വി.എസ്. ഒരു പ്ലാറ്റ്‌ഫോമായിരുന്നു

കെ.എം. ഷാജഹാന്‍

12 Mar 2011പിണറായിയുടെ ചോദ്യം

2002 ഫിബ്രവരി 15-18 തീയതികളില്‍ കണ്ണൂര്‍വെച്ചായിരുന്നു സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളനം. പാര്‍ട്ടി നേതൃത്വം പിടിക്കാനാണ് സമ്മേളനം കണ്ണൂര്‍വെച്ചുതന്നെ നടത്താന്‍ തീരുമാനിച്ചത് എന്ന് മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടു തലേന്ന് ഫിബ്രവരി 14ന് ട്രെയിന്‍ മാര്‍ഗമാണ് വി.എസ്. കണ്ണൂര്‍ക്ക് തിരിച്ചത്. ഒപ്പം ഞാനുമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ വി.എസ്സിനെ മുദ്രാവാക്യംവിളികളുമായെത്തിയ ഒരു ചെറുസംഘം സഖാക്കള്‍ സ്വീകരിച്ചു. സഖാവ് ബാലാനന്ദനും ആ ട്രെയിനിലുണ്ടായിരുന്നു. പാര്‍ട്ടി സമ്മേളനത്തിനു വന്ന പി.ബി. അംഗങ്ങളെയെല്ലാം ഒരുമിച്ച് താമസിപ്പിച്ചിരുന്നു എങ്കിലും അതില്‍നിന്ന് വ്യത്യസ്തമായി വി.എസ്സിനെ ഒരു പ്രത്യേകവീട്ടിലാണ് താമസിപ്പിച്ചിരുന്നത്. മുകളിലത്തെ നിലയില്‍ സഖാവ് ബാലാനന്ദനായിരുന്നു താമസിച്ചിരുന്നത്. ഒരു കാറില്‍ താമസസ്ഥലത്തെത്തിയതിനെത്തുടര്‍ന്ന് വി.എസ്. തനിക്കായി ഒരുക്കിയ മുറിയിലേക്കു കയറി. ഞാന്‍ മുറിക്കു പുറത്തുള്ള ഒരു സോഫയില്‍ ഇരിക്കവേ, പൊടുന്നനെ പിണറായി വിജയന്‍ എനിക്കഭിമുഖമായുള്ള പടിയിലൂടെ രണ്ടാംനിലയില്‍നിന്ന് ഇറങ്ങിവരുന്നതു കണ്ട് ഞാന്‍, സാവധാനം ഒന്നെഴുന്നേല്ക്കാന്‍ ശ്രമിച്ചു. ഗൗരവമായിരുന്നു ആ മുഖത്താകെ. ഗൗരവം വിടാതെ പിണറായി വിജയന്‍ എന്നോടു ചോദിച്ചു: 'പത്രക്കാരൊക്കെ കണ്ണൂരില്‍ വന്ന് ഇറങ്ങിയിട്ടുണ്ടാകും അല്ലേ?' ധൈര്യം വിടാതെ ഞാന്‍, 'ഔദ്യോഗികപക്ഷത്തിന് അനുകൂലമായി വാര്‍ത്ത എഴുതുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ കണ്ണൂരിലെത്തിയതായി അറിയാം' എന്ന് മറുപടി നല്കി. ഗൗരവം വിടാതെ പിണറായി വിജയന്‍ ഉടനെ മടങ്ങുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ ആ ചോദ്യം. ഞാന്‍ ഉടനെ വി.എസ്സിന്റെ മുറിയിലെത്തി തിരിച്ചുപോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു. 'ഒരു ദിവസം കൂടി കഴിഞ്ഞ് മടങ്ങിക്കോളൂ' എന്നായിരുന്നു വി.എസ്സിന്റെ മറുപടി. ഞാന്‍ പിറ്റേന്ന് തിരികെ മടങ്ങുകയും ചെയ്തു. പക്ഷേ, പിണറായി വിജയന്റെ നോട്ടപ്പുള്ളിയായിരുന്നു ഞാന്‍ എന്ന കാര്യം അന്നേ എനിക്ക് ബോധ്യപ്പെട്ടിരുന്നു. എന്നെ അന്നുതന്നെ പാര്‍ട്ടി സെക്രട്ടറി പുള്ളി കുത്തിയിരുന്നു, പിന്നീട് അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് പാര്‍ട്ടിയില്‍നിന്ന് പുറത്തെറിയപ്പെട്ടതെങ്കിലും!

