ആരെയും തല്ലരുത്, അമ്മയെ ഒട്ടുമരുത്‌

സി.രാധാകൃഷ്ണന്‍

19 Sep 2012

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നൊരുചൊല്ലുണ്ടല്ലോ. അമ്മ തല്ലിന് അര്‍ഹയല്ല എന്ന ധ്വനി ഇതിന്റെ അര്‍ത്ഥതലങ്ങളില്‍ നിസ്സാരമല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. എങ്കിലും പക്ഷങ്ങളുടെ സ്വഭാവത്തെപ്പറ്റിയാണ് പ്രധാനമായും ഈ പഴമൊഴിയില്‍ പറയുന്നത്. പക്ഷങ്ങള്‍ ലോകത്ത് സ്വാഭാവികമാണ്. പക്ഷഭേദങ്ങളും സാധാരണമാണ് എന്നു കാണിക്കാനാണ് പഴമൊഴിക്കാരന്‍ ഉദ്ദേശിച്ചത്. എത്ര നല്ല അമ്മ ആയാലും ആ അമ്മയെ തല്ലിയതുപോലും നന്നായി എന്നു പറയാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്നാണ് ചിരി. മറിച്ച്, എത്ര ചീത്ത അമ്മയായാലും ആ അമ്മയെ തല്ലിയത് നന്നായില്ല എന്നു പറയാനുമുണ്ടാകും ആരെങ്കിലും!

ഒരമ്മയെയും എന്നല്ല ആരെയും ആരും തല്ലാതിരിക്കയാണ് അഭികാമ്യം. എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ് ഇത്. അഥവാ, ആരെങ്കിലും ഏതെങ്കിലും ഒരു അമ്മയെ തല്ലിയെങ്കില്‍ എല്ലാവരും ഒരുമിച്ച്, പക്ഷഭേദം കൂടാതെ, അതിനെ അപലപിക്കയാണ് വേണ്ടത്. എങ്കിലല്ലേ, മാതൃപീഢനം എന്ന മഹാപാപം തീരെ ഇല്ലാത്ത അവസ്ഥ ഭൂമിയില്‍ സംജാതമാകൂ?

ഇപ്പോഴുള്ള സ്ഥിതിയില്‍നിന്ന് മാതൃകാപരമായ ആ അവസ്ഥയിലേക്കുള്ള യാത്രയാണ് തീര്‍ത്ഥാടനം. സ്ഥലകാലങ്ങളിലൂടെയുള്ള ഒരു പ്രയാണമല്ല അത്. അതിന് പുറപ്പെടുമ്പോള്‍ എന്ത് നിറമുള്ള വസ്ത്രമുടുക്കുന്നു എന്നതൊ എന്ത് കൊടി പിടിക്കുന്നു എന്ത് മുദ്രാവാക്യം വിളിക്കുന്നു എന്നതൊ പ്രസക്തങ്ങളായ കാര്യങ്ങളല്ല.

ദ്വന്ദനിര്‍മ്മുക്തിയാണ് നാശരഹിതമായ ആനന്ദത്തിലേക്കുള്ള ഏക വഴി. എല്ലാം ഒന്നില്‍ അലിഞ്ഞു ചേരുമ്പോഴേ പക്ഷങ്ങള്‍ ഇല്ലാതാകൂ. അഥവാ, പക്ഷങ്ങള്‍ ഇല്ലാതായേ അലിവ് പൂര്‍ണമാകൂ. അതിനാല്‍, ജാതിമതകകക്ഷിവര്‍ഗാദി ഭേദങ്ങളെല്ലാം ഇല്ലാതാക്കിത്തീര്‍ക്കുന്ന അവിനാശിയായ അറിവിന്റെ പര്‍വതത്തിലേക്കാണ് മനുഷ്യരായ നാം ഒന്നടങ്കം പോകേണ്ടത്. ഇറക്കമല്ല, കയറ്റം. കയറാനുള്ള ആ കുന്നിന്റെ പേര് ശിവഗിരി എന്നാണ്. കാരണം, ആദിശൈവപാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് അദൈ്വതദര്‍ശനം.

