നായരും തിയ്യരും നമ്പൂതിരിയും ഉണ്ടായതെങ്ങനെ..?

കെ. ബാലകൃഷ്ണക്കുറുപ്പ്‌

19 Oct 2012

ആദിവാസികളായ വില്ലവരെയും മീനവരെയും മറ്റും തോല്പിച്ചും ആള്‍പ്പാര്‍പ്പില്ലാത്ത സമതലങ്ങള്‍ കൈയേറിയും യാദവന്മാരും നാഗന്മാരും പലപ്പോഴുമായി മലബാര്‍ പ്രദേശത്തു കുടിയേറി പാര്‍ത്തു. ചരിത്രകാരന്മാരായ മജ്ജുംദാരും കൂട്ടരും യദുക്കളെപ്പറ്റി നല്കുന്ന വിവരം ശ്രദ്ധേയമാണ്. അവര്‍ പറയുന്നത് യദുക്കളും തുര്‍വസുക്കളും ഋഗ്വേദത്തില്‍ പരാമൃഷ്ടരായ രണ്ടു പ്രധാന ഗോത്രക്കാര്‍ ആണെന്നത്രെ. അവരെ ഇന്ദ്രന്‍ വിദൂരദേശത്തുനിന്നു കൊണ്ടുവന്നു. അവര്‍ക്കു പേര്‍ഷ്യയിലെ പരശുവംശക്കാരുമായി ബന്ധമുണ്ടായിരുന്നു. ഇന്ദ്രനെ ആരാധിക്കുന്ന ഈ ഗണങ്ങളില്‍ രണ്ടു വിഭാഗങ്ങളുണ്ടായി. ഒരു വിഭാഗം ശൃംഗ്ജയന്മാരും അവരുടെ സുഹൃത്തുക്കളായ ഭരതന്മാരുമായിരുന്നു. മറ്റേ വിഭാഗത്തില്‍ (ഇന്ദ്രനെ തിരസ്‌കരിച്ചവര്‍) യദുക്കളും തുര്‍വസുക്കളും ദ്രുഹ്യുക്കളും അനുക്കളും പൂരുക്കളും ഉള്‍പ്പെട്ടു. അവസാനം പറഞ്ഞ കൂട്ടര്‍ അതാതു നാട്ടിലുള്ള ജനസഞ്ചയങ്ങളുമായി ഇടപഴകിപ്പോന്നു, ഇവരില്‍ യദുക്കളെയും ദ്രുഹ്യുക്കളെയും ദസ്യുക്കള്‍ എന്നാണ് ഋഗ്വേദം വിശേഷിപ്പിച്ചിരുന്നത്.1

ഇതേ ചരിത്രകാരന്മാര്‍ തുടര്‍ന്ന് ഇങ്ങനെ എഴുതി: 'ഇന്ദ്രനെ ആരാധിക്കുന്ന വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി, ദസ്യുക്കള്‍ അല്ലെങ്കില്‍ ദാസന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ഇരുണ്ട നിറവും പതിഞ്ഞ മൂക്കും ഉള്ള വര്‍ഗമാണ്. ആര്യന്മാര്‍ക്കു മനസ്സിലാവാത്ത ഭാഷയാണ് അവര്‍ സംസാരിച്ചിരുന്നത്. അവര്‍ വളപ്പുകള്‍കെട്ടി കന്നുകാലികളെ വളര്‍ത്തി ജീവിച്ചു. പുതുതായി വന്ന ഇവരുടെ പ്രേരണ നിമിത്തം ആര്യന്മാരുടെ യാഗാധിഷ്ഠിത മതത്തെ എതിര്‍ത്ത് നാട്ടുകാര്‍ മിക്കവാറും ലിംഗാരാധകന്മാരായി മാറിയിരിക്കണം. ചരിത്രാതീതകാലത്തു നിലനിന്ന താഴെ സിന്ധുതട നാഗരികതയുമായി ഈ ആരാധനക്രമം ഇവരെ ബന്ധപ്പെടുത്തി.'2

പ്രസ്തുത യാദവവിഭാഗം ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലും മലബാറിലും പ്രകൃത്യാഹാരം ശേഖരിച്ചും കാലിമേച്ചും എത്തിച്ചേര്‍ന്നു. അവര്‍ ഇവിടങ്ങളില്‍ ആയന്മാര്‍ (ഇടയര്‍) എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ചില ദിക്കില്‍ അവരെ ഏറാടിമാര്‍ എന്നും പറഞ്ഞുപോന്നു. ബി.സി. പത്താംനൂറ്റാണ്ടിന്നു ശേഷം അവരില്‍ ഒരു വലിയ വിഭാഗം ലിംഗാരാധനയ്ക്കുപകരം തങ്ങളുടെ ഗോത്രദൈവമായ മായനെ (കൃഷ്ണനെ) ആരാധിക്കാന്‍ തുടങ്ങി. ഏതാണ്ട് ബി.സി. ആയിരത്തോടടുത്താവാം യാദവര്‍ കേരളത്തിലെത്തുന്നത്.

