മുന്നോട്ട് ഒരു 'ശുഭയാത്ര'
ഡോ.എം.എസ്.ഹരികുമാര്‍
08 Aug 2012
ഒരാള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ നാടു നന്നാക്കാനാവുമോ? എന്തിന് വെറുതെ പൊല്ലാപ്പിനൊക്കെ പോകണം, സ്വന്തം കാര്യം നോക്കി അടങ്ങിയിരുന്നാല്‍ പോരേ..ഓ.ഇതൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ടല്ലേ...അല്ല പിന്നെ..
ഈ വചനങ്ങളൊക്കെ ചുറ്റിനും നിരന്തരം കേട്ടിട്ടും നിശ്ചയദാര്‍ഢ്യംവിടാതെ തനിക്ക് ശരിയെന്ന് തോന്നുന്ന പാതയില്‍ മുന്നോട്ട് പോവുക. അണ്ണാന്‍കുഞ്ഞിനും തന്നാലാവത് എന്നതുപോലെ സാമൂഹികസേവനം നടത്തുക, പ്രകൃതിയെ സ്‌നേഹിക്കുക.
കെ.പ്രസന്നകുമാര്‍ എന്ന മനുഷ്യന്‍ വ്യത്യസ്തനാകുന്നത് ഇങ്ങിനെയാണ്.
മുണ്ടയ്ക്കല്‍ സ്വദേശിയായ പ്രസന്നകുമാര്‍ കഴിഞ്ഞവര്‍ഷം ബി.എസ്.എന്‍.എല്ലിലെ ഔദ്യോഗികജീവിതത്തിന് വിരാമമിട്ടത് തന്റെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം തേക്കിന്റെയും ചന്ദനത്തിന്റെയും തൈകള്‍ നല്‍കിക്കൊണ്ടാണ്. പ്രസന്നകുമാറിന്റെ പ്രേരണയാല്‍ യാത്രയയപ്പ് സമയത്ത് ഓഫീസ് വളപ്പില്‍ സ്ഥാപനമേധാവി തെങ്ങിന്‍തൈയും നട്ടു.
ഔദ്യോഗികവൃത്തിയില്‍നിന്ന് മോചനമായതോടെ കൂടുതല്‍ ഊര്‍ജസ്വലനായി സേവനപ്രവര്‍ത്തനങ്ങളിലേക്കിറങ്ങുകയാണ് പ്രസന്നകുമാര്‍.
തനിക്ക് ചുറ്റിലുമുള്ളവരുടെ പ്രശ്‌നങ്ങളിലേക്ക് പ്രസന്നഭാവവുമായി 16 വയസ്സുള്ളപ്പോഴേ ഈ മനുഷ്യന്‍ ആഴ്ന്നിറങ്ങിയിരുന്നു. കെ.പി.കേശവമേനോന്റെ 'നാം മുന്നോട്ട്' എന്ന പുസ്തകമായിരുന്നു തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചതിനു പിന്നിലെന്ന് പ്രസന്നകുമാര്‍ പറയുന്നു.
ദേശസ്‌നേഹത്തിന്റെയും പരോപകാരമേ പുണ്യം എന്ന മഹനീയ ഭാരതീയ മന്ത്രത്തിന്റെയും അന്തസ്സത്ത കേശവമേനോന്റെ രചനകളിലൂടെ പ്രസന്നകുമാറിന് പകര്‍ന്നുകിട്ടി.
1980ല്‍ ബധിരനും മൂകനുമായ യശോധരന്‍ എന്ന തടിപ്പണിക്കാരനെയും കുടുംബത്തെയും സഹായിക്കാന്‍ കിട്ടിയ അവസരം ദൈവം തനിക്ക് നല്‍കിയതായാണ്പ്രസന്നകുമാര്‍ കാണുന്നത്. യശോധരന്റെ വീട്ടിലെത്തിയപ്പോഴാണ് രണ്ട് സഹോദരിമാരും യശോധരനെപ്പോലെ വൈകല്യമുള്ളവരാണെന്ന് മനസ്സിലായത്. യശോധരന്റെ ഒമ്പതാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി അന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അയച്ചു. കൂടെ മലയാളത്തില്‍ ഒരു കത്തും. കുടുംബത്തിലെ മൂന്നു പേരും ബധിരരും മൂകരുമായതിനാല്‍ സഹായിക്കണമെന്നായിരുന്നു ഉള്ളടക്കം. 15 ദിവസത്തിനകം മറുപടി കിട്ടി. രണ്ട് മാസത്തിനകം യശോധരന് കൊച്ചിന്‍ ഷിപ്പ്യാഡില്‍ ജോലി ലഭിച്ചു. സഹോദരങ്ങളെ വിവാഹം ചെയ്തയയ്ക്കാനും കുടുംബം നല്ലനിലയില്‍ കൊണ്ടുപോകാനും യശോധരന് കഴിയുകയും ചെയ്തു.
