മോഷണം ഒരു കലയാണോ...?

എ.കെ. മനോജ്കുമാര്‍

13 Oct 2012

നമുക്ക് ചിലപ്പോള്‍ ശൂന്യസ്ഥലങ്ങളെ രൂപപ്പെടുത്തേണ്ടിവരും.

കളിമണ്ണ് കണ്ടെത്തി കുഴച്ച് പാകപ്പെടുത്തി ചക്രം തിരിച്ച് രൂപം കൊടുത്ത് പാകത്തില്‍ ചുട്ടെടുത്താണ് ഒരു കുടുമുണ്ടാക്കുന്നത്. പക്ഷേ ആ പ്രയത്‌നങ്ങളൊക്കെയും ആ കുടത്തിനുള്ളിലെ നമുക്ക് വേണ്ടത് വഹിക്കേണ്ട ശൂന്യസ്ഥലത്തിനുവേണ്ടി മാത്രമാണ്.

പലപ്പോഴും ജീവിതം അനുകരണത്തിന്റെ കലയാണ്. അനുകരിക്കുന്നതോടൊപ്പം അത് ജീവിതത്തോട് ചേര്‍ന്നുനിന്ന് മൗലികമായിത്തീരുമ്പോഴാണ് അതിനുള്ളിലെ അന്തഃസത്ത പ്രയോജനകരമാവുന്നത്. പക്ഷേ മനുഷ്യര്‍ മിക്കപ്പോഴും അനുകരണത്തെ വാഴ്ത്തുകയും മൗലികമായതിനെ അവഗണിക്കുകയും ചെയ്യുകയാണ് പതിവ് എന്ന് ഈസോപ്പ് സൂചിപ്പിച്ചിട്ടുണ്ട്. യഥാര്‍ഥ കലാകാരന് ഒരിക്കലും അനുകരിക്കാനാവില്ല. അതിനാല്‍ അനുകരിച്ചാല്‍ മതി അത് ആ വ്യക്തിക്ക് മൗലികമാക്കാന്‍ എന്ന് ഴാങ് കോക്‌തോ പറയുന്നു.

സഹവാഹസവും സത്‌സംഗവും കൊണ്ട് നമുക്ക് മെച്ചപ്പെട്ട ജീവിതശൈലി പിന്തുടരാവുന്നതേയുള്ളൂ.
'സഹ ജന്മാതി ദുഷ്ടത്വം
ഹീയ ആസത്പദശ്രായത
മുനി നാ മാശ്രമേ സിംഹാഅപി ഗാവ ഇവാനഘാ' എന്ന സംസ്‌കൃത ശ്ലോകം ഇങ്ങനെ വ്യക്തമാക്കുന്നു. 'ദുഷ്ടവാസനകള്‍ സഹജമായിരുന്നാല്‍പോലും മഹനീയ സാന്നിധ്യം നിരന്തരം ലഭിച്ചാല്‍ താനേ മാഞ്ഞുപോകും, ഋഷീശ്വരന്‍മാരുടെ ആശ്രമ കവാടങ്ങളില്‍ രാജസഗുണം മൂര്‍ത്തിയെടുത്ത സിംഹങ്ങള്‍ പോലും സാത്വിക പ്രകൃതികളായി പവിത്രാത്മാക്കളായി മാറുന്നു'.

പക്ഷേ ഒരു വ്യക്തിയെയോ സംഭവത്തെയോ മാതൃകയാക്കുന്നത് അന്ധപരമ്പരാന്യായം പോലെയാകരുത്. അന്ധന്‍മാര്‍ അന്ധന്മാരെ നയിച്ചാലുണ്ടാകുന്ന അപകടമാണ് ഈ ന്യായത്തില്‍ പരാമര്‍ശിക്കുന്നത്. മുന്‍പേ പോകുന്ന അന്ധന്‍ കുഴിയില്‍ വീണാല്‍ അയാളെ തൊട്ടുകൊണ്ട് പിറകെ ചെല്ലുന്ന അന്ധനും കുഴിയില്‍ വീഴും. അന്ധമായ അനുകരണ ശീലം ആപത്തു ക്ഷണിച്ചുവരുത്തുമെന്നാണ് അന്ധപരമ്പരാന്യായം നല്‍കുന്ന സൂചന.

