ ഉപന്യാസം ഇങ്ങനെയായിരുന്നു: ''ഓ....ദൈവമേ......ഇന്ന് രാത്രി ഞാന്‍ അങ്ങയോട് ഒരു പ്രത്യേക അനുഗ്രഹത്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. അങ്ങ് അതെനിക്ക് സാധിപ്പിച്ചുതരണേ. അവിടുന്ന് എന്നെ ഒരു ടെലിവിഷനാക്കി മാറ്റിയാല്‍ മാത്രം മതി. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ എന്റെ വീട്ടില്‍ ടി.വി.ഇരിക്കുന്ന സ്ഥാനത്താവും ഞാന്‍ ഇനിമുതല്‍ കാണപ്പെടുക. ഞാനെന്റെ ആ പ്രത്യേക ഇരിപ്പിടത്തില്‍ ആയിരിക്കുമ്പോള്‍ എന്റെ എല്ലാ കുടുംബാംഗങ്ങളും മിക്കപ്പോഴും എന്റെ ചുറ്റുമുണ്ടായിരിക്കും. ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും അതെല്ലാം അവര്‍ വള്ളിപുള്ളി വിടാതെ കേള്‍ക്കുന്നുമുണ്ടാവും, എന്റെ വാക്കുകള്‍ ഒരു തടസ്സവും ഉണ്ടാക്കാതെയും ചോദ്യംചെയ്യലുകളില്ലാതെയും അവര്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ ശ്രമിക്കുമായിരിക്കും. ഞാനായിരിക്കും അപ്പോള്‍ വീട്ടിലെ ശ്രദ്ധാകേന്ദ്രം. പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ പോലും ടി.വിക്കു കിട്ടുന്ന ആ പ്രത്യേക പരിഗണയുണ്ടല്ലോ? അതെനിക്കും കിട്ടുമെന്നാണ് പ്രതീക്ഷ. ജോലിസ്ഥലത്തു നിന്നും ക്ഷീണിച്ച് തളര്‍ന്നെത്തിയാലും അച്ഛന്റെ സാമീപ്യം എനിക്കപ്പോള്‍ അനുഭവിക്കാനാകും. സങ്കടം വരുമ്പോഴും മാനസിക സംഘര്‍ഷത്തിലാകുമ്പോഴുമൊക്കെ അമ്മയ്ക്ക് എന്റെ സാമീപ്യം ആശ്വാസമാകും. അപ്പോള്‍ അമ്മ എന്റെ നേരെ കലിതുള്ളുകയോ എന്നെ അവഗണിക്കുകയോ ചെയ്യില്ലെന്നുറപ്പാണ്. ചിലപ്പോഴൊക്കെ എന്തുതന്നെ സംഭവിച്ചാലും അതൊക്കെ മാറ്റിവെച്ച് കുടുംബാംഗങ്ങളൊക്കെ ഒരല്പ സമയമെങ്കിലും ടി.വിക്കു മുന്നിലെത്താറുണ്ട്. ഞാന്‍ ടി.വി.യുടെ പകരമുള്ള സ്ഥാനത്തായിരിക്കുമ്പോള്‍ ആ കൂട്ടയ്മയുടെ സ്‌നേഹവും പരിഗണനയും പരിചരണവുമാണ് എനിക്കു ലഭിക്കുന്നത്. ദൈവമേ ഞാനങ്ങയോട് വളരെ കൂടുതലൊന്നും ചോദിക്കുന്നില്ല. അതുകൊണ്ട് എത്രയും പ്രിയപ്പെട്ട എന്റെ ദൈവമേ....ഓരോ ടി.വിക്കും കിട്ടുന്ന പരിഗണന എനിക്കും അനുഭവപ്പെടുത്തുമാറാകണേ...''വായിച്ചു തീര്‍ത്ത് ഉപന്യാസം കൈമാറിക്കൊണ്ട് ഭര്‍ത്താവ് ടീച്ചറോട് പറഞ്ഞു.''ഹോ! എന്തൊരു പാവം കുട്ടി. എത്ര ഭീകരരായിരിക്കും അവന്റെ അച്ഛനമ്മമാര്‍''. വിഷമം ഉള്ളിലൊതുക്കാന്‍ ശ്രമിച്ചുകൊണ്ട് അവര്‍ പറഞ്ഞു.''അതേയതേ....ഈ ഉപന്യാസമെഴുതിയത് മറ്റാരുമല്ല.......നമ്മുടെ മോന്‍ തന്നെയാണ്''.ഓരോ മനുഷ്യനും ജീവിക്കുന്നത് സ്വന്തമായ സംരക്ഷണം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ് എന്ന് പറഞ്ഞത് ടോള്‍സ്റ്റോയിയാണ്. വിത്തുകള്‍ മണ്ണിനടിയില്‍ കിടന്നാലും മുളച്ചുവരും. എന്നാല്‍ മനുഷ്യസിദ്ധികള്‍ പുറത്തുകൊണ്ടുവരാതെ പുഷ്പിക്കില്ല എന്ന കാഴ്ചപ്പാട് ബേക്കണും അവതരിപ്പിച്ചിട്ടുണ്ട്. ഉള്ളുരുകുന്ന ജീവിതമൂല്യങ്ങളെ പുറംകാഴ്ചകള്‍ക്കായി പണയപ്പെടുത്തുന്നവരുടെ ശ്രദ്ധയ്ക്ക് ഹെലന്‍ കെല്ലര്‍ ചില അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ധയായിരുന്നിട്ടും അവരുടെ ഉള്‍ക്കാഴ്ചയുള്ള നിലപാടുകള്‍ ഇങ്ങനെയായിരുന്നു.

