നിശബ്ദതയുടെ അന്‍പത് വര്‍ഷങ്ങള്‍

ഡോ. കെ.സി.കൃഷ്ണകുമാര്‍

29 Sep 2012

രാസകീടനാശിനികള്‍ ഭൂമിയില്‍ മരണത്തിന്റെ നിശബ്ദത നിറയ്ക്കുമെന്ന് നമ്മെ ആദ്യം ഓര്‍മ്മപ്പെടുത്തിയത് അമേരിക്കന്‍ എഴുത്തുകാരിയായ റേച്ചല്‍ കഴ്‌സനാണ്. പ്രകൃതിസ്‌നേഹികള്‍ ഹൃദയംകൊണ്ട് വായിച്ച സൈലന്റ് സ്​പ്ര്ങ് എന്ന ഗ്രന്ഥത്തിന് 50 വയസ്സ്!

എത്ര സുന്ദരമായിരുന്നു ഈ ഗ്രാമം. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. ആകാശത്തുനിന്ന് മഞ്ഞുപോലെ ഒരു പൊടി പൊഴിഞ്ഞു. പുരപ്പുറത്തും പുല്‍മേട്ടിലും അരുവിയിലും എല്ലാം...

പിന്നെ വസന്തം വന്നിട്ടും വഴിവക്കിലെ കാട്ടുചെടികള്‍ പൂത്തില്ല. മരങ്ങള്‍ പൂത്തിട്ടും അതില്‍ വണ്ടുകളോ തേനീച്ചകളോ വന്നില്ല. ചെടികളില്‍ പലതരം പാടുകള്‍ പ്രത്യക്ഷപ്പെട്ടു. കോഴികള്‍ അടയിരുന്നിട്ടും മുട്ട വിരിഞ്ഞില്ല. അമ്മക്കോഴികളും ചത്തുതുടങ്ങി. പന്നിക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. മേഞ്ഞുനടന്ന ആടുകളും പശുക്കളും പിടഞ്ഞുമരിച്ചു. പക്ഷികളെയൊന്നും എവിടെയും കാണാനില്ല. ഉള്ളവയ്ക്ക് പറക്കാന്‍ വയ്യ. അവ ചിറക് കുടയുമ്പോള്‍ ജീവന്റെ അവസാന ചലനവും നഷ്ടമാവുന്നു...

മനുഷ്യര്‍ക്കും രക്ഷയുണ്ടായിരുന്നില്ല. കുഞ്ഞുങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ ഒന്നുനിന്ന്, പിന്നെ വീണുപിടഞ്ഞു! മുതിര്‍ന്നവരെയും അജ്ഞാതരോഗം വെറുതെവിട്ടില്ല. എങ്ങും മരണത്തിന്റെ നിഴല്‍ രൂപങ്ങള്‍... എങ്ങും നിശബ്ദത! ജീവന്‍ നശിച്ച ഒരു മരുപ്പറമ്പ്. ജലാശയങ്ങളില്‍പ്പോലും മരണത്തിന്റെ നിശ്ചലത. അതെ, അതൊരു നിശബ്ദ വസന്തമായിരുന്നു.

ഇതുപോലെയുള്ള ആയിരക്കണക്കിന് ഗ്രാമങ്ങള്‍ ലോകത്തെവിടെയും ഉണ്ടാവാം. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ അത് സംഭവിക്കും. ആരാണ് വസന്തത്തെ ഇങ്ങനെ നിശബ്ദമാക്കുന്നത്?

റേച്ചല്‍ കഴ്‌സണ്‍ രചിച്ച സൈലന്റ് സ്​പ്രിങ് എന്ന പുസ്തകത്തിലെ ആദ്യ അധ്യായം ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം. രാസകീടനാശിനികള്‍ ഭൂമിയില്‍ മരണത്തിന്റെ നിശബ്ദത നിറയ്ക്കുമെന്ന് നമ്മെ ആദ്യം ഓര്‍മ്മപ്പെടുത്തിയത് ഈ വെളിപാട്പുസ്തകമാണ്. 1962 സപ്തംബര്‍ 27 ന് പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തിന് 50 വസസ്സ് തികയുന്നു. ലോകമെമ്പാടുമുള്ള പ്രകൃതിസ്‌നേഹികള്‍ ഹൃദയംകൊണ്ട്് ഈ പുസ്തകം വായിച്ചു. ഒരോ വായനയും വരാനിരിക്കുന്ന വസന്തത്തിനുമേല്‍ ആശങ്കയുടെ മഹാമൗനം തീര്‍ത്തു.

