കേള്‍ക്കുന്നുണ്ടോ ഒരു വിതുമ്പല്‍

ലെസ്‌ലി അഗസ്റ്റ്യന്‍

10 Sep 2012

സപ്തംബര്‍ 10- ആത്മഹത്യാപ്രതിരോധദിനം. പ്രസംഗകനാകാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു നല്ല കേള്‍വിക്കാരനാകാന്‍ നിങ്ങള്‍ക്കു സാധിക്കും. മനുഷ്യന് ഈശ്വരന്‍ നല്‍കിയ ഈ വരദാനം പാഴാക്കരുത്. തൊട്ടടുത്തു നില്‍ക്കുന്ന സഹജീവിയോട് കുറച്ച് സഹതാപം, ഒരിത്തിരി ദയ, അവര്‍ക്കുവേണ്ടി മാറ്റിവെയ്ക്കാന്‍ ഒരല്പം സമയം-അതിലൂടെ നിങ്ങള്‍ നേടുന്നത് ഒരു ജീവനായിരിക്കാം. സപ്തംബര്‍ 10 നിങ്ങളോട് പറയാനാഗ്രഹിക്കുന്നതും ഇതാണ്. ലോക ആത്മഹത്യാവിരുദ്ധദിനം ആചരിക്കേണ്ടത് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളല്ല. മറിച്ച് മാനസികാരോഗ്യത്തോടെ ജീവിക്കുന്ന നമ്മളോരോരുത്തരുമാണ്. ഒരാളുടെ വേര്‍പാടിനുശേഷം അയാളോട് ദയ കാണിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരല്പം ശ്രദ്ധയോ, സ്‌നേഹമോ ക്ഷമയോ കാണിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്ന കുറ്റബോധത്തില്‍ ജീവിക്കുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ് അവന്റെ സന്തോഷത്തില്‍ എനിക്കും പങ്കുണ്ടെന്ന അഹങ്കാരം നമുക്കുണ്ടാകുന്നത്.

തൃശ്ശൂര്‍ ഹാര്‍ട്ട് ഹോസ്​പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി എന്ന കൗണ്‍സലിങ് സെന്ററിലേക്ക് കയറിവന്ന മധ്യവയസ്‌കനെ മൈത്രിയുടെ ഡയറക്ടര്‍ കൊച്ചമ്മിണി ഇട്ടിച്ചന്‍ മറന്നിട്ടില്ല. രണ്ടുതവണ പരാജയപ്പെട്ട ആത്മഹത്യാശ്രമത്തിനുശേഷമാണ് അയാള്‍ മൈത്രിയില്‍ എത്തിയത്. ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും മദ്യപാനം കവര്‍ന്നെടുത്തപ്പോള്‍ കുറ്റബോധവും നിരാശയും മാത്രം ബാക്കിയായി. ഭാര്യയ്ക്കും മകനും വേണ്ടാതായി. നാട്ടുകാരുടെ മുന്നില്‍ കൊള്ളരുതാത്തവനായി. പണിയെടുക്കാന്‍ ആരോഗ്യമില്ല. ആത്മഹത്യയിലൂടെ പരിഹാരമല്ല, എല്ലാത്തിനും ഒരു അവസാനമാണ് അയാള്‍ ആഗ്രഹിച്ചത്. തന്റെ തെറ്റുകളുടെ കുമ്പസാരവും മനസ്സിന്റെ ഒറ്റപ്പെടലും പങ്കുവെയ്ക്കാന്‍ നാലുമണിക്കൂറെടുത്തു. എല്ലാം കഴിഞ്ഞ് ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. എല്ലാം കേട്ടിരുന്ന കൊച്ചമ്മിണിക്ക് ആ നിശ്വാസത്തിന്റെ പൊരുള്‍ മനസ്സിലാകുകയും ചെയ്തു. മനസ്സിലെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച മനുഷ്യരുടെ എത്രയെത്ര നെടുവീര്‍പ്പുകള്‍ ഇവര്‍ കണ്ടിരിക്കുന്നു. പക്ഷേ, മൈത്രി പ്രവര്‍ത്തകര്‍ ഞെട്ടിയത് മേശപ്പുറത്തേക്ക് അയാള്‍ എടുത്തുവെച്ച വിഷക്കുപ്പി കണ്ടാണ്. മൈത്രി അയാളുടെ അവസാന ആശ്രയമായിരുന്നു. ഇതും ശരിയായില്ലെങ്കില്‍ മൂന്നാമത്തെ ആത്മഹത്യാശ്രമത്തിനുള്ളതായിരുന്നു ആ വിഷം.

