തല്‍സമം പാലയത്ത് വയല്‍

ടി.വി.വിനോദ്‌

07 Sep 2012

സ്വന്തം വാര്‍ത്താ ചാനലും പോസ്റ്റോഫീസും മ്യൂസിയവുമൊക്കെയായി മികവിന്റെ കഥപറയുകയാണ് ആദിവാസി മേഖലയിലുള്ള ഈ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും.

കാടിന് നടുവിലെ ഒരു സ്‌കൂള്‍. കാനനപാതകള്‍ താണ്ടി ഏറെദൂരം നടക്കണം ഇവിടെയെത്താന്‍. പഠിക്കുന്നവരില്‍ പകുതിയോളം ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍. പക്ഷേ, ലോകത്തെവിടെയും സംഭവിക്കുന്ന വാര്‍ത്തകള്‍ ഞൊടിയിടയില്‍ ഇവിടെയെത്തും. അതും സ്വന്തം ചാനലിലൂടെതന്നെ. പാലയത്തുവയല്‍ ഗവ.യു.പി.സ്‌കൂളിനെക്കുറിച്ചാണ്. കണ്ണൂര്‍ ജില്ലയില്‍ കോളയാട് പഞ്ചായത്തിലെ പെരുവയിലുള്ള ഈ വിദ്യാലയം സംസ്ഥാനത്ത് സ്വന്തമായി വാര്‍ത്താ ചാനലുള്ള സ്‌കൂളെന്ന ഖ്യാതി നേടിയിരിക്കയാണ്.
രാജ്യത്തിനകത്തും പുറത്തും നാട്ടിലും സ്‌കൂളിലുമുള്ള വാര്‍ത്തകള്‍ അപ്പപ്പോള്‍ കുട്ടികളുടെ മുന്നിലെത്തും.

വാര്‍ത്തകള്‍ തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും കുട്ടികള്‍തന്നെ. ഇതിനായി പ്രത്യേക സ്റ്റുഡിയോയുമുണ്ട്. ക്യാമറയില്‍ ചിത്രീകരണ പരിപാടികള്‍ ഓരോ ക്ലാസിലുമുള്ള എല്‍.സി.ഡി. ടി.വി. വഴി കുട്ടികള്‍ക്കുമുന്നിലെത്തും.

അവഗണനയെക്കുറിച്ചും പരിമിതികളെക്കുറിച്ചും പരിതപിക്കാതെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങാന്‍ കെല്‍പ്പുള്ള ഒരുകൂട്ടം അധ്യാപകരുടെ ശ്രമമാണ് ടി.വി. ചാനല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്.

ടി.വി. മാത്രമല്ല, സ്വന്തമായി പോസ്റ്റോഫീസും ഗണിത ലാബും മ്യൂസിയവുമൊക്കെ ഒരുക്കി മുന്നോട്ടുപോകുകയാണ് ഈ വിദ്യാലയം.

കാനനപാതകള്‍ താണ്ടി സ്‌കൂള്‍ യാത്ര

കുട്ടികളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍സ്‌കൂളുകളില്‍പ്പോലും ലക്ഷങ്ങള്‍ ചെലവഴിച്ച് വാഹനം വാങ്ങുമ്പോള്‍ പാലയത്തുവയല്‍ ഗവ. യു.പി.സ്‌കൂളിലെ കുട്ടികള്‍ക്ക് ഇന്നും കാല്‍നടയാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് കാനനപാതയിലൂടെ കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. ഇതിന്റെ യഥാര്‍ഥ നേട്ടം കായിക മത്സരത്തിലാണ് കാണുന്നത്. കായികമേളയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപജില്ലാ വിജയപട്ടം സ്‌കൂളിനാണ്. പ്രവൃത്തിപരിചയമേളകളിലും കലാമേളകളിലും കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

രാപകലില്ലാതെ പരിശീലനം നല്‍കിയാണ് അധ്യാപകര്‍ കുട്ടികളെ മത്സരവേദിയിലെത്തിക്കുന്നത്.

മേളകളുടെ വിളംബരം വന്നാല്‍ സ്‌കൂളില്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി. ടൈംടേബിളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തും. രാവിലെ നേരത്തെ ക്ലാസ് തുടങ്ങി ഉച്ചയ്ക്ക് അവസാനിപ്പിക്കും. തുടര്‍ന്ന് പരിശീലന സമയമാണ്. ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അധ്യാപകര്‍ അതിനുതക്ക പരിശീലനവും അവര്‍ക്ക് നല്കുന്നു. ''കഴിവിന്റെ കാര്യത്തില്‍ സമ്പന്നരാണ് ഞങ്ങളുടെ കുട്ടികള്‍. ആത്മവിശ്വാസത്തോടെ മത്സരങ്ങളെ സമീപിക്കാന്‍ അവസരം നല്കിയാല്‍ മതി. നേട്ടങ്ങള്‍ അവര്‍ കൊണ്ടുവരും.'' പ്രധാനാധ്യാപകന്‍ ജയരാജന്‍ മാഷിന്റെ ഈ വാക്കുകള്‍ക്ക് മുറിയില്‍ നിരന്നിരിക്കുന്ന ട്രോഫികള്‍ സാക്ഷി.

കഴിഞ്ഞവര്‍ഷം വിദ്യാഭ്യാസ വകുപ്പിന്റെ 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് യു.പി.സ്‌കൂളില്‍ ഒന്നാകാന്‍ പാലയത്തുവയലിനായി. ഒരു ലക്ഷം രൂപയുടെ ഐ.ടി. ഉപകരണങ്ങളാണ് സ്‌കൂളിലെത്തിയത്.

