ഹൃദയം കൊണ്ടെഴുതേണ്ട കവിതകള്‍

എ.കെ.മനോജ്കുമാര്‍

29 Sep 2012

നിങ്ങളുടെ ഹൃദയം ഒരു അഗ്‌നിപര്‍വതമാണെങ്കില്‍, അവിടെങ്ങും പൂക്കള്‍ വിടരണമെന്ന് നിങ്ങള്‍ക്കെങ്ങനെയാണ് പ്രതീക്ഷിക്കാനാവുക?-ഖലീല്‍ ജിബ്രാന്‍

ഹൃദയം നിറയെ ഇരുട്ട് കരുതി വയ്ക്കുന്നവര്‍ നിറഞ്ഞ പ്രകാശത്തിലും ഇരുട്ട് തേടിനടന്ന് കണ്ടെത്തുന്നു. നന്മയുടെ വഴികള്‍ തിരിച്ചറിഞ്ഞവരാകട്ടെ കടുത്ത അന്ധകാരത്തിലും പ്രത്യാശയുടെ പ്രകാശനാളങ്ങളെ ഹൃദയത്തില്‍ സൂക്ഷിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു.

ഹൃദയവിശാലതയോടെ ജീവിതത്തെ നേരിടുന്നവരാണ് മനഃസമാധാനത്തോടെ വിജയിച്ചു മുന്നേറുന്നത്. ഹൃദയപൂര്‍വം മാറ്റങ്ങള്‍ക്കു വിധേയനാവുക; നിങ്ങളുടെ ജീവിതത്തില്‍ തന്നെ മാറ്റമുണ്ടാകുമെന്നാണ് മാക്‌സ് ലുക്കാഡോയുടെ അഭിപ്രായം. ഹൃദയ വിശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, അവര്‍ ദൈവത്തെ കാണുമെന്നാണ് ബൈബിളില്‍ മത്തായിയുടെ സുവിശേഷം വ്യക്തമാക്കുന്നത്. ഹൃദയവിശുദ്ധിയില്ലാത്ത ഒരുവന് ഈശ്വരദര്‍ശനം ഒരിക്കലും സാധ്യമല്ലെന്ന് ഗാന്ധിജി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

നല്ല മാനസ്സിക ആരോഗ്യമുള്ളവര്‍ക്കാണ് നല്ല ശാരീരികാരോഗ്യമുണ്ടാവുകയെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. സപ്തംബര്‍ 29 ആണ് ലോക ഹൃദയാരോഗ്യദിനമായി നാം ആചരിക്കുന്നത്. ഹൃദയസുരക്ഷയ്ക്കായി പാലിക്കേണ്ട ജീവിതശൈലീപഠനങ്ങളും ഹൃദയാഘാതത്തിനെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങളും ചര്‍ച്ചാവിഷയമാകുക പതിവാണ്. പക്ഷേ അതോടൊപ്പം ഒരുവന്റെ ഇച്ഛാശക്തിയും ആത്മബലവും കൊണ്ട് പ്രതിസന്ധികളെ മറികടക്കുന്ന അതിജീവന കലകൂടി ഓരോ വ്യക്തിയും സ്വായത്തമാക്കേണ്ടതുണ്ട്.

ഒരു പോംവഴിയും ആകാശത്തുനിന്ന് ഉണ്ടാകുന്നില്ല. അത് അവനവന്റെ ഹൃദയത്തില്‍തന്നെയാണുള്ളതെന്ന് ശ്രീബുദ്ധന്‍ ഉപദേശിക്കുന്നു. കണ്ണുകള്‍കൊണ്ട് കാണാനാവാത്തതുപോലും ചിലപ്പോള്‍ ഹൃദയംകൊണ്ട് കാണാനാകണമെന്ന നിലപാട് ജാക്‌സണ്‍ ബ്രൗണ്‍ ജൂനിയറും പങ്കുവെച്ചിട്ടുണ്ട്.

ഹൃദയഭേദകമായ അനുഭവങ്ങളില്‍ തകര്‍ന്നുപോകുന്നവരെ ഉദ്ദേശിച്ച് തിരുവള്ളുവര്‍ തിരുക്കുറലില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. സ്വന്തം ഹൃദയംപോലും ബന്ധുവാകാതെ വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അന്യര്‍ സഹായിക്കാത്തത് നിസ്സാരമാണ്. ദുഃഖം ഉണ്ടാകുമ്പോള്‍ സ്വന്തം ഉടമയായ ഹൃദയംപോലും തുണ നിന്നില്ലെങ്കില്‍ പിന്നെ ആരാണ് തുണയാകുന്നത്? (തുന്‍പത്തിര്‍ക്കു യാരേ തുണൈ ആവാര്‍ താമുടൈയ നെഞ്ചം തുണൈ അല്‍ വഴി?) എന്നാണ് അദ്ദേഹം ആരായുന്നത്.

നീതിസാരത്തില്‍ മൂന്ന് ദുഷ്ടലക്ഷണങ്ങളില്‍ ഒന്നായി പറയുന്നത് ഹൃദയം അഗ്‌നിപോലെ അശാന്തമായി ജ്വലിക്കുന്നവരെപ്പറ്റിയാണ്.
'മുഖം പത്മദളാകാരം വചശ്ചന്ദനശീതളം ഹൃദയം
വഹ്നിസന്തപ്തം ത്രിവിധം ദുഷ്ടലക്ഷണം'
മുഖം താമരപ്പൂപോലെ പ്രസന്നവും വാക്ക് ചന്ദനംപോലെ തണുത്തും മനസ്സ് അഗ്‌നിപോലെ ജ്വലിച്ചും ഇരിക്കുന്നവന്‍ ദുഷ്ടനെന്നറിയണമെന്ന് നീതിസാരം വ്യക്തമാക്കുന്നു.

സത്യം, ഹൃദയശുദ്ധി, നിസ്വാര്‍ഥത എന്നീ ഗുണങ്ങളുള്ള മനുഷ്യനെ പരാജയപ്പെടുത്താന്‍ ലോകത്തിലുള്ള ഒരു ശക്തിക്കും സാധ്യമല്ലെന്നാണ് സ്വാമി വിവേകാനന്ദന്‍ രേഖപ്പെടുത്തിയത്. ഹൃദയവിശുദ്ധിനേടാന്‍ സത്യസായി ബാബ നിര്‍ദേശിച്ചതിങ്ങനെയാണ്. ഹൃദയത്തെ ഒരു വയലായി സങ്കല്പിക്കുക. അതില്‍ ദുര്‍ഗുണങ്ങളും ദുര്‍വിചാരങ്ങളുമാകുന്ന കളകളുണ്ടാവും. അവ പിഴുതുമാറ്റി നിലമൊരുക്കുക. അതില്‍ പ്രേമമാകുന്ന വിത്തുവിതയ്ക്കുക. എന്നിട്ട് സദ്വിചാരങ്ങളും സദ്ഗുണങ്ങളുമാകുന്ന വളം ചേര്‍ക്കുക. എങ്കില്‍ ജ്ഞാനമാകുന്ന പവിത്രവും സമൃദ്ധവുമായ വിള കൊയ്‌തെടുക്കാം.

ഒരാളുടെ മാനസ്സികഘടനയുടെ സമീപസങ്കേതമായി ഹൃദയത്തെ പരിഗണിക്കേണ്ടിവരുമ്പോഴാണ് പല ജീവിത സമരങ്ങളും ഹൃദയം തകര്‍ക്കുന്ന ആഘാതങ്ങളായിത്തീരുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യശാസ്ത്രം മനസ്സിലാക്കാന്‍ മടിക്കുന്ന പല വസ്തുതകളും മനസ്സിന്റെ മര്‍മരങ്ങളായി നമുക്ക് പിന്നീടെപ്പോഴെങ്കിലും ഉള്‍ക്കൊള്ളേണ്ടി വരാറുണ്ട്. ഈ വസ്തുത സൂചിപ്പിക്കുന്ന ഒരനുഭവക്കുറിപ്പാണ് ഇനി പകര്‍ത്തുന്നത്.

ഗാന്ധി നഗറിലെ ഒരു മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിയാണ് ഇരുപതുവയസ്സുകാരനായ നിതാന്ത്. ഏഴുവയസ്സുകാരിയായ സ്മൃതികയാകട്ടെ നിതാന്തിന്റെ സഹോദരിയുടെ മകളാണ്. സ്മൃതികയുടെ പ്രിയപ്പെട്ട ഡോക്ടറങ്കിളാണ് നിതാന്ത്.

ഒരു ദിവസം സ്മൃതിക കാണുന്നത് ഭീമാകാരമുള്ള മെഡിക്കല്‍ പുസ്തകവുമായി മല്ലിടുന്ന നിതാന്തിനെയാണ്. ഹൃദയാരോഗ്യത്തെക്കുറിച്ച് ഉടനെ അവതരിപ്പിക്കാന്‍ പോകുന്ന പ്രബന്ധം തയാറാക്കുകയാണ് താനെന്ന് കൊച്ചു സ്മൃതികയ്ക്ക് നിതാന്ത് പറഞ്ഞു മനസ്സിലാക്കികൊടുത്തു. ഹൃദയത്തിന്റെ ചിത്രം കാട്ടിക്കൊടുത്ത് അത് നമുക്കോരോരുത്തര്‍ക്കുമുള്ള അവയവമാണെന്ന് വ്യക്തമാക്കി. ആ കുഞ്ഞിക്കൈകള്‍ അവളുടെ ശരീരത്തോട് ചേര്‍ത്തുവെച്ച് ഹൃദയസ്​പന്ദനമെന്തെന്ന് വിവരിച്ചു. ഹൃദയം രാപ്പകല്‍ രക്തം പമ്പുചെയ്യുന്ന പണിയെടുക്കുന്നതുകൊണ്ടാണ് നാം പ്രശ്‌നങ്ങളില്ലാതെ ജീവിക്കുന്നതെന്ന് അങ്ങനെ സ്മൃതികക്ക് മനസ്സിലായി. പിന്നെയും ശേഷിച്ച സംശയങ്ങള്‍ ഓരോന്നായി സ്മൃതിക ചോദിച്ചു മനസ്സിലാക്കി. പിന്നെ അങ്കിളിനെ താന്‍ സഹായിക്കണോ? എന്നായി.

