ഭൂതദയ

കെ.പി.കേശവമേനോന്‍

12 Oct 2012

വന്നിരുന്നു വാതില്‍ക്കലരിപ്രാക്കള്‍
വല്ലതും തരികെന്നു പുലമ്പവേ
കാലമായോ നമുക്കെന്നു പൂച്ചയെന്‍
കാല്‍ക്കല്‍ വീണുരുണ്ടസ്ഫുടം കെഞ്ചവേ
മുന്നമെന്നുമറിയാത്തൊരന്‍പിനാല്‍
ക്കണ്ണുകളെനിക്കെന്തേ നനയുവാന്‍?

മനുഷ്യരോട് മാത്രമല്ല ജന്തുക്കളോടും ദയയും ദാക്ഷിണ്യവും ഉണ്ടായിരിക്കണം. നമ്മെപ്പോലെത്തന്നെ വിശപ്പും വേദനയും സന്താനവാത്സല്യവും കൂട്ടുകാരോടു സ്‌നേഹവും അവയ്ക്കുമുണ്ട്. മനുഷ്യന്റെ വികാരങ്ങളും ചേഷ്ടകളും ഏറെക്കുറെ വ്യത്യാസത്തോടെ ജന്തുക്കളിലും കാണാം. സ്‌നേഹം, സ്വാമിഭക്തി, നന്ദി, കൃത്യനിഷ്ഠ, ത്യാഗശീലം ഈ ഗുണങ്ങളെല്ലാം ചില ജന്തുക്കളില്‍ കാണാറുണ്ട്. കുറേക്കാലം പിരിഞ്ഞിരുന്ന യജമാനനെ കാണുമ്പോള്‍ നായയുടെ സ്‌നേഹപ്രകടനം നിങ്ങള്‍ സൂക്ഷിച്ചിട്ടില്ലേ? എന്തൊരു സന്തോഷത്തോടുകൂടിയാണ് അതപ്പോള്‍ യജമാനനെ സമീപിക്കുന്നത്? കുരങ്ങിന്നും ഈ സ്വഭാവമുണ്ട്. അതിനെ പോറ്റുന്ന ആളോട് കുരങ്ങിനുള്ള സ്‌നേഹം കണ്ടറിയാവുന്നതാണ്. ചില ജന്തുക്കള്‍ മനുഷ്യരേക്കാള്‍ നന്ദിയും വിവേകവും ഉള്ളവയാണെന്നു പറയപ്പെടുന്നു.

അമേരിക്കയില്‍ കോണ്‍കോര്‍ഡ് എന്ന സ്ഥലത്ത് നൂറ്റമ്പതു കൊല്ലം മുമ്പ് പാര്‍ത്തിരുന്ന തത്ത്വചിന്തകനായ തോറോവിനെപ്പറ്റി നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കാം. ജന്തുക്കളോട് അദ്ദേഹത്തിനുണ്ടായിരുന്ന ദയ അളവറ്റതായിരുന്നു. അദ്ദേഹം പാര്‍ത്തിരുന്ന സ്ഥലത്തിന്റെ സമീപം ഒരു കാടുണ്ട്. അതിനുള്ളില്‍ വലിയൊരു തടാകവും. ആ തടാകത്തിന്റെ വക്കത്ത് തോറോ ഒരു കുടില്‍ പണിചെയ്യുവാന്‍ തുടങ്ങി. അണ്ണാനും പക്ഷികളും അവിടെ ധാരാളമുണ്ടായിരുന്നു. അവയുടെ സ്‌നേഹവും വിശ്വാസവും സമ്പാദിക്കുവാനായിരുന്നു തോറോവിന്റെ ആദ്യത്തെ ശ്രമം. പാറപ്പുറത്തോ വീണുകിടക്കുന്ന മരത്തിന്മേലോ അദ്ദേഹം ഇളകാതെ കിടക്കും. അണ്ണാനും പക്ഷികളും അടുത്തുവന്ന് അദ്ദേഹത്തിന്റെ ശരീരത്തില്‍ കയറി കളിക്കും. എന്നാലും തോറോ അനങ്ങാതെ കിടക്കും. തങ്ങളെ ഉപദ്രവിക്കാത്ത ഒരു മനുഷ്യനാണ് അവിടെ കിടക്കുന്നതെന്നു കാട്ടിലെ ജന്തുക്കള്‍ അറിഞ്ഞതോടെ ദിവസന്തോറും അധികമധികം ജന്തുക്കളും പക്ഷികളും തോറാവിനെ സമീപിച്ചുകൊണ്ടിരുന്നു. അങ്ങനെ തോറാവും ജന്തുക്കളുമായി വിവരിക്കുവാന്‍ പ്രയാസമായ സൗഹാര്‍ദ്ദം വളര്‍ന്നു. തോറോ വിളിച്ചാല്‍ അവ ഉടനെ അടുത്തെത്തും. അദ്ദേഹത്തെ വിട്ടുപിരിയുവാന്‍ അവ ഇഷ്ടപ്പെട്ടില്ല. പാമ്പുകള്‍ കൂടി തോറോവിന്റെ കാലിന്മേല്‍ ചുറ്റിക്കിടക്കുമത്രേ. തടാകത്തിലെ മത്സ്യങ്ങള്‍ക്കും തോറോവിന്റെ ഭൂതദയ അറിയാം. അവയെ വാത്സല്യത്തോടെ തോറോ വെള്ളത്തില്‍നിന്ന് എടുത്തു പൊക്കുമ്പോള്‍ അവ അദ്ദേഹത്തിന്റെ കൈയില്‍ ഇളകാതെ കിടക്കും. തോറോ കുടില്‍ പണിചെയ്തു അവിടെ പാര്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ പക്ഷികളും ജന്തുക്കളുമായുള്ള സൗഹാര്‍ദബന്ധത്തിനു ബലംകൂടി. അങ്ങനെ രണ്ടുകൊല്ലം അദ്ദേഹമവിടെ പാര്‍ത്തു. അതു രസകരമായ ഒരത്ഭുതകഥയാണ്.

