ദൈവമേ.. ദൈവമേ.. ദൈവമുണ്ടോ..?

എ.കെ.മനോജ്കുമാര്‍

15 Sep 2012

'ജലാശയത്തില്‍ ആകാശം കാണാം, മിന്നാമിനുങ്ങില്‍ വെളിച്ചവും കാണാം. പക്ഷേ, ആകാശത്തില്‍ ജലാശയമോ മിന്നാമിനുങ്ങില്‍ അഗ്‌നിയോ ഇല്ല. അതുകൊണ്ട് പ്രത്യക്ഷത്തില്‍ കാണുന്നതിന് പിന്നിലെ തത്വം പരീക്ഷിച്ചറിയണം. അങ്ങനെ ബോധ്യപ്പെടാതെ പ്രവര്‍ത്തിച്ചാല്‍ പിന്നീട് പശ്ചാത്തപിക്കേണ്ടിവരും'.

മഹാഭാരതത്തില്‍ ഭീഷ്മര്‍ ഉദ്ധരിക്കുന്ന ഒരു നീതികഥയിലെ പരാമര്‍ശമാണിത്. ഒരു പെണ്‍സിംഹം തന്റെ മകന് നല്‍കുന്ന ഉപദേശമെന്നോണമാണ് 'തലവദ് ദൃശ്യതേ വ്യോമ....' എന്നു തുടങ്ങുന്ന ഭാഗം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പ്രശ്‌നസങ്കീര്‍ണമായ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമ്മളില്‍ പലരും പ്രതീക്ഷ നശിച്ച് വഴിമുട്ടി നില്‍ക്കാറുണ്ട്. ചിലപ്പോള്‍ സ്വയം പഴിക്കും. മിക്കപ്പോഴും കുറ്റം ഈശ്വരനുനേരെയാവും. നിരീശ്വരവാദം ജീവിതശൈലിയായി സ്വീകരിച്ചിട്ടുള്ളവരുണ്ട്. അവരില്‍ ചിലര്‍ മാനവസേവതന്നെയാണ് മാധവസേവയെന്ന് തിരിച്ചറിഞ്ഞവരാണ്. മറ്റ് ചിലരാകട്ടെ ദൈവനിന്ദ ഒരലങ്കാരമെന്നോണം കൊണ്ടുനടക്കുന്നവരുമാണ്.

യുക്തിയില്‍ മാത്രം വിശ്വസിക്കുന്ന മനസ്സ് പിടിയില്ലാത്ത കത്തിപോലെയാണെന്ന് മഹാകവി രവീന്ദ്രനാഥടാഗോര്‍ പറയുന്നു. അത് ഉപയോഗിക്കുന്നവരുടെ കൈ മുറിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

അസ്തിവാരം കൂടാതെയുള്ള ചുമരിന്റെയും ചുമര്‍ ഇല്ലാതെ തുടരുന്ന അസ്തിവാരത്തിന്റെയും സ്ഥിതി ആലോചിച്ചുനോക്കൂ. രണ്ടിന്റെയും പാരസ്​പര്യമില്ലായ്മ തന്നെയാണ് പ്രശ്‌നം. തിരിച്ചടികളില്‍ തളരാനും അതിന്റെ കുറ്റം ദൈവത്തിലോ മറ്റാരുടെയെങ്കിലും നേര്‍ക്കോ ഉന്നയിച്ച് സ്വയം വഷളാവാനും മനുഷ്യര്‍ക്ക് ഒരു പ്രത്യേക മിടുക്കുണ്ട്. മദ്യപിക്കാനും മാന്യത കൈവിടാനുമൊക്കെ അത്തരം സിസ്സാര പ്രതിസന്ധികളെ നാം ഉപാധിയാക്കുന്നു.

ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു, അവനോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു എന്നാണ് ബൈബിളിലെ പരാമര്‍ശം. ദൈവം എല്ലാം നന്നായി സൃഷ്ടിച്ചിരിക്കുന്നു, മനുഷ്യന്‍ ഇടപെടുമ്പോള്‍ അവ തിന്മയുള്ളതായി മാറുന്നു എന്ന് റൂസ്സോയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിരീശ്വരനാകാന്‍ ഈശ്വരവിശ്വാസിയെക്കാള്‍ വിശ്വാസം വേണം എന്ന വസ്തുത എഡിസണ്‍ വ്യക്തമാക്കിയിട്ടുണ്ട്. പരമമായ പ്രാപഞ്ചിക ശക്തിയോടെങ്കിലും ആദരവില്ലാതെ, തീര്‍ത്തും പ്രതീക്ഷ നശിച്ച് എങ്ങനെയാണ് ഒരാള്‍ക്ക് ജീവിക്കാനാവുക. ദൈവദത്തമായ സര്‍വ നന്മകളെയും നിഷേധിക്കാന്‍ ഒരുങ്ങുന്നവര്‍ ഒരു പഴമൊഴി ഓര്‍മിക്കുന്നത് നന്നായിരിക്കും. ദൈവദൂതന്മാര്‍ കടന്നുവരാന്‍ മടിക്കുന്നിടത്തേക്കാണ് വിഡ്ഡികള്‍ കുതിച്ചെത്തുന്നതെന്നത്. ഈശ്വരോന്മുഖമായ സര്‍വ നന്മകളെയും നിഷേധിക്കാന്‍ ഒരുങ്ങുന്ന അശുഭാപ്തിവിശ്വാസക്കാരുടെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു കഥ കേട്ടിട്ടുണ്ട്. അതിങ്ങനെയാണ്.

ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോയ ഒരു യുവാവ് നാട്ടില്‍ തിരിച്ചെത്തി. മടങ്ങിയെത്തിയപ്പോള്‍മുതല്‍ അവന്‍ തന്റെ മാതാപിതാക്കള്‍ക്ക് സൈ്വരം കൊടുക്കാതെ ഒരു കാര്യം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചെറുപ്പക്കാരന്റെ ആവശ്യം ഇത്രയേയുള്ളു. വിദ്യാസമ്പന്നനായ തന്റെ സംശയങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള ഒരു മതപണ്ഡിതനെയോ ആചാര്യനെയോ കണ്ടെത്തുക. അദ്ദേഹം തന്റെ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിവുള്ളവനായിരിക്കണം.

ഒടുവില്‍ യുവാവിന്റെ പിതാവ് അങ്ങിനെയൊരാളെ മകന് പരിചയപ്പെടുത്തി. ആ ചെറുപ്പക്കാരനെ അലട്ടുന്ന മൂന്നു ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കാമെന്ന് ആചാര്യന്‍ സമ്മതിച്ചു.

നിരവധി പ്രൊഫസര്‍മാരെയും മതാചാര്യന്മാരെയും വിഷമിപ്പിച്ച തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പ്രയാസമാവുമെന്ന അഹന്തയിലായിരുന്നു അയാള്‍. ആ യുവാവ് ചോദിച്ച ചോദ്യങ്ങള്‍ ഇവയായിരുന്നു?.
1. യഥാര്‍ഥത്തില്‍ ദൈവം ഉണ്ടോ. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ രൂപം എന്താണ്?
2. 'വിധി' എന്ന് പറഞ്ഞാല്‍ എന്താണ്?
3. ചെകുത്താനെ തീയില്‍നിന്നാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ചില മതഗ്രന്ഥങ്ങളില്‍ പറയുന്നു. അതേ ചെകുത്താനെ ദൈവം തീയിലേക്കെറിഞ്ഞ് നശിപ്പിച്ചതായും സൂചിപ്പിക്കുന്നു. നരകവും ചെകുത്താനും ഒരേ തീകൊണ്ടുതന്നെ സൃഷ്ടിക്കപ്പെട്ടതിനാല്‍ അത് ചെകുത്താനെ ബാധിക്കില്ലെന്ന കാര്യം ദൈവം ആലോചിക്കാത്തതെന്തുകൊണ്ട്?.