24-ാം വയസ്സില്‍ ബി.എസ്.എന്‍.എല്ലില്‍ ജോലിയില്‍ പ്രവേശിച്ച പ്രസന്നകുമാര്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ചിന്നക്കട ടെലിഫോണ്‍ എക്‌സേഞ്ചില്‍ 'ദി 21 ലീഗ്' എന്ന സംഘടനയുണ്ടാക്കി. 21 സേവനസന്നദ്ധരായ യുവാക്കളുടെ ഒരു കൂട്ടമായിരുന്നു അത്. രക്തദാനവും മരം വച്ചുപിടിപ്പിക്കലുമായിരുന്നു തങ്ങളുടെ അന്നത്തെ പ്രധാന പ്രവര്‍ത്തനമെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അന്ന് തങ്ങള്‍ വച്ചുപിടിപ്പിച്ച മരങ്ങളില്‍ ചിലതെങ്കിലും ഇന്നും ജില്ലാ ആസ്പത്രിയുടെയും പീരങ്കി മൈതാനത്തിന്റെയും വശങ്ങളില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നതില്‍ പ്രസന്നകുമാറിന് സന്തോഷമുണ്ട്. വളരെ അടുത്ത സുഹൃത്തുക്കള്‍ ഗൃഹപ്രവേശത്തിനു വിളിക്കുമ്പോള്‍ തേക്കിന്‍ തൈകളുമായാണ് പ്രസന്നകുമാര്‍എത്തുക. വീട്ടുവളപ്പില്‍ അവ നട്ടതിനുശേഷമേ അദ്ദേഹം മടങ്ങാറുള്ളൂ.
പെരുമണ്‍ തീവണ്ടിദുരന്തദിനം ഇന്നും തെളിമയോടെ പ്രസന്നകുമാറിന്റെ മനസ്സിലുണ്ട്. അന്ന് ജില്ലാ ആസ്പത്രിക്കടുത്ത ടെലിഫോണ്‍ എക്‌സേഞ്ചിലായിരുന്നു ഡ്യൂട്ടി. അപകടത്തിന്റെ ഭീകരത അറിഞ്ഞ് നിമിഷങ്ങള്‍ക്കകം ജില്ലാ ആസ്പത്രിയിലേക്ക് ജഡങ്ങളുമായി ആംബുലന്‍സുകള്‍ എത്തിത്തുടങ്ങി. മേലേനിന്നുള്ള അനുമതിക്കൊന്നും കാത്തുനില്ക്കാതെ എസ്.ടി.ഡി. സൗകര്യമുള്ള ടെലിഫോണുകളെല്ലാം എക്‌സേഞ്ചിന്റെ വരാന്തയിലേക്കോടിയെത്തിയ പൊതുജനങ്ങള്‍ക്കായി എടുത്തുകൊടുത്തു. ആ രണ്ട് ദിനങ്ങളിലും പ്രസന്നകുമാര്‍ എക്‌സേഞ്ചുതന്നെ വീടാക്കുകയായിരുന്നു. പ്രസന്നകുമാറിന്റെ സേവനത്തിനുള്ള അംഗീകാരമായി ടെലികോം ഡയറക്ടറുടെ കാഷ് അവാര്‍ഡും പ്രശംസാ പത്രവും ലഭിക്കുകയുണ്ടായി. കാഷ് അവാര്‍ഡ് തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നല്‍കി.
പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുണ്ടയ്ക്കലെ അമൃതകുളം ആഴംകൂട്ടി മതിലുകെട്ടി സംരക്ഷിക്കുന്നതിനും റസിഡന്‍സ് അസോസിയേഷനുകള്‍ വഴി സാമൂഹിക വനവത്കരണ പരിപാടി വ്യാപിപ്പിക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി.