നമ്മുടെ സ്വന്തം കഷ്ടപ്പാടുകളെപ്പറ്റി അതിശയോക്തിപരമായ അഭിപ്രായം പുലര്‍ത്തുമ്പോഴാണ് ആവശ്യമില്ലാത്ത കഷ്ടപ്പാടുകള്‍ നാം ക്ഷണിച്ചുവരുത്തുന്നത്. നശ്വര ജീവികളായ മനുഷ്യരെയാകെ സംസ്‌കരിച്ചെടുക്കുന്ന ശിക്ഷണായുധത്തില്‍നിന്ന് നമ്മെ മാത്രം ഒഴിവാക്കേണ്ട ആവശ്യമെന്താണ്? നമ്മെക്കാള്‍ കൂടുതല്‍ ഭാഗ്യവാന്മാരായവരുടെ സ്ഥിതിയോടു ഒത്തുനോക്കുന്നതിനുപകരം ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ സ്ഥിതിയോട് താരതമ്യപ്പെടുത്തി നോക്കുകയാണ് വേണ്ടത്. നമ്മളും മാന്യമായ സ്ഥാനത്താണെന്ന് അപ്പോള്‍ മനസ്സിലാകും. നിങ്ങളുടെ കുറവുകള്‍ സ്വയം സമ്മതിച്ച് അവയെ നേരിടും. അവ നിങ്ങളെ അടിമപ്പെടുത്താന്‍ അനുവദിക്കരുത്. ശാന്തതയും ഉള്‍ക്കാഴ്ചയും മാധുര്യവും അവ നിങ്ങളെ പഠിപ്പിക്കട്ടെ. ബുദ്ധിയും സൗന്ദര്യവും നന്മയും കോര്‍ത്തിണക്കിയിട്ടുള്ളതാണ് ശരിയായ വിദ്യാഭ്യാസം.

അവയില്‍ ഏറ്റവും മഹത്തായതാണ് നന്മ. നമുക്ക് കഴിയുന്നിടത്തോളം ശ്രേഷ്ഠമായവിധം കര്‍മങ്ങള്‍ നിര്‍വഹിക്കുക. അത് നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും എന്ത് അത്ഭുതമാണ് വരുത്തുന്നതെന്നത് നമ്മുടെ ഊഹങ്ങള്‍ക്കുമപ്പുറമാണ്.

നിരാശകൊണ്ട് പൊറുതികെട്ട് നാം സ്വയം ചോദിക്കാറുണ്ട് ''എന്തിനാണ് നമ്മുടെ മാര്‍ഗത്തില്‍ ഭയങ്കരമായ തടസ്സങ്ങളുണ്ടാവുന്നത്?'' പ്രതികൂലമായ കാറ്റുകളോടും പ്രക്ഷുബ്ധമായ കടലുകളോടും എപ്പോഴും പോരാടാന്‍ നിര്‍ബന്ധിതരാകാതെ നമ്മുടെ കപ്പലിന് സുഖമായി യാത്രചെയ്യാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് പലപ്പോഴും നമുക്ക് വിസ്മയിക്കാതെ വയ്യ. അലസമായി ഒതുങ്ങിയിരുന്നുകൊണ്ട് സ്വഭാവ സംസ്‌കരണം സാധ്യമല്ലെന്നതാണ് അതിന് കാരണമെന്ന് സംശയമില്ല. പരീക്ഷകളും കഷ്ടപ്പാടുകളും അനുഭവിച്ചാല്‍ മാത്രമേ ആത്മാവിന് ശക്തിയും കാഴ്ചയും വെളിച്ചവും ഉന്നമനാശയ്ക്കു ഉത്തേജനവും വിജയവും ലഭിക്കൂ. കഷ്ടപ്പാടുകളും എതിര്‍പ്പുകളും കണ്ട് പിന്തിരിയാതിരുന്ന മഹത്തുക്കളാണ് വിജയിക്കുന്നത്. മാര്‍ഗതടസ്സങ്ങള്‍ അവരില്‍ ഒളിഞ്ഞുകിടന്ന ശക്തികളെയും മനഃസ്ഥൈര്യത്തെയും ഉണര്‍ത്തിവിടുകയും സാമാന്യനിലയ്ക്ക് അവര്‍ ഒരിക്കലും ആശിക്കാനിടയില്ലാത്ത ഉന്നത ലക്ഷ്യത്തിലേക്ക് അവരെ എത്തിക്കുകയുമായിരുന്നു. കാര്യങ്ങള്‍ മാറിയില്ലെങ്കിലും നമ്മളാണ് മാറേണ്ടതെന്ന വസ്തുതയാണ് ഹെലന്‍കെല്ലറുടെ ഈ വാക്കുകള്‍ പകരുന്നത്.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education