ഇത്തരം അപകടങ്ങള്‍ മുന്നില്‍ കണ്ടാവാം മഹത്തായ 'സെന്‍' ദര്‍ശനത്തിലെ ചില പരാമര്‍ശങ്ങള്‍ ഇങ്ങിനെയാണ്

'ആരെയും അനുകരിക്കാതിരിക്കുക. സ്വയം അന്വേഷിക്കുക. മഹത്‌വചനങ്ങള്‍ക്കോ ഉപദേശങ്ങള്‍ക്കോ പ്രസക്തിയില്ല. മറ്റൊരാള്‍ കണ്ടെത്തിയത് നിങ്ങള്‍ക്ക് പ്രയോജനപ്പെടണമെന്നില്ല. ഏതു ജീവിതാനുഭവത്തെയും സ്വയം നിരീക്ഷിക്കാനുള്ള അവസരമാക്കി മാറ്റിയെടുക്കാം. നിങ്ങള്‍ക്കു തുല്യനായി ഈ ഭൂമിയില്‍ മറ്റൊരു മനുഷ്യജീവിയുമില്ലെന്നറിയുക. ഒറ്റപ്പെട്ട വ്യക്തിത്വം പുലര്‍ത്തുകയും ഒറ്റപ്പെടാതിരിക്കുകയും ചെയ്യുക'

നല്ലകാര്യങ്ങള്‍ പാടേ നിരാകരിക്കണമെന്ന തെറ്റായ കാഴ്ചപ്പാടാണ് ഇപ്പറഞ്ഞതെന്ന് കരുതരുത്. ഓരോ വ്യക്തിയും നന്നാവുമ്പോഴാണ് സമൂഹം ഒന്നാകെ നന്നാവുന്നത്. അതുകൊണ്ട് അവനവനിലെ നന്മകളിലൂടെ മുന്നേറാനും മറ്റുള്ളവര്‍ക്ക് അനുകരണ മാതൃകയാവാനും സ്വയം തയാറെടുക്കാനാണ് പല ദര്‍ശനങ്ങളും ആഹ്വാനം ചെയ്യുന്നത്. എല്ലാ ഉത്തരവാദിത്വങ്ങളും സ്വന്തം ചുമലിലേല്‍ക്കുക. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ സൃഷ്ടാവ് എന്നറിയുക എന്ന് സ്വാമി വിവേകാനന്ദന്‍ നിര്‍ദേശിക്കന്നു

സെന്‍ കാഴ്ചപ്പാട് തുടരുന്നത് ഇങ്ങനെയാണ്: നിങ്ങള്‍ക്ക് ഏറ്റവും വലിയ യുദ്ധം ചെയ്യേണ്ടത് നിങ്ങളോടാണ്. ഒഴിവാക്കാനാവാത്ത ഒരു വേദനപോലും പ്രപഞ്ചത്തിലില്ല. യാതൊരുപയോഗവുമില്ലാത്ത കുറ്റബോധം, നൈരാശ്യം, ഭയം എന്നീ വികാരങ്ങള്‍ പാടേ വെടിയുക. സ്വയം അറിഞ്ഞ ഒരാള്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടാവുകയില്ല. ബാഹ്യജീവിതത്തിലെ സുഖം നഷ്ടപ്പെടുന്തോറും ആന്തരിക ജീവിതത്തിലെ സുഖം കൂടുന്നു. ഓരോ ദിവസവും അന്നന്നത്തെ പ്രവൃത്തികള്‍ വിലയിരുത്തുക. എല്ലാം മനസ്സിലാക്കുകയും ഒന്നിനോടും താദാത്മ്യപ്പെടാതിരിക്കുകയും ചെയ്യുക.

രണ്ട് വ്യക്തികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അവരില്‍ സ്വയം അറിഞ്ഞയാള്‍ അപരനേക്കാള്‍ നന്നായി പെരുമാറുന്നു. സ്വയം സഹായിക്കാതെ മറ്റൊരാളെ സഹായിക്കാനോ സ്വയം സന്തോഷിക്കാതെ മറ്റൊരാളെ സന്തോഷിപ്പിക്കാനോ ആവില്ല. മറ്റൊരാളില്‍ നന്മ കണ്ടെത്തണമെങ്കില്‍ ആ നന്മ നമ്മളില്‍ നേരത്തെ ഉണ്ടായിരിക്കണം. മറ്റൊരാളെപ്പോലെ ജീവിക്കണമെന്ന് താല്പര്യം കാട്ടാതിരിക്കുക. ഒരു പൂവിരിഞ്ഞ്, സുഗന്ധം പരത്തി, കാഴ്ചയ്ക്കിമ്പം പകര്‍ന്ന് ഫലം ശേഷിപ്പിച്ച് വാടിക്കൊഴിയുമ്പോലെ സ്വജീവിതം നോക്കിക്കാണുക.

