സത്യമെന്ന് ഇവിടെ മനുഷ്യനാകുന്നു

വി.ടി.ഭട്ടതിരിപ്പാട്‌

24 Dec 2012

മുഖശ്രീ വര്‍ദ്ധിക്കുന്നതിനുവേണ്ടി നാം മൂര്‍ച്ചയുള്ള ക്ഷൗരക്കത്തിയുപയോഗിക്കുന്നു. എന്നാല്‍ ഇന്നു പല രാഷ്ട്രനേതാക്കളും മീശയോടൊപ്പം മൂക്കും ചെവിയും ചെത്തിക്കളയുന്നു. റഷ്യയും അമേരിക്കയും ഒരുപോലെ മനുഷ്യന്റെ സ്വതന്ത്രചിന്തയെ ഭയപ്പെടുന്നുവെന്നും, ആ ഭയം വളര്‍ന്നുവളര്‍ന്നു വരുന്നുവെന്നുമാണ് ഓരോ പ്രഭാതപ്പതിപ്പുകളിലും നാം വായിക്കുന്നത്. ആഫിക്കയിലാകട്ടെ തൊലിയുടെ നിറഭേദത്തെ ആധാരമാക്കിയാണ് മനുഷ്യനെ നായാടിപ്പിടിച്ചു വെടിവെച്ചു കൊല്ലുന്നത്. സിലോണിലും അത്തരമൊരു പ്രവണതയുടെ ബീജാവാപമാണ് നാം കാണുന്നത്. തത്ത്വശാസ്ത്രങ്ങളെക്കാള്‍ മനുഷ്യനാണു പ്രധാനമെന്ന് ആദ്യത്തെ വിഭാഗവും തൊലിയുടെ വര്‍ണ്ണഭേദം രക്തത്തിനില്ലെന്ന് രണ്ടാമത്തെ വിഭാഗവും മറന്നുപോയിരിക്കുന്നു.

ചിരപുരാതനമായ ഈ ഭൂമിക്കെന്തോ തകരാറുണ്ട്. മനുഷ്യവര്‍ഗ്ഗം സംസ്‌കാരപരിഷ്‌കാരങ്ങളിലൂടെ പ്രയാണം ചെയ്യാന്‍ തുടങ്ങിയതെന്നാണെന്ന് തിട്ടമായിപ്പറയാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെങ്കിലും പണ്ടൊരിക്കല്‍ കേവല വനേചരന്മാരായിരുന്നുവെന്നതില്‍ പക്ഷാന്തരമില്ല. പച്ചമാംസത്തിനുവേണ്ടി കടിപിടികൂടിയിരുന്ന അവസ്ഥയില്‍നിന്നു ഫോര്‍മോസാദ്വീപിന്റെ ചുറ്റുപാടും നീന്തിക്കളിക്കുന്ന സ്റ്റീംബോട്ടുകള്‍ക്കുവേണ്ടി കടിപിടികൂടുക എന്ന ഘട്ടംവരെ നാം പുരോഗമിച്ചിരിക്കുന്നു. മറുഭാഗത്ത് വാല്മീകിമുതല്‍ മഹാത്മജിവരെയോ ഐന്‍സ്റ്റീന്‍വരെയോ ഉള്ള ഒരു നേര്‍ത്ത ചരടു കാണാമെന്നതു വാസ്തവംതന്നെ. പക്ഷേ, അതു സാര്‍വ്വത്രികമല്ല. ആയിരുന്നെങ്കില്‍ ആറ്റംശക്തികൊണ്ടു ബോമ്പല്ല, ഔഷധമാണ് മനുഷ്യന്‍ സൃഷ്ടിക്കുക.

