കവിതയുടെ വിഷ്ണുലോകം

എം. ലീലാവതി

29 Nov 2012

ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ച കാവ്യലോകമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടേത്. മാനവികതയും പ്രകൃതിയും പ്രാചീന-ആധുനിക സമൂഹങ്ങളുമെല്ലാം ഇഴചേരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ 'വൈഷ്ണവം' എന്ന കാവ്യസമാഹാരത്തിന്റെ സവിശേഷതകള്‍ വിശകലനം ചെയ്യുന്നു.

പ്രാചിയെയും പ്രതീചിയെയും ഉന്നതങ്ങളെയും അവനതങ്ങളെയും മാമലകളെയും താഴ്‌വരകളെയും പുല്‍ക്കൊടിയെയും പൂമരത്തെയും ഒരുപോലെ ലാളിക്കുകയും ഊര്‍ജം പകര്‍ന്ന് ഉണര്‍ത്തുകയും ചെയ്യുന്ന സഹസ്രകരനായ സവിതാവിനെപ്പോലെ വചോരശ്മികളുതിര്‍ക്കുന്ന മനസ്സാലനുഗൃഹീതനായ ഒരു കവി നമ്മുടെ എളിയ മലയാളത്തിലുണ്ട്. പേരും അതുതന്നെ-വിഷ്ണു. ഏറെ സഹസ്രാബ്ദങ്ങളുടെ ചരിത്രത്തിലേക്ക് വേരോട്ടമുള്ള ഭാരതസംസ്‌കാരത്തിന്റെ ഭൂതകാലത്തിനുള്ള ആഴങ്ങളെയും ഭവത്കാലത്തിനുള്ള തമാലപ്പരപ്പിനെയും ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുള്ള മലയാള കവികള്‍ വേറെയും കാണും. അതോടൊപ്പം പ്രതീചിയുടെ വിവിധ സംസ്‌കാരസാരങ്ങള്‍ ചേതസ്സിലേക്കാവാഹിക്കാനും സ്വീയപാരമ്പര്യത്തോട് സമന്വയിക്കാനും ഒരു പരമഹംസത്തിനുമാത്രം സങ്കല്പിക്കപ്പെട്ടിട്ടുള്ള വിവേചനശക്തിയോടെ സമന്വയനപ്രക്രിയ സാക്ഷാത്കരിക്കാനും കഴിഞ്ഞിട്ടുള്ളവര്‍ വേറെയുണ്ടോ? ഭൂമിക്ക് ഒരു സൂര്യന്‍ മാത്രമേയുള്ളൂ. മലയാള കവിതയ്ക്ക് ഒരു വിഷ്ണുവും. പ്രാചിയും പ്രതീചിയും സമാന്തരരേഖകളല്ലെന്നും അവ കൂടിച്ചേരുന്ന ബിന്ദുക്കളുണ്ടെന്നും കാട്ടിത്തരുന്ന പ്രഭാപുഞ്ജങ്ങളിലേക്ക് നമ്മെ രശ്മിവേഗമുള്ള വചസ്സുകളിലൂടെ അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. 'ഉദഗ്രരമണീയാ' എന്ന് പൃഥിവിയെ വിശേഷിപ്പിച്ച കാളിദാസന്‍ ആത്മീയതയെയും ഭൗതികതയെയും അവയുടെ ഗരിമയിലുള്ള തുല്യതയറിഞ്ഞ് സംപൃക്തമായി ഏകപീഠത്തില്‍ പ്രതിഷ്ഠിച്ചതിലുള്ള 'ഉദഗ്രരമണീയത'യാണ് ഈ കവിയുടെ അസ്തിത്വദര്‍ശനത്തിലുള്ള മറ്റൊരു സമന്വയനപ്രക്രിയയില്‍ തിളങ്ങുന്നത്. യജ്ഞത്തിലും യജ്ഞശിഷ്ടാശനത്തിലും ഒരേ ഉത്സാഹം; ഒരേ ഉദ്വേഗം; ഒരേ ഉദാരത; ഒരേ ഉദാത്തത. ഭൂമിയെ ഭോഗയോഗ്യയാക്കുന്ന സൂര്യന്റെ ഊര്‍ജത്യാഗം ജീവികളെ ത്യാഗഭോഗവാസനകളോടെ ഉരുവപ്പെടുത്തിയിരിക്കുന്നു. പരിണാമപ്രക്രിയയില്‍ ഉയര്‍ന്നുയര്‍ന്നുപോകുന്തോറും ജീവികള്‍ക്കുള്ള വാസനകളില്‍ സൗരമായ ത്യാഗത്തിനുള്ള പങ്ക് കൂടിക്കൂടി വരുന്നു. മനുഷ്യര്‍ സഹയജ്ഞരായി പിറക്കുന്നു; മനുഷ്യരില്‍ മഹത്ത്വമാര്‍ജിക്കുന്നവര്‍ ആ വാസനയെ വളര്‍ത്തുന്നു. അല്ലാത്തവര്‍ ജന്തുക്കളെപ്പോലെ വ്യാപാരചതുഷ്ടയത്തിലാണ്ടുപൂണ്ടുകിടക്കുന്നു. ഇത് ആര്‍ഷമനനത്തിന് പണ്ടേ വെളിപ്പെട്ടുകിട്ടി. ജന്തുക്കളുടെ ജീനുകളിലുള്ള ഭോഗവാസന മനുഷ്യരുടെ ജീനുകളിലുമുണ്ട്. നിയതി മനുഷ്യര്‍ക്ക് മനോഘടനയില്‍ ത്യാഗവാസനയുള്‍പ്പെട്ട ഒരു സാംസ്‌കാരിക കണവും ഇണക്കിയിരിക്കുന്നു എന്ന് അടുത്ത കാലത്ത് കണ്ടെത്തിയ ആധുനിക ശാസ്ത്രജ്ഞര്‍ ആ മനഃകണങ്ങള്‍ക്ക് മേം (meme) എന്നൊരു പേരും കൊടുത്തിട്ടുണ്ട് (The selfish Gene - Richard Dawkins). അപരനെക്കുറിച്ചുള്ള പരിഗണനയിലൂടെ അഹത്തെ അധഃകരിക്കാനും വിസ്മരിക്കാന്‍പോലും ഉള്ള സാംസ്‌കാരിക 'വാസന' (സഹജപ്രവണത)യാലനുഗ്രഹിക്കപ്പെട്ടതുകൊണ്ടാണ് കവി രുദിതാനുസാരിയാവുന്നത്. കാളിദാസന്‍ ആദികവിയെ അങ്ങനെ വിശേഷിപ്പിച്ചപ്പോള്‍, അങ്ങനെ വിശേഷിപ്പിക്കപ്പെടാവുന്നവരേ കവിനാമം അര്‍ഹിക്കുന്നുള്ളൂ എന്ന നിര്‍വചനം കൂടിയായിത്തീര്‍ന്നു ആ പദം.

