മലാലയുടെ പൊള്ളുന്ന ഡയറിക്കുറിപ്പുകളില്‍ നിന്ന്‌

15 Oct 2012


താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ മലാല യൂസഫ്‌സായി എന്ന പതിനാലുകാരി എഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന് ചില ഭാഗങ്ങള്‍ . നാസി ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെപ്പോലെ സ്വതന്ത്രജീവിതം വഴിമുട്ടിയപ്പോഴാണ് മലാല എന്ന പാകിസ്താന്‍ പെണ്‍കുട്ടിയും ഡയറിയെഴുതാന്‍ തുടങ്ങിയത്. നാസി വേട്ടയ്ക്കിടെ ജീവന്‍ കൈയിലെടുത്ത് ഒളിയിടങ്ങളില്‍ അജ്ഞാതവാസത്തിന് വിധിക്കപ്പെട്ട ആനിന് കൂട്ടുകൂടാനോ പങ്കുവെക്കാനോ ആരുമില്ലാത്തതുകൊണ്ടായിരുന്നു കിറ്റിയെന്ന ഓമനപ്പേരില്‍ ഡയറി എഴുതിയത്. എന്നാല്‍, മലാലയ്ക്ക് തീവ്രവാദവും യുദ്ധവും നരകമാക്കിയ പാകിസ്താന്‍ മണ്ണില്‍നിന്ന് തന്റെ ജീവിതം പറയാന്‍ ഇന്റര്‍നെറ്റ് കൂട്ടുണ്ടായിരുന്നു. അവള്‍ക്ക് ബ്ലോഗ്‌വഴി പുറംലോകത്തോട് പറയാനായി. ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ ജീവനെടുക്കുമെന്ന് അറിഞ്ഞാണ് കളിപ്രായത്തില്‍ പതിനൊന്നാം വയസ്സില്‍ മലാല തീക്കളി തുടങ്ങിയത്. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ മിങ്കോറയാണ് അവളുടെ നാട്. സ്വര്‍ഗംപോലെ സൗന്ദര്യം കവിഞ്ഞൊഴുകുന്ന സ്വാത് താഴ്‌വരയില്‍ പക്ഷേ, അവര്‍ക്കില്ലാത്തത് സമാധാനം മാത്രം. കാട്ടുയുഗത്തിലേക്ക് ജീവിതം തിരിച്ചുവിട്ട താലിബാന്‍ തിട്ടൂരങ്ങളില്‍ എപ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും ഇരകള്‍ മാത്രം. താലിബാന്‍ ആദ്യം നിരോധിച്ചത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും മാര്‍ക്കറ്റില്‍ പോകലുമാണ്. ഇന്ന് അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ താലിബാന്‍ പറയുന്ന പോലത്തെ ബുര്‍ഖ തന്നെ ധരിക്കണം. 2009- ല്‍ സ്വാതില്‍നിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ടത്. ടെലിവിഷനില്‍ ശക്തമായി പെണ്‍വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു. 2011-ല്‍ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിന് അവള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പാകിസ്താന്‍ ദേശീയ സമാധാന പുരസ്‌കാരത്തിന് മലാല പുരസ്‌കാരമെന്ന് പുനര്‍നാമകരണം ചെയ്തു. ഇങ്ങനെ ദേശീയ- അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്‌കൂള്‍ വാനില്‍നിന്ന് പിടിച്ചിറക്കി വെടിവെച്ചത്. ബിബിസിയില്‍ 2009-ല്‍ മലാലയുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഗുല്‍ മകായ് എന്ന അപരനാമത്തില്‍ ബിബിസിയുടെ ഉര്‍ദു ഓണ്‍ലൈന്‍ എഡിഷനിലാണ് മലാലയുടെ ഡയറിക്കുറിപ്പുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. താലിബാന്‍ തീവ്രവാദികളെ പ്രകോപിപ്പിച്ചത് മലാലയുടെ സങ്കടം കത്തുന്ന വാക്കുകളായിരുന്നു. വാക്കുകള്‍ക്ക് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ടെന്ന് ഈ നരാധമന്മാര്‍ മനസ്സിലാക്കുക തന്നെ ചെയ്യും.