ജഡം എന്നൊരു വസ്തു പ്രപഞ്ചത്തില്‍ ഇല്ല. മണ്ണില്‍ ജീവനില്ലെങ്കില്‍ അതില്‍നിന്നുണ്ടായ ഒന്നിലും ജീവന്‍ ഉണ്ടാവില്ലല്ലൊ. അതിനാല്‍, പ്രപഞ്ചം മുഴുക്കെ സജീവമാണ്. മൊത്തമായ ആ ജീവനാണ് ഈശ്വരന്‍. അതിന്റെ പ്രഭാവമാണ് നമ്മിലുള്ള ജീവന്‍. ആ ജീവന് അതിന്റെതന്നെ ഇതരാംശങ്ങളുമായി സഹോദരബന്ധമാണുള്ളത്. എല്ലാ ജീവനും ഒന്നുതന്നെയാണല്ലൊ.

ഈ അറിവ് അനുഭവമാക്കാനുള്ള പ്രയാണമാണ് തീര്‍ത്ഥാടനമായി ഗുരുദേവന്‍ കണ്ടത്. ഞാന്‍ ആദ്യമായി എന്റെ കുടുംബത്തില്‍ ഓരോരുത്തരെയും ഞാന്‍തന്നെയായി കാണുന്നു. പിന്നെ, എന്റെ ചുറ്റുവട്ടത്തെ ആളുകളെ. അങ്ങനെയങ്ങനെ മനുഷ്യസമുദായത്തെ മുഴുവന്‍. അതോടൊപ്പം ജന്തുജാലങ്ങളെയും പിന്നെ സസ്യലതാദികളെയും അചരങ്ങളെയും ഞാന്‍തന്നെയായി കാണുന്നു. പ്രപഞ്ചം മുഴുക്കെ ഞാനായി കാണുന്ന സ്ഥിതിയാണ് ആത്യന്തികലക്ഷ്യം. അതിന് കുറേയേറെ ആഴണം, താഴണം, പണിയണം. വഴി ഏറെയുണ്ട് പോകാന്‍.
ദൗര്‍ഭാഗ്യമെന്നു പറയാം, കാലംപോകെ പക്ഷഭേദങ്ങള്‍ പെരുകിയാണ് വരുന്നത്. ജാതിമതാദികള്‍ക്ക് പുറമെ കക്ഷിരാഷ്ട്രീയപിളര്‍പ്പുകളും കച്ചവടതാല്പര്യവ്യത്യാസങ്ങളും തൊഴിലിലെ തരംതിരിവുകളും അതിരുകളായി മാനസികമായി സ്ഥലകാലങ്ങളെ ഏറെയേറെ വിഭജിക്കുന്നു. ഒരു പക്ഷം ചെയ്യുന്ന ഒന്നും മറ്റൊരു പക്ഷത്തിനും ശരിയല്ല. ലോകത്തിനകത്ത് അനേകായിരം ലോകങ്ങള്‍ പിറന്നിരിക്കുന്നു. ഈ ഓരോ ലോകത്തും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നതാണ് നീതിബോധത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും അടിസ്ഥാനം.
പക്ഷം ചേരാത്തവന് രക്ഷയില്ല എന്ന അവസ്ഥയും വന്നിരിക്കുന്നു. മഹാഭൂരിപക്ഷവും പക്ഷം ചേരാത്തവരാണ് എന്ന സത്യം നിലനില്‍ക്കെയാണ് ഇത്. ഈ വന്‍പക്ഷത്തിന്റെ ഇച്ഛാശക്തി പക്ഷേ, നിര്‍ണായകമാകുന്നില്ല. അതിനാല്‍, ജനായത്തംപോലും ഫലപ്രദമാകാതെ പോകുന്നു. ഞാന്‍ ഇവിടത്തെ മുഴുവന്‍ ആളുകള്‍ക്കും മാളുകള്‍ക്കും വേണ്ടി നിലകൊള്ളുന്നു എന്നൊ ഭരിക്കുന്നു എന്നൊ പറയാനൊ കരുതാനൊ ആരുമില്ല.

സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍പോലും ഈ മൂല്യച്യുതിയില്‍നിന്ന് മുക്തരല്ല എന്നു പറയേണ്ടിവരുമ്പോള്‍ അവസാനത്തെ പ്രതീക്ഷയും അപകടത്തിലാണ് എന്നുതന്നെ അര്‍ത്ഥമാക്കിക്കൊള്ളുക. ഇവിടത്തെ പല എഴുത്തുകാരും ജാതികളുടെയും മതങ്ങളുടെയും നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്‍പ്പുറപ്പിച്ചിരിക്കുന്നത് കാണുക. അതും പോരെങ്കില്‍ അവരില്‍ മിക്കവരും കക്ഷിരാഷ്ട്രീയത്തിരിവുകളില്‍ ചേരുകയും സമഗ്രമായ കാഴ്ചപ്പാടിന് കടകവിരുദ്ധമായി ശബ്ദിക്കുകയും ചെയ്യുന്നു. സ്ഥാനമാനങ്ങളിലേക്കാണ്, അറിവിന്റെ പര്‍വതത്തിലേക്കല്ല, ഇവരുടെ ഘോഷയാത്ര.

സന്യാസിമാര്‍പോലും ഭേദങ്ങളുടെ തടവറയില്‍ അറിഞ്ഞും അറിയാതെയും അകപ്പെടുന്നു. താല്പര്യസംഘങ്ങളോട് ചേര്‍ന്നു നില്‍ക്കാതെ പറ്റില്ല എന്ന വര്‍ത്തമാനകാലാവസ്ഥയില്‍ അവര്‍ അസന്യസ്തസങ്കല്പരായിപ്പോകുന്നു. അഫിഡവിറ്റുകളും മൊഴികളും സാക്ഷ്യങ്ങളുമായി അവര്‍ കോടതിവരാന്തകളില്‍ കാണപ്പെടുന്നു. ഇപ്പറഞ്ഞ രേഖകളില്‍ പലതും കള്ളമാണെന്ന അറിവുപോലും തടസ്സമാകുന്നില്ല.

തീര്‍ത്ഥാടനപ്രസ്ഥാനത്തിനുതന്നെ വന്നുപെട്ട അപചയം നോക്കുക. അതൊരു വെറും ചടങ്ങായി മാറിയിരിക്കുന്നു. അവിടെ തടിച്ചുകൂടുന്നവരുടെ എണ്ണവും വണ്ണവും ആര്‍ക്കെല്ലാമൊ എന്തിനെല്ലാമൊ വേണ്ടി വിലപേശാനുള്ള ഉപാധിയായി കലാശിക്കുന്നു. ശിവഗിരി തീര്‍ത്ഥാടനം ഒരു ജാതിക്കാരുടെ മാത്രം കാര്യമായി മാറിയിരിക്കുന്നു. ചുരുക്കത്തില്‍, പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയുടെ പുറത്ത് ഈശ്വരന്‍ എത്രത്തോളമുണ്ടൊ അത്രയേ ഉള്ളൂ ശിവഗിരി തീര്‍ത്ഥാടനമഹാമഹത്തില്‍ അനാദിയായ ആത്യന്തികജ്ഞാനത്തിന് സ്ഥാനം.

ഈ നിരീക്ഷണം ആരെയും കുറ്റപ്പെടുത്താനല്ല. ഏത് നല്ല ആശയത്തിനും കാലാന്തരത്തില്‍ വന്നുചേരുന്ന അപചയം സമാനമാണ്. ആശയം ഒരു പ്രഭാതംപോലെ പൊട്ടിവിരിഞ്ഞ് വെളിച്ചത്തിന്റെ തെളിവോടെയും അപ്രതിരോധ്യമായും പ്രസരിക്കുമ്പോള്‍ അത് നാടുനീളെ പെട്ടെന്ന് വ്യാപിക്കുന്നു. തുടര്‍ന്ന് അതൊരു സംഘടനയാകുമ്പോള്‍ അതിന് അകവും പുറവും ഉണ്ടാകുന്നു. അവിടെ ഒരു വിഭജനം ജനിക്കുന്നു. സംഘടനയ്ക്ക് താല്പര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ സംരക്ഷിക്കുന്നതിന് ആശയത്തില്‍ നീക്കുപോക്കുകള്‍ ചെയ്യപ്പെടുന്നു. ക്രമേണ ആശയം അലക്കുസോപ്പുപോലെ തേഞ്ഞുപോകുന്നു. ഈ സംഘടന അധികാരത്തില്‍ എത്തുമ്പോഴൊ അധികാരത്തില്‍ അന്യഥാ പങ്കുപറ്റുമ്പോഴൊ ആശയത്തിന്റെ കാര്യത്തില്‍, പ്രായോഗിക പരിഗണനകളുടെ പേരില്‍, കൂടുതല്‍ നീക്കുപോക്കുകള്‍ ആവശ്യമായി വരുന്നു. അതോടെ ആ മൗലികാശയത്തിന്റെ നിഴല്‍പോലും ശേഷിക്കാതെയാകുന്നു.