വിജയന്‍ മിന്നല്‍ പിണറായ കഥ

'വീണ്ടും പിണറായി: വി.എസ്. പക്ഷത്തിന് കനത്ത തിരിച്ചടി, ഔദ്യോഗിക പാനലിന് പൂര്‍ണവിജയം' എന്നും 'പിണറായി മിന്നല്‍ പിണറായി' എന്നും ഉള്ള തലക്കെട്ടോടെയാണ് ഫിബ്രവരി 23ന് മാധ്യമങ്ങള്‍ പുറത്തിറങ്ങിയത്. 'പിണറായിക്ക് 452 വോട്ട്, വി.എസിന് 342.' ഒരു പത്രം പറഞ്ഞു. അന്ന് മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്ത ഹൃദയഭേദകമായിരുന്നു. ആ വാര്‍ത്തയുടെ തലക്കെട്ട് 'തോറ്റുപോയ യുദ്ധത്തിന്റെ നായകനായി വി.എസ്.' എന്നായിരുന്നു. 'മുറിവേറ്റു വീണ പടനായകന്റെ രൂപമാണിപ്പോള്‍ വി.എസ്. അച്യുതാനന്ദന്. താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രത്യയശാസ്ത്ര വിവാദത്തിന്റെയും പ്രചാരണത്തിന്റെയും അവസാനം പടക്കളത്തില്‍ വീണുപോയ നേതാവിന്റെ ചിത്രമാണ് മലപ്പുറത്തിന്റെ ബാക്കിപത്രം. എണ്ണമറ്റ സമരമുഖങ്ങളില്‍ ഉറച്ചുനിന്ന വി.എസ്സിനെ ജനമനസ്സാക്ഷിയുടെ പ്രതീകമായാണ് രാഷ്ട്രീയകേരളം കണ്ടിരുന്നത്.' ജനമനസ്സാക്ഷിയുടെ പരിച്ഛേദമായിരുന്നു മാതൃഭൂമി മുകളില്‍ ഉദ്ധരിച്ച വാര്‍ത്തയിലൂടെ പ്രതിഫലിപ്പിച്ചത്. 'പരാജയം ഭക്ഷിച്ചു ജീവിക്കുന്ന മനുഷ്യന്‍' എന്ന് വി.എസ്സിനെക്കുറിച്ചുള്ള വിജയന്‍മാഷിന്റെ പ്രതികരണവുംകൂടി വന്നതോടെ പെട്ടെന്നുതന്നെ മലപ്പുറത്ത് വി.എസ്സിനേറ്റ പരാജയം, സത്യത്തിനുമേല്‍ അസത്യവും ചതിയും വഞ്ചനയും നേടിയ വിജയമാണെന്ന അറിവ് പാര്‍ട്ടി അണികളിലും ജനങ്ങള്‍ക്കിടയിലും ശക്തമായി.