ജനുവരി 3, 2009, ശനി : ഞാന്‍ ഭയക്കുന്നു

ഞാന്‍ ഇന്നലെ ഒരു ദുസ്വപ്‌നം കണ്ടു. താലിബാന്‍ തീവ്രവാദികളും പട്ടാളവിമാനങ്ങളും മാത്രമായിരുന്നൂ സ്വപ്‌നത്തില്‍ . സ്വാത്തില്‍ പട്ടാളനടപടികളാരംഭിച്ചത് മുതല്‍ സമാനമായ സ്വപ്‌നങ്ങള്‍ എന്റെയുറക്കത്തില്‍ പതിവാണ്.

അമ്മയുണ്ടാക്കിയ ആഹാരവും കഴിച്ച് ഞാന്‍ സ്‌കൂളിലെത്തി. സ്‌കൂളില്‍ പോകാന്‍ എനിക്ക് പേടിയുണ്ട്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുതെന്ന് താലിബാന്‍ വിലക്കിയിട്ടുണ്ട്.

27 പേരില്‍ 11 കുട്ടികള്‍ മാത്രമേ സ്‌കൂളില്‍ എത്തിയിരുന്നുള്ളൂ. താലിബാന്‍ഭയം തന്നെ കാരണം. എന്റെ മൂന്ന് കൂട്ടുകാരികള്‍ പെഷവാറിലേക്കും ലാഹോറിലേക്കും റാവല്‍പിണ്ടിയിലേക്കും കുടുംബവുമൊത്ത് താമസം മാറിപ്പോയിരിക്കുന്നു.

സ്‌കൂളില്‍ നിന്ന് വരും വഴി ഒരു മനുഷ്യന്‍ 'കൊല്ലും ഞാന്‍ നിന്നെ..' എന്ന് ഉച്ചത്തില്‍ ആക്രോശിക്കുന്നത് കേട്ട് ഞാന്‍ പേടിച്ചുപോയി. ഞാന്‍ നടത്തത്തിന് ധൃതി കൂട്ടി. കുറച്ചപ്പുറത്തെത്തി, പിന്തുടരുന്നുണ്ടോയെന്നറിയാന്‍ അയാള്‍ തിരഞ്ഞുനോക്കി. അയാള്‍ തന്റെ മൊബൈലില്‍ ആരെയോ ചീത്ത പറയുകയുയായരിന്നു!

ജനുവരി 4, ഞായര്‍ : എനിക്ക് സ്‌കൂളില്‍ പോകണം

ഇന്നവധിയാണ്. എഴുന്നേല്‍ക്കാന്‍ പത്തുമണിയായി. മൂന്ന് മൃതശരീരങ്ങള്‍ ഗ്രീന്‍ചൗക്കില്‍ കിടക്കുന്നുണ്ടെന്ന് ഉപ്പ ആരോടോ പറയുന്നത് കേട്ടു. എനിക്ക് സങ്കടം വന്നു, അത് കേട്ടപ്പോള്‍ . പട്ടാളനടപടിയുണ്ടാവുന്നതിന് ഒന്നരവര്‍ഷം മുമ്പ് വരെ മര്‍ഗസാര്‍ , ഫിസ ഘട്ട്, കഞ്ചു എന്നിവിടങ്ങളിലൊക്കെ ഞായറാഴ്ചകളില്‍ ഞങ്ങള്‍ ഉല്ലാസയാത്രയ്ക്ക് പോകാറുണ്ടായിരുന്നു. ഇപ്പോള്‍ എങ്ങും പോകാറില്ല.

അത്താഴത്തിന് ശേഷം കുടുംബസമേതം ഞങ്ങള്‍ പുറത്തൊക്കെ നടക്കാന്‍പോകുമായിരുന്നു. അതും ഇല്ലാതായി.

വീട്ടിലെ ചില്ലറപ്പണികളും ഗൃഹപാഠവും ചെയ്ത് അനിയനൊപ്പം കുറച്ച് നേരം കളിച്ചു. പക്ഷേ എന്റെ ഹൃദയം ടക്ക് ടക്ക് മിടിക്കുന്നുണ്ടായിരുന്നു. എന്തിനെന്നറിയില്ലേ.. നാളെ എനിക്ക് സ്‌കൂളില്‍ പോകണം...

ജനുവരി 5, തിങ്കള്‍ , നിറമുള്ള ഉടുപ്പുകള്‍ ധരിക്കരുത്

യൂണിഫോമെടുത്തപ്പോഴാണ് യൂണിഫോം വേണ്ട, സാധാരണവസ്ത്രം ധരിച്ച് വന്നാല്‍ മതിയെന്ന് പ്രിന്‍സിപ്പാല്‍ പറഞ്ഞതോര്‍മ്മ വന്നത്. എനിക്കിഷ്ടം പിങ്ക് ആണ്. പിങ്കുടുപ്പെടുത്തിട്ടു. സ്‌കൂളിലെ പെണ്‍കുട്ടികളെല്ലാം നിറമുള്ള ഉടുപ്പുകളാണിട്ട് വന്നത്. ഒരു വീട് പോലെ തോന്നിച്ചു എന്റെ സ്‌കൂള്‍ .

