ഹിമാലയം എന്ന അനുഭവം

ബിജു.സി.പി.

29 Nov 2012

ഹിമാലയയാത്രാവിവരണങ്ങള്‍ മലയാളത്തിലെ സഞ്ചാരസാഹിത്യരംഗത്ത് വേറിട്ടൊരു ശാഖയായിത്തന്നെ വളര്‍ന്നു കഴിഞ്ഞു. രാജന്‍ കാക്കനാടന്റെ ''ഹിമവാന്റെ മുകള്‍ത്തട്ടില്‍'' എന്ന പുസ്തകമാണ് യാത്രക്കാര്‍ക്കിടയില്‍ വേറിട്ട ഒരനുഭവമായിത്തീര്‍ന്ന ആദ്യഹിമാലയപ്പുസ്തകം. സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ ചേതോഹരമായ വിവരണമാണ് ആ കൃതി. ഹിമാലയയാത്ര ഒരു വിശിഷ്ടാനുഭവമാണെന്നു മലയാളിയെ പഠിപ്പിച്ചത് ആ പുസ്തകമാണ്. അതിനു ശേഷം ഏറെക്കാലം ഹിമാലയയാത്രാവിവരണ മേഖല മങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ എട്ടോ പത്തോ കൊല്ലത്തിനിടയിലാണ് പിന്നീട് ഹിമാലയയാത്രകളും യാത്രാവിവരണങ്ങളും വലിയൊരു പ്രസ്ഥാനമായിത്തന്നെ വളര്‍ന്നത്. എം.പി.വീരേന്ദ്രകുമാറിന്റെ ബൃഹത്തായ ഹിമാലയയാത്രാവിവരണ ഗ്രന്ഥമായ ''ഹൈമവതഭൂവില്‍'' വിപുലമായ പ്രശംസയും നിരവധി പുരസ്‌കാരങ്ങളും നേടുകയും ചെയ്തു. എം.കെ.രാമചന്ദ്രന്‍, കെ.ബി.പ്രസന്നകുമാര്‍ തുടങ്ങിയവരുടെ ഹിമാലയയാത്രാ പുസ്തകങ്ങളും എടുത്തു പറയേണ്ടവയാണ്. മലയാളത്തില്‍ ഹിമാലയയാത്രാവിവരണം എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ട പുസ്തകം എന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കെ.മാധവനാരുടെ ഒരു ഹിമാലയയാത്ര. 1927ല്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. 'ശതാഭിഷേകം' പിന്നിട്ടപ്പോളാണ് ഈ വിശിഷ്ടകൃതിക്ക് ഒരു പുനര്‍ജന്മമുണ്ടായത് എന്നത് കൗതുകം തന്നെ.എണ്‍പത്തഞ്ചു കൊല്ലം മുമ്പ് ഹിമാലയത്തിലേക്കൊരു യാത്ര നടത്തുക എന്നാല്‍ വിദേശ യാത്രയെക്കാള്‍ എത്രയോ വിഷമം പിടിച്ചതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് ചെറുപട്ടണങ്ങളായിത്തീര്‍ന്ന ഹിമാലയത്തിലെ പലയിടങ്ങളും അന്ന് ജനപഥങ്ങള്‍ പോലുമായിരുന്നില്ല. ഇന്ന് ഹിമാലയത്തിലൂടെയും ഹിമാലയയാത്രാവിവരണങ്ങളിലൂടെയും സ്‌നേഹാതിരേകത്തോടെ പര്യടനം ചെയ്യുന്നവര്‍ക്ക് അറിയാം എണ്‍പത്തഞ്ചു കൊല്ലം കൊണ്ട് ഹിമവാനു വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന്. യാത്രാപഥങ്ങളില്‍ അവിടവിടെ വഴിത്താര തെല്ലു മെച്ചമായതും പര്‍വതത്തിന്റെ മടിത്തട്ടില്‍ പലേടത്തും ചെറുപട്ടണങ്ങള്‍ ഉദയം ചെയ്തതും മാത്രമാണ് എടുത്തു പറയാവുന്ന വളര്‍ച്ചകള്‍. കാശിയില്‍ നിന്നാണ് മാധവനാര്‍ യാത്ര തുടങ്ങുന്നത്. ലൗകികയാത്രകളൊടുങ്ങുന്ന കാശിയില്‍ നിന്ന് ഹിമാലയയാത്ര തുടങ്ങുന്നു എന്നൊരു കൗതുകം കൂടിയുണ്ട് ഇവിടെ! കാശിയും സാരനാഥും കണ്ട്, നേരേ ഹൃഷീകേശിലേക്കെത്തുന്നു മാധവനാര്‍. നടന്നും തളര്‍ന്നും സ്വയം ഭക്ഷണം പാകം ചെയ്തും ഗുരുകുലങ്ങളും ആശ്രമങ്ങളും ഇടത്താവളങ്ങളാക്കിയും മാധവനാര്‍ ഹിമവാന്റെ മടിത്തട്ടിലേക്കു പതുക്കെ നടന്നു കയറുന്നു. ദേവപ്രയാഗയും രുദ്രപ്രയാഗയും തപ്തകുണ്ഡവും കേദാര്‍നാഥും വഴി ഹരിദ്വാറിലും ബദരീനാഥിലുമെത്തി രാമനഗറിലേക്കു മടങ്ങുന്നു. നേരില്‍ കാണുന്ന കാര്യങ്ങള്‍ അതു പോലെ പറയുന്നതാണ് വിവരണ രീതി.

ലളിതവും സുന്ദരവും ഋജുവുമായ വിവരണം. ഒരു നൂറ്റാണ്ടിനടുത്തു പഴക്കമുള്ള ഭാഷാരീതികളും വിവരണ സമ്പ്രദായവുമാണെങ്കിലും വിഷമമേതുമില്ലാതെ വായിച്ചു പോകാം. കൗതുകകരമായ ചില ഭാഷാപ്രയോഗങ്ങള്‍ വായനയെ രസകരമാക്കുകയേയുള്ളൂ. ഈ പുസ്‌കതത്തിന്റെ സവിശേഷ പ്രാധാന്യം വിശദീകരിക്കുകയും ഇന്നത്തെ ഹിമാലയയാത്രകളുടെ അനുഭവവുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്ന ആഷാമേനോന്റെ അവതാരിക പുസ്തകത്തിന് സവിശേഷമായ കാലിക പ്രസക്തി നല്‍കുന്നുണ്ട്. പ്രശസ്ത നിരൂപകനും ജൈവസഞ്ചാരിയുമായ ആഷാമേനോന്റെ ഹിമലയയാത്രാ വിവരണലേഖനങ്ങളുടെ സമാഹാരമാണ് ഹിമാചലിന്റെ നിസ്വാന്തനങ്ങള്‍. ഹിമവല്‍ ശൃംഗങ്ങളിലേക്കുള്ള പതിഞ്ഞ നടന്നു കയറ്റം പോലെ ശീതസാന്ദ്രമായ ഒരനുഭൂതിഭാഷയാണ് ആഷാ മേനോന്റേത്. ഗരിമയാര്‍ന്ന ആ ശൈലഭൂമിയിലേക്ക് നടന്നു കയറാന്‍ പ്രത്യേകമായ ഒരു താളവും ക്രമവും വേണം. വിവരണം ഹിമാലയയാത്രയെക്കുറിച്ചാവുമ്പോള്‍ ആ ഭാഷാസഞ്ചാരം വേറിട്ടൊരനുഭവം തന്നെയാകുന്നു. ഹിമാലയയാത്രികര്‍ പൊതുവേ ഉള്‍പ്പെടുത്താറില്ലാത്തതാണ് മനാലിയിലേക്കും സിംലയിലെക്കുള്ള സഞ്ചാരങ്ങള്‍. ഹിമവാന്റെ മടിത്തട്ടില്‍ത്തന്നെയെങ്കിലും അവിടങ്ങള്‍ ലൗകികാനന്ദത്തിന്റ വിഹാരഭൂമിയായിട്ടാണല്ലോ കരുതപ്പെടുന്നത്. ഹിമാചലിലൂടെയുള്ള ഈ യാത്രകള്‍ പുസ്തകത്തിന്റെ ഒരു ഭാഗമാണ്. രണ്ടാം ഭാഗമാകട്ടെ പഞ്ചകേദാരത്തിലൂടെയുള്ള പരമ്പരാഗത ഹിമാലയാരോഹണത്തെക്കുറിച്ചു തന്നെ പറയുന്നു. യമുനോത്രിയും ഗംഗോത്രിയും നടന്നുകയറി കേദാറിന്റെ സ്വസ്ഥത ചിത്തത്തിലേറ്റിവാങ്ങി തുംഗനാഥിലേക്കുള്ള കരേറ്റം.

ദക്ഷിണ കൈലാസം എന്ന മൂന്നാം ഭാഗത്തിലാകട്ടെ ഇതര യാത്രകളെ, യാത്രകളുടെ യാത്രയായ ഹിമാലയയാത്രയിലേക്കു ചേര്‍ത്തു വെച്ച് പര്യാലോചിക്കുകയാണ്. ദക്ഷിണ കൈലാസമെന്നു കൂടി അറിയുന്ന കുടജാദ്രിയിലേക്കുള്ള സഞ്ചാരത്തെ ഒരനുഭൂതിയായി വിവരിക്കുന്നു ആഷാ മേനോന്‍. നിശ്ശബ്ദ താഴ്‌വരയിലേക്കും സന്നിധാനത്തിലേക്കും നടന്നുകയറുമ്പോഴൊക്കെയും പ്രകൃതി എന്ന ജൈവക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനമാണു തന്റേത് എന്ന ഹരിതാത്മീതയിലാണ് ഗ്രന്ഥകാരന്‍. യാത്ര ആധുനിക ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒരു കര്‍മശാസ്ത്രമാണെന്നും അത് വിശിഷ്ടമായ ഒരു സംവാദമാണെന്നും ആഷാമേനോന്‍ വിവരിക്കുന്നു. ഓരോ യാത്രയും ജീവിതത്തിന്റെ പുതിയൊരു പൊരുളറിവിലേക്കുള്ള നടന്നുകയറ്റമാണെന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകം.

'
ഒരു ഹിമാലയയാത്ര' വാങ്ങാം

'ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍' വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education