അര്‍ത്ഥം പകരട്ടെ പോരാട്ടങ്ങള്‍

വി.എന്‍. രാഖി

05 Oct 2012

'സ്ട്രഗ്ള്‍സ് ഗിവ് മീനിങ്‌സ് ടു ലൈഫ്' -പോരാട്ടങ്ങളാണ് ജീവിതത്തിന് അര്‍ത്ഥം പകരുന്നതെന്ന സിദ്ധാന്തം മുറുകെ പിടിച്ച ലീന മണിമേഖല വീണ്ടുമെത്തി. പോരാടാന്‍, പ്രതിരോധിക്കാന്‍, ശക്തി പകരാന്‍...ഇത്തവണ ഒന്നല്ല, രണ്ടാണ് ആയുധങ്ങള്‍. 'പെണ്ണാടി'യും 'ബാലഡ് ഓഫ് ദ റെസിസ്റ്റന്‍സും'. കൂടംകുളം സമരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആറു ദിവസത്തെ ലീനയുടെ കേരളയാത്ര.
ഹൃദയത്തില്‍ നിന്ന് ലീന പറഞ്ഞു തുടങ്ങി: 'കൂടംകുളം സമരം സാമൂഹിക പ്രവര്‍ത്തകര്‍ക്കെല്ലാമുള്ള ഊര്‍ജ സ്രോതസ്സാണ്. തീര്‍ച്ചയായും നമ്മെ ശക്തിപ്പെടുത്തുന്ന സമരം. പ്രതിരോധത്തിന്റെ പ്രതീകമാണാ ചെറുത്തുനില്‍പ്പ്. അതേക്കുറിച്ചു ചിന്തിക്കുമ്പോള്‍ എന്റെ പോരാട്ടങ്ങളും ഞാനും ഒന്നുമല്ലെന്നു ബോധ്യമായി. കവിതകളിലൂടെ അവരോടുള്ള എന്റെ പിന്തുണ ഞാന്‍ അറിയിച്ചുകൊണ്ടേയിരിക്കുന്നു. ശാരീരികമായി അവര്‍ക്കൊപ്പമില്ലെങ്കിലും അവരുമായി നിരന്തരം സംവദിക്കുന്നുണ്ട്. എന്റെ ആത്മീയപിന്തുണ എന്നും കൂടംകുളത്തെ ജനതയ്‌ക്കൊപ്പമുണ്ട്. പ്രകൃതിയെ അറിയുന്നവര്‍ പ്രകൃതിക്കു വേണ്ടി നടത്തുന്ന പോരാട്ടമാണിത്. മാധ്യമങ്ങള്‍ നല്‍കുന്നതിനേക്കാള്‍ പതിന്‍മടങ്ങു പിന്തുണ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ജനങ്ങള്‍ നല്‍കുന്നു. അതുതന്നെ വിജയത്തിനായി പോരാടാന്‍ ഒരു പ്രചോദനമാണ്.'

പെണ്ണാടി അഥവാ പെണ്‍ കണ്ണാടി
52 മിനിറ്റുകൊണ്ട് പെണ്ണാടി പറയുന്നത് പെണ്ണ് എന്ന കണ്ണാടിയെക്കുറിച്ചാണ്. വെറും കണ്ണാടിയല്ല, പ്രകൃതിയുടെ കണ്ണാടി. അവളിലൂടെയാണ് ലോകത്തിലേക്കുള്ള വാതിലുകള്‍ തുറക്കുന്നത്. തമിഴില്‍ തിണൈ എന്നാല്‍ ധാന്യം. കുറുഞ്ചി എന്നാല്‍ മല. മരുതം കൃഷിയിടവും പലൈ മരുഭൂമിയുമാണ്. കാടുകളെ മുല്ലൈയെന്നും സമുദ്രത്തെ നെയ്തല്‍ എന്നും പറയും. ലോകത്തെവിടെയുമുള്ള ജനങ്ങള്‍ ജീവിക്കുന്നതും പോരാടുന്നതും തിണയ്ക്കുവേണ്ടിയാണ്. എന്നാല്‍ ബഹുരാഷ്ട്ര കുത്തകകളും വ്യവസായവത്കരണവും ആഗോളവത്കരണവും തിണയും കുറുഞ്ചിയും മരുതവും നെയ്തലും മുല്ലയും നമ്മില്‍ നിന്നകറ്റി.പ്രകൃതിയില്‍ നിന്നകന്നൊരു ജീവിതം നമുക്കാവില്ല. അതിനെതിരെയാണ് കൂടംകുളത്തെ പോരാട്ടവും.

