ഇംഗ്ലീഷില്‍ ഒരു മലയാളി

28 Jul 2013

മലയാളം മീഡിയത്തില്‍ പത്തുവരെ മാത്രം പഠിച്ച്, ഇംഗ്ലീഷില്‍ നോവലുകളെഴുതി ലോകവായനക്കാരെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഒരു മലയാളിയെക്കുറിച്ച്.

പത്താം ക്ലാസുവരെ മാത്രം പഠിപ്പുള്ള ഒരാള്‍. കുറച്ചുകൂടി ഊന്നിപ്പറഞ്ഞാല്‍ ഒരു മലയാളം മീഡിയം പള്ളിക്കൂടംകാരന്‍. ബാല്യം പിന്നിടുംമുമ്പ് വിദ്യാഭ്യാസം അവസാനിപ്പിച്ച അയാള്‍ ഇന്നിപ്പോള്‍ ഇംഗ്ലീഷില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്. ഇദ്ദേഹത്തിന്റെ പേര് അനീസ് സലീം. ഈ മലയാളിയുടെ ഇംഗ്ലീഷ് നോവലുകള്‍ എല്ലാം തന്നെ പ്രശസ്തമായ പ്രസിദ്ധീകരണ ശാലകള്‍ ഒന്നിന് പിറകെ മറ്റൊന്നായി പുറത്തിറക്കുന്നു. അതും ഒരു വര്‍ഷത്തിനിടയില്‍.

കടല്‍ത്തീരപട്ടണമായ വര്‍ക്കലയാണ് അനീസിന്റെ ജന്മദേശം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മലയാള പുസ്തകങ്ങള്‍തന്നെയായിരുന്നു പ്രിയം. എം.ടി.യും ബഷീറും തന്നെ ഏറെ സ്വാധീനിച്ചു എന്ന് പറയുമ്പോഴും എഴുതാന്‍ ഇംഗ്ലീഷ് ആയിരുന്നു താന്‍ തിരഞ്ഞെടുത്തതെന്ന് അനീസ് പറയുന്നു. വീട്ടില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ആയിരുന്നു കൂടുതലും . പതിനാറാമത്തെ വയസ്സില്‍ അനീസ് ഔപചാരിക വിദ്യാഭ്യാസത്തോട് വിട പറഞ്ഞു. അതായത് അന്നത്തെ പ്രീഡിഗ്രിക്ക് ചേര്‍ന്ന് ആറുമാസത്തിനുള്ളില്‍. വീട്ടിലെ പുസ്തകക്കൂട്ടത്തില്‍ ചടഞ്ഞിരുന്ന് എഴുത്തിലും വായനയിലും മുഴുകുകയെന്നതായിരുന്നു ലക്ഷ്യം.

അദ്ദേഹം അതേക്കുറിച്ച് ഇങ്ങനെ പറയുന്നു: 'വിദ്യാഭ്യാസം എന്നെ മുഷിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. പക്ഷേ, പഠിത്തം അവസാനിപ്പിച്ചതോടെ ഞാന്‍ പുസ്തകങ്ങളെ ഏറെ സ്‌നേഹിക്കാന്‍ തുടങ്ങി.'


എന്നാല്‍, വായന പോലെ എഴുത്ത് അത്ര എളുപ്പമായി അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല. വായന കൊണ്ട് മാത്രം ഒരാള്‍ക്കും എഴുത്തുകാരനാകാന്‍ പറ്റില്ല എന്ന തിരിച്ചറിവുണ്ടാകാന്‍ രണ്ടു വര്‍ഷം വേണ്ടിവന്നു. പിന്നെ രാജ്യമൊട്ടാകെ സഞ്ചരിക്കാനായി താത്പര്യം. കോപ്പി എഡിറ്റിങ്, ഗോസ്റ്റ് റൈറ്റിങ് എന്നിവയടക്കം പലതരം പണികള്‍ ചെയ്തു നടന്ന കാലം.

പുസ്തകപ്രസാധനത്തിലേക്കുള്ള പാത ദുര്‍ഘടവുമായിരുന്നെന്ന് അനീസ് ഓര്‍ക്കുന്നു. ആദ്യത്തെ പുസ്തകം പൂര്‍ത്തിയാക്കിയ ശേഷം ലോകത്തെ പ്രമുഖ പ്രസാധകര്‍ക്കെല്ലാം അനീസ് കത്തുകളയച്ചു. പക്ഷേ, 25-ലേറെ തവണ ആ കത്തുകള്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. എന്നാല്‍, ആ അവഗണന അദ്ദേഹത്തിന് കൂടുതല്‍ എഴുതാന്‍ പ്രചോദനമായി. അങ്ങനെയാണ് ഒരേ സമയം തന്റെ മൂന്ന് നോവലുകള്‍ക്ക് പ്രസാധകരെ അന്വേഷിക്കാന്‍ തുടങ്ങിയത്.

