കടലാസുകളിലെ ചരിത്രസ്മാരകങ്ങള്‍

സിസി ജേക്കബ്‌

18 Oct 2012

കൊല്ലം 1563. മെയ് മാസം 19-ാം തീയതി. രാവിലെ എട്ടുമണി. ബ്രിട്ടീഷ് രാജ്ഞി ആന്‍ ബോളിനെ പുറത്തേക്ക് കൊണ്ടുവന്നു. കുറ്റവാളിക്ക് കാവലായി ഭടന്‍മാര്‍. കാഴ്ചകാണാന്‍ തടിച്ചുകൂടി ജനം. അവസാനമായി രാജ്ഞി സംസാരിച്ചു. പ്രാര്‍ഥിച്ചു. പിന്നെ മുട്ടുകുത്തി കാത്തു നിന്നു. ആരാച്ചാര്‍ വാള്‍ വീശി. ഒറ്റവെട്ടില്‍ സുന്ദരമായ കഴുത്തില്‍ നിന്ന് തല വേര്‍പ്പെട്ടു. ചുറ്റും ചുടുചോര പരന്നു. തോമസ് ക്രോംവെല്‍ തിരിഞ്ഞു നടന്നു. ഹിലരി മാന്റലിന്റെ മൂന്നാം നോവലിലേക്ക്.

ക്രോംവെലിന്റെ കഥപറഞ്ഞാണ് ബ്രിട്ടീഷ് സാഹിത്യകാരി ഹിലരി മാന്റല്‍ രണ്ട് തവണയും മാന്‍ ബുക്കര്‍ സമ്മാനം നേടിയത്. കൊല്ലന്റെ മകന്‍ എസക്‌സിലെ പ്രഭുവായ കഥയായിരുന്നു 'വുള്‍ഫ് ഹോളില്‍'. അത് 2009-ലെ ബുക്കര്‍ നേടി. അമ്പതെത്തിയ ക്രോംവെലിന്റെ ചെയ്തികളാണ് 'ബ്രിങ് അപ് ദ ബോഡീസി'ല്‍. ഈ വര്‍ഷത്തെ ബുക്കര്‍ ലഭിച്ചത് ഈ നോവലിന്. ക്രോംവെല്‍ നോവല്‍ പരമ്പരയിലെ മൂന്നാമത്തേത് 'ദ മിറര്‍ ആന്‍ഡ് ദ ലൈറ്റ്' എഴുതിക്കൊണ്ടിരിക്കുന്നു. ആന്‍ ബോളിന്റെ വധം കഴിഞ്ഞ് ക്രോംവെല്‍ കയറിപ്പോയത് ഈ നോവലിലേക്കാണ്.

ബ്രട്ടീഷ് രാജാവ് ഹെന്റി എട്ടാമന്റെ രാജ്ഞിയായിരുന്നു ആന്‍ ബോളിന്‍. തോമസ് ക്രോംവെല്‍ മുഖ്യമന്ത്രിയും. ഭാര്യ കാതറിന്‍ ഓഫ് ആരഗണിനെ ഉപേക്ഷിച്ച് കാമുകി ആന്‍ ബോളിനെ വിവാഹം കഴിക്കാന്‍ രാജാവിനെ പ്രേരിപ്പിച്ചതും കൂട്ടുനിന്നതും ക്രോംവെലായിരുന്നു. റോമുമായുള്ള ഭിന്നതയ്ക്ക് വിവാഹം ആക്കം കൂട്ടി. പുത്തന്‍ സഭ, 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' പിറന്നു. ക്രോംവെലിന്റെ 'തല' എല്ലാത്തിലും ഉണ്ടായിരുന്നു. ഒടുവില്‍ ആ തലയും വാള്‍ത്തലപ്പില്‍ തെറിച്ചു വീണു. ഹെന്റി എട്ടാമനായിരുന്നു അപ്പോഴും ബ്രിട്ടന്റെ രാജാവ്. ക്രോംവെലിനെ വധിച്ചതില്‍ ഹെന്റി പിന്നീട് മനസ്തപിച്ചു. മന്ത്രിമാര്‍ ഓതിയ കള്ളം കേട്ട് കൊല്ലിച്ചതാണെന്ന് ഖേദിച്ചു.
'ക്രോംവെലിന്റെ ധാര്‍മികതയെപ്പറ്റി, ഇംഗ്ലണ്ടിന്റെ ചരിത്രത്തിലും ഹെന്റി എട്ടാമന്റെ ജീവിതത്തിലും അദ്ദേഹത്തിനുള്ള പങ്കിനെപ്പറ്റി ചരിത്രകാരന്‍മാര്‍ വിയോജിച്ചേക്കാം; പക്ഷേ, അദ്ദേഹത്തിന്റെ ഉയര്‍ച്ചയുടെയും വീഴ്ചയുടെയും മാസ്മരികത ആരും ചോദ്യം ചെയ്യില്ല. ക്രോംവെലിന്റെ ഒരു പ്രതിമയില്ല, ഒരു സ്മാരകമില്ല. അതിനാല്‍, ഒരെണ്ണം ഞാന്‍ കടലാസില്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നു. നോവല്‍ പരമ്പരയെപ്പറ്റി ഹിലരി കുറച്ചതാണിത്.

ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 2.15-ന് ഹിലരി വീണ്ടും സമ്മാനിതയായപ്പോള്‍ ബുക്കറിന്റെ ചരിത്രത്തിലും ചില പ്രത്യേകതയുണ്ടായി. ബുക്കര്‍ രണ്ടാമതും നേടുന്ന ആദ്യ സ്ത്രീ, ജെ.എം. കൂറ്റ്‌സിക്കും പീറ്റര്‍ കാരിക്കും ശേഷം രണ്ടുതവണ ബുക്കര്‍ നേടുന്ന വ്യക്തി, ബ്രിട്ടനില്‍ രണ്ടാമതും ബുക്കര്‍ നേടുന്ന ആദ്യ വ്യക്തി എന്നീ സ്ഥാനങ്ങള്‍ക്കര്‍ഹയായി അവര്‍. അതിനുമപ്പുറം, ഒരു നോവല്‍ പരമ്പരയിലെ ഒന്നും രണ്ടും പുസ്തകങ്ങളാണ് ഈ സമ്മാനം നേടിക്കൊടുത്തത്. ചരിത്രനോവലുകള്‍ക്ക് ഇക്കാലം പ്രസക്തിയുണ്ടോ എന്ന ചോദ്യമുയരുമ്പോഴാണ് ഹിലരിയുടെ നോവലുകള്‍ സമ്മാനിതമാകുന്നതും വില്‍പ്പനയില്‍ റെക്കോഡിടുന്നതും. ബുക്കറിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗം വിറ്റഴിഞ്ഞ നോവല്‍ ഹിലരിയുടെ 'വുള്‍ഫ് ഹാള്‍' ആയിരുന്നു.

നോവലിസ്റ്റും ചെറുകഥാകാരിയും വിമര്‍ശകയും ലേഖനമെഴുത്തുകാരിയുമാണ് അറുപതുവയസ്സുള്ള ഹിലരി.

ഹിലരി മേരി തോംസണായി ഡെര്‍ബിഷയറിലെ ഗ്ലോസൊപ്പില്‍ ജനിച്ചു. അയര്‍ലന്‍ഡില്‍ നിന്ന് കുടിയേറിയതാണ് കുടുംബം. ബാല്യത്തിലേ അച്ഛനുമമ്മയും പിരിഞ്ഞു. പതിനൊന്നാം വയസ്സിന് ശേഷം അച്ഛനെ കണ്ടിട്ടില്ല. കുടുംബം ചെഷയറിലെ റൊമിലിയിലേക്ക് താമസം മാറ്റി. ജാക്ക് മാന്റല്‍ രണ്ടാനച്ഛനായി. അദ്ദേഹത്തിന്റെ പേര് ഹിലരിയുടെ പേരിനൊപ്പം ചേര്‍ന്നു. ഹിലരി തോംസണ്‍ ഹിലരി മാന്റലായി.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡിലും നിന്ന് നിയമം പഠിച്ചു. ഈ നാളുകളില്‍ സോഷ്യലിസമായിരുന്നു പ്രത്യയശാസ്ത്രം. വൃദ്ധരുടെ ആസ്​പത്രിയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലും ജോലി ചെയ്തു. 1974-ല്‍ ഫ്രഞ്ച് വിപ്ലവത്തെ അടിസ്ഥാനമാക്കി ആദ്യനോവലെഴുതിത്തുടങ്ങി. 'എ പ്ലെയ്‌സ് ഓഫ് ഗ്രേറ്റര്‍ സേഫ്റ്റി' എന്ന പേരില്‍ അത് പിന്നീട് പ്രസിദ്ധീകരിച്ചു. '72-ല്‍ ജിയോളജിസ്റ്റ് ജെറാള്‍ഡ് മക്കിവനുമായി വിവാഹം. സൗദി അറേബ്യയിലെ ജിദ്ദയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ച നാല് വര്‍ഷങ്ങളുടെ ഓര്‍മയാണ് 'സംവണ്‍ ടു ഡിസ്റ്റേര്‍ബ്'. സൗദി അനുഭവങ്ങളുള്‍പ്പെടുത്തി 'എയ്റ്റ് മന്ത്‌സ് ഓണ്‍ ഗാസ സ്ട്രീറ്റ്' എന്ന നോവലും എഴുതി.