ഇനി അനുകരണത്തിന്റെ ആഹ്ലാദവും അപകടവും വ്യക്തമാക്കുന്ന ഒരു കഥ.

മഹത്തായ കലാസ്വാദകനായ ഒരു രാജാവിനു സമീപം ഒരു ചിത്രകാരനെത്തി. കൊട്ടാരച്ചുമരില്‍ അത്യപൂര്‍വമായ ഒരു ചിത്രം വരയ്ക്കാനനുവദിക്കണമെന്ന അയാളുടെ അപേക്ഷ രാജാവ് പരിഗണിച്ചു. പിന്നാലെ മറ്റൊരു യുവാവുമെത്തി. അയാളുടെ ഉദ്ദേശ്യമാരാഞ്ഞ രാജാവിനോടയാള്‍ പറഞ്ഞു. പ്രഭോ ആ ചിത്രകാരന്‍ വരയ്ക്കുന്നതിനഭിമുഖമായ ചുമരില്‍ എന്നെയും ചിത്രം വരയ്ക്കാനനുവദിച്ചാലും. അദ്ദേഹം എന്താണോ ആ ചുമരില്‍ ചെയ്യുന്നത് അത് അതേപടി ഞാന്‍ ഈ ചുമരിലും ചിത്രീകരിക്കാം. അതാകട്ടെ ആദ്യചിത്രം കാണാതെ തന്നെ ചെയ്യുകയുമാകാം.

അപേക്ഷ സ്വീകരിക്കപ്പെട്ടു. രണ്ടു ചിത്രകാരന്മാര്‍ക്കും പരസ്​പരം കാണാനാകാത്ത വിധം ഇരുചുമരുകള്‍ക്കിടയില്‍ ഒരു ഇരുമ്പുമറ തന്നെ സ്ഥാപിച്ചു. ആദ്യ ചിത്രകാരന് പെയിന്റ്, വെള്ളം, എണ്ണ എന്നിവയൊക്കെ ആവശ്യാനുസരണം നല്‍കി. രണ്ടാമനാകട്ടെ ഒരല്പം തുണിയും ഒരു ഉളിയും ഒരു ബക്കറ്റ് വെള്ളവുമാണ് നിരന്തരം ഉപയോഗിച്ചത്.

ഒരു മാസത്തിനുശേഷം ആദ്യ ചിത്രകാരന്‍ തന്റെ സൃഷ്ടി പൂര്‍ത്തിയായതായി അറിയിച്ചു. രണ്ടാമത്തെ ചിത്രകാരനെ വിളിപ്പിച്ച് താന്‍ ആദ്യ ചിത്രകാരന്റെ സൃഷ്ടി വിലയിരുത്താനെത്തുകയാണെന്നും അയാളുടെ ചിത്രരചന എവിടെവരെയെത്തിയെന്നും രാജാവ് തിരക്കി. താനും രചന പൂര്‍ണമാക്കിയതായി രണ്ടാം ചിത്രകാരന്‍ പറഞ്ഞു.

ആദ്യ ചിത്രത്തിന്റെ അപൂര്‍വ ദൃശ്യചാരുതയില്‍ രാജാവിന്റെ മനം മയങ്ങി. വന്‍ തുക പാരിതോഷികമായി നല്‍കി. തുടര്‍ന്ന് ഇരുമ്പുമറ മാറ്റാന്‍ രാജാവ് നിര്‍ദേശിച്ചു. അത്യത്ഭുതം! എങ്കിലും വാസ്തവം. ആദ്യ ചുമരിലെ ഓരോ വരകളും ഓരോ നേരിയ വിശദാംശവുംവരെ അപ്പുറത്തെ ചുമരിലും അതേപടി രേഖപ്പെടുത്തിയിരുന്നു.