തകരാറുള്ളതെവിടെയാണ്? എല്ലാ ഗുണവും കാഞ്ചനത്തെ ആശ്രയിക്കുന്നു എന്നൊരു ബോധം പരന്നുവശായിരിക്കുന്നു. ജീവിതത്തിന്റെ ചുക്കാന്‍ മനുഷ്യമനസ്സിലെ മൂല്യങ്ങളല്ലാതായിത്തീര്‍ന്നിരിക്കുന്നു. ആത്മീയവാദമാണതിനുത്തരവാദി എന്നൊരു പക്ഷം, അല്ല, ഭൗതികവാദമാണ് എന്നൊരു മറുപക്ഷവും. അവ രണ്ടു വാദങ്ങളാണെന്ന വാസ്തവം നാം ഓര്‍ക്കുന്നില്ല. വാദമെന്നാല്‍ പറച്ചിലാണ്, പറച്ചില്‍ സത്യമായിക്കൊള്ളണമെന്നില്ലല്ലോ! ആത്മീയവാദി ഭരിച്ചിരുന്ന കാലത്ത് ഈ കുഴപ്പമുണ്ടായിരുന്നില്ല. മനുഷ്യനെ ദ്രോഹിക്കുന്നതു ദൈവത്തിനിഷ്ടമാവില്ല എന്നൊരു ഭയം അന്നുള്ളവരെ നിയന്ത്രിച്ചിരുന്നു. വേലിതന്നെ വിള തിന്നാന്‍ തുടങ്ങിയപ്പോള്‍- ആത്മീയവാദിതന്നെ മനുഷ്യദ്രോഹത്തിന്റെ കുത്തകാവകാശിയായിത്തീര്‍ന്നപ്പോള്‍- സ്ഥിതി മാറി. ഭൗതികവാദി വന്നു. അയാളും പോയത് ആത്മീയവാദിയുടെ കിടപ്പുമുറിയിലേക്കുതന്നെയാണ്. ചുരുക്കത്തില്‍ വ്യക്തികളെ മദോന്മത്തരാക്കുന്ന ഒരു വസ്തുതയാണ് അധികാരമെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതോടുകൂടി നമ്മുടെ മൂല്യബോധം വീണ്ടും മനുഷ്യനിലേക്കു പറിച്ചുനടുകയും വേണ്ടിയിരിക്കുന്നു. ആത്മീയവാദവും ഭൗതികവാദവും മനുഷ്യനില്‍നിന്നുണ്ടായതാണ്. അതുകൊണ്ടുതന്നെ അവ രണ്ടിലും സത്യത്തിന്റെ അംശങ്ങളുണ്ടെന്നു വന്നുകൂടുന്നു. പക്ഷേ, രണ്ടും അപൂര്‍ണ്ണസത്യങ്ങളാണ്. അപൂര്‍ണ്ണസത്യങ്ങള്‍ സത്യത്തിന്റെ കുപ്പായമിട്ടു ഞെളിയാന്‍ തുടങ്ങുന്നതോടുകൂടി അസത്യത്തെക്കാളേറെ ആപല്‍ക്കരങ്ങളായി ഭവിക്കുന്നു.

സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു. അവന് ആത്മീയവും ഭൗതികവുമായ രണ്ടു ലോകങ്ങളിലുംകൂടിയ നിലനില്പാണുള്ളത്. രണ്ടും സമപ്രധാനങ്ങളാണ്. അവ ഇണങ്ങിച്ചേരുമ്പോഴേ സുഖജീവിതത്തിനു വേര്‍പായിക്കാവുന്നവിധം പാകപ്പെടുന്നുള്ളൂ. മനുഷ്യന്റെ നിലനില്പിന്റെ നിദാനം അവന്റെ ആത്മീയ ഭൗതിക മൂല്യങ്ങളായതുകൊണ്ടാണ്, അവയെക്കുറിച്ചുള്ള ബോധം എല്ലാവരുടേതുമായിത്തീരുമ്പോഴല്ലാതെ കുഴപ്പം അവസാനിക്കില്ലെന്നു പറയേണ്ടിവരുന്നത്. അങ്ങനെയൊരു നല്ല കാലം വരുമോ എന്നു കണ്ടുതന്നെ അറിയണം. അതിനുവേണ്ടി ആശിക്കുകയും പ്രയത്‌നിക്കുകയുമാണ് മനുഷ്യവര്‍ഗ്ഗത്തിനു ചെയ്യാവുന്ന സല്‍ക്കര്‍മ്മം. അത്തരം പരിശ്രമത്തിന്റെ തുടക്കം സമുദായത്തിലെ എല്ലാ വ്യക്തികളെയും സ്വതന്ത്രരാക്കുകയെന്നതത്രേ! എല്ലാ വ്യക്തികള്‍ക്കും വേല ചെയ്യാനും ഭക്ഷിക്കാനും മാത്രമല്ല ചിന്തിക്കുവാനും പറയുവാനും പ്രവര്‍ത്തിക്കുവാനും അങ്ങനെ വളരുവാനും കൂടിയുള്ള അവസരം നല്‍കുന്ന ഒരു തുറന്ന ആകാശത്തെയാണ് സ്വാത ന്ത്ര്യമെന്ന വാക്കു കുറിക്കുന്നത്. അവിടെ ഭയമാകുന്ന കഴുകന്റെ ചിറകടിശ്ശബ്ദം കേള്‍ക്കുകയില്ല. എല്ലാവരും സംസ്‌കാരസമ്പന്നരായിത്തീരുന്നതുവരെ ഭരണകൂടം ആവശ്യംതന്നെ. പക്ഷേ, ഭരണകൂടം ഉണ്ടാവുന്നത് സമുദായത്തിലെ എല്ലാ വ്യക്തികളുടെയും സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനാണ്, മറിച്ചല്ല. പാര്‍ലമെന്ററി ജനാധിപത്യമല്ലാതെ അതിനു വേറെ വഴിയില്ല. അധികാരം കേന്ദ്രീകൃതമാകുമ്പോള്‍ വ്യക്തികളുടെ സുഖം ഹനിക്കപ്പെട്ടേ കഴിയൂ എന്നൊരു നിയമമൊന്നുമില്ലെന്നതു വാസ്തവംതന്നെ. രാജകീയഭരണം പലപ്പോഴും നല്ലതായിരുന്നിട്ടുണ്ട്. പക്ഷേ, അധികാരവാഞ്ഛ എന്ന രോഗബീജം മനുഷ്യനില്‍ നിലനില്‍ക്കുന്നേടത്തോളം കാലം ഒരാളുടെ തല മറ്റൊരാളുടെ കൈയിലേല്പിക്ക എന്നര്‍ത്ഥമായ ഏകാധിപത്യം സ്വീകാര്യമല്ല. ബഹുഭൂരിപക്ഷത്തെ വളരെ വര്‍ഷത്തോളം അമര്‍ത്തി ഭരിക്കാവുന്നവിധം മാരകങ്ങളായ ആയുധങ്ങള്‍ ഇക്കാലത്ത് മനുഷ്യന്റെ കൈയിലുണ്ടെന്നു നാം മറന്നുകൂടാ.

