മാക്‌സ്മുള്ളറുടെ ആത്മകഥ

ബിജു.സി.പി.

19 Nov 2012

വേദോപനിഷത്തുക്കള്‍ ഉള്‍പ്പെടെയുള്ള ഭാരതീയജ്ഞാനങ്ങളും സംസ്‌കൃതത്തിന്റെ ഗരിമകളും ലോകത്തിനു മുന്നിലെത്തിച്ച മഹാപണ്ഡിതനായ മാക്‌സ് മുള്ളറുടെ ആത്മകഥ

ഭാരതീയ തത്ത്വചിന്തയും ദര്‍ശനങ്ങളും അത് അര്‍ഹിക്കുന്ന പ്രൗഢിയോടെയും ഗൗരവത്തോടെയും അവതരിപ്പിച്ച വിശ്രുത ചിന്തകനും ഗ്രന്ഥകാരനുമാണ് ഫ്രെഡറിക് മാക്‌സ് മുള്ളര്‍. വേദാന്തികളില്‍ വേദാന്തിയാണ് മാക്‌സ് മുള്ളര്‍ എന്നാണ് സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത്. വേദങ്ങളും ഉപനിഷത്തുകളും സംശോധനം ചെയ്ത് പ്രസിദ്ധീകരിച്ചു എന്നതാണ് അദ്ദേഹം നല്‍കിയ മഹത്തായ സേവനം. ഭാരതീയ തത്ത്വചിന്തയെയും ദര്‍ശനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന അതിബൃഹത്തായ 50 വാല്യങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചത്. പില്‍ക്കാലത്ത് ഭാരതവിജ്ഞാനീയം അഥവാ ഇന്‍ഡോളജി എന്ന പേരില്‍ വലിയൊരു വിജ്ഞാനശാഖയായി വളര്‍ന്ന ജ്ഞാനമേഖലയ്ക്ക് ശക്തമായ അടിത്തറയിട്ടത് മാക്‌സ് മുള്ളറാണ്.

ജര്‍മനിയിലെ ദസ്സോയില്‍ ജനിച്ചു വളര്‍ന്ന മാക്‌സ് മുള്ളര്‍ക്ക് ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തോട് പ്രതിപത്തിയുണ്ടായിരുന്നു. ജര്‍മനിയിലുണ്ടായിരുന്ന സംസ്‌കൃത പണ്ഡിതന്മാരെ ചെന്നു കണ്ട് സംസ്‌കൃതം പഠിച്ച മാക്‌സ് മുള്ളര്‍ക്ക് ഇടക്കാലത്ത് തത്ത്വചിന്തയില്‍ കമ്പം കയറി. കാന്റിനെയും ഹെഗലിനെയും പോലുള്ള ജര്‍മന്‍ തത്ത്വചിന്തകരുടെ കൃതികള്‍ പഠിക്കാന്‍ കഠിന പരിശ്രമം നടത്തിയ മാക്‌സ്മുള്ളര്‍ക്ക് ഭാരതീയ വിജ്ഞാനങ്ങളെക്കുറിച്ചും തത്ത്വചിന്തയെക്കുറിച്ചും അറിയാനുള്ള ജിജ്ഞാസയുണ്ടായത് സ്വാഭാവികം മാത്രമായിരുന്നു. ഭാരതീയ വിജ്ഞാനങ്ങളുടെ കൂട്ടത്തില്‍ ആദ്യത്തേത് ഋഗ്വേദമാണെന്ന് അറിയാമായിരുന്ന മുള്ളര്‍ അതിനൊരു സംശോധിത പാഠം ഉണ്ടാക്കാനും ഋഗ്വേദം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യാനുമാണ് ശ്രമിച്ചത്. ലഭ്യമായിരുന്ന നിരവധി സംസ്‌കൃത പാഠങ്ങള്‍ പരിശോധിച്ച് ഒരൊറ്റ അക്ഷരത്തെറ്റു പോലുമില്ലാതെ പകര്‍പ്പ് എഴുതിയുണ്ടാക്കി സംസ്‌കൃതത്തിലും ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഋഗ്വേദത്തിന് മാക്‌സ് മുള്ളര്‍ തയ്യാറാക്കിയ വിപുലമായ ഇംഗ്ലീഷ് വ്യാഖ്യാനമാണ് ഇന്ത്യന്‍ വിജ്ഞാനങ്ങളുടെ മഹത്ത്വത്തെക്കുറിച്ച് ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തത്. ഒരു വിഭാഗം ബ്രാഹ്മണരുടെ ആചാരപരതയുടെ ഭാഗം മാത്രമായി ഒതുങ്ങിപ്പോയിരുന്ന വേദവിജ്ഞാനങ്ങളുടെ മഹത്വം ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയതും മാക്‌സ് മുള്ളറുടെ ജ്ഞാനപരിശ്രമങ്ങള്‍ തന്നെയാണ്. വേദങ്ങള്‍ വീണ്ടെടുത്ത അവതാരത്തിനു തുല്യമായ സ്ഥാനത്തിനര്‍ഹനാണ് മാക്‌സ് മുള്ളര്‍ എന്നു വേണമെങ്കില്‍ പറയാം.

വേദങ്ങളെയും ഭാരതീയ തത്ത്വചിന്തയെയും കുറിച്ചു പഠിക്കുമ്പോള്‍ത്തന്നെ അവയിലെ തത്ത്വചിന്താപരമായ ദര്‍ശനങ്ങളടങ്ങിയ ഉപനിഷത്തുകളോട് അദ്ദേഹത്തിന് പ്രത്യേകിച്ചൊരു താത്പര്യമുണ്ടായിരുന്നു. പില്‍ക്കാലത്ത് ഉപനിഷത്തുകള്‍ എന്ന പേരില്‍ മുള്ളര്‍ തയ്യാറാക്കിയ ബൃഹദ്ഗ്രന്ഥം ഉപനിഷത്തുകളുടെ മഹിമാതിരേകത്തെക്കുറിച്ചു ലോകത്തിനു ബോധ്യമേകി. ഭാരതീയമായ ആറു ശാസ്ത്രങ്ങളെക്കുറിച്ചുള്ള സിക്‌സ് സിസ്റ്റംസ് ഓഫ് ഹിന്ദു ഫിലോസഫിയാണ് ശ്രദ്ധേയമായ മറ്റൊരു പുസ്തകം. സംസ്‌കൃതസാഹിത്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സംസ്‌കൃതസാഹിത്യ ചരിത്രവും ഭാരതവിജ്ഞാനീയത്തിന് അടിത്തറയേകി. മഹത്തായൊരു തത്ത്വചിന്തയും സാഹിത്യലോകവും അതിവിപുലമായ സംസ്‌കാര സവിശേഷതകളും നിറഞ്ഞ ഇന്ത്യയെന്ന വിസ്മയത്തെ അതിന്റെ നിഗൂഢതകളില്‍ നിന്നു മോചിപ്പിച്ച് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു മാക്‌സ് മുള്ളര്‍ ചെയ്തത്.