അനുഭവങ്ങള്‍ നിരവധിയാണ്. മൈത്രി പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഇത് 13-ാം വര്‍ഷമാണ്. മൈത്രി എന്ന സംഘടനയില്‍ വീട്ടമ്മമാരും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും അടക്കം 20 പേരാണുള്ളത്. വിദ്യാഭ്യാസമോ അനുഭവങ്ങളോ അല്ല എല്ലാം ക്ഷമയോടെ കേട്ടിരിക്കാനുള്ള കഴിവാണ് ഇവരെ മൈത്രി പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യരാക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും അടക്കം ആയിരക്കണക്കിന് പേര്‍ക്കാണ് മൈത്രി ചെവിയോര്‍ത്തിട്ടുള്ളത്.

30നും 50നും ഇടയില്‍ പ്രായമുള്ളവരിലാണ് ആത്മഹത്യാപ്രവണത കൂടുതലായി കാണുന്നത്. വിഷാദരോഗം, സാമ്പത്തികപ്രശ്‌നങ്ങള്‍, പ്രണയം, പഠനവൈകല്യങ്ങള്‍, വിശ്വാസവഞ്ചന തുടങ്ങി പലതും ആത്മഹത്യയ്ക്ക് കാരണമാകുന്നു. 85 വയസ്സായ ഒരാള്‍ മൈത്രിയുടെ സഹായം തേടിയെത്തിയപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് പ്രായഭേദമില്ലെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സ്വന്തം വീട്ടില്‍ ജീവന് ആപത്തുണ്ടെന്ന ഭയത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്ന ഇയാള്‍ക്ക് ധൈര്യം പകരുകയായിരുന്നു ആദ്യം ചെയ്തത്. എന്തും അഭിമുഖീകരിക്കാനുള്ള കഴിവ് നേടിയെടുക്കാന്‍ മൈത്രി സഹായിച്ചു. കണക്ക് പഠിക്കാന്‍ ഇഷ്ടമില്ലാത്ത മകനെ എന്‍ജിനീയറിങ്ങിനു വിട്ട മാതാപിതാക്കള്‍ ഒരുദിവസം മകനെയും കൂട്ടി മൈത്രിയിലെത്തി. ആത്മഹത്യാപ്രവണതയുണ്ടത്രെ. എല്ലാം ചോദിച്ചു മനസ്സിലാക്കിയപ്പോള്‍ മാതാപിതാക്കളെ കൗണ്‍സലിങ് നല്‍കി വിടേണ്ടിവന്നു. ഇഷ്ടമില്ലാത്ത വിഷയത്തിനു പഠിക്കാന്‍ വിട്ട മാതാപിതാക്കളോടുള്ള വൈരാഗ്യംകൊണ്ട് മനഃപൂര്‍വ്വം പഠിക്കാതിരിക്കുകയാണ് കുട്ടി. എന്നാല്‍, അതോര്‍ത്തുണ്ടാകുന്ന കുറ്റബോധം ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുന്നു.

ഗള്‍ഫിലുള്ള ഭര്‍ത്താവിനോട് സംസാരിക്കാന്‍ വാങ്ങിക്കൊടുത്ത കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്ത് ഒടുവില്‍ ഭര്‍ത്താവ് സംഭവമറിഞ്ഞുണ്ടാകുന്ന പ്രശ്‌നങ്ങളോര്‍ത്ത് ആത്മഹത്യചെയ്യാന്‍ തീരുമാനിക്കുന്നവരുണ്ട്. സ്വയംഭോഗത്തിന് അടിമപ്പെട്ടുപോയി ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരും ഏറെ. കടബാധ്യതകളില്‍നിന്ന് രക്ഷപ്പെടാനും ആത്മഹത്യ മാര്‍ഗമാക്കുന്നവരുണ്ട്.