2004ലെ സുനാമി ദുരന്തമാണ് മറ്റൊരു ജനകീയപ്രശ്‌നത്തിലേക്ക് പ്രസന്നകുമാറിന്റെ ശ്രദ്ധ തിരിച്ചത്. ഡിസംബര്‍ 26നുണ്ടായ സുനാമിക്കുശേഷം 28ന് വീണ്ടും സുനാമിയുണ്ടാകുമെന്ന് മുന്നറിയിപ്പ് വന്ന നേരം. മുണ്ടയ്ക്കല്‍, മയ്യനാട് ഭാഗത്തെ തീരപ്രദേശങ്ങളിലുള്ളവരെല്ലാം സ്വന്തം വാഹനങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളിലുമായി ഒഴിഞ്ഞുപോകാന്‍ തുടങ്ങി. എന്നാല്‍ ഈ ഭാഗത്തുള്ള പത്തോളം റെയില്‍വേ ഗേറ്റുകള്‍ അടച്ചതോടെ ജനം പെരുവഴിയിലായി. കിലോമീറ്ററുകളോളം നീണ്ട കുരുക്കായിരുന്നു എല്ലാ ഗേറ്റുകളിലും. ഒടുവില്‍ തിരുവനന്തപുരം-കൊല്ലം റെയില്‍ ഗതാഗതം നിര്‍ത്തിവച്ചാണ് സുനാമിഭീതിയില്‍പ്പെട്ടവരെ ഗേറ്റ് കടത്തിവിട്ടത്. മയ്യനാട്, മുണ്ടയ്ക്കല്‍ നിവാസികളെ ഈ ലെവല്‍ക്രോസുകളില്‍നിന്ന് എങ്ങിനെ രക്ഷപ്പെടുത്താമെന്നതായി ഈ സംഭവത്തോടെ അദ്ദേഹത്തിന്റെ ചിന്ത. സുഹൃത്തും സാഹിത്യകാരനുമായ മുഞ്ഞിനാട് പത്മകുമാര്‍, സി.എല്‍.രാജു എന്നിവരോട് ഇതേക്കുറിച്ച് വിശദമായി സംസാരിച്ചു. അങ്ങിനെയാണ് 'ശുഭയാത്ര' എന്ന സംഘടന രൂപം കൊള്ളുന്നത്. 2005 ജനവരി ഒന്നിന് മുണ്ടയ്ക്കല്‍മുതല്‍ മയ്യനാടുവരെ പദയാത്ര നടത്തി ലെവല്‍ക്രോസിലെ ദുരിതങ്ങളെപ്പറ്റി ജനങ്ങളില്‍നിന്ന് വിവരങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും ആരാഞ്ഞു. പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട അടിപ്പാതകളെക്കുറിച്ച് റെയില്‍വേ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദിന് ശുഭയാത്രാസംഘം നിവേദനം നല്‍കുകയും ചെയ്തു. റെയില്‍വേ സേഫ്റ്റി വകുപ്പ് തങ്ങളുടെ നിര്‍ദ്ദേശത്തെപ്പറ്റി പഠിച്ചുവരികയാണെന്ന് പ്രസന്നകുമാറിന് മറുപടിയും കിട്ടി. മെമുകൂടി വരുന്നതോടെ ഇതുവഴി ദിനംപ്രതി കടന്നുപോകുന്ന തീവണ്ടികളുടെ എണ്ണം 70 ആകും. ദിവസത്തിന്റെ മുക്കാല്‍ഭാഗവും അടഞ്ഞുകിടക്കുന്ന റെയില്‍വേ ഗേറ്റുകള്‍ക്കു മുന്നില്‍ കാത്തുകെട്ടിക്കിടക്കേണ്ടിവരുന്ന സ്ഥിതിയാണ് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുണ്ടാവുക. ശുഭയാത്ര എന്ന തങ്ങളുടെ സംഘം ഇതിന് പരിഹാരം കണ്ടെത്താന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രസന്നകുമാര്‍ പറയുന്നു.
ജീവിതശുഭയാത്രയില്‍ കെ.പ്രസന്നകുമാറിന് കൂട്ടായുള്ളത് മനയില്‍ക്കുളങ്ങര വെഞ്ഞാറയ്ക്കല്‍ കുടുംബാംഗമായ ശാന്തകുമാരിയാണ്. ഇറ്റലിയില്‍ എന്‍ജിനിയറായ പ്രദീപ്കുമാര്‍, വീട്ടമ്മമാരായ ദീപ, രശ്മി എന്നിവരാണ് മക്കള്‍.
നാം മുന്നോട്ട് ഭാഗം-1 വാങ്ങാം
നാം മുന്നോട്ട് ഭാഗം-2 വാങ്ങാം
നാം മുന്നോട്ട് ഭാഗം-3 വാങ്ങാം
നാം മുന്നോട്ട് ഭാഗം-4 വാങ്ങാം
'നാം മുന്നോട്ട് ഭാഗം-5' വാങ്ങാം
Tags :