കൃത്രിമമായുണ്ടാക്കിയ ഒരു ചെറിയ പൊയ്കയില്‍ താന്‍ വളര്‍ത്തിവന്ന മത്സ്യങ്ങളെ (ഗോള്‍ഡ് ഫിഷ്)പ്പറ്റി കൗതുകകരമായ കഥ ഒരു മാന്യന്‍ പറഞ്ഞതോര്‍ക്കുന്നു. ദിവസേന കൃത്യസമയത്ത് ചെറിയ അപ്പക്കഷണങ്ങള്‍ ആ മീനുകള്‍ക്കിട്ടുകൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അങ്ങനെയാണ് മത്സ്യങ്ങളുടെ സ്‌നേഹം സമ്പാദിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ആ സ്‌നേഹം ക്രമേണ വര്‍ദ്ധിച്ചു. അദ്ദേഹത്തിന്റെ നിഴല്‍ വെള്ളത്തില്‍ കാണുമ്പോഴേക്ക് മത്സ്യങ്ങള്‍ കൂട്ടമായി മുകളിലേക്കു വന്നുതുടങ്ങി. അജ്ഞാതമായ ഏതോ വിധത്തില്‍ നമ്മുടെ ഉള്ളിലെ അനുകമ്പ ജന്തുക്കളെ എങ്ങിനെ ആകര്‍ഷിക്കുന്നു എന്നുള്ളതിനു നല്ലൊരുദാഹരണമാണിത്.

മഹാരാഷ്ട്രത്തില്‍ ജീവിച്ചിരുന്ന തുക്കാറാം എന്ന പുണ്യവാനെപ്പറ്റി നിങ്ങള്‍ കേട്ടിരിക്കാം. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ പക്ഷികളും ജന്തുക്കളും പ്രദര്‍ശിപ്പിച്ചുവന്ന ആഹ്ലാദം ആ പുണ്യവാന്റെ അളവറ്റ ജീവകാരുണ്യം വെളിപ്പെടുത്തിയിരുന്നു. പക്ഷികള്‍ അദ്ദേഹത്തിന്റെ മേലും തലയിലും കയറി ഇരിക്കുന്നതും ജന്തുക്കള്‍ മടിയില്‍ കയറി കളിക്കുന്നതും കണ്ടവര്‍ക്കുമാത്രമേ വിശ്വസിക്കുവാന്‍ കഴിയുകയുള്ളൂ.

