മുട്ടത്തുവര്‍ക്കിയെ ആദരിക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്?

എസ്. ശാരദക്കുട്ടി

13 Jun 2013


ഒരു ഭാഷ ശ്രേഷ്ഠമാകുന്നത് ആ ഭാഷയിലെ അക്കാദമിക്പണ്ഡിതര്‍ അതുകൊണ്ടുള്ള നേട്ടങ്ങള്‍ അനുഭവിക്കുമ്പോള്‍ മാത്രമല്ല, ഏറ്റവും സാധാരണക്കാരനിലേക്ക് ആ ഭാഷയിലുണ്ടായിട്ടുള്ള കാവ്യങ്ങളും സാഹിത്യവും വിന്യസിക്കപ്പെടുമ്പോള്‍ കൂടിയാണ്. സാധാരണക്കാര്‍ക്കുവേണ്ടി എഴുതപ്പെട്ട കൃതികള്‍കൂടി വിശദമായി പഠിക്കപ്പെടുമ്പോഴാണ്.

ശ്രേഷ്ഠമലയാളം എന്നാല്‍, തെളിമലയാളം തന്നെ ആയിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമില്ല. ക്രിസ്ത്യന്‍ മിഷണറിമാരുടെ ഗദ്യനിര്‍മാണ പ്രവര്‍ത്തനങ്ങളെ നന്ദിപൂര്‍വം നാം ഓര്‍ക്കേണ്ട സന്ദര്‍ഭമാണ് ഇതെങ്കില്‍, ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയില്‍ ആവിഷ്‌കരിച്ച, തെളിമലയാളത്തില്‍ കഥകളും നോവലുകളും എഴുതി മലയാളിയുടെ വായനയില്‍ താരുണ്യം നിറച്ച മുട്ടത്തുവര്‍ക്കി എന്ന എഴുത്തുകാരന്റെ ഗദ്യകലയും ആദരിക്കപ്പെടേതുണ്ട്.

ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയെപ്പോലെ ബോദ്‌ലെയറുടെയും റില്‍ക്കേയുടെയും ഇടയില്‍ മുട്ടത്തുവര്‍ക്കിക്കും അദ്ദേഹത്തിന്റേതായ ഒരു സ്ഥാനം നാം നല്‍കേണ്ടതുണ്ട്. നാം മറന്നുപോകാന്‍ പാടില്ല. സ്റ്റാലിന്‍ കൊന്നുകളഞ്ഞ റഷ്യന്‍ കവി ഒസ്സിപ് മാന്‍ടെല്‍ സ്ടാമിന്റെ വിധവയെ കാണാന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ ബ്രൂസ് ചാറ്റ്വിന്‍ ചെന്നപ്പോള്‍ അവര്‍ ആവശ്യപ്പെട്ടത് അടുത്തതവണ വരുമ്പോള്‍ 'റിയല്‍ ട്രാഷ്' കൊണ്ടുവരാനാണ് എന്ന് വായിച്ചത് ഓര്‍ക്കുന്നു. സാഹിത്യം മനുഷ്യന്റെ രഹസ്യാഭിരുചികളെയുംകൂടി തൃപ്തിപ്പെടുത്തേണ്ടതുണ്ട്. പലതരം എഴുത്തുകള്‍ക്കും പലതരം വായനകള്‍ക്കും നിര്‍വഹിക്കാന്‍ പലതരം ദൗത്യങ്ങളുമുണ്ട്.

