അക്ഷരഖനിയുടെ സൂക്ഷിപ്പുകാരന്‍

കെ.എന്‍ . ഷാജി

14 Oct 2012

പഴയ മാസികകള്‍ ശേഖരിച്ചുവെക്കുന്നത് ജീവിതവ്രതമാക്കിയ പി.കെ. നരേന്ദ്രദേവിന്റെ ശേഖരത്തില്‍ ഇന്ന് ആയിരത്തി അറുന്നൂറിലധികം ആനുകാലികങ്ങളുണ്ട്. അമ്പതുവര്‍ഷം മുമ്പ് ആരംഭിച്ച വിനോദം എണ്‍പതാം വയസ്സിലും തുടരുന്നു ഈ അക്ഷരസ്‌നേഹി...

പഴയ മാസികകള്‍ എവിടെക്കണ്ടാലും ആര്‍ത്തിയോടെ ശേഖരിച്ച് സൂക്ഷിച്ച് സംരക്ഷിക്കുന്നത് ജീവിതവ്രതമായി സ്വീകരിച്ച ഒരു അപൂര്‍വമനുഷ്യനുണ്ട്. മലയാളികളുടെ കലാസാംസ്‌കാരിക പൈതൃകത്തിന്റെ ചരിത്രസ്മാരകങ്ങളാണ് ആദ്യകാല ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നു വിശ്വസിക്കുന്ന ഒരാള്‍. അമ്പതുകൊല്ലം മുമ്പു തുടങ്ങിയ ശീലം എണ്‍പതിലെത്തിയിട്ടും ആവേശപൂര്‍വം തുടര്‍ന്നുകൊണ്ടുപോകുന്ന പി.കെ. നരേന്ദ്രദേവ്.

ചെറുപ്പം മുതല്‍ കഥകളും കവിതകളും എഴുതിത്തുടങ്ങിയ നരേന്ദ്രദേവ്, ഒരു വിനോദമായാണ് മാസികാശേഖരണം ആരംഭിച്ചത്. ക്രമേണ ഈ സാഹസം ഒരു യത്‌നമായിത്തീര്‍ന്നു. പത്രാധിപരുടെ കൈവശം പോലും കാണാത്ത ധാരാളം വിലപ്പെട്ട മാസികകളുടെ വിപുലമായ ഒരു സംഭരണിയാണിത്. മിക്കവാറും മാസികകളുടെ ആദ്യലക്കം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. പലതും ഒറ്റലക്കത്തോടെ അസ്തമിച്ചിട്ടുള്ളതാണെന്നതാണ് അത്ഭുതം!

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്ത് തിരുമാറാടിയില്‍ 'നളന്ദ' എന്ന കൊച്ചുവീട്ടില്‍ അരനൂറ്റാണ്ടിലേറെയായി ഈ അക്ഷരസ്‌നേഹിതന്റെ കഠിനപ്രയത്‌നം ആരംഭിച്ചിട്ട്. അത്യപൂര്‍വമായ ഈ ശേഖരത്തില്‍ വിവിധ ഇനങ്ങളിലായി ആയിരത്തിഅറുനൂറില്പരം ആനുകാലികങ്ങളുണ്ട്.

