വിസ്മയസഞ്ചാരം: കുടുംബശ്രീ പുസ്തകയാത്ര

പി.പി.ലിബീഷ്‌കുമാര്‍

11 Sep 2012

കേരളം ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ച മാതൃകയാണ് കുടുംബശ്രീ. 38 ലക്ഷം സ്ത്രീകളെ കോര്‍ത്തിണക്കിയ പ്രസ്ഥാനം. അടുക്കളയില്‍നിന്ന് അയല്‍ക്കൂട്ടങ്ങളിലേക്കെത്തിയ സ്ത്രീശാക്തീകരണം. ജാതിമതരാഷ്ട്രീയത്തിനപ്പുറം കേരളത്തിലെ സ്ത്രീകള്‍
ഒന്നിച്ച ഈ വേദിക്ക് വിശേഷണങ്ങള്‍ പലതാണ്. ചരിത്രം സൃഷ്ടിച്ചവര്‍ തന്നെ ഇവിടെ ചരിത്രമെഴുതുകയാണ്. ലക്ഷം അംഗങ്ങള്‍
അക്ഷരങ്ങളില്‍ പകര്‍ത്തിയ അനുഭവങ്ങളുടെ സമാഹരണം. ഹൊസങ്കടിയില്‍നിന്ന് പുസ്തകയാത്ര ആരംഭിച്ചുകഴിഞ്ഞു. ചില വിശേഷങ്ങളിലേക്ക്.....

ഹൃദയത്തില്‍ തുളുമ്പിയ ഒരു ലക്ഷം സ്ത്രീകളുടെ അനുഭവങ്ങള്‍. എഡിറ്റ് ചെയ്യപ്പെടാതെ അവ 1072 പുസ്തകങ്ങളിലേക്ക്. അയല്‍ക്കൂട്ടാംഗങ്ങളായ സ്ത്രീകളുടെ ഈ അനുഭവസമാഹാരണം ജനങ്ങളിലേക്ക് സഞ്ചരിക്കുകയാണ്.

കുടുംബശ്രീയിലൂടെ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് കുടുംബത്തിലും പൊതുരംഗങ്ങളിലും ലഭിച്ച സ്ഥാനങ്ങള്‍. ആശയവിനിമയത്തില്‍ മികവുണ്ടായതിന്റെ ഉദാഹരണങ്ങള്‍. നേതൃസ്വഭാവം പ്രകടിപ്പിക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദങ്ങള്‍. എന്തിനെയും നേരിടാനുള്ള കരുത്തും ശേഷിയും ലഭിച്ചതിന്റെ ആര്‍ജവം. ആത്മവിശ്വാസം നേടി പൊതു ഇടങ്ങളില്‍ ജോലിചെയ്യാന്‍ സാധിച്ചതിന്റെ അഭിമാനം. പുരുഷാധിപത്യമുള്ള അധികാരകേന്ദ്രങ്ങളില്‍ എത്തിച്ചേരല്‍...അങ്ങനെ എല്ലാം തങ്ങളുടേതായ ഭാഷയില്‍ ഇതില്‍ വിഷയമാക്കുന്നു.

അവഗണനയുടെയും അടിച്ചമര്‍ത്തലിന്റെയും അടുക്കളയില്‍നിന്ന് അയല്‍ക്കൂട്ടങ്ങളിലേക്ക് വന്ന് അറിവും അംഗീകാരവും നേടി വളര്‍ന്നതിന്റെ നേര്‍ക്കാഴ്ചകളാണ് ഒരോ സി.ഡി.എസ്സിന്റെയും ഈ അനുഭവസമാഹാരമെന്ന് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് ടി.ഷാഹുല്‍ ഹമീദ് പറഞ്ഞു.

അയല്‍ക്കൂട്ടാംഗങ്ങള്‍ എഴുതിയ അനുഭവം എ.ഡി.എസ്സ്, സി.ഡി.എസ്സ് തലങ്ങളില്‍ ക്രോഡീകരിച്ചു. സ്ത്രീകള്‍ മാത്രം അടങ്ങിയ പ്രാദേശിക എഡിറ്റോറിയല്‍ ബോര്‍ഡ് ഇവ പരിശോധിച്ചു. അതിനുശേഷമാണ് ഓരോ സി.ഡി.എസ്സി നും ഒരു പുസ്തകമാക്കിയത്. 1061 സി.ഡി.എസ്സുകള്‍ക്ക് 1072 പുസ്തകങ്ങള്‍. ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് രണ്ട് സി.ഡി.എസ്സുകള്‍ ഉള്ളതിനാല്‍ 11 പുസ്തകങ്ങള്‍കൂടി.