2011 അനീസിന് നല്ല വര്‍ഷമായിരുന്നു. ഇംഗ്ലീഷ് പുസ്തകപ്രസാധനം മുഖ്യമായും നടക്കുന്നത് സാഹിത്യ ഏജന്റ് എന്നറിയപ്പെടുന്ന ദല്ലാളുമാര്‍ വഴിയാണ്. തന്റെ അതേ സങ്കടവുമായി നടന്നിരുന്ന കനിഷ്‌ക ഗുപ്ത എന്ന യുവ ഏജന്റിനെ പരിചയപ്പെട്ടത് അനീസിന് വഴിത്തിരിവായി. അന്നേവരെ ഒരു പുസ്തക പ്രസിദ്ധീകരണക്കരാറും ഏര്‍പ്പാടാക്കാന്‍ കഴിയാതിരുന്ന കനിഷ്‌ക ഗുപ്ത അദ്ദേഹത്തിന്റെ ഒരു പുസ്തകം കുറച്ചുവായിച്ചുനോക്കി. അനീസിന്റെ ഏജന്റാകുവാന്‍ കനിഷ്‌ക ആഗ്രഹിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അനീസിനും കനിഷ്‌കയ്ക്കും തങ്ങളുടെ പ്രഥമ പ്രസാധന കരാര്‍ കൈപ്പിടിയില്‍ ഒതുങ്ങി. ഒരു മാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മൂന്നു പുസ്തകങ്ങള്‍ക്കും പ്രസാധകരെ കണ്ടെത്താന്‍ കനിഷ്‌കയ്ക്കു കഴിഞ്ഞു!

അനീസിന്റെ ആദ്യ നോവലായ 'ദ വിക്ക്‌സ് മാന്‍ഗോ ട്രീ' 2012-ല്‍ ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ചു. നോവലിന്റെ കഥ നടക്കുന്നത് അടിയന്തരാവസ്ഥക്കാലത്താണ്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കറുത്ത ഒരു കാലഘട്ടത്തിലെ സാധാരണക്കാരുടെ ജീവിതമാണ് ഈ നോവലിലൂടെ ചുരുളഴിയുന്നത്. രണ്ടാമത്തെ നോവല്‍ 'വാനിറ്റി ബാഗ്' 2013-ല്‍ പികഡോര്‍ പ്രസിദ്ധീകരിച്ചു. ഒരു ബോംബ് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഒരു മഹാനഗരത്തിനുള്ളിലെ ചെറിയ പാകിസ്താന്റെ ചിത്രം ഈ പുസ്തകം വരച്ചിടുന്നു.
അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവല്‍ 'ടെയില്‍സ് ഫ്രം എ വെന്റിങ് മെഷീന്‍' ഒരു വിമാനത്താവളത്തില്‍ ചായ വില്കുന്ന ഹസീന മന്‍സൂര്‍ എന്ന ഇരുപതുകാരി പെണ്‍കുട്ടിയുടെ കഥ ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്നു. ബിന്‍ലാദന്റെ വലിയ ആരാധികയും അമേരിക്കയുടെ തീവ്ര വിമര്‍ശകയുമായ ഹസീന ഇന്ത്യയിലെ വ്യോമയാന വ്യവസായം നേരിടുന്ന വന്‍ മാറ്റങ്ങളുടെ സൂക്ഷ്മനിരീക്ഷക കൂടിയാണ്. ഈ പുസ്തകം ഈ മാസം ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കും.

ഈ വര്‍ഷം അവസാനത്തോടെ അനീസിന്റെ നാലാമത്തെ നോവലും പുറത്തിറങ്ങുകയാണ്. ട്രാന്‍ക്വീബാര്‍ ആണ് പ്രസാധകര്‍. അധികമൊന്നും അറിയപ്പെടാത്ത ഒരു പട്ടണത്തില്‍ കഴിയുന്ന ഒരു മുസ്‌ലിം കുടുംബത്തിന്റെ കഥയാണിത്. തന്റെ കുടുംബം സാവധാനം തകരുന്നതിന് സാക്ഷിയാവുന്ന അമര്‍ ഹംസ എന്ന ചെറുപ്പക്കാരന്റെ ആത്മഹത്യാ കുറിപ്പിന്റെ രൂപത്തിലാണ് ആഖ്യാനം.

ഫേസ് ബുക്കില്‍ ഇദ്ദേഹത്തിന്റെ തമാശ കലര്‍ന്ന പോസ്റ്റുകള്‍ക്കും ഏറെ ആരാധകരുണ്ട്. ഹസീന മന്‍സൂര്‍ എന്ന പേരിലാണ് അനീസ് ഫേസ്ബുക്കില്‍ പ്രത്യക്ഷനാകുന്നത്. കടുത്ത അന്തര്‍മുഖനായ അനീസിന് പുസ്തക പ്രകാശന ചടങ്ങുകളിലും വായനാ യോഗങ്ങളിലും ഒട്ടും താത്പര്യമില്ല. എന്നാല്‍, താന്‍ എഴുതുന്നത് വായിക്കാന്‍ കാത്തിരിക്കുന്ന ഒരു ആരാധക വൃന്ദത്തെക്കുറിച്ച് അനീസ് ബോധവാനാണ്.
അതീവ ചാരുതയോടെ, മനസ്സില്‍ തറഞ്ഞു കയറുന്ന ഹാസ്യത്തിന്റെ അകമ്പടിയോടെ, സുതാര്യമായ ഇംഗ്ലീഷില്‍ അദ്ദേഹം സ്വന്തമായ ഒരു തട്ടകം തന്നെ ഇംഗ്ലീഷ് എഴുത്തുകാരുടെ ഇടയില്‍സൃഷ്ടിച്ചു കഴിഞ്ഞു. 43 വയസ്സുകാരനായ അനീസ് ഇപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. ഭാര്യ ഷമീന. മകന്‍ അമര്‍. ഡ്രാഫ്റ്റ് എഫ് സീ ബീ ഉല്‍ക എന്ന അഡ്വര്‍ടൈസിങ് സ്ഥാപനത്തിലാണ് ജോലി.

Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education