അക്ഷരങ്ങളുടെ ഈ അക്ഷയഖനിയില്‍ നൂറ്റിയിരുപതു കൊല്ലം മുമ്പത്തെ 'വിദ്യാവിനോദിനി'യാണ് ഏറ്റവും പ്രാചീനന്‍. 1892-ല്‍ തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇതിന്റെ പത്രാധിപര്‍ സി.പി. അച്യുതമേനോനായിരുന്നു.
1898-ല്‍ കൊല്ലത്തുനിന്നും പുറത്തിറങ്ങിയിരുന്ന 'വിദ്യാവിലാസിനി'യാണ് തൊട്ടടുത്ത പഴമക്കാരന്‍. കോട്ടയ്ക്കല്‍ ആയുര്‍വേദ വൈദ്യശാല 1908-ല്‍ ഇറക്കിയിരുന്ന 'ധന്വന്തരി' ആയുര്‍വേദ മാസിക, 1918-ലെ 'കേരള കേസരി', 1920-ല്‍ മഹാകവി പന്തളം കേരളവര്‍മ പത്രാധിപരായിരുന്ന 'കവനകൗമുദി' കവിതാമാസിക, 1923-ലെ 'മംഗളോദയം', പ്രസിദ്ധ സാഹിത്യകാരന്‍ എം.പി. നാരായണപിള്ളയുടെ മുത്തച്ഛന്‍ പകവത്തു നാരായണന്‍ നായര്‍ പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴി എന്ന കുഗ്രാമത്തില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ജ്യോതിഷ വിലാസിനി', 1925-ല്‍ ഇറങ്ങിയ 'ആരോഗ്യമാസിക' (ഇതിലെ ഉള്ളടക്കം പ്രകൃതിചികിത്സയായിരുന്നു), 1926- ലെ 'ജ്ഞാനനിക്ഷേപം', പ്രസിദ്ധ യുക്തിവാദിയായിരുന്ന എം.ഡി. ജോസഫിന്റെ 'യുക്തിവാദി' (1931), ലളിതാംബിക അന്തര്‍ജനവും വൈക്കം മുഹമ്മദ് ബഷീറുമൊക്കെ എഴുതിത്തുടങ്ങിയ 'നവജീവന്‍' (1924), പ്രശസ്ത ഹാസ്യസാഹിത്യകാരന്‍ എം.ആര്‍. നായരുടെ 'സഞ്ജയന്‍' (1939), നാരദന്‍ (1948), നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ എം.ആര്‍.ബി.യുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ 'ഉണ്ണി നമ്പൂതിരി' (1949), മൂര്‍ക്കോത്ത് കുമാരന്റെ 'ദീപം', സി.ജെ. തോമസ് പത്രാധിപരായിരുന്ന 'കഥ' മാസിക, പി. കേശവദേവ് പത്രാധിപരായിരുന്ന 'തരംഗം', ജി. ശങ്കരക്കുറുപ്പ് പത്രാധിപരായിരുന്ന 'തിലകം', വയലാര്‍ രാമവര്‍മ പത്രാധിപരായിരുന്ന 'അന്വേഷണം', എം.വി. ദേവന്റെ 'നവസാഹിതി', 'ഗോപുരം', മലയാളസാഹിത്യരംഗത്ത് അത്ഭുതം സൃഷ്ടിച്ച സമാന്തരസംസ്‌കാരം വളര്‍ത്തിയ എം. ഗോവിന്ദന്റെ 'സമീക്ഷ', കെ.എന്‍. ഷാജിയുടെ 'സംക്രമണം', 'നിയോഗം' എന്നീ അമൂല്യനിധികള്‍ ഇവിടെ സുരക്ഷിതമായിരിക്കുന്നു.
1960-ല്‍ ജാനകിയമ്മയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച 'വനിത'യാണ് ആദ്യത്തെ സ്ത്രീകളുടെ മാസിക എന്നൊരു ധാരണയുണ്ടായിരുന്നു. വസ്തുതാപരമായ ആ തെറ്റ് തിരുത്തിയത് ദേവാണ്. 1928-ല്‍ ജി. ചെമ്പകവല്ലിയമ്മ പത്രാധിപയായിരുന്ന 'മഹിളാമന്ദിര'വും, 1936-ല്‍ ബി. ഭാഗീരഥിയമ്മ പത്രാധിപ യായിരുന്ന 'മഹിള'യും അതിനു തെളിവായി ദേവിന്റെ സൂക്ഷിപ്പുശാലയിലുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ആത്മകഥയിലെ ആദ്യ ഏടുകള്‍ പ്രസിദ്ധീകരിച്ച ഉണ്ണിനമ്പൂതിരിയുടെ ലക്കവും ബഷീറിന്റെ 'പാത്തുമ്മയുടെ ആടി'ന്റെ പ്രഥമ അധ്യായങ്ങള്‍ വന്ന 'ഗോപുര'ത്തിന്റെ പ്രതിയും ഈ ശേഖരത്തില്‍ കാണാം.
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ കഥ 'കഥാകൗമുദി' എന്ന ഒരു പഴയ മാസികയില്‍ കാണാനിടയായ ദേവിന് കവികളെഴുതിയ കഥകള്‍ തിരഞ്ഞുപിടിക്കാന്‍ അത് പ്രചോദനമായി. ഇടപ്പള്ളി, ചങ്ങമ്പുഴ, ഇടശ്ശേരി, വയലാര്‍, എന്‍.വി. കൃഷ്ണവാരിയര്‍, അക്കിത്തം തുടങ്ങിയ പ്രസിദ്ധ കവികളുടെ കഥകള്‍ 'കവികളെഴുതിയ കഥകള്‍' എന്ന പേരില്‍ സമാഹരിച്ച് നരേന്ദ്രദേവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമുഖമെഴുതിയത് എം.ടി. വാസുദേവന്‍നായരാണ്. സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ദേവിന് ഒരു നഷ്ടക്കച്ചവടമായിരുന്നു.