കാസര്‍കോട് ജില്ലയില്‍ 2125 അനുഭവരചനകളടങ്ങിയ 42 പുസ്തകങ്ങളുണ്ട്. ഒന്‍പതെണ്ണം കന്നടയിലാണ്. ആകെ 2404 പേജ്. കണ്ണൂരില്‍ 87 പുസ്തകങ്ങളാണുള്ളത്. അഞ്ചിന് എല്ലാ അയല്‍ക്കൂട്ടങ്ങളിലും അനുഭവദീപം തെളിയിച്ച്, എഴുതിയ അനുഭവങ്ങള്‍ വായിച്ചു. ഏഴിന് വിളംബരറാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഫ്‌ളാഗ് ഓഫ് ചെയ്തു.

ഈ പുസ്തകസമാഹരണ യാത്ര കാസര്‍കോട് ഹൊസങ്കഡിയില്‍ ഞായറാഴ്ച രാവിലെ 11 ന് ആരംഭിച്ചു. പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഇനി വിവിധ ജില്ലകളിലെ കൂട്ടായ്മയിലൂടെ സഞ്ചരിക്കും. പുസ്തകം സമാഹരിച്ച് ഒക്ടോബര്‍ ഒന്നിന് എറണാകുളത്ത് പുസ്തകയാത്ര എത്തിച്ചേരും. 10ന് തിരുവനന്തപുരം ജില്ലയിലെ ഉദിയന്‍കുളങ്ങരയില്‍നിന്ന് ആരംഭിക്കുന്ന തെക്കന്‍ ജാഥയും ഒക്ടോബര്‍ ഒന്നിന് എറണാകുളത്ത് എത്തിച്ചേരും.

കുഞ്ഞലിമ്മ പഞ്ചായത്തംഗമായതിങ്ങനെ
ഞാന്‍ കുഞ്ഞലിമ്മ...2002ല്‍ കുടുംബശ്രീ ആരംഭിക്കുമ്പോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. കാരണം ആഴ്ചതോറും എടുത്ത പൈസ കയ്യില്‍ വച്ചാല്‍ എങ്ങനെയെങ്കിലും തീര്‍ന്നുപോയാലോ. ബാങ്കില്‍ പോകാന്‍ പേടിയാണ്. സെക്രട്ടറിയായതുകൊണ്ട് പോകാതെ നിവൃത്തിയുമില്ല.

രാവിലെ ബാങ്കില്‍ പോയാല്‍ ഉച്ചവരെ നില്‍ക്കണം. അവിടെ ഭയങ്കര തിരക്കാണ്. മറ്റാരും പോകാന്‍ തയ്യാറില്ല. എന്റെ മക്കള്‍ സ്‌കൂള്‍ക്കുട്ടികളായിരുന്നു. വിശന്നുവരുന്ന കുട്ടികള്‍ക്ക് ഉച്ചക്ക് ഊണില്ല. കാരണം ഞാന്‍ രാവിലെ പൈസ ഇടാന്‍ പോയതാണ്. ഉച്ചക്ക് ഒരു മണിക്കുവരുന്ന കുഞ്ഞുങ്ങള്‍ക്ക് ഉണ്ണാന്‍ ചോറുണ്ടാവില്ല. കരഞ്ഞുകൊണ്ടാണ് പലതവണ അവര്‍ സ്‌കൂളിലേക്ക് തിരിച്ചുപോയത്. വൈകുന്നേരം അവര്‍ വരുന്നതുവരെ ഞാനും ചോറുണ്ണാതെയിരിക്കും.

