അനുഷ്‌ക എഴുത്തുകാരിയായി... മകള്‍ അക്ഷരയ്ക്കുവേണ്ടി

അനീഷ് പാതിരിയാട്‌

29 Sep 2012

ആറുവയസ്സുകാരിയായ മകള്‍ക്ക് പുസ്തകമന്വേഷിച്ചിറങ്ങി അത് ലഭിക്കാത്തതിലുള്ള നിരാശ അനുഷ്‌കയെ എഴുത്തുകാരിയാക്കി. മകള്‍ അക്ഷരയ്ക്കുവേണ്ടി ആദ്യം എഴുതി. മകള്‍ വലുതായപ്പോഴും എഴുത്ത് തുടര്‍ന്നു. അത് കുട്ടികള്‍ക്കുവേണ്ടിയുള്ള മികച്ച രചനകളായി മാറി. ആദ്യകൃതി ഏറേ ശ്രദ്ധേയമായി. ഇന്ന് അന്തര്‍ദേശീയതലത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയാണ് അനുഷ്‌ക രവിശങ്കര്‍. രചനകളെല്ലാം കുട്ടികള്‍ക്കുവേണ്ടി.

കുട്ടികള്‍ക്കായി 25-ലേറെ പുസ്തകങ്ങള്‍ എഴുതി. മിക്കതിലും കഥാപാത്രങ്ങള്‍ കുട്ടികളും മൃഗങ്ങളുമാണ്.

മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ താമസമാക്കിയ അനുഷ്‌കയുടെ വേരുകള്‍ തലശ്ശേരിയിലാണ്. കൊളശ്ശേരി ഇടത്തട്ട തറവാട്ടിലെ പരേതനായ സുന്ദറിന്റെയും സരോജം സുന്ദറിന്റെയും മകള്‍. മാധ്യമരംഗത്ത് ദേശീയതലത്തില്‍ തിളങ്ങിയ ഇടത്തട്ട നാരായണന്റെ പിന്‍ഗാമിയാണ് അനുഷ്‌ക.

ലിങ്ക്, പാട്രിയറ്റ് എന്നീ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകനെന്ന നിലയിലാണ് ഇടത്തട്ട അറിയപ്പെടുന്നതെങ്കില്‍ എഴുത്തുകാരി, പ്രസാധക എന്നീ മേഖലകളിലാണ് അനുഷ്‌ക സാന്നിധ്യമറിയിച്ചത്.

എഴുത്തിലേക്ക് തിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അനുഷ്‌ക പറയുന്നു- 'മുംബൈയില്‍ താമസിക്കുമ്പോള്‍ മകള്‍ക്കുവേണ്ടി പുസ്തകം തേടി പല പുസ്തകശാലകളിലും കയറിയിറങ്ങി. അവിടെയൊക്കെ കുട്ടികള്‍ക്കുവേണ്ടിയുള്ളത് വിദേശ പുസ്തകങ്ങള്‍ മാത്രം. ഇന്ത്യന്‍ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വിരലിലെണ്ണാവുന്നവമാത്രം. ഇതിന് പരിഹാരം കാണണമെന്ന് അന്നുതന്നെ തീരുമാനിച്ചു. തുടക്കത്തില്‍ കുട്ടികള്‍ക്കുള്ള ചെറുകഥകള്‍ എഴുതി. മുംബൈയില്‍നിന്നുള്ള 'ട്വിങ്കിള്‍' മാഗസിന്‍ അവ പ്രസിദ്ധീകരിച്ചു. 1992-'93 കാലത്താണിത്.

1997ല്‍ ആദ്യപുസ്തകം 'ടൈഗര്‍ ഓണ്‍ എ ട്രീ പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ കുട്ടികളുടെ മികച്ച പുസ്തകങ്ങളില്‍ 'ടൈഗര്‍ ഓണ്‍ എ ട്രീ'യും ഉള്‍പ്പെടുത്തി. എഴുത്തും ഒപ്പം ചിത്രീകരണവും ചേര്‍ത്താണ് പുസ്തകമൊരുക്കിയത്. കുട്ടികള്‍ക്ക് ഇവ നന്നേപിടിച്ചു.

പിന്നീട് ഒട്ടേറെ രചനകള്‍ പിറന്നു. ഒപ്പം വിവിധ ഭാഷകളിലേക്ക് പരിഭാഷകളുമിറങ്ങി. ഡച്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്​പാനിഷ്, കൊറിയന്‍ എന്നീ ഭാഷകളിലേക്കും ഇന്ത്യയില്‍ തമിഴിലേക്കും രചനകള്‍ പരിഭാഷപ്പെടുത്തി. പെന്‍ഗ്വിന്‍ കുട്ടികളുടെ വിഭാഗമുള്‍പ്പെടെ രചനകള്‍ പ്രസിദ്ധീകരിച്ചു.