യാദവന്മാര്‍ക്കു മുമ്പുതന്നെ ഉത്തരേന്ത്യയില്‍ നിന്നു നാഗന്മാര്‍ (മംഗോള്‍ വംശജരായ നാഗലാന്‍ഡുകാര്‍ അല്ല) മലബാര്‍ പ്രദേശത്ത് എത്തിപ്പെട്ടിരുന്നു. നാഗന്മാര്‍ ബി.സി. 13ാംനൂറ്റാണ്ടില്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലും ഗംഗയ്ക്കും യമുനയ്ക്കും ഇടയിലുള്ള പ്രദേശത്തും വളരെ പ്രബലന്മാരായിരുന്നു.3 പക്ഷേ, ആര്യന്മാരാല്‍ തുരത്തപ്പെട്ട അവര്‍ ദക്ഷിണേന്ത്യയിലേക്കു നീങ്ങി സാവധാനത്തില്‍ കേരളത്തില്‍ കുടിപാര്‍ത്തു.

അതിനുമുമ്പുതന്നെ സിലോണിന്റെ (ശ്രീലങ്കയുടെ) പടിഞ്ഞാറെ തീരത്ത് (ജാഫ്‌നാപ്രദേശം) ധാരാളം നാഗഗോത്രക്കാര്‍ നിവസിച്ചിരുന്നതായും അതിനാല്‍ ആ പ്രദേശം നാഗദ്വീപ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നതായും സിലോണിലെ ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. രാമേശ്വരത്തിനപ്പുറം സിലോണിലുള്ള കല്യാണിയായിരുന്നു ആ നാഗന്മാരുടെ തലസ്ഥാനം. ചിലപ്പതികാരത്തിലെ ഒരു പരാമര്‍ശത്തില്‍ നിന്ന് അനുമാനിക്കേണ്ടത് കാവേരിപട്ടണം ഒരു നാഗകേന്ദ്രമായിരുന്നുവെന്നാണ്.

ബി.സി. ആയിരാം ആണ്ടോടടുത്ത് യാദവരും നാഗന്മാരും കേരളത്തില്‍ കുടിയേറിപ്പാര്‍ക്കുകയും കൂടിക്കഴിയുകയും ചെയ്തിരുന്നു. ഇടയവൃത്തി ആ കാലഘട്ടത്തിലെ പൊതു ജീവിതരീതിയായിരുന്നതുകൊണ്ട് ഇരുകൂട്ടരും അത് അവലംബിക്കുകയും ചെയ്തു. അവരുടെ കുടിയേറ്റം ഏതാണ്ടു എ.ഡി. ഏഴാം നൂറ്റാണ്ടുവരെ തുടര്‍ന്നുകൊണ്ടിരുന്നു എന്നുവേണം അനുമാനിക്കാന്‍.

യാദവന്മാരും നാഗന്മാരും മാതൃദായക്രമം അനുവര്‍ത്തിക്കുന്നു. പക്ഷേ, നാഗന്മാര്‍ താരതമ്യേന സമരോത്സുകരായിരുന്നുവെന്ന ഒരു പ്രത്യേകത നിലനിന്നു. അവര്‍ വസ്ത്രംനെയ്ത്തിലും വിദഗ്ധരായിരുന്നു.5 അവര്‍ പലപ്പോഴുമായി സമുദ്രമാര്‍ഗം ബംഗാളില്‍ നിന്നു ദക്ഷിണേന്ത്യയിലേക്കും സിലോണിലേക്കും എത്തിച്ചേര്‍ന്നുകൊണ്ടുമിരുന്നു.

