നമസ്‌കാറു...

വി.പി.ശ്രീലന്‍

05 Dec 2012

ഇടുങ്ങിയ തെരുവുകള്‍... തെരുവുകളിലേക്ക് വാതില്‍ തുറക്കുന്ന കൊച്ചു വീടുകള്‍... ക്ഷേത്രങ്ങള്‍... രഥവീഥികള്‍... കവലകളില്‍ കൊച്ചു ഗോപുരങ്ങള്‍... വഴിക്കച്ചവടം... പച്ചക്കറികള്‍ നിരത്തി വച്ച തെരുവോരം... വീട്ടുമുറ്റത്ത് തുളസിത്തറകള്‍... വീടുകളുടെ മുന്നിലിരുന്നു പപ്പടവും കൊണ്ടാട്ടവുമുണ്ടാക്കുന്ന സ്ത്രീകള്‍... കൊച്ചിയിലേക്ക് പറിച്ചു നട്ട കൊങ്കണ്‍ ദേശമാണിത്... മട്ടാഞ്ചേരിയിലെ ആനവാതിലും കടന്ന് പാലസ് റോഡിലേക്ക് വരുമ്പോള്‍ കൊച്ചി, കൊങ്കണദേശമായി മാറുന്നു. വേഷത്തിലും, ഭാഷയിലും മാത്രമല്ല... ഭാവത്തിലും സംസ്‌കാരത്തിലുമൊക്കെ മാറ്റം... ഇത് കൊങ്കണി സമൂഹത്തിന്റേതായ പ്രത്യേക ലോകമാണ്.

ഏതു പ്രതിസന്ധിക്കിടയിലും സംസ്‌കാരത്തെ നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്ന ഒരു സമൂഹത്തിന്റെ ജീവിത വഴിയാണിത്. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും കൊങ്കണി സമൂഹത്തിന്റെ ജീവിത രീതികള്‍ക്ക് മാറ്റമില്ല.

കൊച്ചിയോട് ഹൃദയം ചേര്‍ത്തു വച്ചിട്ടും, സംസ്‌കാരത്തിലോ ജീവിത രീതിയിലോ വെള്ളം ചേര്‍ക്കാന്‍ അവര്‍ തയ്യാറല്ല.
ഭക്തിയുടെ അടയാളങ്ങളാണ് എവിടെയും... വിശ്വാസമാണ് ഈ ജീവിത ധാരയുടെ അടിസ്ഥാനം. സൂര്യനുദിക്കും മുമ്പേ അവര്‍ പ്രാര്‍ത്ഥനകളിലേക്ക് പോകുന്നു. എല്ലാ വഴികളും ചേരുന്നത് ക്ഷേത്രമുറ്റങ്ങളിലേക്ക്.... വീടുകളിലുമുണ്ട് ക്ഷേത്ര സമാനമായ കാഴ്ചകള്‍... കൊച്ചുവീടായാലും പൂമുഖത്ത് തൂക്കുവിളക്ക്... അകത്ത് പൂജാമുറി... തൊട്ടടുത്തായി അരി നിറച്ച കലശം... തൂക്കുവിളക്കില്‍ നിന്നുള്ള പ്രകാശം അരി നിറച്ച കലശത്തിലേക്ക് പതിക്കുമ്പോള്‍ ഐശ്വര്യം കടന്നു വരുമെന്നാണ് സങ്കല്പം. ഓര്‍ത്തിരിക്കാതെ അതിഥിയെത്തിയാല്‍ കലശത്തില്‍ നിറച്ചു വച്ച അരി എടുക്കാം.

അതിഥിക്കു വേണ്ടിയുള്ള കരുതലാണിത്. പതിനാറാം നൂറ്റാണ്ടില്‍ പത്തേമാരിയില്‍ കയറി കൊച്ചിയിലെത്തിയതാണ് കൊങ്കണി സമൂഹം. ഗൗഡസാരസ്വത ബ്രാഹ്മണരോടൊപ്പം വാണിയ വൈശ്യ സമൂഹവും കൊങ്കണ്‍ സോനാര്‍ വിഭാഗവും കുഡുംബികളും സാരസ്വതരുമെല്ലാം കൊച്ചിയിലെത്തിയിരുന്നു. കൊച്ചി മഹാരാജാവ് ഇവര്‍ക്ക് പാര്‍ക്കാന്‍ ചെറളായി പ്രദേശം വിട്ടുകൊടുത്തെന്നാണ് ചരിത്രം. ചേറു നിറഞ്ഞ ചെറളായി പ്രദേശം മനോഹരമായ ഒരു കൊങ്കണ്‍ ക്ഷേത്ര നഗരമായി അവര്‍ മാറ്റിയെടുത്തതും ചരിത്രമാണ്.