സ്വന്തം പരിമിതികള്‍ മനസ്സിലാക്കാതെ മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കുന്നതാണ് വലിയ അപകടം. തന്റെ അവസ്ഥയെക്കുറിച്ച് തിരിച്ചറിയുന്നതുതന്നെ പകുതി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. പരിഹാരം കാണേണ്ടത് സ്വയമാണ്. മുന്‍കാലങ്ങളേക്കാള്‍ മാനസികസമ്മര്‍ദ്ദം സാധാരണക്കാരില്‍ കൂടുന്നുവെന്നാണ് മൈത്രിയിലെ അനുഭവത്തില്‍നിന്ന് പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നത്. സഹിക്കാനുള്ള കഴിവ് വളരെ കുറവാണ്. കുട്ടികളുടെ ഇഷ്ടത്തിന് തുള്ളുന്ന മാതാപിതാക്കള്‍ അവരെ ഒന്നിനും കൊള്ളാത്തവരാക്കുകയാണ് ചെയ്യുന്നതെന്ന് അറിയുന്നില്ല.

ഏതൊരാള്‍ക്കും മനഃപ്രയാസങ്ങളും വിഷാദവുമുണ്ട്. എന്നാല്‍, തന്റേതിനേക്കാള്‍ വലുതാണ് മറ്റുള്ളവരുടേത് എന്നറിയുമ്പോള്‍ ജീവിതത്തോടുതന്നെ ഇഷ്ടം തോന്നും. അപ്പോഴാണ് നമ്മുടെ ജീവിതം എത്രമാത്രം സ്വര്‍ഗതുല്യമാണെന്ന് തിരിച്ചറിയുന്നത്. ഈ ആഹ്ലാദം മറ്റെവിടെനിന്നും ലഭിക്കില്ല. അതുതന്നെയാണ് മൈത്രി പ്രവര്‍ത്തകര്‍ക്ക് ഓരോരുത്തരെയും ക്ഷമയോടെ കേള്‍ക്കുന്നതിന് കിട്ടുന്ന പ്രതിഫലം. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 വരെ തൃശ്ശൂര്‍ ഹാര്‍ട്ട് ഹോസ്​പിറ്റലിലെ റൂം നമ്പര്‍ 258ല്‍ പ്രവര്‍ത്തിക്കുന്ന മൈത്രി എല്ലാവര്‍ക്കുംവേണ്ടി തുറന്നിരിക്കും. പറയാനാഗ്രഹിക്കുന്ന വിഷമങ്ങളുമായി വരുന്നവരെ സ്‌നേഹത്തോടെ ഇവര്‍ കേള്‍ക്കും. 0487 2433208, 9847251700 എന്ന നമ്പറിലോ maithritrichur2011@gmail.com എന്ന മെയില്‍ അഡ്രസ്സിലോ നിങ്ങള്‍ക്കവരെ ബന്ധപ്പെടാം.

നമുക്കെന്തു ചെയ്യാം

തൊട്ടടുത്തു നില്‍ക്കുന്നവരെ നിങ്ങള്‍ കാണാറുണ്ടോ? വിഷാദരോഗമുള്ളവരെ പെട്ടെന്ന് തിരിച്ചറിയാം. ചിലര്‍ക്ക് പരിധിയിലധികമുള്ള ഉത്കണ്ഠ, വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചിരുന്നവര്‍ പിന്നീട് വളരെ അശ്രദ്ധമായി വസ്ത്രം ധരിക്കുക, ഉറക്കക്കൂടുതല്‍, ചിലരില്‍ ഉറക്കക്കുറവ്, ഓഫീസിലെ പ്രവര്‍ത്തനങ്ങളില്‍ തീരെ സഹകരിക്കാതിരിക്കുക അങ്ങനെ അവരിലെ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഇവരെ ഒഴിവാക്കാതെ നിങ്ങളോടൊപ്പം ചേര്‍ക്കുക. അവരുടെ വിശ്വാസം കയ്യിലെടുക്കുകയാണ് ആദ്യം വേണ്ടത്. പിന്നെ ക്ഷമയോടെ അവര്‍ പറയുന്നത് കേള്‍ക്കുക. അവരുടെ പ്രശ്‌നപരിഹാരത്തിന് നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുക. ഇല്ലെങ്കില്‍ കൗണ്‍സലിങ്ങിനോ ഡോക്ടറെ കാണാനോ അവരെ പ്രേരിപ്പിക്കുക, അതിന് സഹായിക്കുക.


Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education