കഥയല്ല ഇതു ജീവിതം

രാഘവന്‍ മാണിയാട്ട്

04 Sep 2012

ഇരുപത്തിമൂന്ന് വര്‍ഷത്തെ തെരുവുജീവിതം സമ്മാനിച്ച അനാഥത്വവുമായി സാവിത്രി അന്തര്‍ജനവും ബാലകൃഷ്ണനും തൃക്കരിപ്പൂരിന്റെ തെരുവോരത്തുണ്ട്. ആരാധനയില്‍നിന്നുള്ള ഹൃദയബന്ധം. അതിപ്പോഴും മുറിയാതെ ബാക്കിനില്‍ക്കുന്നു. മുപ്പത്തിനാലുവര്‍ഷംമുമ്പ് മംഗലാപുരം വെന്‍ലോക്ക് ആസ്​പത്രിയില്‍ മൊട്ടിട്ട പ്രണയം. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വേര്‍പിരിക്കാന്‍ കഴിയാത്ത ഹൃദയബന്ധമായിത്തീര്‍ന്നു അത്.

ഏതോ സന്ധ്യയില്‍, ഏതോ മുഹൂര്‍ത്തത്തിലായിരുന്നു ഇവരുടെ കണ്ടുമുട്ടല്‍. അത് പ്രണയമായി. എല്ലാ ദുരിതങ്ങളിലും മൃദുവായ തലോടലായി ആ പ്രണയം മനസ്സില്‍ നിറഞ്ഞുനിന്നു.
ഇന്ന് തെരുവുപട്ടികളോടും മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയില്‍ അഴിഞ്ഞാടുന്നവരോടും കലഹിച്ച് ചോര്‍ന്നൊലിക്കുന്ന കടവരാന്തയില്‍ ഇവര്‍ കഴിയുന്നു. വാര്‍ധക്യത്തിലെത്തിയ ഇവര്‍ക്കിനി സ്വപ്നങ്ങളും മോഹങ്ങളുമില്ല .
വര്‍ഷങ്ങള്‍ക്കുമുമ്പ് മംഗലാപുരത്തെ അനീഷ് ബേക്കറിയിലെ മികച്ച തൊഴിലാളിയായിരുന്നു ബാലകൃഷ്ണന്‍. തലശ്ശേരിയിലെ പരേതരായ ചെക്കായിയുടെയും പടിക്കക്കണ്ടി നാണിയുടെയും ഏകമകന്‍. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു. അമ്മ വേറെ വിവാഹം കഴിച്ചു. ഏഴാംതരം കഴിഞ്ഞ് പതിന്നാലാം വയസ്സില്‍ ജോലിക്കായി അയല്‍വാസിയോടൊപ്പം തമിഴ് നാട്ടിലെത്തി. തുന്നല്‍ക്കടയില്‍ ഒന്നര വര്‍ഷം ജോലി ചെയ്തു. പിന്നെ നാട്ടിലെത്തി തലശ്ശേരിയില്‍ ബേക്കറിപ്പണി പഠിച്ചു. തുടര്‍ന്നാണ് മംഗലാപുരത്തെ അനീഷ് ബേക്കറിയിലെത്തിയത്.അമ്മ നാണിയെ ഒരു ശസ്ത്രക്രിയക്കായി മംഗലാപുരം വെന്‍ലോക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച സമയം. ബാലകൃഷ്ണന്‍ തന്റെ ജോലിക്കിടയിലാണ് അമ്മയെ നോക്കിയിരുന്നത്. ആസ്​പത്രിയിലെ തൊട്ടടുത്ത ബെഡ്ഡില്‍ പയ്യന്നൂര്‍ കാളീശ്വരത്തെ സാവിത്രി അന്തര്‍ജനം ഉണ്ടായിരുന്നു. വയറ്റിലെ അസുഖത്തെത്തുടര്‍ന്ന് അവര്‍ ഏറെക്കാലം ആസ്​പത്രിയിലായിരുന്നു. വീട്ടുകാര്‍ വന്നു നോക്കുന്നത് അപൂര്‍വമായിരുന്നുവത്രെ.