യജനവും അശനവും (ത്യാഗവും ഭോഗവും) സന്തുലിതമായ അനുപാതത്തിലാക്കുക എന്ന ഉപദേശം നല്‍കുന്നതും (ഗീത) മര്‍ത്യരിലുള്ള ദേവത്വത്തെയും മനുഷ്യത്വത്തെയും ആസുരതയെയും ദമം, ദാനം, ദയ എന്ന മൂന്ന് 'ദ' കൊണ്ട് സന്തുലിതമാക്കുക എന്ന ഉപദേശം നല്‍കുന്നതും (ബൃഹദാരണ്യകം) പ്രജാപതിയാണ്. ഈ ഉപദേശത്തിന്റെ തേജോമാര്‍ഗം പിന്തുടര്‍ന്ന കാളിദാസീയ ജീവിതദര്‍ശനത്തിന്റെ പഥത്തില്‍, സൂര്യനെ ചുറ്റുന്ന ഭൂമിയുടെ ഭ്രമണപഥത്തിലെന്നപോലെ, വിഷ്ണുവിന്റെ കവിത സഞ്ചരിക്കുന്നു. കുമാരസംഭവത്തില്‍ പരമശിവന്‍ സപ്തര്‍ഷിമാരെ ക്ഷണിച്ചുവരുത്തിയപ്പോള്‍, 'പരിഗ്രഹവ്രീള'യില്‍ ചൂളിക്കൊണ്ടാണ്, കാമത്തെ ക്രോധംകൊണ്ട് ഭസ്മമാക്കിയ രുദ്രന് മുന്നിലവര്‍ നിന്നത്. തനിക്ക് പരിഗ്രഹത്തെ കിട്ടാനാണ് അദ്ദേഹം അവരുടെ സഹായമാവശ്യപ്പെടുന്നതെന്ന മുഴങ്ങുന്ന ഫലിതച്ചിരിയില്‍ കാളിദാസന്‍ അവരുടെ വ്രീളയെ ഭസ്മമാക്കുന്നു. ഋഷിമാരുടെ 'ശങ്ക'യ്‌ക്കെതിരെയുള്ള ഈ വലിയ പൊട്ടിച്ചിരിത്തീപ്പൊരി പോരേ (സ്ത്രീ) വിഷയത്തില്‍ ആര്‍ക്കും എക്കാലത്തും ഉണ്ടാകാവുന്ന ശങ്കകള്‍ ഭസ്മീകരിക്കാന്‍? ഇത്തരം ശങ്കകളുടെ ജീനുകള്‍ വിഷ്ണുവില്‍ നിയതി പാകിയിട്ടില്ലെന്ന് 'പ്രണയഗീത'ങ്ങളെന്ന സമാഹാരത്തിലെ ഓരോ കവിതയും ഓതുന്നു. വിശേഷിച്ചും അത്ര ചെറുപ്പത്തില്‍ 'കാശ്യപന്‍' എന്ന കവിത രചിച്ചതിലെ പ്രത്യയധീരത. പ്രജാപതി നിറഞ്ഞ സന്ധ്യക്ക് പത്‌നിയെ പ്രാപിച്ചതാണ് വിഷയം. 'അരുത്' എന്ന രചനയിലെ പ്രണയജൃംഭണം ആര്‍ക്കും വഴങ്ങുന്ന വിഷയമാവാം-സാമാന്യന്റേതാകയാല്‍ കാശ്യപന്റെ 'സര്‍ഗോന്മാദ ജൃഭിതത്വത്തെ' തൊട്ടുകളിക്കാനുള്ള കരുത്ത് അങ്ങനെ ആര്‍ക്കും വഴങ്ങുന്ന ഒന്നല്ല. വിഷ്ണുവിന് മുനിചിത്തത്തിന്റെ ഗൂഢമായ ചിരി കാണാനും ആ വിശിഷ്ട വൈഖരി കേള്‍ക്കാനും ആ 'പുണൈ്യകമാത്രയിലെ ബ്രഹ്മാനന്ദരസം' അറിയാനും കഴിഞ്ഞത് സഹജശക്തികൊണ്ടുതന്നെയാണ്. അത് കാളിദാസന്‍ പകര്‍ന്നുകൊടുത്തതല്ല. വിഷ്ണു കാളിദാസപഥത്തില്‍ സഞ്ചരിക്കുന്നത് യജനത്തിലും അശനത്തിലും ഒരുപോലെയുള്ള മനഃപ്രകൃതികണങ്ങള്‍ അവര്‍ക്കുള്ളതുകൊണ്ടാണ്. 'He is; he is with Shakespeare'എന്ന് കീറ്റ്‌സിനെപ്പറ്റിപറയപ്പെട്ടതുപോലുള്ള ഒരു സമാനതയാണത്. രതിയെ ബ്രഹ്മാനന്ദമെന്ന് വിശേഷിപ്പിക്കാന്‍ കുമാരസംഭവത്തിന്റെ കര്‍ത്താവിന് കഴിയുന്നതുപോലെത്തന്നെയാണ് 'കാശ്യപന്റെ' രചയിതാവിനും കഴിയുന്നത്. സ്വര്‍ഗം വെടിഞ്ഞ് ഭൂജാതനായിത്തീരുന്ന മര്‍ത്യന്, ഭൂമിയോടുള്ള മമത തുല്യതീവ്രമായ വികാരമാണ്. 'ആദമും ദൈവവു'മെന്ന കവിതയില്‍ മനുഷ്യന്റെ ഭൂരതിയെയും കര്‍മധീരതയെയും വാഴ്ത്തുകയായിരുന്നു കവി. അത് വേണ്ടുംപോല തിരിച്ചറിയാന്‍ വേണ്ടുന്ന ഭാവയിത്രിപ്രതിഭയില്ലാത്തവര്‍ക്കേ അതില്‍ മതനിന്ദയോ ദൈവനിന്ദയോ ആരോപിക്കാന്‍ കഴിയൂ. പരമേശ്വരന്റെ രതി വര്‍ണിച്ച കാളിദാസനെയും ശരിക്ക് കാണാനനുവദിക്കാത്ത തിമിരം ബാധിച്ചവരുണ്ടായിരുന്നു.