വി.എസ്. ഉറച്ചുതന്നെയായിരുന്നു. മലപ്പുറം സമ്മേളനത്തിനുശേഷം വി.എസ്സിന്റെ ആദ്യ പ്രതികരണം 2005 ഫിബ്രവരി 25ന് കൊച്ചിയില്‍നിന്നെത്തി. വി.എസ്. പറഞ്ഞതിങ്ങനെ: 'താന്‍ ഏറ്റെടുത്ത പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും പോരാട്ടം തുടരും. ജനങ്ങളുടെ ജീവല്‍പ്രധാനമായ പ്രശ്‌നങ്ങള്‍ സജീവമായി ഉയര്‍ത്തുകതന്നെ ചെയ്യും. പുതിയ പുതിയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കും.' തൊട്ടുപിറകെ, പിണറായി വിജയന്‍ വി.എസ്സിനെ ലക്ഷ്യമിട്ടു നടത്തിയ നിന്ദാസ്തുതി, ബൂര്‍ഷ്വാ രാഷ്ട്രീയക്കാരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. 'പോരാട്ടം തുടരും' എന്ന വി.എസ്സിന്റെ പ്രസ്താവനയോടു പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് വിജയന്‍ പറഞ്ഞു: 'പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം എന്തു പോരാട്ടമാണ് നടത്തിയതെന്നറിയില്ല. ഒരുപക്ഷേ, സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളെക്കുറിച്ചായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. അല്ലെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പോരാട്ടം തുടരും എന്നായിരിക്കും.' ആരിലും അറപ്പുളവാക്കുന്ന നിന്ദാസ്തുതിയില്‍ പൊതിഞ്ഞ പരിഹാസവും വി.എസ്സിനോടുള്ള കടുത്ത പകയും ആ വാചകങ്ങളില്‍ നിറഞ്ഞുനിന്നു. ഈ പരാമര്‍ശം കേട്ടു ചിരിച്ച മാധ്യമപ്രതിനിധികളോട് 'ദേ ചിരിക്കുന്നു' എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കാനും അവരുടെ ചിരിയും പരിഹാസവും കണക്കിന് ആസ്വദിക്കാനും പിണറായി മറന്നില്ല. ഒപ്പം 'വി.എസ്സിന്റെ പിന്തുണ കുറഞ്ഞിട്ടില്ല' എന്നും 'അദ്ദേഹം ഞങ്ങളുടെ നേതാവാണ്' എന്നും 'ഞങ്ങള്‍ക്കു മുന്‍പേ നടക്കുന്നയാള്‍' ആണെന്നും പറഞ്ഞ വിജയന്‍, 'പാര്‍ട്ടിക്കുളളില്‍ വിപുലമായ ഐക്യമാണുള്ളത്' എന്നു പറഞ്ഞുകൊണ്ടാണ് തന്റെ പ്രതികരണം അവസാനിപ്പിച്ചത്. 2005 മാര്‍ച്ച് തുടക്കത്തില്‍ സി.പി.എം. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. 'തന്നെ പുറത്താക്കിയതു വഴി വി.എസ്സിന്റെ ചിറകരിയുകയാണ് ചെയ്തത്' എന്ന് തന്റെ പുറത്താക്കലിനോടു പ്രതികരിച്ച കുഞ്ഞനന്തന്‍ നായരുടെ പ്രതികരണത്തെക്കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് , തന്റെ 'ചിറകല്ല, രോമക്കാലുപോലും ആര്‍ക്കും അരിയാനാവില്ല' എന്നു താന്‍ കുഞ്ഞനന്തന്‍ നായരോടു പറയുകയുണ്ടായി എന്നാണ് വി.എസ്. തിരിച്ചടിച്ചത്. പിണറായി വിജയന്റെ പക എന്നിട്ടും അടങ്ങിയില്ല എന്ന് തൊട്ടുപിറകെ പാര്‍ട്ടിയണികള്‍ക്കു വീണ്ടും ബോധ്യപ്പെട്ടു. വി.എസ്. 'നമ്പര്‍ വണ്‍' എന്ന നിന്ദാസ്തുതിയുമായി പിണറായി 2005 ജൂണ്‍ 12ന് വീണ്ടും രംഗത്തെത്തി. 'പ്രതിപക്ഷനേതാവ് ആരാണെന്നാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്? പാര്‍ട്ടിയിലെ സമുന്നതനായ നേതാവ് മാത്രമല്ല, കേരളത്തിലേയും ഏറ്റവും സമുന്നതനായ നേതാവ് കൂടിയാണ് അദ്ദേഹം. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം 'നമ്പര്‍ വണ്‍' ആണ് അദ്ദേഹം. 'താങ്കള്‍ക്ക് കരുത്തും വി.എസ്സിന് ക്ഷീണവുമല്ലേ ഉണ്ടായത്' എന്ന ചോദ്യത്തോടാണ് പിണറായി വിജയന്‍ ഇപ്രകാരം പ്രതികരിച്ചത്.


ടോമിന്‍ തച്ചങ്കരി എപ്പിസോഡ്

പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയായിതിനുശേഷം വി.എസ്. നടത്തിയ പോരാട്ടങ്ങളെ പരാജയപ്പെടുത്താന്‍ കണ്ണില്‍ എണ്ണയൊഴിച്ച് ഇരിക്കുകയായിരുന്നു എന്ന കാര്യം മറക്കുന്നില്ല. പരിമിതികള്‍ മാത്രമേ വി.എസ്സിന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. എന്നാല്‍, ആ പരിമിതികള്‍ക്കുള്ളില്‍നിന്നും ചെയ്യാന്‍ കഴിയുന്ന കുറേ കാര്യങ്ങളുണ്ടായിരുന്നു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education