ഈ സമയത്ത് കുടുംബശ്രീ വേണ്ട എന്ന് പലപ്രാവശ്യം തോന്നിപ്പോയി. മീറ്റിങ്ങില്‍ ഇത് പറയുകയും ചെയ്തു. എന്നാല്‍ ആരും മുന്നോട്ടുകൊണ്ടുപോകാന്‍ തയ്യാറായില്ല. അതുകൊണ്ട് അയല്‍ക്കൂട്ടത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ത്തന്നെ ഞാന്‍ തീരുമാനിച്ചു. എനിക്ക് ഞാന്‍ ധൈര്യം പകര്‍ന്നു. രണ്ടുകൊല്ലത്തോളം എ.ഡി.എസ്സായി ജോലി ചെയ്തു.

ഈ സമയമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നത്. പതിനൊന്നാം വാര്‍ഡായ മാനിപ്പാടിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. എതിരെ മത്സരിക്കുന്നത് നാല് പേര്‍. പക്ഷെ ജനപിന്തുണയോടെ ഞാന്‍ വിജയിച്ചു. ഇപ്പോള്‍ പഞ്ചായത്തംഗം. എനിക്ക് കുടുംബശ്രീയുടെ അനുഭവം കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ അടുക്കളയില്‍നിന്ന് ഒരിക്കലും പുറത്തേക്ക് വരുമായിരുന്നില്ല...(പൈവളിഗെ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ 'അനുഭവാമൃതം')

പൈവളിഗെ ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡംഗമായ കുഞ്ഞലിമ്മയുടെ ഈ അനുഭവക്കുറിപ്പ് നമ്മെ പഠിപ്പിക്കുന്നത് നിസ്സഹായാവസ്ഥയെ മനോധൈര്യംകൊണ്ട് മറികടന്ന ഒരു സാധാരണ സ്ത്രീയുടെ അനുഭവമാണ്. സ്ത്രീശാക്തീകരണത്തിന്റെ വടക്കന്‍ പാഠം.

അതുകൊണ്ട് തന്നെ കയര്‍ക്കട്ട സുവര്‍ണ കുടുംബശ്രീയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന ഈ നാല്‍പ്പത്തിനാലുകാരിയുടെ കുറിപ്പ് നാം ഒരിക്കലും മറക്കില്ല. അന്നുവിശന്ന് കരഞ്ഞ സ്‌കൂള്‍ കുട്ടികളായ മുഹമ്മദ് മഷൂദും ആരിഫും ഇപ്പോള്‍ കോളേജിലെത്തി. അവര്‍ക്ക് ഉമ്മയോട് എന്തെന്നില്ലാത്ത ആദരവും ബഹുമാനവുമാണ്. ഒപ്പം ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനും.

വടക്കിന്റെ കന്നട അനുഭവങ്ങള്‍

കന്നടയിലെ അനുഭവക്കുറിപ്പുകളുമായാണ് എന്‍മകജെ ഗ്രാമപ്പഞ്ചായത്ത് സി.ഡി.എസ്സിന്റെ 'നവതാരെ'. 57 കുറിപ്പുകളില്‍ 45ഉം കന്നടയിലാണ്. 12 എണ്ണം മലയാളത്തിലും. കീര്‍ത്തി കുടുംബശ്രീയിലെ വേദാവതി ബജ്കണ്ടല്‍, മൈത്രിയിലെ ജാസ്മിന്‍, രാജേശ്വരി റൈ, ശശികല സ്വര്‍ഗ, ശാരദ ഗണ്ടികെ അടക്കമുള്ളവരുടെ കന്നട കുറിപ്പുകള്‍ എന്‍മകജെയിലൂടെ വായിക്കാം.

രൂപവാണി ആര്‍.ഭട്ടിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ സമിതിയാണ് നവതാരെ തയ്യാറാക്കിയത്. മലയാളവും കന്നടയും അറിയാവുന്ന ജലജാക്ഷിയും ത്രേസ്യമ്മ ടീച്ചറും ഹേമാവതിയും വസന്തിയും ഒപ്പം ഗീത ടീച്ചറും സത്യകുമാരിയും സന്ധ്യയും കുസുമയും ലീലാവതിയും ഈ അനുഭവങ്ങളെ വായനക്കായി പകര്‍ത്തി. മലയാളവും കന്നടയും വായിച്ചുകൊടുക്കാന്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എ.ആയിഷയും സക്രിയമായിരുന്നു.