തിര്യക്കുകളെപ്പോലെ അശനത്തില്‍ അഭിരമിക്കുകയും യജനമൂല്യത്തിലേക്ക് മനം വളരാത്ത പ്രാകൃതദശയില്‍ ഉഴയ്ക്കുകയും തഴയ്ക്കുകയും ചെയ്ത മാനവന്റെ 'നിഷാദപര്‍വ'വും 'പശുപാലപര്‍വ'വും രണ്ട് ചെറിയ ഭാവകവിതകളില്‍, ഉണ്ണിവായില്‍ ബ്രഹ്മാണ്ഡമെന്ന പോലെ, ഒതുക്കുകയെന്ന വിസ്മയം മലയാളത്തില്‍ മറ്റൊരു കവിയും കാട്ടിത്തന്നിട്ടില്ല. ദൂരദര്‍ശിനിയിലൂടെ താരാപഥങ്ങളെക്കാണുമ്പോലെ അവയിലൂടെ വെളിപ്പെടുന്നത് രണ്ട് ഇതിഹാസങ്ങള്‍. അവയിലെ മാനുഷാവസ്ഥയ്ക്ക് പ്രാചി പ്രതീചി എന്ന തരംതിരിവില്ല. സാംസ്‌കാരിക വികാസത്തിന്റെ യുഗങ്ങള്‍ പിന്നിട്ടതിനുശേഷമാണ് ആ വിവേചനം ഉദിക്കുന്നത്. കിഴക്ക്-പടിഞ്ഞാറ്; കറുപ്പ്-വെളുപ്പ്; ഉച്ചം-നീചം; യുക്തി-ഭക്തി; ആ മതം-ഈ മതം; ഇമ്മാതിരിയുള്ള ദ്വന്ദ്വങ്ങള്‍ക്കതീതമായി പൃഥിവിയെ ഉദഗ്രരമണീയയായിക്കാണാനുള്ള കവിയുടെ കഴിവില്‍നിന്ന് ഒരു പുതിയ മിത്തുതന്നെ രൂപപ്പെടുകയുണ്ടായി. കറുത്ത വര്‍ഗവും വെളുത്ത വര്‍ഗവും ഭൂമിയെ വിഭജിച്ച് കൊണ്ടുപോയി സ്ഥലവിസ്തൃതിയില്‍ അന്വേഷിച്ചിട്ട് കറുത്ത സൂര്യനെയും വെളുത്ത സൂര്യനെയും വേറെവേറെക്കാണാഞ്ഞ് തിരിച്ചെത്തി എന്നൊരു കഥ (ഭൂമിഭാഗം) എല്ലാ ദ്വന്ദ്വങ്ങളെയും ഭരിക്കുന്ന ഏകസത്തയ്ക്ക് പ്രതീകമായി വിഷ്ണുവിനെ (സൂര്യനെ) സാക്ഷാത്കരിക്കുകയാണ് കവി.