ഡി.ഡി.റ്റി. എന്ന രാസ കീടനാശിനിയുടെ കണ്ടുപിടിത്തം കീടങ്ങള്‍ക്കുമേല്‍ മനുഷ്യന്‍നേടിയ വലിയ വിജയമായാണ് ആഘോഷിച്ചത്. യാതൊരു ആശങ്കകളുമില്ലാതെ ആ രാസ കീടനാശിനി കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വാരിവിതറി. വിളവിന്റെ മികവും ലാഭക്കണക്കുകളും കണ്ട് നമ്മുടെ കണ്ണുമഞ്ഞളിച്ചു. അപ്പോള്‍ ജീവന്റെ ഓരോ ഇടത്താവളങ്ങളിലും പിടിമുറുക്കുകയായിരുന്നു ആ കീടനാശിനി എന്ന് ആരും തിരിച്ചറിഞ്ഞില്ല. പാടത്തുനിന്ന് പശുവിലും പശുവില്‍നിന്ന് പാലിലും പാലില്‍നിന്ന് മനുഷ്യരിലും എന്തിന് ഗര്‍ഭപാത്രത്തില്‍ കിടന്ന കുട്ടിയില്‍പ്പോലുമെത്തി ഡി.ഡി.റ്റി. യുടെ മാരകവിഷം.

അത്തരം വിപത്തുകളുടെ തുടക്കത്തിലാണ് റേച്ചല്‍ കഴ്‌സണ്‍ നിശബ്ദവസന്തം പ്രസിദ്ധപ്പെടുത്തിയത്. രാസ കീടനാശിനികള്‍ ജൈവവ്യവസ്ഥയെ താറുമാറാക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ ഈ ഗ്രന്ഥം നല്‍കി. 50 വര്‍ഷം പിന്നിടുമ്പോഴും രാസ കീടനാസിനികള്‍ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്നു. പരിഷ്‌കൃത രാജ്യങ്ങളില്‍ പലതും ഡി.ഡി.റ്റി. പോലെയുള്ള മാരക കീടനാശിനികള്‍ നിരോധിച്ചു. വികസ്വരരാജ്യങ്ങളില്‍ വിഭവങ്ങള്‍ മാത്രമല്ല, വിവേകവും വികസ്വരമാണ്. അതുകൊണ്ട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഡി.ഡി.റ്റി.യും അതിലും മാരകമായ അനവധി കീടനാശിനികളും നിര്‍ബാധം ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. റേച്ചല്‍ കഴ്‌സണ്‍ അന്‍പതുകൊല്ലം മുന്‍പ് സൂചിപ്പിച്ച നിശ്ബ്ദവസന്തം വരാനിടയുള്ള ഇടങ്ങള്‍ ലോകത്തെവിടെയും ഇപ്പോഴുമുണ്ട്. അതിലൊരു കൊച്ചു സൂചനയാണ് നമ്മുടെ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തപ്രദേശം. അവിടെനിന്ന് പൂമ്പാറ്റകള്‍ അപ്രത്യക്ഷമായതും പക്ഷികളുടെ എണ്ണം കുറഞ്ഞതുമൊന്നും നമ്മള്‍ കണ്ടില്ല. ഒടുവില്‍ മനുഷ്യര്‍ പിടഞ്ഞു തുടങ്ങേണ്ടിവന്നു ദുരന്തം സ്ഥിരീകരിക്കാന്‍. കുട്ടനാട്ടിലും വയനാട്ടിലുമൊക്കെ ഇതുപോലെ ദുരന്തത്തിന്റെ വക്കിലെത്തിയ ഗ്രാമങ്ങള്‍ എത്രയുണ്ടാവും? ആര്‍ക്കറിയാം. രാസകീടനാശിനികളും വളങ്ങളും ഇപ്പോഴും വലിയ വിളവിന്റെ അളവുകോലാണ്. അതുകൊണ്ട് റേച്ചല്‍ കഴ്‌സണ്‍ വിവരിക്കുന്ന നിശബ്ദവസന്തത്തെ നാം ഓരോ നിമിഷവും ഭയപ്പെടുകതന്നെ വേണം!
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education