സാമാന്യജനത്തിന്റെ അഭിരുചിയും സാഹിത്യവായനയില്‍ സാങ്കേതിക പരിജ്ഞാനം ലഭിച്ചവരുടെ അഭിരുചിയും ഒരേതരത്തില്‍ ആദരിക്കപ്പെടുമ്പോഴാണ് ഏതു ഭാഷയും ശ്രേഷ്ഠമാകുന്നത്. സാധാരണക്കാരുടെ ഭാവുകത്വം സാങ്കേതികപരിജ്ഞാനം ലഭിച്ച വായനക്കാരുടെ അഭിരുചികളേക്കാള്‍ താഴെയല്ല എന്ന് ലെസ്ലി ഫെഡ്‌ലറുടെ അഭിപ്രായം ഇവിടെ ഓര്‍ക്കാവുന്നതാണ്. മുട്ടത്തുവര്‍ക്കിയില്‍നിന്ന് വായനയും എഴുത്തും തുടങ്ങിയ ഒരുപാടെഴുത്തുകാര്‍ പിന്നീട് എഴുത്തിന്റെ പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുകയും മലയാളത്തിലെ അതിപ്രശസ്തരായിമാറുകയും ഒടുവില്‍ മുട്ടത്തുവര്‍ക്കിയുടെ പേരിലുള്ള പുരസ്‌കാരം നന്ദിപൂര്‍വം വാങ്ങുകയും ചെയ്തു. തന്റെ എഴുത്ത് തനിക്കുമാത്രം അവകാശപ്പെട്ടതല്ലെന്നും തന്റെ ഭാഷയില്‍ എഴുതപ്പെട്ട ഓരോ കൃതിക്കും അവകാശപ്പെട്ടതാണെന്നും പറഞ്ഞത് ബോര്‍ഹസിനെപ്പോലെ ഒരു വലിയ എഴുത്തുകാരനാണ്. മുട്ടത്തുവര്‍ക്കിയുടെ സ്വാധീനങ്ങള്‍ പല രൂപങ്ങളില്‍ ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. അവ കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല.

ഫ്രഞ്ച് നവതരംഗസിനിമക്കാരുടെ സിനിമാപ്രേരണകള്‍ നാല്‍പതുകളിലെയും അന്‍പതുകളിലെയും ഹോളിവുഡ് സിനിമകളില്‍ നിന്നായിരുന്നു. ബി ഗ്രേഡ് സിനിമകളെക്കുറിച്ച് പ്രശസ്തരായ ന്യൂ വേവ് ചലച്ചിത്രകാരന്മാര്‍ ചര്‍ച്ചകളും നടത്താറുണ്ടായിരുന്നു. അവര്‍ അതൊരു കുറച്ചിലായി കണ്ടിരുന്നില്ല. ഫ്രഞ്ച് ന്യൂവേവ് സിനിമയുടെ ശക്തനായ വക്താവായ ഗോദാര്‍ദ് തന്റെ ആദ്യചലച്ചിത്രമായ Gnhadkmhoo (1960) സമര്‍പ്പിച്ചിരിക്കുന്നതുപോലും ബി ഗ്രേഡ് സിനിമകളുടെ നിര്‍മാതാക്കളായ അമേരിക്കയിലെ മോണോഗ്രാം പിക്‌ചേഴ്‌സിനാണ്. മലയാളത്തില്‍ ജനപ്രിയസാഹിത്യത്തെ വരേണ്യസാഹിത്യവുമായി ചേര്‍ത്തുവായിക്കാന്‍ തുടങ്ങിയത് ഉത്തരാധുനികതയുടെ വരവോടുകൂടി മാത്രമാണ്. അപ്പോഴും അത് 'ലോ കള്‍ച്ചര്‍' എന്നനിലയില്‍ മാത്രമാണ് വായിക്കപ്പെട്ടത്.

എഴുത്തുകാരെ ജന്മശതാബ്ദിവേളകളില്‍ അവരുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രസക്തി അന്വേഷിച്ചുകൊണ്ടുള്ള അര്‍ഥവത്തായ പുനര്‍വായനകള്‍ക്ക് വിധേയരാക്കാറുണ്ട്. എസ്.കെ. പൊറ്റെക്കാട്ടിന്റെയും മുട്ടത്തുവര്‍ക്കിയുടെയും ജന്മശതാബ്ദി വര്‍ഷമാണ് രണ്ടായിരത്തി പതിമ്മൂന്ന്. വായനയുടെ വഴികളില്‍ വിഭിന്നങ്ങളായ രചനാരീതികളാല്‍ ഒരു കാലഘട്ടത്തെ സ്വാധീനിച്ച രണ്ടെഴുത്തുകാര്‍. ഒരാള്‍ കോഴിക്കോട്ടുകാരന്‍. ലോകം മുഴുവന്‍ യാത്രചെയ്തയാള്‍. ജ്ഞാനപീഠപുരസ്‌കാരം ഉള്‍പ്പെടെ ധാരാളം അംഗീകാരങ്ങള്‍ നേടിയ എഴുത്തുകാരന്‍. മറ്റേയാള്‍ കോട്ടയംകാരന്‍. ജനമനസ്സുകളില്‍ വളര്‍ന്നയാള്‍. സാധാരണമനസ്സുകളുടെ പുരസ്‌കാരങ്ങള്‍ മാത്രം നേടിക്കൊണ്ട് അവരുടെ മനോവികാരങ്ങളിലൂടെ മാത്രം സഞ്ചരിച്ചിരുന്നയാള്‍.

