ഭഗവദ്ഗീതയ്ക്ക് ബിസിനസ് വ്യാഖ്യാനം രചിച്ച് ഐ.ഐ.എം. ഡയറക്ടര്‍

നീനുമോഹന്‍

14 Sep 2012

കുരുക്ഷേത്രഭൂമിയില്‍ ശത്രുപക്ഷത്ത് ബന്ധുക്കളെക്കണ്ട് ഭയചകിതനായ അര്‍ജുനന് കൃഷ്ണന്‍ ഭഗവദ് ഗീത ഉപദേശിച്ചു കൊടുത്തു എന്നാണ് ഐതിഹ്യം. ധര്‍മാധര്‍മങ്ങളെ സംബന്ധിച്ച കൃഷേ്ണാപദേശം കുരുക്ഷേത്രഭൂമിയില്‍ മാത്രമല്ല, ആധുനിക മാനേജ്‌മെന്റ് തത്ത്വങ്ങളിലും ബാധകമാണെന്നാണ് കോഴിക്കോട് ഐ.ഐ.എം. ഡയറക്ടര്‍ ദേബശിഷ് ചാറ്റര്‍ജിയുടെ വാദം. ഭഗവദ്ഗീതയെ അടിസ്ഥാനപ്പെടുത്തി ടൈംലെസ്സ് ലീഡര്‍ഷിപ്പ് - 18 ലീഡര്‍ഷിപ്പ് സൂത്രാസ് ഫ്രം ഭഗവദ്ഗീത എന്നപേരില്‍ പുതിയ പുസ്തകവും പുറത്തിറക്കിക്കഴിഞ്ഞു ദേബശിഷ്.

ഒമ്പതു വര്‍ഷത്തോളം ഭഗവദ്ഗീത പഠിച്ചാണ് ദേബശിഷ് പുസ്തകം രചിച്ചത്. ഏതാണ്ട് ഇരുന്നൂറോളം ഭഗവദ്ഗീതാ വ്യാഖ്യാനങ്ങള്‍ ഈ കാലയളവില്‍ പഠനവിധേയമാക്കിയെന്ന് ദേബശിഷ് മാതൃഭൂമിയോട് പറഞ്ഞു. രണ്ടുവര്‍ഷമെടുത്താണ് പുസ്തകരചന പൂര്‍ത്തിയാക്കിയത്. ദേബശിഷിന്റെ അച്ഛന്‍ നാരായണ്‍ദാസ് ചാറ്റര്‍ജി മരിക്കുന്നതിനുമുന്‍പ് മാതൃഭാഷയായ ബംഗാളിയില്‍ തയ്യാറാക്കിയ കുറിപ്പുകളും പുസ്തക രചനയില്‍ സഹായകമായെന്ന് ദേബശിഷ് പറയുന്നു.

ഗീതയിലെ പതിനെട്ട് അധ്യായങ്ങളെ അടിസ്ഥാനപ്പെടുത്തി പതിനെട്ട് ബിസിനസ്സ് ടിപ്‌സാണ് ദേബശിഷ് തന്റെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. കര്‍മയോഗ എന്നുപേരിട്ട നാലാമധ്യായത്തില്‍ തന്റെ ചിന്തകളെയും പ്രവൃത്തിയെയും ബന്ധിപ്പിക്കാനാവില്ലെന്ന് പറയുന്ന അര്‍ജുനനെ ആധുനിക സി.ഇ.ഒ.മാരോടാണ് ദേബശിഷ് ഉപമിക്കുന്നത്. അര്‍ജുനന്റെ ധര്‍മസങ്കടത്തിനു സമാനമായി ''പെട്ടെന്നുത്തന്നെ ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികളെക്കുറിച്ച് അറിയാമെങ്കിലും മറ്റെന്തിലൊക്കെയോ മുഴുകി ചെയ്തുതീര്‍ക്കാനാവാതെ വരുന്നുവെന്ന്'' സി.ഇ.ഒ.മാര്‍ സ്ഥിരമായി പരാതിപ്പെടാറുണ്ടെന്ന് ദേബശിഷ് പറയുന്നു. കൃഷ്ണന്‍ മറുപടി നല്‍കുന്നത് ഓരോതരം ആളുകള്‍ക്കും അവരുടെ സ്വഭാവത്തിനനുസൃതമായാണ് ലക്ഷ്യത്തിലേക്കെത്തേണ്ട വഴികള്‍ പറഞ്ഞുകൊടുക്കുന്നത് എന്നു പറയുന്നുണ്ട്. സമാനമായി പ്രതിസന്ധിയില്‍ അകപ്പെടുന്ന സി.ഇ.ഒ.മാര്‍ തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ പദ്ധതികള്‍ തയ്യാറാക്കണം. അര്‍ജുനനെപോലെ യോദ്ധാവിന്റേതായ മനോഭാവമുള്ളവര്‍ക്ക് ആക്രമണോത്സുക പ്ലാനുകളാണ് യോജിക്കുകയെന്നും ദേബശിഷ് പറയുന്നു. സമാനമായി ഗീതയിലെ മിക്ക ശ്ലോകങ്ങള്‍ക്കും ദേബശിഷിന്റെ ബിസിനസ്സ് വ്യാഖ്യാനങ്ങളുണ്ട്.

ദേബശിഷിന്റെ ആറാമത്തെ പുസ്തകമാണിത്. പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ദേബശിഷ് പറഞ്ഞു. പതിനൊന്നോളം വിദേശഭാഷകളിലെക്കും പുസ്തകം തര്‍ജമചെയ്തിട്ടുണ്ട്. ഭാവിയില്‍ മലയാളത്തിലും തര്‍ജമ പുറത്തിറക്കാന്‍ ദേബശിഷിന് പദ്ധതിയുണ്ട്. മാതൃഭൂമി വിജയപഥത്തിലെ 'ക്ലൂ.ഇന്‍' എന്ന ദേബശിഷിന്റെ കോളവും അടുത്തുത്തന്നെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങും.

കോഴിക്കോട് ഐ.ഐ.എമ്മില്‍ ഡയറക്ടറായി ചുമതലയേല്‍ക്കും മുമ്പ് ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലും കൊല്‍ക്കത്ത, ലഖ്‌നൗ ഐ.ഐ.എമ്മുകളിലും ദേബശിഷ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ സിങ്കപ്പുര്‍ ബിസിനസ്സ് സ്‌കൂളിലെ ഡീനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education