ഈ ചോദ്യങ്ങള്‍ കേട്ട് അടുത്ത നിമിഷത്തില്‍തന്നെ ആ മതപണ്ഡിതന്‍ ഒരു കടുത്ത പ്രയോഗമാണ് ചെയ്തത്. ചാടിയെണീറ്റ് ആ യുവാവിന്റെ ചെകിടത്ത് ഒരൊറ്റ അടിവെച്ചുകൊടുത്തു.

ദേഷ്യത്തോടെയും വേദനയോടെയും യുവാവ് ചോദിച്ചു. ''മറുപടി അറിയില്ലെങ്കില്‍ അത് പറഞ്ഞാല്‍പോരെ, ദേഷ്യപ്പെട്ട് എന്നെ എന്തിനാണ് തല്ലുന്നത്?''

മതപണ്ഡിതന്‍ പറഞ്ഞു ''ദേഷ്യപ്പെട്ടിട്ടൊന്നുമല്ല. ചെകിടടച്ചുള്ള ആ അടി തന്നെയാണ് നിങ്ങളുടെ മൂന്ന് ചോദ്യത്തിനുള്ള ഉത്തരം.''
ഒന്നും മനസ്സിലാകാതെ നിന്ന ചെറുപ്പക്കാരനോട് പണ്ഡിതന്‍ ചോദിച്ചു. ''ഞാന്‍ തല്ലിയപ്പോള്‍ നിങ്ങള്‍ക്കെന്താണ് തോന്നിയത്?'' ''നല്ല വേദന തോന്നി'' ചെറുപ്പക്കാരന്‍ പറഞ്ഞു. ''അങ്ങിനെയാണെങ്കില്‍ വേദന നിലനില്‍ക്കുന്ന ഒരനുഭവമാണല്ലേ?'' മതാചാര്യന്‍ വീണ്ടും ചോദിച്ചു. അതെയെന്ന യുവാവിന്റെ മറുപടിക്ക് എങ്കില്‍ വേദനയുടെ രൂപം എന്താണെന്ന് കാട്ടിക്കൊടുക്കാനാണ് ആ പണ്ഡിതന്‍ ആവശ്യപ്പെട്ടത്. തനിക്ക് അതിന് കഴിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ ചെറുപ്പക്കാരനോട് പണ്ഡിതന്‍ പറഞ്ഞു. ''ഇതുതന്നെയാണ് ആദ്യ ചോദ്യത്തിനുള്ള എന്റെ ഉത്തരവും.

ദൈവത്തിന്റെ ആകൃതി എന്താണെന്ന് അറിയാതെ തന്നെ നമുക്കെല്ലാവര്‍ക്കും ദൈവത്തിന്റെ അസ്തിത്വം അനുഭവിക്കാനാകും...''.ഇനി കഴിഞ്ഞ ദിവസം എപ്പോഴെങ്കിലും ഞാന്‍ തന്നെ തല്ലുമെന്ന് സ്വപ്നം കണ്ടിരുന്നോ? എന്നായി അടുത്ത ചോദ്യം.

ഇല്ലെന്ന് പറഞ്ഞപ്പോള്‍ ''ഞാന്‍ തന്നെ തല്ലുമെന്ന് താനെപ്പോഴെങ്കിലും ആലോചിച്ചിരുന്നോ'' എന്ന് പണ്ഡിതന്‍ ചോദിച്ചു. അതിനും ഇല്ലെന്ന് യുവാവ് പറഞ്ഞപ്പോള്‍ പണ്ഡിതന്‍ വ്യക്തമാക്കി. ഇതിനെയാണ് 'വിധി' എന്ന് പറയുന്നത്. രണ്ടാം ചോദ്യത്തിനും യുവാവിന് തൃപ്തികരമായ മറുപടി ലഭിച്ചു.

മൂന്നാമത്തെ ഉത്തരമെന്താവുമെന്ന് ആലോചിച്ചുനില്‍ക്കവെ ആചാര്യന്റെ അടുത്ത വിശദീകരണം വന്നു. തല്ലിയപ്പോള്‍ എന്റെ കൈയിലുള്ള ചര്‍മമാണ് നിന്റെ മുഖത്തുള്ള ചര്‍മത്തില്‍ പതിച്ചത്.