അനുഭവങ്ങളുടെ ആവിഷ്‌കാരം

കുടുംബശ്രീ അംഗത്വം ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ തന്നെയാണ് ഓരോ അനുഭവക്കുറിപ്പുകളും. അവയില്‍ ചിലത് ഇതാ...
2002 നവംബര്‍ 14 നാണ് ഞാന്‍ അര്‍ച്ചന കുടുംബശ്രീയില്‍ അംഗമായത്. അന്നുമുതല്‍ ഇന്ന് 2012 ഈ അനുഭവക്കുറിപ്പ് എഴുതുന്നതുവരെ എന്റെ ജീവിതത്തിലുണ്ടായ മാറ്റം ചെറുതല്ല. ഒരു സാധാരണ കുടുംബമായിരുന്നു എന്റേത്. ചെറുപ്പത്തില്‍ പഠിക്കാന്‍ മിടുക്കിയായിരുന്നെങ്കിലും 1992ല്‍ വിവാഹം കഴിഞ്ഞതോടെ പഠനം പാതിവഴിയില്‍ നിര്‍ത്തി. കുടുംബശ്രീയില്‍ 2002ല്‍ അംഗമായി. ഒന്നാം വാര്‍ഷികത്തില്‍ എന്നെ സെക്രട്ടറിയാക്കി. അങ്ങനെ കൂടുതല്‍ ഉത്തരവാദിത്വം ചുമലിലായി. കുറച്ചുനാളുകൊണ്ട് ഞാന്‍ വാര്‍ഡിന്റെ എ.ഡി.എസ്സ് സെക്രട്ടറിയായി.

2006 ജൂലായ് മാസത്തില്‍ എന്നെ പഞ്ചായത്തിലെ കുടുംബശ്രീ യോഗത്തില്‍ പോകാന്‍ പറഞ്ഞു. അവിടെവച്ച് സി.ഡി.എസ്. ചെയര്‍പേഴ്‌സണാക്കി. ഭര്‍ത്താവ് ഒരുപാട് വഴക്കുപറഞ്ഞു. ആ രാത്രി ഞാന്‍ ഭക്ഷണം കഴിച്ചില്ല, ഉറങ്ങിയില്ല.
ആദ്യമൊക്കെ യോഗത്തില്‍ സംസാരിക്കുമ്പോള്‍ വിറയല്‍ വരും. മീറ്റിങ് കഴിഞ്ഞ് ചിലപ്പോള്‍ വീട്ടിലെത്താന്‍ ഏഴ് മണിയൊക്കെയാവും. എല്ലാം മതിയാക്കി വീട്ടിലിരുന്നാല്‍ മതിയെന്ന് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ട്.

ഓരോ ആവശ്യത്തിനുപോകുമ്പോഴും പൈസ ഭര്‍ത്താവിനോട് ചോദിക്കണം. അങ്ങനെ ഞാനെന്റെ വള വീട്ടിലറിയാതെ പണയംവച്ചു. പിന്നീട് കുടുംബശ്രീയില്‍ നിന്ന് ലോണെടുത്താണ് വള തിരിച്ചെടുത്തത്. മാസം തോറും ചെറിയ തുകവച്ച് ഞാനത് തീര്‍ത്തു. രണ്ടാമതും എന്നെ ചെയര്‍പേഴ്‌സണാക്കി. തിരുവനന്തപുരത്തൊക്കെ ആദ്യമായി പോകുന്നത് അന്നാണ്. ഇത്രയുംവര്‍ഷത്തെ അനുഭവത്തില്‍ ഞാന്‍ ആകെമാറി. എന്റെ ഭര്‍ത്താവും കുടുംബവും എനിക്ക് പിന്തുണ തരുന്നു. കുടുംബശ്രീ ചന്തയൊക്കെ വരുമ്പോള്‍ വീട്ടിലെത്താന്‍ രാത്രി എട്ടുമണിയെങ്കിലും ആവും. അപ്പോള്‍ ഭര്‍ത്താവ് കൂട്ടാന്‍ വരും...(വളക്കരുത്ത്.പേജ്-ഒന്ന്. പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ പി.ശൈലജയുടെതാണ് ഈ രചന)

കാസര്‍കോട് നഗരസഭയുടെ 'ചന്ദ്രഗിരി'യിലെ 73-ാം പേജിലാണ് നമഃശിവായ അയല്‍ക്കൂട്ടം സെക്രട്ടറി സജിത ജയരാജിന്റെ വരികള്‍.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education