സ്വര്‍ണച്ചാമരം എന്ന പാട്ടുപെട്ടി

പ്രിയ എ.എസ്.

19 Nov 2012

ഒരു പഴയകാല പൊണ്ണന്‍ റേഡിയോ, അതാണ് രവിമേനോന്റെ പുതിയ പാട്ടുപുസ്തകമായ സ്വര്‍ണച്ചാമരത്തിന്റെ കവര്‍പ്പേജില്‍. ഞാന്‍ വളര്‍ന്നതും ആ പഴയകാല പൊണ്ണന്‍ റേഡിയോയെ ചുറ്റിപ്പറ്റിയാണ്.

അതിനെ രാജകീയമായി ചുമന്നുനിന്ന നാല് കാലും കവച്ചുനില്ക്കുന്ന മര-സ്റ്റാന്‍ഡ്, 'സ്വപ്നങ്ങളലങ്കരിക്കും നമ്മുടെ വീട് കണ്ട് സ്വര്‍ഗം നാണിക്കുന്നു' എന്ന പാട്ട് നമ്മുടെ വീടിനെക്കുറിച്ചാണെന്ന് പറയുന്ന അമ്മ, അമ്മാവന്റെ വിവിധ്ഭാരതി ഹിന്ദിപ്പാട്ടുകളുടെ കൂടെ നടന്ന് 'ദം മാരോ ദം, മിഠ് ജായെ ഹം, ഹരേ കൃഷ്ണ ഹരേ റാം' എന്ന് വളരെ മോഡേണായി പാട്ടും പാടിക്കഴിഞ്ഞ അമ്മൂമ്മ (ഹിന്ദി തിരിയാത്തതിനാല്‍ 'ദമ്മാരോദം മിത്തിച്ഛായേ ഹം' എന്നാണ് കുട്ടിപ്രിയ അത് പിടിച്ചെടുത്തിരുന്നത്), പിന്നീട് അമ്മാവന്‍ ബോംബെക്കാരനായപ്പോള്‍ അമ്മാവനെ യാത്രയയയ്ക്കാന്‍ വന്ന് എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനില്‍ കണ്ണീര്‍നിറഞ്ഞ കണ്ണുകളുമായി നിന്ന എന്റെ അമ്മയെയും കുഞ്ഞമ്മയെയും കളിയാക്കിനോക്കിക്കൊണ്ട്, എം.എസ്. വിശ്വനാഥന്‍-ശബ്ദത്തില്‍ അമ്മാവന്‍ പാടിയിരുന്ന 'കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ നിനക്കഭിനന്ദനം', വൈക്കത്തുനിന്ന് ഓരോ മാസവും വരുമ്പോള്‍ കുഞ്ഞമ്മ എന്ന മറ്റൊരു കെ. ഓമനക്കുട്ടിയെക്കൊണ്ട് ഉച്ചയൂണുകഴിഞ്ഞ് ചുറ്റുംകൂടിയിരുന്ന് പാടിച്ചിരുന്ന പി. സുശീലാപ്പാട്ടുകള്‍, 'നിങ്ങളുടെയൊക്കെ വലിയ കണ്ണും അമ്മാവന്റെ പാട്ടും കിട്ടണേ ഉള്ളിലെ കുട്ടിക്ക്' എന്ന് പ്രാര്‍ഥിച്ചിരുന്ന അമ്മായിയുടെ മകള്‍ക്ക് ഞാന്‍ 'ശ്രുതി' എന്നു പേരിട്ടത്, അവള്‍ ബോംബെയില്‍ വളര്‍ന്ന് ഓസ്‌ട്രേലിയക്കാരിയായിട്ടും 'ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍ വസന്തം വന്നു' പാടുന്നത്- സ്വര്‍ണച്ചാമരപുസ്തകം കൈയിലെടുക്കുമ്പോള്‍ ഓര്‍മകളും പാട്ടുകളും വന്ന് ചാമരം വീശുകയാണ്, ഒരു പഴയ സ്വര്‍ണവര്‍ണകാലത്തിലേക്ക് ചാമരം വീശി ക്കൊണ്ടുപോവുകയാണ്.

കൊച്ചി എഫ് എമ്മിന്റെ ഒരു റേഡിയോ പ്രോഗ്രാമിലേക്ക് ഇടക്കിടെ കത്തെഴുതുന്നയാളാണ് എന്റെ അമ്മ. അമ്മ പാട്ട് പാടില്ല, പക്ഷേ, ഉള്ളില്‍ മുഴുവന്‍ പാട്ടുണ്ട്. എന്നെ അമ്മ അത് പോസ്റ്റ് ചെയ്യാനേല്‍പ്പിച്ചപ്പോള്‍, ആ കത്തിലെ വാചകങ്ങളുടെയും അക്ഷരത്തിന്റെയും ഭംഗി കണ്ട്, ഞാനതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തുവെച്ചിരുന്നു. ഈ പുസ്തകം വായിക്കുന്നതിനിടെ ഞാനോടിപ്പോയി അതെടുത്ത് വായിച്ചു ഒരിക്കല്‍ക്കൂടി. അമ്മ എഴുതിയിരിക്കുന്നു- 'അത്താഴമെല്ലാം കഴിഞ്ഞ് വെറുതെയിരിക്കുമ്പോള്‍ അച്ഛന്‍ കവിത ചൊല്ലിയിരുന്നു. വള്ളത്തോള്‍ കവിതകളായിരുന്നു കൂടുതലും. അമ്മ അഞ്ചാംക്ലാസുവരെയേ പഠിച്ചിരുന്നുള്ളു, പിന്നെ സംഗീതം അഭ്യസിക്കുകയാണുണ്ടായത്. അമ്മയും എന്റെ അനിയത്തി ഓമനയും അനിയന്‍ സോമനും ഒരു സദസ്സിലെന്നപോലെ പാടി. അച്ഛന്‍ ഭേഷ്, ഭേഷ് എന്നു പറഞ്ഞ് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഇതെഴുതുമ്പോള്‍ ആ കൈയടിശബ്ദവും പാട്ടും കവിതയുമെല്ലാം മനസ്സില്‍ നിറയുന്നു, കണ്ണുകള്‍ നിറയുന്നു. 1957 കാലഘട്ടത്തില്‍ ജയവിജയന്മാരിലെ വിജയന്‍സാര്‍, അച്ഛന്‍ പഠിപ്പിച്ചിരുന്ന എരമല്ലൂര്‍ ഗവണ്‍മെന്റ് എന്‍.എസ്.എല്‍. പി.എസ്സില്‍ അധ്യാപകനായി വന്നു, ജയന്‍ സാര്‍ ചേര്‍ത്തലസ്‌കൂളിലും. വിജയന്‍സാര്‍ എന്റെ അനിയത്തിയെ സംഗീതം പഠിപ്പിച്ചു. ദിവസവും രാവിലെ ഇവിടെ വന്ന്, അച്ഛനോടൊപ്പം ആഹാരം കഴിച്ച് രണ്ടുപേരും കൂടിയായിരുന്നു സ്‌കൂളിലേക്ക് പോയിരുന്നത്. ജയവിജയന്മാരുടെ സംഗീതം ഞങ്ങളുടെ വീട്ടില്‍ നിറഞ്ഞുനിന്നു. അനിയനും അനിയത്തിയും അവരവരുടെ കോളേജുകളില്‍ ഗാനമേളകളിലും മറ്റും സജീവമായി പങ്കെടുത്തു. പിന്നെ എല്ലാവരും ജോലിയും ജീവിതവുമായി അങ്ങനെയങ്ങനെ. അനിയനിപ്പോള്‍ കാഡ്ബറീസിലെ ജോലിക്കുശേഷം ബോംബെയില്‍ത്തന്നെ വയലിന്‍ പഠിക്കുന്നു.'

ഈ പുസ്തകത്തിലൂടെ അമ്മയുടെ കത്തിലെത്തി, കത്തിലൂടെ എരമല്ലൂരെ ആ പഴയ വീട്ടിലേക്കുപോയി, വീട്ടിലെ പാട്ടുകാരെല്ലാം ഒത്തുകൂടുമ്പോള്‍ പഞ്ചാരമണല്‍മുറ്റത്ത് പായ വിരിച്ച് ചുമ്മാ ആകാശം നോക്കിക്കിടന്ന്, ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവര്‍ത്തിയ നിലാവിലലിഞ്ഞിരുന്ന്, നീലരാവിന്റെ ചിത്രകംബളത്തിലേക്ക് പാട്ടുകള്‍ പറത്തിവിട്ട കാലത്തിലെത്തിനില്‍ക്കുകയാണ് തത്കാലം ഞാന്‍.

ഇത് എന്റെ മാത്രം കാര്യമാകാന്‍ വഴിയില്ല. ഈ പുസ്തകം കൈയിലെടുക്കുന്ന ഓരോ ആളും, ആ പഴയ പൊണ്ണന്‍ റേഡിയോക്കാലത്തിലേക്ക് കണ്ണെറിഞ്ഞിരുന്നുപോകും, പാട്ടുകള്‍ നമ്മെ വന്ന് പൊതിയും. ചിലപ്പോള്‍ നമ്മളാകെ ഉലഞ്ഞുപോയെന്നുതന്നെ വരാം.

ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പാട്ടുകളെയും പാട്ടാളുകളെയും കുറിച്ചുമാത്രമല്ല, ഇതിന്റെ താളുകള്‍ നമ്മളോട് പറയുക. നമ്മളും പണ്ട് കുട്ടികളായിരുന്നുവെന്നോ, നമ്മളും അന്ന് പാട്ടുകളെ ചുറ്റിപ്പറ്റി നടന്നിരുന്നുവെന്നോ എവിടെത്തിരിഞ്ഞാലും പാട്ട് കേള്‍ക്കാന്‍ പറ്റുന്ന ഇന്നത്തെ ഇ-സംവിധാനങ്ങളിലല്ല ആ പൊന്തന്‍ പാട്ടുപെട്ടിയിലായിരുന്നു ജീവിതഗാനങ്ങളത്രയും എന്നോ കൂടി പറഞ്ഞുവെക്കുന്നുണ്ട് ഈ പുസ്തകം.

'വസന്തത്തിന്റെ വാതില്‍ തുറന്നിട്ട റേഡിയോ ജോക്കി' എന്ന സരോജിനി ശിവലിംഗത്തെക്കുറിച്ചുള്ള ലേഖനത്തില്‍ രവിമേനോന്‍ എഴുതുന്നു: 'കൃത്യം മൂന്നരയ്ക്ക് ശ്രീലങ്കാ വാണിജ്യപ്രക്ഷേപണ നിലയത്തിന്റെ മലയാളം പരിപാടികളുമായി സരോജിനി എത്തുമ്പോള്‍ അടുക്കളയില്‍ കയറിക്കഴിഞ്ഞിട്ടുണ്ടാവും അമ്മ. പാട്ട് മൂളിയും ഒപ്പം മൂളിയുമാണ് അമ്മയുടെ പാചകം. കേള്‍വിക്കാരായി മൂന്നു കിടാങ്ങള്‍. അമ്മ ചൂടോടെ ഉണ്ടാക്കിത്തരുന്ന മൊരിഞ്ഞ ദോശകള്‍ ശര്‍ക്കരപ്പാവില്‍ മുക്കി അകത്താക്കുമ്പോള്‍ പശ്ചാത്തലത്തില്‍ യേശുദാസും ജാനകിയും ജയചന്ദ്രനും ബ്രഹ്മാനന്ദനും ഒക്കെ പാടുന്നുണ്ടാകും. വ്യക്തിത്വമാര്‍ന്ന ആ ശബ്ദങ്ങളെ തമ്മില്‍ കൂട്ടിയിണക്കിക്കൊണ്ട് നേര്‍ത്ത തമിഴ് ചുവയുള്ള മലയാളത്തില്‍ ഇടയ്ക്കിടെ സരോജിനിയുടെ അനൗണ്‍സ്‌മെന്റുകള്‍. കൃത്യം നാലരയ്ക്ക് തമിഴ് അവതാരകന് വഴിമാറിക്കൊടുത്ത് സരോജിനി യാത്ര പറയുമ്പോള്‍ നിരാശ തോന്നിയിരുന്നു. ഒരു ദിവസം മുഴുവന്‍ കാത്തിരിക്കേണ്ടേ വീണ്ടും ആ ശബ്ദം കേള്‍ക്കാന്‍? എങ്കിലും സുഖമുള്ള കാത്തിരിപ്പായിരുന്നു അത്.'

തലനാരിഴയ്ക്ക് നഷ്ടമായ 'യേശുദാസിനെ പരിചയപ്പെടല്‍' എന്ന ഭാഗ്യത്തിന്, രവിമേനോന്‍ സരോജിനിക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ , 'അപ്രതീക്ഷിതമായ ഈ സമ്മാനത്തിന് നന്ദി' എന്ന് അവര്‍ ഇടറുന്ന ശബ്ദത്തില്‍ രവിമേനോനോട് പറയുമ്പോള്‍ അത് ഈ കൃതിക്ക് കിട്ടിയേക്കാവുന്ന ഏതൊരവാര്‍ഡിനേക്കാളും വലിയ അവാര്‍ഡോ സുകൃതമോ പുണ്യമോ ആണ്. 'അവസാനകാലത്ത് തന്റെ പാട്ടിന് ആവശ്യക്കാരില്ലാതെയായി' എന്ന് ഉരുകിജീവിക്കേണ്ടിവന്ന പി. ലീലയുടെ സങ്കടത്തിന് നമ്മളെ ദൃക്‌സാക്ഷിയാക്കുന്ന 'മറന്നുവോ ഈ താമരത്തുമ്പിയെ' എന്ന വലിയ ഒരു കണ്ണുനീര്‍ത്തുള്ളിപോലെയുള്ള, ഈ പുസ്തകത്തിലെ മറ്റൊരധ്യായത്തിന്റെ തുടര്‍ച്ചപോലെയുണ്ട് ആ സ്വീകരണം.

'മനുഷ്യത്വത്തിന്റെ മാറ്റ്' എന്ന ജെറി അമല്‍ദേവിന്റെ വിശേഷണം കടമെടുക്കാത വയ്യ. അതാണ് ഈ പുസ്തകത്തെ പാട്ടിനപ്പുറത്തേക്കുയര്‍ത്തുന്നതും മാമയില്‍നൃത്തമാക്കിമാറ്റുന്നതും. (ആമുഖത്തില്‍ സുഭാഷ് ചന്ദ്രന്‍ ഉപയോഗിക്കുന്ന ഒരു വാക്കാണത്).
പാട്ടിലെ കഥകളാണ് ഈ പുസ്തകം നിറയെ. പാട്ടിന്റെ പിറവിയില്‍, പാട്ടെഴുതിയ ആളുടെ ചിത്രണത്തില്‍, അതിന്റെ ജാതകപരിശോധനയില്‍ ഒക്കെ സങ്കടം കൊണ്ട് വക്കുപൊടിഞ്ഞ വാക്കുകളില്‍ രവിമേനോന്‍ പറഞ്ഞുവെക്കുന്ന കുറേ കഥകളുണ്ട്.
'എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്റെ സ്വപ്ന സുഗന്ധമേ' എന്ന സ്വന്തം ഈണം കേട്ട് , താന്‍തന്നെ മറന്നുപോയ തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച് തീവണ്ടിപ്പാളത്തില്‍നിന്ന് തിരികെ ജീവിതത്തിലേക്കുവന്നിട്ടും ഗതി പിടിക്കാതെ പോയ കണ്ണൂര്‍ രാജന്‍, 'പുളിയിലക്കരയോലും പുടവചുറ്റി' എന്ന പാട്ട് ജോണ്‍സണല്ല, താനാണ് ഈണമിട്ടതെന്ന് രണ്ടുപേരുടെ ചര്‍ച്ചകളിലേക്ക് തലനീട്ടി ഗതികെട്ട് പറയേണ്ടിവന്ന മാവേലിക്കരയിലെ സോമശേഖരന്‍ നായര്‍, ഏതോ പാട്ടിന്റെ കംപോസിങ്ങിനിടെ അന്യരാഗം കടന്നുവന്നപ്പോള്‍, ഇത് ഏതുരാഗം എന്ന് ചോദിക്കുന്നയാളോട് 'ഇതാണ് സിനിമാരാഗം' എന്നു പറയുന്ന അടിമുടി പ്രൊഫഷണലായ സംഗീതശില്പിയായ ദക്ഷിണാമൂര്‍ത്തി.

'ഒരു വട്ടം കൂടിയെന്‍' എന്ന കവിത ഒരു ബാലപ്രസിദ്ധീകരണത്തിനുവേണ്ടി എഴുതിയതായിരുന്നു, അതിലെ ഒന്നോ രണ്ടോ വാക്കേ ഒ.എന്‍.വി. സിനിമയ്ക്കായി മാറ്റിയിട്ടുള്ളു എന്ന കാര്യം എനിക്ക് തികച്ചും പുതിയത്.

'ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്' എന്ന സി.ഐ.ഡി. പടത്തിന് 'ഉത്തരാസ്വയംവരം' പോലൊരു ഗഹനമായ പാട്ടെഴുതിയ ശ്രീകുമാരന്‍തമ്പി. പാടുന്നവരുടെയും പാടിക്കുന്നവരുടെയും ജീവിതം ദൈവമേ, എത്രമാത്രം കഥാഭരിതമാണ്! 'കാറ്ററിയില്ല കടലറിയില്ല അലയും തിരയുടെ വേദന' എന്നായിരുന്നോ ഈ പുസ്തകത്തിന് കൊടുക്കേണ്ടിയിരുന്ന പേര് എന്ന് ചിലപ്പോള്‍ ഒരു സംശയം.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education