എന്നിട്ടും നിനക്ക് നന്നായി വേദനിച്ചു. അതുപോലെ ദൈവീകമായ തീരുമാനങ്ങളില്‍ സൃഷ്ടിയുടെ വഴിതന്നെ വേദനാജനകമായ സംഹാരത്തിനും ദൈവത്തിന് ഉപയോഗിക്കാനാകും.

ആ യുവാവിന്റെ മൂന്ന് സംശയങ്ങളും അതോടെ മാറി.

ഈശ്വരനുണ്ട് എന്ന് പറയുന്നത് ജ്ഞാനം. ഈശ്വരന്‍ ഞാന്‍ തന്നെയാണ് എന്നറിയുന്നത് വിജ്ഞാനവും എന്ന് ചിന്മയാനന്ദസ്വാമികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവനവനിലുള്ള ഈശ്വരാംശത്തെ തിരിച്ചറിയുകയെന്ന സന്ദേശം പലരും പങ്കുവെച്ചിട്ടുണ്ട്. 'അഹം ബ്രഹ്മാസ്മി' എന്നും 'തത്വമസി' എന്നുമുള്ള ഭാരതീയ സങ്കല്പംതന്നെ മഹത്തായ പാരസ്​പര്യത്തിനുദാഹരണമാണ്.

നമ്മുടെ ഉള്ളിലുള്ള ഈശ്വരനാണ് വരുന്ന ഈശ്വരനെ സ്വീകരിക്കുന്നത്. ഈശ്വരന്‍ ഈശ്വരനെ ഉപാസിക്കുകയാണ് എന്ന് റൈസ് ബ്രൂക്ക് സൂചിപ്പിക്കുന്നു. ഈശ്വരനിലേക്ക് മടങ്ങുക എന്ന നല്ല വാദം, ഓരോ മനുഷ്യനും തന്നിലുള്ള ഈശ്വരത്വത്തെ കണ്ടറിയുക എന്നതാണ്. ആ ലക്ഷ്യത്തിലേക്ക് കുറുക്കുവഴികളില്ല എന്നതായിരുന്നു വി.ടി. ഭട്ടതിരിപ്പാടിന്റെ നിലപാട്.

ഈശ്വരനെ അറിയണമെങ്കില്‍ ഈശ്വരനാവുക. അതല്ലാതെ അദ്ദേഹത്തെ അറിയാന്‍ മാര്‍ഗമൊന്നുമില്ല എന്ന് ശ്രീ രമാദേവിയും ഉപദേശിച്ചിട്ടുണ്ട്.

നല്ല ഹൃദയം ഈശ്വരന്റെ അഭയകേന്ദ്രമെന്നാണ് ചോസര്‍ അഭിപ്രായപ്പെട്ടത്.

നന്മകളെ സ്വാംശീകരിച്ച് ഈശ്വരത്വത്തെ ഉള്‍ക്കൊള്ളാന്‍ നിര്‍ദേശിക്കുന്ന ഭഗവത്ഗീതയും വ്യക്തിയുടെ ഉന്നമനമാണ് ലക്ഷ്യമാക്കുന്നത്.

നീ നിന്നെത്തന്നെ ഉദ്ധരിക്കൂ; സ്വയം അധഃപതിക്കാതിരിക്കൂ; നിന്റെ ബന്ധു നീ തന്നെയാണ്; നിന്റെ ശത്രവും നീതന്നെ എന്നാണ് ഭഗവത്ഗീത ഉദ്‌ബോധിപ്പിക്കുന്നത്.
സ്വയം ഒരു ദീപമായിത്തീരുക, ബാഹ്യമായ ഒന്നിനെയും അവലംബിക്കാതെ സത്യത്തെ ആശ്രയിക്കുകയെന്ന് ശ്രീബുദ്ധനും ഉപദേശിച്ചിട്ടുണ്ട്.

ജീവിതവിജയവും നന്മയും വളര്‍ത്താനുതകുന്ന പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യുക
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT