പാട്ടോളം പോന്ന പാട്ടിന്‍കഥകള്‍

ബിജു.സി.പി

07 Nov 2012

പാട്ടിന്റെ പാലാഴി തീര്‍ത്ത് നമ്മുടെ ജീവിതം തന്നെ ആഹ്ലാദഭരിതമാക്കുന്ന പ്രിയപ്പെട്ട പാട്ടുകാരുടെയും സംഗീതജ്ഞരുടെയും ജീവിതകഥകളിലേക്കും വ്യഥകളിലേക്കും നയിക്കുന്ന ഹൃദ്യമായ വായനാനുഭവമാണ് രവിമേനോന്റെ പാട്ടെഴുത്തുകള്‍

പാട്ടുകള്‍ നമുക്ക് സുന്ദരസുരഭിലമായ നറുംപൂക്കളെപ്പോലെ ഹൃദയാഹ്ലാദകാരിയാണ്. ഹൃദ്യമായ സുഗന്ധവും പേലവമായ ഇതളുകളും കണ്ടാലും കണ്ടാലും കൊതിതീരാത്ത സൗന്ദര്യവുമുള്ള പൂക്കളെപ്പോലെ പാട്ടുകള്‍ നമ്മെ പുതിയൊരു സൗന്ദര്യലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എന്നാല്‍ ഓരോ പൂവിനു പിന്നിലും അതു വിരിഞ്ഞ ചെടിയുടെ മാതൃവാല്‍സല്യമുണ്ട്, ചെടിക്കു ജീവന്‍ പകര്‍ന്ന വളത്തിന്റെയും വെള്ളത്തിന്റെയും വേറൊരു നിഗൂഢലോകമുണ്ട്. പാട്ടുകള്‍ക്കു പിന്നിലൊളിഞ്ഞിരിക്കുന്ന,നാമാരും അറിയാത്ത ആ രഹസ്യലോകത്തിലേക്കു വാതില്‍ തുറക്കുകയാണ് രവിമേനോന്റെ പാട്ടെഴുത്തുകള്‍. പാട്ടുകളെക്കുറിച്ച്, പാട്ടുകാരെക്കുറിച്ച്, സംഗീത സംവിധായകരെക്കുറിച്ച്, റെക്കോഡിസ്റ്റുകളെക്കുറിച്ച്, ഓരോ പാട്ടിനെയും വിലോഭനീയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ച് പിന്നിലൊതുങ്ങി നില്‍ക്കുന്ന താളവാദകരെ, ഹാര്‍മോണിസ്റ്റുകളെ, നാദസ്വരവിദഗ്ധരെ ഒക്കെ കണ്ടെത്തി അവതരിപ്പിക്കുന്നു രവിമോനോന്‍.

ഹൃദയഗീതങ്ങള്‍ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ സുകുമാര്‍ അഴീക്കോട് പറയുന്നുണ്ട്, മുകളിലത്തെ നീലാകാശത്തിലല്ലാതെ മറ്റൊരിടത്തും ഇത്രയധികം തേജോഗോളങ്ങള്‍ പാടിപ്പറന്നു പോകുന്നുണ്ടാവില്ല എന്ന്. അത് വെറും വസ്തുത മാത്രമാണെന്ന് ഈ പാട്ടിന്‍കഥാ പുസ്തകങ്ങളിലൂടെയുള്ള ഹൃദ്യസഞ്ചാരം നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഹൃദയഗീതങ്ങള്‍ എന്ന പുസത്കത്തിലെ 23 ലേഖനങ്ങളും മലയാള സിനിമാ ഗാനങ്ങളെക്കുറിച്ചാണ്. കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും സി.ഒ.ആന്റോയുടെയും എം.ജി.രാധാകൃഷ്ണന്റെയും ബി.വസന്തയുടെയും ദക്ഷിണാമൂര്‍ത്തിയുടെയുമൊക്കെ സംഗീതസുരഭിലമായ ജീവിതാനുഭവങ്ങളിലൂടെയാണ് ഇതിലെ ലേഖനങ്ങള്‍ നമ്മെ കൈ പിടിച്ചു കൊണ്ടു പോകുന്നത്.