ഭൂരതിയുടെ വിട്ടുവീഴ്ചയില്ലാത്ത പ്രവക്താവായിരിക്കെത്തന്നെ, യജനമൂല്യത്തിന്റെ പ്രതീകങ്ങള്‍ ഇത്രയേറെ പ്രയുക്തമാക്കിയവര്‍ മലയാള കവിതയില്‍ വേറെയുണ്ടോ? മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആ വകുപ്പില്‍പ്പെട്ട രചനകള്‍ ശേഖരിക്കാനൊരു ശ്രമം നടത്തിയത് 'വര്‍ണരാജി'യെന്ന പുസ്തകത്തിലുണ്ട്. ഭാരതപുത്രന്‍, തേരാളിയുടെ മുമ്പില്‍, സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, രണഭൂമി, ബോധോദയം, അണക്കെട്ടുകള്‍, വര്‍ഷം വരുന്നു, ജവാഹരസ്മരണ, റിപ്പബ്ലിക് ്‌ള്‌ളാഡിമര്‍ കോമറോവ്, നിഷാദപര്‍വം, പശുപാലപര്‍വം, അഴലും വെളിച്ചവും, നവവത്സരം, നരബലി, ശവരാഷ്ട്രീയം, കാലനയനം നനയുന്നു, ആളുകള്‍, ബ്രഹ്മദത്തന്‍, ശോണമിത്രന്‍, ഗംഗാനാരായണന്‍, ഷെപ്പേഡ്, ഗോപാലസ്മരണ മുതലായ കവിതകള്‍ ആ ഗ്രന്ഥത്തില്‍ അപഗ്രഥിക്കപ്പെട്ടിട്ടുണ്ട്.'രാവും പകലും' പോലുള്ള എത്രയോ രചനകള്‍ ഈ വകുപ്പില്‍പ്പെട്ടിട്ടും അന്നത്തെ സഞ്ചികകളില്‍പെടാതെപോയിട്ടുള്ളതിനാല്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നിരക്ഷരനായ ഒരു കൂലിവേലക്കാരന്‍ തന്റെ ചില്ലിക്കാശുകള്‍ സ്വരൂപിച്ച് പട്ടിണിയിലുഴലുന്ന ബിഹാറിലെ സഹോദരങ്ങള്‍ക്ക് എത്തിക്കാന്‍ കെഞ്ചുന്ന ചിത്രം.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education