ഒരു കാലഘട്ടത്തിന്റെ വിഗണിക്കാനാകാത്ത സാന്നിധ്യമായിരുന്നു മുട്ടത്തുവര്‍ക്കി. മാധവിക്കുട്ടിയുടെ 'എന്റെ കഥ'യുടെ പ്രസിദ്ധീകരണത്തോടെ മലയാളനാട് വാരിക നേടിയ ഉയിര്‍ത്തെഴുന്നേല്‍പ്പുപോലെ ഒന്നായിരുന്നു, മുട്ടത്തുവര്‍ക്കിയുടെ 'കരകാണാക്കടല്‍' എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിലൂടെ മലയാളരാജ്യം വാരിക നേടിയെടുത്തത്. പിന്നീട് കരകാണാക്കടല്‍ മലയാളി ഓര്‍ക്കുന്നത് സത്യനും മധുവും ജയഭാരതിയും മികച്ച അഭിനയം കാഴ്ചവെച്ച ചലച്ചിത്രം എന്നനിലയിലാണ്. വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, പാടാത്ത പൈങ്കിളി... അങ്ങനെ ഓര്‍ത്തുവെക്കാന്‍ എത്രയെത്ര സിനിമകള്‍! 'ഒരു കുടയും കുഞ്ഞു പെങ്ങളും' എന്ന ചെറിയ നോവല്‍ ആ കാലത്ത് സ്‌കൂളില്‍ ഉപപാഠപുസ്തകമായിരുന്നു. 68 നോവലുകള്‍, 16 ചെറുകഥാ സമാഹാരങ്ങള്‍, പത്ത് നാടകങ്ങള്‍, വിവര്‍ത്തനകൃതികള്‍, കവിതകള്‍... (ഇതില്‍ 26 നോവലുകള്‍ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകളാണ്).
ഏറ്റവും കൂടുതല്‍ എഴുതുകയും വായിക്കപ്പെടുകയും ചെയ്ത ഒരെഴുത്തുകാരന്‍ ഏറ്റവും മികച്ച എഴുത്തുകാരന്‍ ആയിരിക്കണമെന്നില്ല. പക്ഷേ, ഒരു നീണ്ടകാലം ആ എഴുത്തുകാരന് അങ്ങനെ തുടരാന്‍ കഴിഞ്ഞെങ്കില്‍ അതില്‍ എന്തോ ഒരു കാര്യം ഉണ്ടെന്ന് സമ്മതിക്കാതെതരമില്ല. മുട്ടത്തുവര്‍ക്കിയുടെ നോവല്‍ എന്തോ കാരണവശാല്‍ മുടങ്ങിപ്പോയ ഒരു ഞായറാഴ്ച ഒരു വന്‍ ജനാവലി പത്രമാപ്പീസിലേക്ക് പ്രകടനമായിച്ചെന്ന് ഇടിച്ചുകയറിയതായും വായനക്കാരെ സമാധാനിപ്പിച്ചു പറഞ്ഞയയ്ക്കാന്‍ പത്രാധിപര്‍ കഷ്ടപ്പെട്ടതായും ഒരു കഥ കോട്ടയത്ത് ഇന്നും പ്രചാരത്തിലുണ്ട്.