തന്റെ വിപുലമായ വൈജ്ഞാനിക ജീവിതത്തെക്കുറിച്ചുള്ള ഓര്‍മകളുടെ ചെപ്പില്‍ നിന്ന് ചില ഭാഗങ്ങളാണ് അദ്ദേഹത്തിന്റെ ആത്മകഥയിലുള്ളത്. ചെറുപ്പകാലത്തെയും വിദ്യാഭ്യാസ കാലത്തെയും ഓക്‌സ്‌ഫോര്‍ഡിലെ ജീവിതത്തിന്റെ തുടക്കക്കാലത്തെയും അനുഭവങ്ങളാണ് മുഖ്യമായുംപറയുന്നത്. അക്കൂട്ടത്തില്‍ നമുക്ക് ഏറ്റവും കൗതുകം തോന്നുക ഋഗ്വേദവ്യാഖ്യാനത്തിന്റെയും സംശോധനത്തിന്റെയും തിരക്കുകളില്‍ മുഴുകി ചെലവഴിച്ച കാലത്തെക്കുറിച്ച് വിശദമാക്കുന്ന ഓര്‍മകളാണ്. പകര്‍പ്പെടുക്കാന്‍ ഫോട്ടോസ്റ്റാറ്റോ മറ്റേതെങ്കിലും സൗകര്യമോ ഇല്ലാതിരുന്ന കാലത്ത് അക്ഷരത്തെറ്റുകള്‍ പോലുമില്ലാതെ ഋഗ്വേദത്തിന്റെ പകര്‍പ്പ് എഴുതിയുണ്ടാക്കി പഠിച്ച് സംശോധനം ചെയ്ത് പ്രസിദ്ധീകരിച്ച ഒരു ജ്ഞാനസന്ന്യാസിയുടെ അനുഭവങ്ങള്‍ വിശദമാക്കുന്നു ഈ പുസ്തകം. വിദ്യാര്‍ഥി സഹജമായ ഉല്ലാസ ജീവിതങ്ങളില്‍ നിന്നും പൊതു സമ്പര്‍ക്കങ്ങളില്‍ നിന്നുമൊക്കെ കഴിവതും അകന്ന് തന്റെ ജ്ഞാനസാധനയില്‍ മാത്രം മനസ്സര്‍പ്പിച്ചു ജീവിച്ച മാക്‌സ്മുള്ളറെ കൃത്യമായി കാണിച്ചു തരുന്നു ആത്മകഥ.

ക്ലാസ്സിക്കല്‍ വിക്ടോറിയന്‍ ജ്ഞാന ദര്‍ശനങ്ങള്‍ പുലര്‍ത്തിയിരുന്നയാളാണ് മാക്‌സ് മുള്ളര്‍. ഭാരതീയ ചിന്തകളെ അദ്ദേഹം മനസ്സിലാക്കിയതും ആ സമീപനത്തില്‍ നിന്നു കൊണ്ടായിരുന്നു. ഹിന്ദു എന്ന പേരില്‍ അറിയപ്പെടുന്ന ഭാരതീയ ചിന്താസമീപനങ്ങളിലെ വൈവിധ്യസമൃദ്ധിയെക്കുറിച്ച് ശരിയായ ധാരണകളില്ലാതെയാണ് മാക്‌സ് മുള്ളര്‍ ഇന്ത്യന്‍ ദര്‍ശനങ്ങളെ മനസ്സിലാക്കിയത് എന്ന് വെളിപ്പെടുത്തുന്ന ചില ഭാഗങ്ങളെങ്കിലും ഇന്നു നമുക്ക് ഈ ആത്മകഥയില്‍ നിന്നു വായിച്ചെടുക്കാനാകും. ആത്മകഥയില്‍ വിവരിക്കുന്നത് മാക്‌സ്മുള്ളറുടെ വിപുല ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. മാക്‌സ് മുള്ളര്‍ എന്ന മഹാപ്രതിഭയെക്കുറിച്ചും അദ്ദേഹത്തിന്റെ വിപുലമായ സംഭാവനകളെക്കുറിച്ചും വിവരിക്കുന്ന ഒരു അവതാരികയോ അനുബന്ധലേഖനമോ കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ഈ പുസ്തകത്തിന്റെ മൂല്യം ശതഗുണീഭവിക്കുമായിരുന്നു. പി.പ്രകാശിന്റെ വിവര്‍ത്തനം ലളിതവും വായനാസുഖമുള്ളതുമാണ്.

ആത്മകഥ-മാക്‌സ്മുള്ളര്‍ വാങ്ങാം
Tags :
Print
SocialTwist Tell-a-FriendBUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education