എന്റെ കൂട്ടുകാരി അരികില്‍ വന്ന് എന്നോട് ചോദിച്ചു : അള്ളാഹുവിനെയോര്‍ത്ത് സത്യം പറയണം. നമ്മുടെ സ്‌കൂള്‍ താലിബാന്‍ ആക്രമിക്കാന്‍ പോകുകയാണോ...

താലിബാന്‍ എതിര്‍ക്കുമെന്നുള്ളത് കൊണ്ട് നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് രാവിലെ അസംബ്ലിയില്‍ പറഞ്ഞു.

വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ച് ട്യൂഷന് പോയി. 15 ദിവസത്തിന് ശേഷം ഷാക്കര്‍ദയില്‍ കര്‍ഫ്യു പിന്‍വലിച്ച വാര്‍ത്ത ടെലിവിഷന്‍ തുറന്നപ്പോള്‍ ഞാന്‍ കണ്ടു. എനിക്ക് സന്തോഷമായി. ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപിക അവിടെയാണ്. ടീച്ചര്‍ നാളെ തൊട്ട് ഞങ്ങളെ പഠിപ്പിക്കാന്‍ വരും.

ജനുവരി 7, ബുധന്‍ വെടിവെപ്പില്ല, ഭയവും

മുഹറം ആഘോഷിക്കുന്നതിനായി ഞാന്‍ ബുനൈറിലെത്തി. പര്‍വ്വതനിരകളും വയലുകളുമുള്ള ബുനൈര്‍ എനിക്കേറെയിഷ്ടമാണ്. എന്റെ സ്വാത്തും വളരെ മനോഹരമാണ്. പക്ഷേ അവിടെ യാതൊരു സമാധാനവുമില്ല. ബുനൈറില്‍ സമാധാനമുണ്ട്. വെടിവെപ്പില്ല. ഭയവുമില്ല. അവിടെ ഞങ്ങളെല്ലാവരും സന്തുഷ്ടരാണ്.

ഇന്ന് ഞങ്ങള്‍ പിര്‍ ബാബ മ്യൂസിയത്തില്‍ പോയി. ഒരു പാടാളുകളുണ്ടായിരുന്നു അവിടെ. പ്രാര്‍ത്ഥിക്കാനായിട്ടാണ് ജനങ്ങളിവിടെ വരുന്നത്. ഞങ്ങള്‍ വിനോദയാത്രയ്ക്ക് വന്നവരാണ്. വളകളും കമ്മലുകളും ലോക്കറ്റുകളും വില്‍ക്കുന്ന ആഭരണക്കടകളുണ്ടായിരുന്നു. വാങ്ങണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും ഒന്നും എനിക്കിഷ്ടമായില്ല. അമ്മ വളകളും കമ്മലുകളും വാങ്ങി.

ജനുവരി 9, വെള്ളിയാഴ്ച : മൗലാന അവധിയിലാണോ...

എന്റെ ബുനൈര്‍യാത്ര വിശേഷം കേട്ട് കൂട്ടുകാരികള്‍ മടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

എഫ്എം റേഡിയോവിലൂടെ പ്രഭാഷണം നടത്തുന്ന മൗലാന ഷാ ദുരാനിന്റെ മരണപ്പെട്ടുവെന്ന വാര്‍ത്ത പരക്കുന്നതിനെച്ചൊല്ലി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ താലിബാന്‍ പ്രവേശനം നിഷേധിക്കുന്നത് റേഡിയോവിലൂടെ അറിയിച്ചത് മൗലാനയായിരുന്നു.

അദ്ദേഹം മരിച്ചുവെന്ന് ചില പെണ്‍കുട്ടികള്‍ പറഞ്ഞു. ചിലര്‍ ഇല്ലെന്നും. തലേന്ന് രാത്രിയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം എഫ്എമ്മില്‍ ഉണ്ടായിരുന്നില്ലെന്നതാണ് അദ്ദേഹം മരിച്ചുവെന്ന് സംസാരമുയരാന്‍ ഇടയാക്കിയത്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education