വിശ്വാസങ്ങള്‍ക്കെതിരെ പോര്‍ച്ചുഗീസുകാര്‍ ആയുധമെടുത്തപ്പോഴാണ് കൊങ്കണി സമൂഹം ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് പലായനം ചെയ്തത്. എല്ലാം നഷ്ടപ്പെട്ടപ്പോഴും ഇഷ്ടമൂര്‍ത്തിയേയും സംസ്‌കാരത്തേയും അവര്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.
ക്ഷേത്രങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണം സഹിക്കവയ്യാതെയായിരുന്നു അവരുടെ വരവ്.
പില്‍ക്കാലത്ത് മട്ടാഞ്ചേരിയില്‍ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായം കെട്ടിയുയര്‍ത്തിയ ക്ഷേത്രം കൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമാണ്.തിരുമല ദേവരെ പ്രതിഷ്ഠിച്ച ഈ ക്ഷേത്രത്തോളം വലിപ്പമുള്ള ഒരു ദേവാലയം കേരളത്തില്‍ വേറെയുണ്ടാവില്ല.
കുഡുംബികള്‍ക്കും വാണിയ വൈശ്യ സമുദായത്തിനും കൊങ്കണ്‍ സോനാര്‍ വിഭാഗത്തിനുമൊക്കെ ഈ തെരുവുകളില്‍ തന്നെ ക്ഷേത്രങ്ങളുണ്ടായി. അമരാവതിയിലെ ജനാര്‍ദന ക്ഷേത്രം വാണിയ വൈശ്യ വിഭാഗത്തിന്റേതാണ്. ഹനുമാന്‍ കോവിലും അമ്മന്‍കോവിലുമെല്ലാം ഇവിടെയുണ്ട്.

സോനാര്‍ വിഭാഗത്തിന് അമരാവതിയില്‍ ഗോപാലകൃഷ്ണ ക്ഷേത്രമുണ്ട്. തുണ്ടിപ്പറമ്പിലാണ് കുഡുംബികളുടെ ക്ഷേത്രം.
ഭാഷ എവിടെയും കൊങ്കണി തന്നെ. വേഷത്തിലുമുണ്ട് ചിട്ടവട്ടങ്ങള്‍. പ്രായമായ സ്ത്രീകളും സാരി ചുറ്റുന്നു. 'സാരി' കേരളത്തിന് സമ്മാനിച്ചതു തന്നെ കൊങ്കണി സമൂഹമാണത്രെ. മുണ്ടുടുത്ത് പൂണൂലണിയുന്നു പുരുഷന്മാരില്‍ ഭൂരിപക്ഷവും.
ജോലിയിലുമുണ്ട് സവിശേഷതകള്‍. ഭൂരിപക്ഷവും കച്ചവടക്കാരാണ്.
മട്ടാഞ്ചേരി ബസ്സാറിനെ കേരളത്തിന്റെ വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന് കൊങ്കണി സമൂഹം വഹിച്ച പങ്ക് ചെറുതല്ല.
ഒരു കാലത്ത് ബസ്സാര്‍ തന്നെ ഇവരുടെ നിയന്ത്രണത്തിലായിരുന്നു. കൊച്ചി രാജ്യത്തേക്ക് മറ്റു ദിക്കുകളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചിരുന്നത് കൊങ്കണിക്കച്ചവടക്കാരായിരുന്നു.
കച്ചവടത്തിലൂടെ വ്യക്തികള്‍ മാത്രമല്ല, സമൂഹവും പച്ചപിടിച്ചു.
കുടില്‍ വ്യവസായങ്ങളുണ്ടായി. പപ്പടവും, കൊണ്ടാട്ടവുമുണ്ടാക്കുവാന്‍ സ്ത്രീകളും മുന്നില്‍ നിന്നു. സ്വന്തമായുണ്ടാക്കിയെടുത്ത ഉല്പന്നങ്ങള്‍ അവര്‍ തന്നെ കച്ചവടം നടത്തി.
ചെറിയ ചായക്കടകള്‍... അവിടെയെല്ലാം കൊങ്കണി വിഭവങ്ങള്‍... തുണിക്കടകള്‍, പച്ചക്കറിക്കടകള്‍... പലചരക്കു കടകള്‍.. ഈ കൊങ്കണി ദേശത്ത് കിട്ടാത്തതൊന്നുമില്ല....
പണമിടപാട് സ്ഥാപനങ്ങളും, ബാങ്കുകളുമാണ് കൊങ്കണി സമൂഹം ചേക്കേറിയ തൊഴില്‍ മേഖലകള്‍.
കണക്കെഴുത്തുകാരുടെ ഒരു പട തന്നെയുണ്ട് ഈ സമൂഹത്തില്‍.
ഒന്നുമില്ലായ്മയില്‍ നിന്നാണ് കൊങ്കണികളുടെ തുടക്കം. പോരാട്ടങ്ങളുടെ കനല്‍ നിറഞ്ഞ വഴികളിലൂടെയായിരുന്നു അവരുടെ സഞ്ചാരം. കഠിനാധ്വാനമാണവരുടെ ശക്തി. പലായനങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു അവര്‍ക്ക്. ഓരോ തവണ ആക്രമിക്കപ്പെടുമ്പോഴും കൂടുതല്‍ കരുത്തോടെ അവര്‍ ഉയിര്‍ത്തെഴുന്നേറ്റു.ചെളിയില്‍ നിന്ന് ചേലുള്ള ജീവിതങ്ങളുണ്ടായി. വഴക്കും വക്കാണവുമില്ലാത്ത സമൃദ്ധിയുടെ ലോകമാണ് അവര്‍ കെട്ടിപ്പടുത്തത്.
കൊച്ചി ക്രിമിനലുകളുടെ കേന്ദ്രമാകുമ്പോഴും, ഈ കൊങ്കണദേശത്തിന് ആശങ്കകളില്ല. ഇവിടെ പോലീസുകാര്‍ക്ക് കാര്യമായ പണിയില്ല. പോലീസിനെ അന്വേഷിച്ച് അധികമാരും പോകുന്നില്ല. പോലീസിന് തിരിച്ച് അങ്ങോട്ടും പോകേണ്ടി വരുന്നില്ല. കൊങ്കണി സമൂഹം അങ്ങനെയാണ്. ജീവിക്കാനുള്ള ഓട്ടത്തിനിടയിലും അതിരുവിട്ടൊന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അതുകൊണ്ട് ഈ തെരുവുകളില്‍ കാലുഷ്യമില്ല. എവിടെയും ഭക്തിയുടെ സാഹോദര്യത്തിന്റെ അടയാളങ്ങള്‍ മാത്രം.