ഇരുപതാം വയസ്സിന്‌ശേഷം പിടിപെട്ട രോഗം തിരിച്ചറിയാന്‍ വൈകി. മാനസിക പ്രശ്‌നമെന്ന് കരുതി മനോരോഗ ചികിത്സയും മനശ്ശാന്തിക്കുള്ള മരുന്നുകളും കഴിച്ചു. മാനസിക നില തകരാറിലായി. പരിഭ്രാന്തയായ ഹിലരി വൈദ്യശാസ്ത്രപുസ്തകങ്ങള്‍ വായിച്ച് സ്വന്തം രോഗം കണ്ടെത്തി. ഗര്‍ഭപാത്രത്തിന് സംഭവിക്കുന്ന എന്‍ഡോമെട്രിയോസിസ് എന്ന തകരാറിന്റെ കടുത്ത രൂപമായിരുന്നു അത്. ലണ്ടനിലെ ഡോക്ടര്‍മാര്‍ രോഗം സ്ഥിരീകരിച്ചു. രോഗാവസ്ഥയും ശസ്ത്രക്രിയയും അവര്‍ക്ക് കുഞ്ഞുങ്ങളെ നിഷേധിച്ചു. ചികിത്സയുടെ ഫലമായി തൂക്കം കൂടി.

രൂപം തന്നെ മാറിപ്പോയി. ഇന്ന് എന്‍ഡോമെട്രിയോസിസ് ഷീ ട്രസ്റ്റിന്റെ രക്ഷാധികാരിയാണവര്‍. '85-ല്‍ പുറത്തുവന്ന 'എവ്‌രി ഡേ ഇസ് മദേഴ്‌സ് ഡേ'യാണ് അച്ചടി മഷി പുരണ്ട ആദ്യ നോവല്‍. ജിദ്ദയില്‍ നിന്ന് മടങ്ങിയെത്തി 'സ്‌പെക്‌ട്രേറ്ററി'ല്‍ ചലച്ചിത്ര വിമര്‍ശകയായി ജോലി ചെയ്തു. അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖ പ്രസിദ്ധീകരണങ്ങളിലെ നിരൂപകയായി.

'ഗിവിങ് അപ് ദ ഗോസ്റ്റ്' എന്ന ഓര്‍മക്കുറിപ്പും 'ലേണിങ് ടു ടോക്ക'് എന്ന കഥാസമാഹാരവുമുള്‍പ്പെടെ 13 കൃതികള്‍ രചിച്ചിട്ടുണ്ട്. രണ്ട് ബുക്കര്‍ കൂടാതെ 11 പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഓറഞ്ച് പ്രൈസ് ഓഫ് ഫിക്ഷന്റെ ചുരുക്കപ്പട്ടികയില്‍ രണ്ടു തവണ ഇടം നേടി.
ഒരു നോവല്‍ പരമ്പരയിലെ രണ്ടാമത്തെ നോവലിനും ബുക്കര്‍ സമ്മാനിച്ചതില്‍ നെറ്റി ചുളിക്കുന്നുണ്ട് ചിലര്‍. മൂന്നാമത്തെ നോവലും പുറത്തിറങ്ങും. അതും ബുക്കര്‍ സമ്മാനത്തിന്റെ പരിഗണനയ്ക്ക് വരും. കിട്ടിയാല്‍ അതും അപൂര്‍വതയാകും.

ഹെന്റി എട്ടാമന്റെ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ സഹചാരിയായിരുന്ന തോമസ് ക്രോംവല്‍ ഹിലരിക്ക് വീണ്ടും സമ്മാനം കൊണ്ടുവരുമോ? കാത്തിരിക്കാം.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education