ബി.സി. 6ാംനൂറ്റാണ്ടില്‍ മഗധ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ പശ്ചിമതീരത്തു സിലോണിനോടടുത്ത പ്രദേശങ്ങളില്‍ നാഗന്മാര്‍ വലിയ തോതില്‍ കുടിയേറിപ്പാര്‍ക്കുകയുണ്ടായി. മഗധ രാജാവായ വിജയന്‍ ബി.സി. 5ാംനൂറ്റാണ്ടില്‍ സിലോണില്‍ തന്റെ ഭരണം സ്ഥാപിക്കുകയും ദക്ഷിണേന്ത്യയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വിജയന്റെ പ്രജകളായ നാഗന്മാര്‍ ദക്ഷിണേന്ത്യക്കാരുമായി ചേര്‍ന്ന് നായന്മാരായിത്തീര്‍ന്നുവെന്ന് പറയപ്പെടുന്നു.6

തൊണ്ടൈനാട് (ആന്ധ്രയിലെ കാളഹസ്തിപ്രദേശം) ഭരിച്ച സഗരകുലക്കാരായ നാഗന്മാരെ ചോളരാജാവായ മുചുകുന്ദന്‍ (എ.ഡി. 1-ാംനൂറ്റാണ്ട്) പരാജയപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് തെക്കന്‍ ദിക്കിലേക്കു മാറിപ്പാര്‍ത്ത നാഗന്മാര്‍ ത്രിയര്‍ (തമിഴില്‍ തിറയര്‍) എന്ന പേരില്‍ അറിയപ്പെട്ടു. ത്രിയര്‍ എന്ന സംസ്‌കൃതപദത്തിനു നിഷ്‌കാസിതര്‍ എന്നാണര്‍ഥം. ഇവരെ തമിഴര്‍ പലപ്പോഴും തിറയര്‍ എന്നു വിളിച്ചുപോന്നു. അവരില്‍ പല വിഭാഗക്കാരുണ്ടായിരുന്നു. ബംഗാളില്‍ നിന്നു വന്നവര്‍ പങ്കലതിറയാര്‍ എന്നും കൊച്ചിന്‍ചൈനയില്‍ നിന്നുവന്നവര്‍ ചൈനതിറയര്‍ എന്നും (കൂട്ടത്തില്‍ പറയട്ടെ, അവരാവാം കൊച്ചിക്ക് ആ പേരിട്ടത്). ബര്‍മയില്‍ നിന്നുള്ളവര്‍ കദര തിറയര്‍ എന്നും സിലോണില്‍ നിന്നുവന്നവര്‍ സിംഗളതിറയര്‍ എന്നും പല്ലവനാട്ടില്‍ നിന്നുവന്നവര്‍ പല്ലവ തിറയര്‍ എന്നും അറിയപ്പെട്ടു.7 ചോളന്മാരുടെ വിജയത്തെ തുടര്‍ന്ന് (എ.ഡി. 1ാംനൂറ്റാണ്ട്) ഇവരില്‍ പലരും പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ നാടുകളിലേക്കു കുടിയേറുകയായിരുന്നു.

ഇങ്ങനെ മലബാര്‍ പ്രദേശത്തേക്കെത്തിയ നാഗന്മാര്‍ക്ക് അതിനുമുമ്പുതന്നെ ഇവിടെ കുടിപാര്‍ത്ത യാദവരുമായി കൂടിക്കഴിയുന്നതിനു വിഷമമുണ്ടായിരുന്നില്ല. ത്രിയര്‍ എത്തിച്ചേരുന്നതിനു മുമ്പ് ഇവിടെ രൂപം പൂണ്ട യാദവ -നാഗ മിശ്രിതസമൂഹം നായര്‍ ഗോത്രക്കാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അവര്‍ പുത്തന്‍ കൂറ്റുകാരായ നാഗന്മാരെ (ത്രിയരെ) മലബാറില്‍ തിയ്യര്‍ എന്നും തെക്കന്‍ പ്രദേശത്തു ഈഴുവര്‍ (സിലോണ്‍ത്രിയര്‍ - ഏലത്രിയര്‍) എന്നും വിളിച്ചുപോന്നു. കേരളത്തില്‍ ആദ്യമാദ്യം എത്തിയ നാഗന്മാര്‍ നായന്മാരായി 'തറ'കളില്‍ താമസിച്ചപ്പോള്‍ പിന്നീടെത്തിയ നാഗത്രിയര്‍ തിയ്യരായി 'കുടി'കളില്‍ പാര്‍പ്പുറപ്പിച്ചു.