ഏഴുവയസ്സുമുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കും 14 മുതല്‍ 20 വയസ്സുവരെയുള്ളവര്‍ക്കും വേണ്ടിയാണ് മിക്ക രചനകളും. 'എക്‌സ്‌ക്യൂസ് എക്‌സ്‌ക്യൂസ്' എന്നാണ് ഒരു പുസ്തകത്തിന്റെ പേര്. സ്‌കൂളില്‍ വൈകിയെത്തിയതിന് ക്ലോക്ക് തലതിരിഞ്ഞ് സഞ്ചരിച്ചെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. ഹോംവര്‍ക്ക് ചെയ്യാത്തതിനും അവന് അര്‍ഥമില്ലാത്ത മറുപടിയുണ്ടായിരുന്നു.

'ടുഡെ ഈസ് മൈ ഡേ', 'ദ റൂമര്‍', 'എലിഫന്റ്‌സ് നെവര്‍ ഫൊര്‍ഗെറ്റ്' , 'ജസ്റ്റ് ലൈക്ക് ഡി ബഗ്', 'ഗോസ്റ്റ്‌സ് ഡോണ്ട് ഈറ്റ്', 'സോങ് ഓഫ് ദ ബുക്ക് വേം' തുടങ്ങിയവ അനുഷ്‌കയുടെ രചനകളാണ്.

നേരത്തേ പ്രസിദ്ധീകരിച്ചിരുന്ന കൃതി വീണ്ടും പുതുക്കി സ്വന്തമായി പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് അനുഷ്‌ക. 'മൊയിന്‍ ആന്‍ഡ് ദ മോന്‍സ്റ്റര്‍' എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തിന്റെ പ്രചാരണത്തിനായി ഇതേ പേരില്‍ ഫേസ്ബുക്കില്‍ പ്രചാരണം തുടങ്ങി.

'സെയിന്‍ ആന്‍ഡ് അന്ന' എന്ന പേരില്‍ സീരീസായി കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഓരോ പുസ്തകമിറങ്ങി. നാലാമത്തെ പുസ്തകം അടുത്തവര്‍ഷം പുറത്തിറങ്ങും. സെയിന്‍, അന്ന എന്നീ കുട്ടികളാണ് പുസ്തകത്തിലെ കഥാപാത്രങ്ങള്‍.

കുട്ടികള്‍ക്കുവേണ്ടി എഴുതുമ്പോള്‍ ഏറേ ശ്രദ്ധവേണമെന്ന അഭിപ്രായമാണ് അനുഷ്‌കയ്ക്ക്. വായിക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ പഠിക്കും. അതാണ് ശരിയെന്ന് കരുതും. അതിനാല്‍ കുട്ടികള്‍ക്കുള്ള രചനകളില്‍ ദോഷകരമായ ഒന്നുമുണ്ടാകരുത്.

മിക്ക എഴുത്തുകാരും പുസ്തകത്തിലൂടെ കുട്ടികളെ പഠിപ്പിക്കാന്‍ നോക്കുകയാണ്. തന്റെ കൃതികളില്‍ പഠിപ്പിക്കാന്‍ നോക്കാറില്ലെന്ന് അനുഷ്‌ക പറയുന്നു.
ഓരോ കുട്ടിക്കും വ്യത്യസ്ത അഭിരുചിയായിരിക്കും. കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് രചനകള്‍ ഇപ്പോഴും കുറച്ചേയുള്ളൂവെന്ന അഭിപ്രായമാണ് അനുഷ്‌കയ്ക്ക്.
മലയാളത്തിലും കുട്ടികളുടെ രചനകള്‍ കുറവാണെന്ന് അനുഷ്‌ക. തന്റെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പ്രസാധകര്‍ തയ്യാറായാല്‍ സഹകരിക്കും.

നാസിക്, പുണെ എന്നിവിടങ്ങളിലാണ് അനുഷ്‌കയുടെ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം. സോഫ്റ്റ്‌വേര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനിടയിലാണ് എഴുത്തിലേക്ക് തിരിഞ്ഞത്.

ഡല്‍ഹിയില്‍ എച്ച്.ആര്‍.കണ്‍സല്‍ട്ടന്റ് തിരുവനന്തപുരം സ്വദേശി രവിശങ്കറിന്റെ ഭാര്യയാണ്. മകള്‍ അക്ഷര ഡല്‍ഹി സര്‍വകലാശാലയില്‍ എം.ഫില്‍ വിദ്യാര്‍ഥിയാണ്.

'ഡക്ബില്‍ ബുക്‌സ്' എന്ന പേരില്‍ പ്രസാധന മേഖലയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് അനുഷ്‌ക.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education