അരങ്ങിലെ കവികള്‍

എസ്.കെ

22 Jan 2013


കവിയരങ്ങ്!
'കവിതകളെഴുതിക്കൂട്ടുവിന്‍
കൂട്ടുകാരേ' എന്ന് പണ്ട്
കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണെന്നു
തോന്നുന്നു പറഞ്ഞത്.
'കവിയരങ്ങുകള്‍കൊണ്ട്
കേരളം നിറയ്ക്കൂ കവികളെ'
എന്ന് ഇന്നാരെങ്കിലും
പറയുന്നുണ്ടോ എന്നറിയില്ല.
എന്തായാലും കവിതയ്ക്ക്
ക്ഷാമമുണ്ടെന്ന് പറഞ്ഞാലും
കവിയരങ്ങുകള്‍ക്ക്
ക്ഷാമമുണ്ടെന്ന് ആരും
പറയില്ല.
കവിയരങ്ങുകള്‍ക്ക്
പ്രാധാന്യമേറിയപ്പോള്‍
കഥകളിയരങ്ങുകള്‍ പോലും
നിഷ്പ്രഭങ്ങളായി!
കഥകളിയരങ്ങില്‍
ഒന്നുകയറണമെങ്കില്‍ എന്തു
ബുദ്ധിമുട്ടാണ്! എത്ര
കൊല്ലത്തെ അഭ്യാസം വേണം!
കവിയരങ്ങില്‍ കയറാന്‍ ഈ
പ്രയാസമൊന്നുമില്ല.
അവിടത്തെ ചിട്ടകളും
നിയമങ്ങളുമൊക്കെ എത്ര ഉദാരമാണ്!
കൈയില്‍ ഒരു കവിത
ഉണ്ടായിരിക്കണമെന്നേയുള്ളു.
കവിയരങ്ങില്‍ അരങ്ങിന്റെ
വലുപ്പമനുസരിച്ച് എത്ര
പേര്‍ക്കു വേണമെങ്കിലും
കയറിക്കൂടാം. ചില
കവിയരങ്ങുകളില്‍, ചില
വിമത രാഷ്ട്രീയ
കക്ഷികളുടെ സംസ്ഥാനതല
യോഗത്തിലെന്നപോലെ,
സദസ്സിലേതിനേക്കാളും
അധികം ആളുകള്‍
വേദിയിലായിരിക്കും.
വേദിയിലുള്ള കവികള്‍
മുഴുവന്‍ കവിത
ചൊല്ലിക്കഴിഞ്ഞാല്‍
അധ്യക്ഷന്‍ പിന്നെയും പേര്
വിളിക്കുന്നതു കേള്‍ക്കാം.
വിനയംകൊണ്ട്, വേദിയില്‍
കയറാന്‍ കഴിയാത്തതിനാലും
വേദിയില്‍ കസേര കിട്ടാതെ
വന്നതിനാലും
സദസ്സിലിരിക്കുന്ന കവികള്‍
അപ്പോള്‍ എഴുന്നേറ്റ് കവിത
ചൊല്ലുന്നതു കാണാം!
ഇവിടെ ആവിഷ്‌കാര
സ്വാതന്ത്ര്യമില്ലെന്ന്
ആരെങ്കിലും
സംശയിക്കുന്നുണ്ടോ?
സംശയമുള്ളവര്‍ ഒരു
കടലാസ്സില്‍ നാലുവരി
കവിതയുമെഴുതി
കവിയരങ്ങിലേക്ക് ഒന്നു
ചെല്ലൂ. സംഘാടകരുടെ
ചെവിയിലൊന്ന് മന്ത്രിക്കൂ.
സുഖമായി കവിത
വായിച്ച്, കൈയടി വാങ്ങിച്ച്
അടുത്ത കവിതയ്ക്കുള്ള
പ്രചോദനം പോക്കറ്റിലാക്കി
മടങ്ങാം!
കവിയരങ്ങില്‍ പല
അത്ഭുതങ്ങളും നടക്കും.
നോട്ടീസിലെ പേരുകള്‍
നോക്കിപ്പോയാല്‍,
ചിലപ്പോള്‍ അവരിലാരെയും
അവിടെ കണ്ടില്ലെന്നുവരും.
നോട്ടീസിലില്ലാത്ത പേരുകാര്‍
പലരെയും കണ്ടെന്നുവരാം.
കവിയരങ്ങിലെ
കസേരക്ഷാമവും പ്രശ്‌നങ്ങള്‍
ഉണ്ടാക്കുക പതിവാണ്.
ഉദ്ദേശിച്ചതിലധികം കവികള്‍
വന്നാല്‍
സംഘാടകരെന്തുചെയ്യും!