ഇന്ത്യന്‍ ഗ്രാമീണ സമൂഹത്തെക്കുറിച്ചു മാര്‍ക്‌സ് നല്കിയ വിശദീകരണം മലബാറിലെ പുത്തന്‍ നാഗകുടിയേറ്റക്കാരെക്കുറിച്ച് തികച്ചും വാസ്തവമാണെന്ന് അംഗീകരിക്കേണ്ടിവരും. മാര്‍ക്‌സ് ഇങ്ങനെ എഴുതി: 'പൊതുവായ ഭൂവുടമാവകാശവും കൃഷിയും കൈത്തൊഴിലും മാറ്റം വരാത്ത തൊഴില്‍ വിഭജനവും ചേര്‍ന്ന ചെറുതും വളരെ പൂര്‍വികവുമായ സമൂഹങ്ങളില്‍ ചിലത് ഇന്ത്യയില്‍ ഇപ്പോഴും അവശേഷിക്കുന്നു. അതിലെ തൊഴില്‍വിഭജനം ഒരു പുതിയ സമൂഹത്തിന്റെ (community) ആവിര്‍ഭാവത്തിന് നിയതമായ ഒരു പദ്ധതിയായി നിലനില്ക്കുകയും ചെയ്യുന്നു. നൂറുമുതല്‍ ആയിരം ഏക്കര്‍ വരെ വിസ്തീര്‍ണമുള്ള ഭൂമി ഒരു പൊതുവിഭാഗമായി കരുതി ആവശ്യമുള്ളതെല്ലാം അവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. അവിടത്തെ ഉത്പന്നങ്ങളില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ ആവശ്യം നിറവേറ്റുന്നതിന് ഉപയോഗപ്പെടുത്തുകയാല്‍ ആ ഉത്പന്നങ്ങള്‍ക്കു വില്പനച്ചരക്കിന്റെ സ്വഭാവമില്ല. അതിനാല്‍ തൊഴില്‍വിഭജനത്തില്‍ നിന്നും സ്വതന്ത്രമായാണ് ഇവിടെ ഉത്പാദനം നടക്കുന്നത്. ഇത്തരം സമൂഹത്തിലാകെ ഉത്പന്നങ്ങളുടെ പരസ്​പര കൈമാറ്റമേ നടക്കുന്നുള്ളൂ. മിച്ചമുള്ള ഉത്പന്നങ്ങള്‍ മാത്രമേ ചരക്കായി മാറുന്നുള്ളൂ. അധികാരികളുടെ കൈവശം എത്തിച്ചേരുന്നതിനുമുമ്പായി അതില്‍ത്തന്നെയും ഒരു ഭാഗം പാട്ടവും കാഴ്ചദ്രവ്യവുമായി മാറിപ്പോകുന്നതായാണ് കീഴ്‌വഴക്കം. ഇത്തരം സമൂഹങ്ങളുടെ ഘടനയില്‍ പ്രാദേശികവ്യത്യാസങ്ങളുണ്ടാകാം. വളരെ ലളിതമായ രൂപമെന്തെന്നാല്‍, ഭൂമി പൊതുവായി കൃഷി ചെയ്യപ്പെടുകയും ഉത്പന്നങ്ങള്‍ സമൂഹാംഗങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുവെന്നതാണ്. അതേസമയത്ത് നൂല്‍നൂല്പും നെയ്ത്തും സഹവ്യവസായമെന്ന നിലയ്ക്ക് ഓരോ സമൂഹത്തിലും നിലനിന്നു.' അതിനിടയ്ക്ക് ഭരണാധികാരികളും പുരോഹിതന്മാരും കണക്കപ്പിള്ളമാരും നിയമപാലകരും ജ്യോതിഷികളും മറ്റും സമൂഹത്തിന്റെ ചെലവില്‍ ജീവിച്ചുവെന്നു വിശദീകരിച്ച ശേഷം മാര്‍ക്‌സ് തുടരുന്നു. 'ജനസംഖ്യ വര്‍ധിക്കുമ്പോള്‍ പാര്‍പ്പില്ലാത്ത പ്രദേശത്ത് ഒരു പുതിയ സമൂഹം പഴയതിന്റെ മാതൃകയില്‍ സ്ഥാപിക്കപ്പെടുന്നു.'8

ട്രൈബല്‍ സമൂഹത്തിലെ ആദ്യകാലതൊഴില്‍വിഭജനം പിന്നെ സ്ഥിരമായ ജാതിവിഭജനമായി മാറുകയായിരുന്നു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education