പ്രകൃതിദത്തമായ ധാന്യം ഒരിക്കല്‍ നമുക്കു നഷ്ടമായാല്‍ അത് നഷ്ടം തന്നെയാണ്. ഇന്നു നമ്മള്‍ ജീവിക്കുന്നത് പ്രകൃതി നല്‍കിയ ധാന്യം നഷ്ടപ്പെട്ടൊരു ലോകത്താണ്. അതു നമ്മുടെ സ്വാഭാവിക ജീവിതം നഷ്ടപ്പെടുത്തും. പരിഷ്‌കൃതരെന്നും ആധുനികസമൂഹമെന്നും അഭിമാനം കൊള്ളുന്നുണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ അത് തിണയില്‍ നിന്നുള്ള അകല്‍ച്ചയല്ലാതെ മറ്റൊന്നുമല്ല. അത് നഷ്ടപ്പെടാതെ കാക്കുന്നതോ, ദളിതരെന്നും ആദിവാസികളെന്നും വിളിക്കുന്നവരും. മെക്‌സിക്കോയിലോ ആഫ്രിക്കയിലോ എവിടെയായാലും തിണയെ നശിപ്പിക്കുന്നതിനെതിരെ അവര്‍ ശക്തമായി പോരാടുന്നു.

നമുക്കു നഷ്ടമാകുന്ന പ്രകൃതിയെക്കുറിച്ച് വ്യംഗ്യമായ രീതിയിലുള്ള ആഖ്യാനമാണ് പെണ്ണാടി. സംഘകാല കൃതികളില്‍ ലീന കണ്ടെത്തിയ 41 സ്ത്രീ എഴുത്തുകാരികളിലൂടെയാണ് പെണ്ണാടി കഥ പറയുന്നത്. ബി.സി. 200 നും എ.ഡി. 300 നും ഇടയിലുള്ള സാഹിത്യകാരികള്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടിലെ എഴുത്തുകാരികള്‍ വരെയുള്ളവര്‍ തമ്മിലുള്ള ആത്മീയസംഭാഷണമാണ് ചിത്രം.

ചെറുത്തുനില്‍പ്പിന്റെ വീരഗാഥ

ആദിവാസി സമൂഹത്തില്‍ നിന്ന് ഇന്ത്യയിലെ ആദ്യത്തെ ആദിവാസി ജേണലിസ്റ്റും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായി ഉയര്‍ന്ന ദയാമണി ബാര്‍ലയെക്കുറിച്ചാണ് 'ബാലഡ് ഓഫ് റെസിസ്റ്റന്‍സ്' പറയുന്നത്. ബിര്‍സാമുണ്ടയുടെ പാരമ്പര്യം കാക്കുന്ന ദയാമണിയുടെ അവസാനിക്കാത്ത പോരാട്ടങ്ങളാണത്. അടിമപ്പണിക്കാരായ മാതാപിതാക്കളുടെ മകളായി പിറന്ന ഝാര്‍ഖണ്ഡ് മുണ്ട വിഭാഗത്തിലെ ആദിവാസി കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്ത ദയാമണിയുടെ ജീവിതത്തെ പിന്തുടരുന്ന ഒരു വീഡിയോ പോര്‍ട്രെയ്റ്റ്. മുപ്പതു മിനിറ്റാണ് ചലച്ചിത്രത്തിന്റെ ദൈര്‍ഘ്യം.

വിജയം ലീനയ്‌ക്കൊപ്പം

2010ല്‍ ആദ്യമായി സംവിധാനം ചെയ്ത 'സെങ്കടലി'ന് പ്രദര്‍ശനാനുമതി തേടി കുറച്ചേറെ പോരാടേണ്ടിവന്നു ലീനയ്ക്ക്. ധനുഷ്‌കോടിയിലെ മുക്കുവരുടെ ജീവിതത്തില്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധമുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചു പറഞ്ഞ സെങ്കടലിന് റീജനല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിരോധനം. ശ്രീലങ്കന്‍-ഇന്ത്യന്‍ സര്‍ക്കാരുകളെ അധിക്ഷേപിക്കുന്നുവെന്നും 'അണ്‍പാര്‍ലമെന്ററി' വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു ചിത്രത്തിനെതിരായ ആരോപണം. ഒരു വര്‍ഷം തളരാതെ പോരാടി. വിജയം ഒടുവില്‍ ലീനയുടെ കൂടെയെത്തി. കത്രിക തട്ടിക്കാതെ തന്നെ ചിത്രം പൂര്‍ണ്ണരൂപത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ബോര്‍ഡിന്റെ അനുമതി. ഇന്നും ഇന്ത്യയ്ക്കകത്തും വിദേശരാജ്യങ്ങളിലും സെങ്കടല്‍ പ്രദര്‍ശനം തുടരുന്നു.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education