ബാലകൃഷ്ണന്റെ അമ്മ നാണിയുമായി സാവിത്രി ഉണ്ടാക്കിയ സൗഹൃദം ബാലകൃഷ്ണനിലെത്തി. ആ ബന്ധം വളര്‍ന്നു. സാവിത്രിക്കുവേണ്ട ഭക്ഷണവും മരുന്നും ബാലകൃഷ്ണനെത്തിച്ചു. അമ്മ ചികിത്സകഴിഞ്ഞ് പോയിട്ടും ബാലകൃഷ്ണന്‍ ആസ്​പത്രിയിലെത്തി സാവിത്രിക്കുവേണ്ട സഹായങ്ങള്‍ ചെയ്തു. ചികിത്സ കഴിഞ്ഞ് അവരെ വീട്ടിലെത്തിച്ചത് ബാലകൃഷ്ണനായിരുന്നു. സാവിത്രി അന്തര്‍ജനത്തിന്റെ വേളി കോഴിക്കോട്ടുള്ള ഒരു നമ്പൂതിരിയുമായി നേരത്തെ നടന്നിരുന്നെങ്കിലുംബന്ധം നിലവിലുണ്ടായിരുന്നില്ല.

ബാലകൃഷ്ണന്‍ സാവിത്രിയെ കാണാന്‍ കാളീശ്വരത്തെത്തി. ഇവരുടെ ബന്ധം ചര്‍ച്ചയായപ്പോള്‍ നാട്ടില്‍ എതിര്‍പ്പുകളുയര്‍ന്നു. ഒരു ദിവസം ബാലകൃഷ്ണനോടൊപ്പം സാവിത്രി മന വിട്ടിറങ്ങി. മംഗലാപുരത്തെ ജോലി മതിയാക്കി ബാലകൃഷ്ണന്‍ തൃക്കരിപ്പൂരിലെത്തി. പറയമ്മാനത്തെ വാടക വീട്ടിലായിരുന്നു ആദ്യ താമസം. ഇവിടെനിന്ന് ആയിറ്റിയിലേക്ക് മാറി. തൃക്കരിപ്പൂരും പരിസരത്തുമുള്ള ബേക്കറികളില്‍ ജോലിചെയ്തു.

പിന്നീടെപ്പോഴോ സാവിത്രിയുടെ മാനസികനില താറുമാറായി. ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ അവരും കൂടെയിറങ്ങും. പണി തീരുന്നതുവരെ പുറത്തു കാത്തിരിക്കും.അവര്‍ക്ക് ബാലകൃഷ്ണന്റെ സാമീപ്യമില്ലാതെ ജീവിക്കാന്‍പറ്റാത്ത അവസ്ഥ വന്നപ്പോള്‍ അദ്ദേഹം ജോലി മതിയാക്കി. കൈയിലുണ്ടായിരുന്ന പൈസ തീര്‍ന്നതോടെ വാടക നല്‍കാനാവാതെ ചട്ടിയും പാത്രങ്ങളുമെടുത്ത് തെരുവിലിറങ്ങി. കടലാസുകളും കാര്‍ഡ്‌ബോര്‍ഡുകളും പെറുക്കിക്കിട്ടുന്ന ചില്ലിക്കാശുകൊണ്ട് ഇരുവരും അരവയര്‍ നിറച്ചു. തൃക്കരിപ്പൂര്‍ വെള്ളാപ്പ് റെയില്‍വേ ഗേറ്റിന് തെക്കുഭാഗത്തുള്ള മരച്ചോട്ടില്‍ അടുപ്പുകൂട്ടി. രാത്രിയാകുമ്പോള്‍ തൊട്ടടുത്ത 'പൊന്നാനി' കെട്ടിട വരാന്തയില്‍ അന്തിയുറങ്ങി. രണ്ടുവര്‍ഷത്തോളം ഇവിടെയായിരുന്നു. പിന്നീട് ഒരു കടവരാന്തയില്‍ സ്ഥിരതാമസമാക്കി. പട്ടിണികൊണ്ട് വലയുമ്പോഴും ഇവര്‍ ആരുടെ മുന്നിലും കൈനീട്ടിയില്ല. കടലാസുകളും കാര്‍ഡ്‌ബോര്‍ഡുകളും പെറുക്കിക്കിട്ടുന്ന ചില്ലിക്കാശുകൊണ്ട് ജീവിച്ചു.