ചുരുക്കത്തില്‍, മറ്റെല്ലാ രാജ്യത്തുമെന്നപോലെ ഇന്ത്യയിലും ഒരു പുതിയ സാമൂഹ്യസംവിധാനം അടിയന്തരമായിത്തീര്‍ന്നിരി
ക്കുന്നു. ഭൂമി കൃഷിക്കാര്‍ക്കു വിട്ടുകൊടുക്കുകയും ഓരോ ആള്‍ക്കും ഉപയോഗിക്കാവുന്ന പുതിയ യന്ത്രോപകരണങ്ങള്‍ കണ്ടുപിടിച്ചു വ്യവസായങ്ങളെ വളര്‍ത്തുകയും വേണ്ടിയിരിക്കുന്നു. ആ സഹകരണം ഒന്നുമാത്രമാണ് ഈ യുഗത്തിലെ കൃഷിയുടെയും വ്യവസായത്തിന്റെയും മാര്‍ഗ്ഗം, ഉല്പാദിപ്പിക്കാത്ത ഉപഭോക്താവും ഉപഭുജിക്കാത്ത ഉല്പാദകനും ഇല്ലാതാവുകതന്നെ വേണം. ലഘുജീവിതമല്ല, കൂടുതല്‍ ഒഴിവുസമയം തന്നെയാവണം നമ്മുടെ ലക്ഷ്യം. ആ സമയം കലാപ്രവര്‍ത്തനങ്ങളിലും വ്യായാമോത്സവങ്ങളിലും ചെലവഴിക്കുന്ന പക്ഷം നമ്മുടെ സംസ്‌കാരം വളരുകതന്നെയാണു ചെയ്യുക. മനുഷ്യമനസ്സിനെ കല ദേവഭാവങ്ങളിലേക്കുയര്‍ത്തുന്നു എന്ന പ്രൊഫസ്സര്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ ഇവിടെ സ്മര്‍ത്തവ്യമാണ്. ഈ ദേവഭാവത്തിന്റെ അഭാവംതന്നെയാണ് ഇന്നു ലോകത്തിന്റെ മുഴുവന്‍ തലവേദനയ്ക്കു ഹേതുവായിട്ടുള്ളതും.

ഈശ്വരനിലേക്കു മടങ്ങുക എന്നതല്ല വാദം, ഓരോ മനുഷ്യനും തന്നിലുള്ള ഈശ്വരത്വത്തെ കണ്ടറിയുക എന്നതാണ്. ആ ലക്ഷ്യത്തിലേക്കു കുറുക്കുവഴികളില്ല. (1953)
(സത്യമെന്ന് ഇവിടെ മനുഷ്യനാകുന്നു എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education