ഗോത്രസംസ്‌കാരക്കാഴ്ചകള്‍

'ഗോത്രസംസ്‌കൃതി ശേഷിപ്പുകളുടെ ആലയം.' സ്‌കൂളിലെ മ്യൂസിയത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ആദിവാസി സമൂഹത്തിന്റെ, പ്രത്യേകിച്ച് കുറിച്യ വിഭാഗത്തിന്റെ ജീവിതവും സംസ്‌കാരവും അറിയാനാകുന്ന വസ്തുക്കള്‍ ഇവിടെയുണ്ട്.

മീന്‍പിടിക്കാനുപയോഗിക്കുന്ന 'കുരച്ചില്‍', സാധനങ്ങള്‍ സൂക്ഷിക്കാനുള്ള 'പുടുക്കൂട്ട്', കല്ലുകൊണ്ട് പക്ഷികളെ എയ്തുവീഴ്ത്തുന്ന 'തെറ്റാലി', വന്യമൃഗങ്ങളെ തുരത്താനുള്ള 'പന്നിയോട്ടി', പശുവിനെ മേയാന്‍ വിടുന്ന 'തട്ട', മുളങ്കുഴലില്‍ മണ്ണെണ്ണ നിറച്ച് സ്‌ഫോടനമുണ്ടാക്കാന്‍ കഴിയുന്ന 'മുളവെടി' എന്നിവ ഉള്‍പ്പെടെ കുറിച്യരുടെ ജീവിതത്തെ തൊട്ടെടുക്കാവുന്നതാണ് ഇവിടത്തെ ശേഖരം.

പാളയത്തുവയലാണ് പാലത്തുവയലായത് എന്ന സൂചന നല്കുന്ന 'പീരങ്കിയുണ്ട'കളും ഇവിടെ കാണാം. ആദ്യകാലത്ത് രാജാക്കന്മാരുടെ സൈനിക പാളയമായിരുന്നു ഇവിടെ. ഇവയ്ക്കുപുറമെ കുട്ടികളുടെ നിര്‍മാണവസ്തുക്കളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അഞ്ചലോട്ടക്കാര്‍ തിരക്കിലാണ്

ഗ്രാമങ്ങളില്‍നിന്ന് തപാലാപ്പീസും കത്തുകളും അപ്രത്യക്ഷമാകുമ്പോള്‍ പാലയത്തുവയല്‍ സ്‌കൂളില്‍ 'അഞ്ചലോട്ടക്കാര്‍' സക്രിയമാണ്. സ്വയം നിര്‍മിച്ച കവറില്‍ പ്രധാനാധ്യാപകനുമുതല്‍ സഹപാഠികള്‍ക്കുവരെ കുട്ടികള്‍ നിരന്തരം എഴുത്തയക്കുന്നു. പഠനകാര്യങ്ങളിലെ പ്രയാസങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളുമൊക്കെ കത്തുകളിലൂടെ അധ്യാപകര്‍ക്കുമുന്നിലെത്തും. കുട്ടികളുടെ പ്രയാസങ്ങളറിയാന്‍വേണ്ടി പരാതിപ്പെട്ടി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിന് മുമ്പേ പാലയത്തുവയല്‍ സ്‌കൂളില്‍ 'മെയില്‍ ബോക്‌സ്' തുറന്നിരുന്നു.

പോസ്റ്റുമാനും പോസ്റ്റുമാസ്റ്ററും മെയില്‍ കാരിയറും സോര്‍ട്ടിങ് അസിസ്റ്റന്റും മുതല്‍ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ വരെ തപാലോഫീസിലുണ്ട്. ഗീത ടീച്ചറാണ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍.

പരിമിതമായ ഭാഷാ ജ്ഞാനത്തില്‍നിന്ന് കാടിന്റെ മക്കളെ പുറത്തുകടത്തി അവര്‍ക്ക് ഭാഷയുടെ പുതുവഴി വെട്ടിയൊരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തപാലാപ്പീസെന്ന് അധ്യാപകനായ എ.പി.രാജേഷ് പറയുന്നു.

കണക്കിന്റെ കാര്യം 'കണക്കാ'ണെന്ന് സ്‌കൂളിലെ ഗണിത ലാബിലെത്തുന്നവരാരും പറയില്ല. ലളിതമായ ഗുണനവും ഹരണവും മുതല്‍ സങ്കീര്‍ണമായ ജ്യാമിതീയ രൂപങ്ങള്‍വരെയുള്ള ഗണിത ലാബ് കുട്ടികളെ കണക്കിന്റെ തോഴന്മാരാക്കുന്നു. ഓരോന്നിന്റെ എളുപ്പവഴികളും പഠന രൂപങ്ങളും ആകര്‍ഷകമായി ലാബില്‍ ആലേഖനംചെയ്തിട്ടുണ്ട്. ഗണിതശാസ്ത്രജ്ഞന്മാരുടെ ജീവചരിത്ര കുറിപ്പുകളുമുണ്ട്.

വൈകിട്ട് 3.30 ആയാല്‍ പിന്നെ പാട്ടിന്റെ സമയമാണ്. അധ്യാപകന്‍ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌കൂളിലെ സംഗീത ക്ലബ്ബില്‍ കുട്ടികള്‍ ആവേശത്തിലാണ്. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ, യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത, പോഷകാഹാരക്കുറവ് തുടങ്ങിയ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും അവയെല്ലാം തരണംചെയ്ത് മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍.

കഴിഞ്ഞവര്‍ഷം സ്‌കൂളിലേക്ക് ഒരു കാര്‍ വിലയ്ക്കുവാങ്ങിയത് വേറൊരു വിശേഷം. പഴയ അംബാസഡര്‍ കാര്‍. പഴയതാണെങ്കിലും പാലത്തുവയലിലെ കാട്ടുവഴികള്‍ താണ്ടുന്നു.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education