നമ്മുടെ അനുകമ്പ അറിയുവാനുള്ള ശക്തി ഏറെക്കുറെ വ്യത്യാസത്തോടെ എല്ലാ ജന്തുക്കളിലും ഉണ്ട്.
ക്രൂരതയ്ക്കു പ്രസിദ്ധി നേടിയ ജന്തുക്കള്‍കൂടി അവയെ സ്‌നേഹിക്കുന്ന മനുഷ്യരോട് കാണിക്കുന്ന നന്ദി നമ്മെ അത്ഭുതപ്പെടുത്താതിരിക്കയില്ല. മനുഷ്യനും മൃഗവും തമ്മില്‍ ഉണ്ടാകാവുന്ന സ്‌നേഹത്തിന്റെ ഒരു നല്ല ഉദാഹരണമാണ് കെനിയയില്‍ നടന്ന ഒരു സംഭവം. കെനിയ കിഴക്കെ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ധാരാളം കാടുകള്‍ അവിടെയുണ്ട്. വനസംരക്ഷണത്തിന്നായി ചില പ്രത്യേക ഉദ്യോഗസ്ഥന്മാരേയും അവിടെ നിശ്ചയിക്കാറുണ്ട്. അങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനാണ് ആഡംസണ്‍. ഒരു ദിവസം കാട്ടില്‍ക്കൂടി പോകുമ്പോള്‍ ഒരു സിംഹം ആഡംസനെ നേരിട്ടു. സ്വരക്ഷയ്ക്കായി ആഡംസണ്‍ കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ട് ആ സിംഹത്തെ വെടിവെച്ചുകൊന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ അതിന്റെ മൂന്നു കുട്ടികളെ കണ്ടു. ആഡംസണ്‍ ആ മൂന്നു കുട്ടികളേയും വീട്ടിലേക്കു എടുത്തുകൊണ്ടുവന്നു. അവയില്‍ രണ്ടെണ്ണത്തിനെ കുറേ ദിവസം കഴിഞ്ഞതിനുശേഷം ഒരു മൃഗശാലയ്ക്കു സമ്മാനിച്ചു. മൂന്നാമത്തേത് ഒരു പെണ്‍സിംഹമായിരുന്നു. അതിന് എല്‍സ എന്നു പേരിട്ടു. തന്റെ കുട്ടികളുടെ കൂട്ടത്തില്‍ ആഡംസണ്‍ എല്‍സയേയും വളര്‍ത്തിവന്നു. കളിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും കിടക്കുന്നതിലും എല്ലാറ്റിലും എല്‍സയും ആഡംസന്റെ കുട്ടികളെപ്പോലെതന്നെയായിരുന്നു. ചിലപ്പോള്‍ ആഡംസനോടൊന്നിച്ചു വണ്ടിയില്‍ കയറി സവാരി ചെയ്യും. പലപ്പോഴും അയാളൊന്നിച്ചു കാട്ടില്‍ നടക്കുവാന്‍ പോകും. എല്‍സയെ കെട്ടിയിടുക പതിവുണ്ടായിരുന്നില്ല. രാവും പകലും ഇഷ്ടപ്രകാരം നടക്കും. രാത്രിയില്‍ എല്‍സ പുറത്തേക്കു പോകും. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു. എല്‍സ വലുതായി. സമീപത്തുള്ള കാടുകളില്‍ എത്രയെങ്കിലും ആണ്‍സിംഹങ്ങളുണ്ടായിരുന്നു. എല്‍സയെ അവ ആകര്‍ഷിച്ചു. എല്‍സ രാത്രിയില്‍ പലപ്പോഴും ആണ്‍സിംഹങ്ങളുമായി കാട്ടില്‍ കഴിച്ചുകൂട്ടി കാലത്ത് ആഡംസന്റെ വീട്ടിലേക്ക് മടങ്ങും. കുറെ കഴിഞ്ഞപ്പോള്‍ എല്‍സയുടെ വാസം അധികവും കാട്ടിലായി. താമസിയാതെ എല്‍സ ഒരമ്മയുമായി. എങ്കിലും തന്റെ 'പോറ്റച്ഛ'നെ എല്‍സ മറന്നില്ല. ആഡംസണ്‍ വനത്തില്‍ തനിക്കു പാര്‍ക്കുവാനുള്ള സ്ഥലത്തെത്തിയാല്‍ വെടിവെച്ചോ വാണം തൊടുത്തു വിട്ടിട്ടോ താന്‍ വന്ന വിവരം അറിയിക്കും. അതു കേട്ടാല്‍ എല്‍സ അവിടേക്ക് ഓടിയെത്തും. അങ്ങനെ ഇടയ്ക്കിടെ ആഡംസന്റെ കൂടെ വീട്ടില്‍ വന്നു പാര്‍ക്കും. പിന്നെ തിരിച്ചുപോകും - കല്യാണം കഴിച്ചുപോയ പെണ്‍മക്കള്‍ പിതൃഗൃഹത്തില്‍ പോയി പാര്‍ക്കുന്നതുപോലെ. സാധാരണക്കാര്‍ക്കു വിശ്വസിക്കുവാന്‍ പ്രയാസമായ ഒരപൂര്‍വ്വ ബന്ധമാണിത്. എന്നാല്‍ അതിനെക്കുറിച്ചു ആഡംസന്റെ ഭാര്യ എഴുതിയ രസകരമായ ഒരു ഗ്രന്ഥവും അതിലെ ചിത്രങ്ങളും ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്നു തെളിയിക്കുന്നുണ്ട്.

ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത് നമ്മുടെ ഉള്ളഴിഞ്ഞ സ്‌നേഹം ജന്തുക്കള്‍ക്ക് അറിയുവാന്‍ കഴിയുമെന്നും അതേ പ്രകാരം നമ്മെ ഇങ്ങോട്ട് അവ സ്‌നേഹിക്കുമെന്നുമാണ്.

ജന്തുക്കളോട് ക്രൂരത കാണിക്കുവാനുള്ള വാസന ചില കുട്ടികളില്‍ കാണാം. നായയെയോ പൂച്ചയെയോ കണ്ടാല്‍ കല്ലെടുത്തെറിയുന്നതും പശുവിനെയോ പോത്തിനെയോ ആവശ്യമില്ലാതെ അടിക്കുന്നതും അവര്‍ക്കൊരു വിനോദമാണ്. കാലികള്‍ ഓടിപ്പോകാതിരിക്കാനായി കഴുത്തിലും മുന്‍കാലിലുംകൂടി കയര്‍ കെട്ടുന്നതും വലിയ മുട്ടികള്‍ കഴുത്തില്‍ കെട്ടിത്തൂക്കുന്നതും ഇപ്പോഴും കാണാം. അത്തരം ക്രൂരപ്രവൃത്തികള്‍ കാണുമ്പോള്‍ അവ നിര്‍ത്തല്‍ ചെയ്യുന്നതില്‍ നിങ്ങള്‍ മുന്‍നിന്നു പ്രവര്‍ത്തിക്കണം.

ലണ്ടനിലെ തെംസ് നദിക്കടുത്ത് വളരെക്കാലം മുമ്പു പാര്‍ത്തിരുന്ന ഒരു സ്ത്രീയുടെ ഭൂതദയയെപ്പറ്റി ഉള്ളില്‍ തട്ടുന്ന ഒരു കഥ കേട്ടിട്ടുണ്ട്. മോട്ടോര്‍കാര്‍ അധികമില്ലാത്ത കാലമായിരുന്നു അത്. സവാരിക്കും സാമാനങ്ങള്‍ കൊണ്ടുപോകുന്നതിനും കുതിരവണ്ടികളാണ് ഉപയോഗിച്ചിരുന്നത്. മഴയും മഞ്ഞും ഉള്ള സമയത്ത് കുതിരകള്‍ റോഡില്‍ വഴുതി വീഴുന്നത് സാധാരണയായിരുന്നു. അങ്ങനെ പല അപകടങ്ങളും ആ സ്ത്രീ കാണുകയുണ്ടായി. അത് അവരെ വല്ലാതെ വേദനപ്പെടുത്തി. കുതിരകള്‍ വഴുതിവീഴാതിരിക്കുവാനായി റോഡില്‍ ചരല്‍ക്കല്ലു സ്വന്തം ചെലവിന്മേല്‍ വാങ്ങി വിതറുക ആ സ്ത്രീയുടെ പതിവായി. തന്റെ മരണത്തിനുശേഷവും ആ പ്രവൃത്തി തുടര്‍ന്നുപോകുന്നതിനായി കുറേ സംഖ്യ ആ വനിതാരത്‌നം ഒസ്യത്തില്‍ നീക്കിവെച്ചിരുന്നുവത്രേ!

പക്ഷികള്‍ക്കും ജന്തുക്കള്‍ക്കും തീനും വെള്ളവും കൊടുത്ത് അഭയം നല്‍കുന്നതിന് പുരാതനകാലം മുതല്‍ക്കുതന്നെ നമ്മുടെ നാട്ടില്‍ പല ഏര്‍പ്പാടുകളും ഉണ്ടായിരുന്നു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education