ഉദ്വേഗജനകമായ അന്ത്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന തുടര്‍രചനകള്‍ മലയാളത്തില്‍ തുടങ്ങിവെച്ചത് മുട്ടത്തുവര്‍ക്കിയാണ്. വായനക്കാരുടെ നിര്‍ബന്ധത്തിനുമുന്നില്‍ വഴങ്ങേണ്ടിവന്ന ഈ എഴുത്തുകാരന് തന്റെ വിരലുകള്‍ ചലിക്കുന്നിടത്തോളം കാലം എഴുത്ത് തുടരേണ്ടിവന്നു. അദ്ദേഹത്തിന്റെ നോവലുകള്‍ക്ക് ഇന്നും പുതിയ പതിപ്പുകള്‍ നിര്‍ബാധം പുറത്തിറങ്ങുന്നു. ബുദ്ധിക്കും ചിന്തയ്ക്കും മാത്രമല്ല, വികാരത്തിനും ശരീരത്തിനും വേണ്ടതുകൂടി വായനക്കാര്‍ ആഗ്രഹിക്കും. മുട്ടത്തുവര്‍ക്കി അങ്ങനെ ഒരു കാലഘട്ടത്തിന്റെ ആവശ്യമായിമാറുകയായിരുന്നു.

സര്‍വകലാശാലകളും സര്‍ക്കാറും മുട്ടത്തുവര്‍ക്കിയെ ആദരിക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? ജനപ്രിയകലകളെ പൊതുസ്ഥലത്തിരുന്ന് ചര്‍ച്ചചെയ്യാന്‍പോലും മടിക്കുന്ന നമ്മുടെ കപടബുദ്ധിജീവിത്വമാണ് ഇവിടെ തടസ്സംനില്‍ക്കുന്നത്. അതും ഏറിയപക്ഷം ബുദ്ധിജീവികളുടെയും രഹസ്യപരിശ്രമങ്ങള്‍ ജനപ്രിയരാകുക എന്നതാണെന്ന പച്ചപ്പരമാര്‍ഥം നിലനില്‍ക്കെ. ജനപ്രിയസാഹിത്യം അക്കാദമിക മേഖലകളില്‍ പഠനവിഷയം ആയിട്ടുകൂടി ഈ എഴുത്തുകാരനെ തങ്ങളുടെ റിപ്പബ്ലിക്കില്‍ എന്തുകൊണ്ടാണ് പ്രവേശിപ്പിക്കാത്തത്?

മുട്ടത്തുവര്‍ക്കിയെ ഓര്‍ക്കേണ്ടതും ആദരിക്കേണ്ടതും അദ്ദേഹത്തിന്റെ കുടുംബക്കാരുടെ മാത്രം ചുമതലയാണോ എന്നത് ആര്‍ജവമുള്ള സാഹിത്യപ്രേമികള്‍ ചിന്തിക്കേണ്ടതാണ്. കേസരിയും എം.പി. പോളും വരെ അംഗീകരിച്ചതാണ് ആ ഭാഷയുടെ തെളിമ. ഈ ശതാബ്ദിവേളയില്‍ അത് കണ്ടില്ലെന്നുനടിക്കുന്നത് ഭാഷയ്ക്ക് അത്ര ശ്രേഷ്ഠതയല്ല. ഏതെങ്കിലും തരത്തില്‍ കാലത്തെ നിര്‍ണയിച്ച ഓരോ രചയിതാവും അവര്‍ അര്‍ഹിക്കുന്നിടത്തോളമെങ്കിലും ആദരിക്കപ്പെടേതുണ്ട്.

ധ്രുവപ്രദേശങ്ങളില്‍, വേനല്‍മാസങ്ങളില്‍ പാതിരാവായാലും സൂര്യന്‍ മറയില്ല. അത്തരം രാത്രികളില്‍ ചിലത് ഒരിക്കലും പൂര്‍ണമായി ഇരുട്ടുകയില്ല. മുട്ടത്തുവര്‍ക്കിയെ വായിക്കുമ്പോള്‍ രാത്രികള്‍ വെളുത്തുതന്നെ നില്‍ക്കുന്നു. ആ രാത്രികള്‍ ഒരിക്കലും അവസാനിക്കുന്നില്ല.

Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education