പ്രിയപ്പെട്ട സംഘാടകരേ
നിങ്ങള്‍ പത്തു
കവികളെയാണ്
വിളിക്കുന്നതെങ്കില്‍ മുപ്പത്
കസേരകളെങ്കിലും
കരുതിയേക്കണേ.
കവികള്‍ ക്രാന്തദര്‍ശികളും
വിശാല
ഹൃദയരുമൊക്കെയാണല്ലോ.
എങ്കിലും അവരും
മനുഷ്യരല്ലേ?
കവിയരങ്ങിന്റെ പേരില്‍
കവികള്‍ തമ്മില്‍ ചില്ലറ
സൗന്ദര്യപ്പിണക്കങ്ങളും
മൂപ്പിളമ തര്‍ക്കങ്ങളും
പതിവാണ്.
അധ്യക്ഷപദത്തെച്ചൊല്ലിയാണ്
പ്രധാന തര്‍ക്കം പതിവ്.
എ. ആണ് അധ്യക്ഷനെങ്കില്‍
ബി. കവിതവായിക്കാന്‍
വരില്ല. ബി.യെ
അധ്യക്ഷനാക്കാമെന്നുെവച്ചാല്‍
എ. പിണങ്ങും.
എന്തു ചെയ്യും!
അധ്യക്ഷത്തര്‍ക്കം
വ്യാപകമായപ്പോള്‍ ഏതോ
ഒരു സംഘാടക പ്രതിഭാശാലി
ഒരു പോംവഴി
കണ്ടുപിടിച്ചു.
ആഗ്രഹമുള്ളവരെയൊക്കെ
അധ്യക്ഷരാക്കുക!
അങ്ങനെയാണ്
'അധ്യക്ഷമണ്ഡലം'
ഉണ്ടായത്. ഇനി അരങ്ങിലെ
കവികളെല്ലാം
അധ്യക്ഷരാവുന്ന കാലം
വരുമോ?
അധ്യക്ഷമണ്ഡലത്തിന്റെ
മാതൃകയില്‍ ഉദ്ഘാടക
മണ്ഡലവും
ആകാവുന്നതാണ്.
അരങ്ങിലേക്കൊന്നു നോക്കൂ:
രണ്ടുവരിയില്‍ കവിത
ചൊല്ലി വിരമിക്കുന്നവരും
രണ്ടായിരം വരി
ചൊല്ലിയിട്ടും മതിവരാതെ
ദയനീയമായി അധ്യക്ഷന്റെ
മുഖത്തേക്ക്
നോക്കുന്നവരെയും കാണാം.
ചിലര്‍ക്ക് ഒരു ഈരടി ഒരു
പ്രാവശ്യം ചൊല്ലിയാല്‍
മതിയെങ്കില്‍ മറ്റുചിലര്‍ക്ക്
അഞ്ചുപ്രാവശ്യമെങ്കിലും
ചൊല്ലണം! ആസ്വാദകരില്‍
അത്ര വിശ്വാസമില്ലാത്തതു
കൊണ്ടാവാം ചില കവികള്‍
ഈരണ്ട് വരികള്‍ പാടി
വ്യാഖ്യാനിച്ചാണ് മുന്നേറുക.
ചിലര്‍ക്ക്,
കവിതയെക്കുറിച്ചല്ല കവിത
എഴുതാനുണ്ടായ
സാഹചര്യവും എഴുതിയ
വിധവും മറ്റും
വിവരിക്കാനാണ് താത്പര്യം.
എഴുതിയത് രാത്രിയിലാണോ
പകലാണോ; പേന
കൊണ്ടാണോ പെന്‍സില്‍
കൊണ്ടാണോ എന്നൊക്കെ
അവര്‍ വിശദീകരിച്ചുതരും.
മാധ്യമങ്ങളിലൊന്നും
വിശ്വാസമില്ലാത്ത ചില
കവികളെ കവിയരങ്ങില്‍
കാണാം. അവര്‍
കവിയരങ്ങുകളില്‍ മാത്രമേ
കവിത ചൊല്ലൂ. കവിത
പ്രസിദ്ധീകരിക്കാനുള്ളതല്ല;
അരങ്ങുകളില്‍ മാത്രം
ചൊല്ലാനുള്ളതാണെന്ന്
അവര്‍ കരുതുന്നു.

പിന്‍കുറിപ്പ്:

ഒരു കവിയരങ്ങില്‍
വേദിയിലും സദസ്സിലും
മുഴുവന്‍
കവികളായിരുന്നുവത്രെ.

('മനഃപ്രസാദം' എന്ന പുസ്തകത്തില്‍ നിന്ന്)
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education