1957-ല്‍ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 26-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മാസികാപ്രദര്‍ശനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ദേവ് ആദ്യമായി തന്റെ ശേഖരം പ്രദര്‍ശിപ്പിച്ചത്. പിന്നീട് അത് തുടര്‍ന്നു. ഈ പ്രദര്‍ശനങ്ങള്‍ക്കിടെ പല വിലപ്പെട്ട മാസികകളും നഷ്ടമായിട്ടുണ്ട്.

എറണാകുളത്തുനിന്നും ഇറങ്ങിയിരുന്ന 'ഉഷ' എന്ന സിനിമാമാസികയുടെ പത്രാധിപരായിട്ടായിരുന്നു ദേവ് സാഹിത്യജീവിതം തുടങ്ങിയത്. പിന്നീട് സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റായി. 1988-ല്‍ ജോലിയില്‍ നിന്നു വിരമിച്ചശേഷം കൂത്താട്ടുകുളം സി.ജെ. സ്മാരകസമിതിയുടെ സജീവപ്രവര്‍ത്തനത്തിലും മാസികാശേഖരണത്തിലും പൂര്‍ണമായി മുഴുകി. ഇതിനിടയില്‍ എഴുത്ത് തുടര്‍ന്നു. 'അനുഭൂതികള്‍, അനുസ്മരണങ്ങള്‍' (ഓര്‍മ), കവികളെഴുതിയ കഥകള്‍ (സമ്പാദനം), കലാശം (നാടകം), കാവ്യാനുഭവങ്ങളേ നന്ദി (കവിത), പ്രക്ഷുബ്ധമായ കടല്‍ (കഥകള്‍) എന്നിവയാണ് നരേന്ദ്രദേവിന്റെ കൃതികള്‍.
പൊടിയില്‍ നിന്നും ഇരട്ടവാലന്‍ പുഴുവില്‍ നിന്നും സംരക്ഷിക്കാനായി ഓരോ മാസികയും പ്ലാസ്റ്റിക് കവറിലിട്ടാണ് അദ്ദേഹം ഭദ്രമായി സൂക്ഷിക്കുന്നത്. വാത്സല്യത്തോടെ ഇടയ്ക്കിടെ അവയെടുത്ത് കേടുപാടുകള്‍ പരിശോധിക്കുകയും ചെയ്യും. വീടിന്റെ സിംഹഭാഗവും അപഹരിക്കുന്ന ഈ അമൂല്യനിധി സമാഹരിക്കുന്നതില്‍ രണ്ട് ആത്മമിത്രങ്ങളോടാണ് തനിക്ക് കടപ്പാടെന്ന് ദേവ് നന്ദിപൂര്‍വം സ്മരിക്കുന്നു. ഭാഷാപോഷിണി പത്രാധിപസമിതി അംഗം എം.കെ. മാധവന്‍നായരും ടി.എം. ചുമ്മാറും.

സാഹിത്യവിദ്യാര്‍ഥികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും ഈ വിലപ്പെട്ട ശേഖരം ഉപയോഗിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാന്‍ ദേവ് സദാ സന്നദ്ധനാണ്. അവസാനകാലം വരെ ഈ മാസികകളൊക്കെ തന്റെ ചുറ്റിലും ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ അഭിലാഷം. ഈ അമൂല്യനിധി തന്റെ കാലശേഷം അന്യം നിന്നു പോകുന്നതിലാണ് അദ്ദേഹത്തിന്റെ ഉത്കണ്ഠ. കേരള സാഹിത്യ അക്കാദമിയോ, കേരള സാംസ്‌കാരിക വകുപ്പോ, കേരള പ്രസ്സ് അക്കാദമിയോ ഉചിതമായ പ്രതിഫലം നല്കി ഈ അനന്യശേഖരം ഏറ്റെടുത്താല്‍ അനന്തരതലമുറയ്ക്ക് അതു പ്രയോജനമായിരിക്കും; ഒരു മനുഷ്യന്റെ ആജീവനാന്തപ്രയത്‌നത്തിന് അര്‍ഥമുണ്ടാകുകയും ചെയ്യും!Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education