ഭാഷയെ അത്രമേല്‍ സ്‌നേഹിക്കയാല്‍

കാങ്കണിഭാഷയുടെ സംരക്ഷണത്തിനായി ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചിട്ടുള്ളത് കൊച്ചിയിലെ കൊങ്കണി സമൂഹമാണെന്ന് നിസ്സംശയം പറയാം. കൊച്ചിയിലെ കൊങ്കണി സമൂഹത്തിന്റെ കാരണവര്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പുരുഷോത്തമ മല്ലയ്യ, ജീവിതത്തിന്റെ സിംഹഭാഗവും ഭാഷയ്ക്കുവേണ്ടി മാറ്റി വച്ചയാളാണ്.

കൊങ്കണി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതിന് അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. 1966 ല്‍ അദ്ദേഹം ഇന്ദിരാഗാന്ധിയെ കണ്ട് കൊങ്കണി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. പിന്നെ എട്ടാം ഷെഡ്യൂളില്‍ ഭാഷയെ ഉള്‍പ്പെടുത്തുന്നതിന് നിരന്തരമായ പ്രയത്‌നം.

1992 ആഗസ്ത് 20 ന് കൊങ്കണിയെ എട്ടാം ഷെഡ്യൂളില്‍ പെടുത്തിയതായ പ്രഖ്യാപനമുണ്ടായപ്പോഴാണ് പുരുഷോത്തമ മല്ലയ്യ വിശ്രമിച്ചത്. 1966 ല്‍ തന്നെ കൊച്ചിയില്‍ കൊങ്കണി ഭാഷാ പ്രചാര്‍ സഭ രൂപം കൊണ്ടു. അതിന്റെ സ്ഥാപകരിലൊരാളായിരുന്നു പുരുഷോത്തമ മല്ലയ്യ.

ഇന്ത്യയിലാദ്യമായി കൊങ്കണി ഭാഷാ ഭവന്‍ സ്ഥാപിച്ചത് കൊച്ചിയിലാണ്.

1978 ല്‍ സി. അച്യുതമേനോനാണ് അത് ഉദ്ഘാടനം ചെയ്തത്. അതിനും മുന്‍കൈയെടുത്തത് പുരുഷോത്തമ മല്ലയ്യ തന്നെ.
മട്ടാഞ്ചേരിയില്‍ പ്രൈമറി സ്‌കൂളില്‍ കൊങ്കണി പഠനം ആരംഭിക്കുവാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്.

മട്ടാഞ്ചേരി തിരുമലദേവസ്വത്തിന്റെ കീഴിലുള്ള ടി.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education