ശ്രീനാരായണപ്രസ്ഥാനത്തിനും ഇത്രയുമൊക്കെ സംഭവിച്ചിട്ടില്ലെ എന്ന് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ വേളയിലെങ്കിലും ആലോചിക്കേണ്ടതില്ലെ? ഉപനിഷത്തുമുതല്‍ ഇസ്‌ലാം വരെയുള്ള എല്ലാ ആശയങ്ങളും ഇതേ രീതിയില്‍ മോശപ്പെട്ടുപോയിട്ടുണ്ട് എന്നത് ആശ്വാസകരമായി വേണമെങ്കില്‍ ചൂണ്ടിക്കാട്ടാം. മനുഷ്യമോചനത്തിനുള്ള വഴികളെല്ലാം എന്തുകൊണ്ട് കാലന്തരത്തില്‍ ദിശ മാറി നരകത്തിലേക്ക് നയിക്കുന്നു എന്ന ആലോചന തുടങ്ങാനുള്ള സമയം അതിക്രമിച്ചില്ലെ? ഗുരുദേവദര്‍ശനം എന്ന അമൃതം സാധാരണക്കാരുടെ അകത്തെത്തിക്കാനുള്ള അഭ്യാസമായി തീര്‍ത്ഥാടനപ്രസ്ത്ഥാനത്തെ ഉയര്‍ത്താന്‍ എന്തു ചെയ്യാം?

എനിക്കു തോന്നുന്ന എളുപ്പവഴി ഗുരുദേവന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ എവ്വിധമായിരിക്കും എന്ന സമാലോചനയാണ്. അദ്ദേഹത്തിന്റെ മഹാമനസ്സ് അദ്ദേഹത്തിന്റെ ജീവിതത്തിലും കൃതികളിലും നിറഞ്ഞു കിടക്കുന്നു. അത് കണ്ടെടുക്കാന്‍ ഒരു പ്രയാസവുമില്ല. ആരെങ്കിലും തുനിഞ്ഞിറങ്ങുകയേ വേണ്ടൂ. അങ്ങനെ ഒരു ഉദ്യമത്തിന് ഇത്തവണത്തെ തീര്‍ത്ഥയാത്രയെങ്കിലും തുടക്കമാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. ജാതിരാഷ്ട്രീയക്കാരില്‍ നിന്നും കക്ഷിരാഷ്ട്രീയക്കാരില്‍ നിന്നും മോചനം ലഭിച്ച് ഗുരുദേവദര്‍ശനം സമഷ്ടിയുടെ മോക്ഷമാര്‍ഗ്ഗമായിത്തീരട്ടെ. പ്രാര്‍ത്ഥിക്കാന്‍ നികുതി കൊടുക്കേണ്ടതില്ലാത്തതിനാല്‍ നിഷ്പക്ഷമതികളായ എല്ലാവര്‍ക്കും ഈ പ്രാര്‍ത്ഥനയില്‍ പങ്കു ചേരാം. ഗുരുദര്‍ശനം എന്ന അമ്മയെ തല്ലുന്നതില്‍ രണ്ടു പക്ഷമുണ്ടാകാതിരിക്കുന്നതല്ലെ ചിതം?

(സി. രാധാകൃഷ്ണന്റെ ലേഖനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education