ഹൃദയത്തെക്കുറിച്ച് നൂറ് സംശയങ്ങള്‍ ഇതിനോടകം ചോദിച്ചുകഴിഞ്ഞ സ്മൃതികയോട് അതേപ്പറ്റി അറിയാവുന്നതൊക്കെ എഴുതി ഒരു കുഞ്ഞുലേഖനം തയാറാക്കാനാണ് നിതാന്ത് പറഞ്ഞത്.

ഒട്ടും ഗൗരവം ചോരാതെ സ്മൃതികയും ഒരു പ്രബന്ധം തയാറാക്കി ഡോക്ടറങ്കിളിന് നല്‍കി. ഏതാനും ദിവസങ്ങള്‍ക്കുശേഷം നിതാന്ത് താന്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തയാറാക്കിയ പ്രബന്ധം അവതരിപ്പിച്ചു. വളരെ മികച്ചതായി അതംഗീകരിക്കപ്പെട്ടു. അതവസാനിപ്പിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ വകുപ്പ് മേധാവിയോട് നിതാന്ത് ഒരല്പസമയംകൂടി ചോദിച്ചു. സ്മൃതികയെന്ന തന്റെ കുഞ്ഞനന്തരവള്‍ ഈ വിഷയത്തെക്കുറിച്ച് തയാറാക്കിയ ഏതാനും വിവരങ്ങള്‍കൂടി പങ്കുവെക്കാനനുവദിയ്ക്കണമെന്നായിരുന്നു ആ എം.ബി.ബി.എസ്. വിദ്യാര്‍ഥിയുടെ ആവശ്യം.

ചിന്താക്കുഴപ്പത്തിലായെങ്കിലും ഒടുവില്‍ പ്രൊഫസര്‍ അതിന് അനുവാദംനല്‍കി. സ്മൃതികയുടെ വരികള്‍ നിതാന്ത് ഇങ്ങനെ വായിച്ചു.
നമുക്കെല്ലാവര്‍ക്കും വ...ലി...യ ഹൃദയമുണ്ട്. അതിന്റെ നിറം ചുവപ്പാണ്. അതെപ്പോഴും ധക്-ധക് എന്ന് മിടിക്കുന്നു. രക്തവിതരണപദ്ധതിയിലൂടെ അത് എല്ലാ രക്തവും പമ്പുചെയ്യുന്നു.

എന്റെ ഹൃദയം എന്റെ ശരീരത്തിലെ എല്ലാ ഭാഗത്തെയും നല്ലവണ്ണം സ്‌നേഹിക്കുന്നു. എന്റെ ഹൃദയം സ്‌നേഹം തന്നില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും.

നമുക്കുചുറ്റുമുള്ളവര്‍ പറയുന്ന വെറുക്കപ്പെട്ട വാക്കുകള്‍ കേട്ടാല്‍ എന്റെ ഹൃദയം നുറുങ്ങിത്തകര്‍ന്നു പോകും.

രാജു എന്റെ പാവക്കുട്ടിയെ പൊട്ടിച്ചപ്പോള്‍ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു നിലച്ചുപോയത്.

എങ്കിലും പുതിയ പാവക്കുട്ടികളെ കിട്ടുമ്പോള്‍ എന്റെ ഹൃദയം നിറഞ്ഞു തുളുമ്പാറുണ്ട്.

എന്റെ ഹൃദയം എത്ര........ ത്തോളം........വ.......ലു......താ......ണെ..........ന്നോ.......? അതുകൊണ്ട് എനിക്ക് ഒത്തിരി ഒത്തിരി ആള്‍ക്കാരെ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കാനാകും.

പുതിയ ഹൃദയങ്ങളെ എങ്ങിനെ നിര്‍മ്മിക്കണമെന്ന് ഈശ്വരന് മാത്രമേ അറിയൂ. അതുകൊണ്ട് നമ്മള്‍ ഒരിക്കലും ഒരു ഹൃദയത്തെയും തകര്‍ക്കാന്‍ ശ്രമിക്കരുത്.

അമ്മ പറഞ്ഞു ദൈവം എല്ലാ ഹൃദയങ്ങളിലും വസിക്കുന്നുണ്ടെന്ന്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education