ഇതെങ്ങനെ സാധിച്ചുവെന്ന കൗതുകത്തോടെ രാജാവ് ആ യുവാവിന് ഇരട്ടി പ്രതിഫലം നല്‍കി. ഒടുവില്‍ അയാള്‍ ആ രഹസ്യം ഇങ്ങനെ വെളിപ്പെടുത്തി. ''അത് വളരെ എളുപ്പമായിരുന്നു. പ്രഭോ, അപ്പുറത്തെ പരുക്കന്‍ പ്രതലത്തില്‍ ചിത്രം വര പുരോഗമിക്കുമ്പോള്‍ ഈ വെള്ള മാര്‍ബിളിന്റെ പ്രതലം ഞാന്‍ കണ്ണാടിക്ക് സമം പോളീഷ്‌ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ ചിത്രംവര പൂര്‍ത്തിയായപ്പോഴേക്കും ഇവിടെ അത് അതേപടി പ്രതിഫലിക്കാവുന്ന വിധത്തില്‍ ഞാന്‍ മാറ്റിയെടുത്തിരുന്നു''.

പരുക്കന്‍ മൗലികതയെക്കാള്‍ തിളങ്ങുന്ന അനുകരണം ശ്രേഷ്ഠമാകണമെന്നല്ല ഇതിനര്‍ഥം. ചാരിയാല്‍ ചാരിയത് നാറുമെന്ന് പറയാറുണ്ട്. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുമെന്നും.

ഈ കഥയുടെ ഗുണപാഠമിതാണ്. നിങ്ങള്‍ ജീവിതം സ്വയം ഉരച്ചുമിനുക്കിക്കൊണ്ടേയിരിക്കുക. മാര്‍ഗതടസ്സങ്ങളും വൈഷമ്യങ്ങളും ഒപ്പമുണ്ടാകാം. അതിനുള്ള ചെലവ് ഉളിയുരക്കുന്ന വേദനയും ഒരിറ്റു വെള്ളവുംപോലെ അത്ര കൂടുതലൊന്നുമാവില്ല. ഓരോ ദുരനുഭവവും കടന്ന് നിങ്ങള്‍ മിന്നിത്തിളങ്ങുമ്പോള്‍ ഈ ലോകവും നിങ്ങളില്‍ പ്രതിഫലിക്കും. നിങ്ങളെന്തായിത്തീരുമോ അതില്‍ ഈ പ്രപഞ്ചത്തിന്റെയും കൈയൊപ്പുണ്ടാവും. നിങ്ങള്‍ സന്തുഷ്ടനാണെങ്കില്‍....ഈ ലോകവും ആഹ്ലാദം നിറഞ്ഞതായി നിങ്ങള്‍ക്കനുഭവപ്പെടും. നിങ്ങള്‍ നിരാശനും അസുയവാനും കോപാകുലനും അസ്വസ്ഥനുമാണെങ്കില്‍ ഈ ലോകത്തിലും നിങ്ങള്‍ക്ക് അതൊക്കെയേ കാണാനാവൂ.

അനുകരണത്തിന്റെ ഗുണദോഷ വിവേചനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പകരുന്ന ഒരു പൗരാണിക സന്ദര്‍ഭംകൂടി.

ലവകുശന്മാരുടെ സതീര്‍ഥ്യയായ ആത്രേയി അവരുടെ പഠനസാമര്‍ഥ്യത്തെക്കുറിച്ച് പറയുന്നത് ഉത്തരരാമചരിതത്തില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തുന്നത്.

ബുദ്ധിമാനും ബുദ്ധി കുറഞ്ഞവനും ഗുരു ഒരുപോലെ അറിവ് പറഞ്ഞുകൊടുക്കുന്നു. ആരുടെയും ഗ്രഹണശക്തി വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. ബുദ്ധിമാന്‍ അത് ശരിയായി സ്വീകരിക്കുന്നു. ബുദ്ധി കുറഞ്ഞവന് അത് അത്രയ്ക്ക് സാധിക്കുന്നില്ല. നല്ല രത്‌നത്തില്‍ ഏത് രൂപവും പ്രതിഫലിക്കും. മണ്‍കട്ടയില്‍ പ്രതിഫലിക്കുകയുമില്ല. അതുതന്നെയാണ് വ്യത്യാസവും. അതുകൊണ്ട് അനുകരിക്കാനല്ല അനുകരണീയനായിത്തീരാനാണ് ശ്രമിക്കേണ്ടത്. താഴേക്കുമാത്രം നോക്കി നടക്കുന്നവര്‍ മഴവില്ലിന്റെ വര്‍ണ മനോഹാരിത എങ്ങിനെയാണ് കാണുക?.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education