ഇതിലെ ഒരു ലേഖനത്തില്‍ മഹാകവി വൈലോപ്പിള്ളി ചലച്ചിത്രഗാനരചയിതാവായി മാറിയതിനെക്കുറിച്ചും പറയുന്നു. മുഖ്യമായും നമ്മുടെ ഗായകരെക്കുറിച്ചുള്ള ഹൃദ്യമായ സ്മരണകളും രസകരമായ പുത്തന്‍ അറിവുകളും കൊണ്ടു സമ്പന്നമാണ് ഹൃദയ ഗീതങ്ങള്‍.
മേരി ആവാസ് സുനോ എന്ന പുസ്തകത്തിലെ 18 ലേഖനങ്ങളും ഹിന്ദി ചലച്ചിത്രഗാനരംഗത്തെ അനശ്വരക പ്രതിഭകളുടെ ജീവിതവും കലയും തൊട്ടറിയുകയും അവ രസകരമായി പറഞ്ഞു തരികയും ചെയ്യുന്നവയാണ്. മുഹമ്മദ് റാഫിയുടെയും കിഷോര്‍കുമാറിന്റെയും ആരാധകര്‍ തമ്മില്‍, ആരാണ് മികച്ച ഗായകന്‍ എന്നതിനെച്ചൊല്ലിയുള്ള അടികലശലുകളെക്കുറിച്ചു പറഞ്ഞു കൊണ്ടാണ് മേരി ആവാസ് സുനോ എന്ന ലേഖനം തുടങ്ങുന്നത്. ലേഖനം അവസാനിക്കുമ്പോള്‍ റാഫിയും കിഷോര്‍കുമാറും ചേര്‍ന്നു പാടിയ ഒരു പാട്ടു കേട്ട ആഹ്ലാദ പ്രതീതിയാണ് ബാക്കിയാവുക.

പാട്ടിനു പിന്നിലെ കഥകളും വ്യഥകളും, പലപ്പോഴും നൊമ്പരപ്പെടുത്തുന്ന അനുഭവവിവരണങ്ങളും സ്വര്‍ണച്ചാമരം വീശിയെത്തുകയാണ് സ്വര്‍ണച്ചാമരം എന്ന പുസ്തകത്തില്‍. ഓരോ പാട്ടിനു പിന്നിലും ഒരു കഥയുണ്ട്. പലപ്പോഴും ഒരു കഥാപ്രപഞ്ചം തന്നെ. ജീവിതത്തിന്റെ കയ്പും മധുരവും വേദനകളുമൊക്കെയുള്ള ആ കഥകള്‍ തൊട്ടടുത്തു നിന്നു കണ്ടും അറിഞ്ഞുമാണ് രവിമേനോന്‍ എഴുതുന്നത്. മലയാളിയുടെ ഹൃദയങ്ങളെ മെലഡിയുടെ ദേവാങ്കണങ്ങളാക്കിയ ജോണ്‍സണ്‍ മാഷുടെ പാട്ടിനു പിന്നിലെ വ്യഥകള്‍ അറിയുമ്പോള്‍ ഏതു മലയാളിയുടെയും മനസ്സില്‍ നേരിയൊരു നീറ്റമുണ്ടാവും. പി.ലീലയെക്കുറിച്ച് രവിമേനോന്‍ എഴുതുന്നു- ലീല ഓര്‍മയായിട്ട് ആറു വര്‍ഷം കഴിഞ്ഞു. പാട്ടിന്റെ ഈ താമരത്തുമ്പിയെ ഇന്ന് എത്ര പേര്‍ ഓര്‍ക്കുന്നു? പാട്ടു കേട്ട് ആഹ്ലാദിക്കാനല്ലാതെ അതിനപ്പുറം ഓരോ പാട്ടിനും പിന്നില്‍ പിടയുന്ന പ്രതിഭകളുടെ നൊമ്പരത്തെക്കുറിച്ച്, പിടച്ചിലിനെക്കുറിച്ച് വെറുതേ ഒന്ന് അന്വേഷിക്കാന്‍ പോലും നാം മെനക്കെടാറില്ല. അതാണ് നമ്മുടെ രീതി. പാട്ടിലൂടെ നമ്മുടെ ജീവിതത്തെ സുന്ദരവും സുരഭിലവുമാക്കുന്ന വലിയ കലാകാരന്മാരുടെയും കലാകാരികളുടെയും ജീവിതങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ തോറ്റിയുണര്‍ത്തുന്ന ഈ വിശിഷ്ട രചനകള്‍ക്ക് അതു കൊണ്ടു തന്നെ സവിശേഷപ്രാധാന്യമുണ്ട്. മനോഹരമായ വായനാനുഭവം എന്നതിനപ്പുറം ഓരോ പാട്ടിനും പിന്നില്‍ അതിനായി പ്രതിഭയര്‍പ്പിച്ച എഴുത്തുകാര്‍ക്കുള്ള സ്‌നേഹാഞ്ജലി കൂടിയാണ് ഈ പുസ്തകങ്ങളുടെ വായന.

സ്വര്‍ണച്ചാമരം വാങ്ങാം
മേരി ആവാസ് സുനോ വാങ്ങാം
ഹൃദയഗീതങ്ങള്‍ വാങ്ങാം
അതിശയരാഗം വാങ്ങാം
എങ്ങനെ നാം മറക്കും വാങ്ങാം
മൊഴികളില്‍ സംഗീതമായ് വാങ്ങാംTags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education