ജീവിതസൗഭാഗ്യങ്ങള്‍ നഷ്ടസ്വപ്നമായ സാവിത്രി അന്തര്‍ജനത്തിന് ഇന്നലെകളെപ്പറ്റി പറയാന്‍ മടിയാണ്. സാവിത്രി ബാലകൃഷ്ണനെ വിളിക്കുക 'പോറ്റച്ചന്‍' എന്നാണ്. ഒപ്പം താമസിക്കുന്നെങ്കിലും തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരല്ല എന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. ഇപ്പോള്‍ ആറുവര്‍ഷമായി കടവരാന്തയില്‍തന്നെയാണ് താമസം. കൊടും തണുപ്പിലും മഴയിലും സിമന്റ് തറയില്‍ ഈ രണ്ട് ജീവിതങ്ങള്‍ രാവും പകലും തള്ളിനീക്കുന്നു.

തലശ്ശേരിയില്‍ സ്വന്തമായി സ്ഥലവും വീടുമുണ്ടെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. ബന്ധുക്കള്‍ നല്ല നിലയിലുമാണ്. ''ഞാന്‍ പോയാല്‍ ആ പാവത്തിന് ആരും ഉണ്ടാകില്ല. അന്തര്‍ജനം അവിടുത്തേക്ക് വരികയുമില്ല. കുടുംബപരമായിനോക്കിയാല്‍ അവര്‍ ഇവിടെ കഴിയേണ്ടവരല്ല''- ബാലകൃഷ്ണന്‍ പറയുന്നു.

കാല്‍നൂറ്റാണ്ടോളമുള്ള തെരുവുജീവിതം ബാലകൃഷ്ണനെ തളര്‍ത്തിയിരിക്കുന്നു. അലക്കും കുളിയും കുറഞ്ഞിരിക്കുന്നു. ഒഴിഞ്ഞ വരാന്തയില്‍ ചിന്താമഗ്‌നനായി അങ്ങനെയിരിക്കും. ചില ദിവസങ്ങളില്‍ കുറച്ച് പൈസ കൈയില്‍ വരും. അന്ന് വീട്ടുസാധനങ്ങള്‍ വാങ്ങിക്കൂട്ടും.പാത്രങ്ങളും ബക്കറ്റുകളും പീടിക വരാന്തയിലെ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ ധാരാളമുണ്ട്. ചിലപ്പോള്‍ ഒരു കവറുമായി ബാലകൃഷ്ണന്‍ കിലോമീറ്ററുകളോളം നടക്കും.

രാഷ്ട്രീയ നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വീടുകള്‍ തേടിയെത്തും. സംസ്ഥാന മന്ത്രിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും രാഷ്ട്രപതിക്കുമൊക്കെ അയച്ച നിവേദനങ്ങളുടെ പകര്‍പ്പുകളും അതിലുണ്ടാകും. ചില നേരങ്ങളില്‍ ബാലകൃഷ്ണന്റെയും സമനില തെറ്റിയപോലെയാണ്. അപ്പോള്‍ ഏകനായിരുന്ന് പിറുപിറുത്തുകൊണ്ടിരിക്കും. ബാലകൃഷ്ണനും സാവിത്രി അന്തര്‍ജനവും ഇന്ന് തൃക്കരിപ്പൂരിന്റെ ഭാഗമാണ്. ഗ്രാമപ്പഞ്ചായത്തിന്റെ അഗതി പുനരധിവാസ പദ്ധതിയില്‍ ഗുണഭോക്തൃ പട്ടിക പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് ഇവരായിരുന്നു. വീട് എന്ന സ്വപ്നം ഇല്ലാത്ത ഇവര്‍ക്ക് പഞ്ചായത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല.

തലശ്ശേരിയില്‍ വീടും സ്ഥലവും ഉണ്ടെന്നുപറയുന്ന ബാലകൃഷ്ണന് അന്തര്‍ജനത്തെ അഗതി മന്ദിരത്തില്‍ ആക്കുന്നതില്‍ താത്പര്യമാണ്. എന്നാല്‍ അവരെക്കാണ്ട് ഇത് സമ്മതിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. സ്‌നേഹിച്ചും കലഹിച്ചും കഴിയാന്‍ അവര്‍ക്ക് ബാലകൃഷ്ണന്റെ സാമീപ്യം വേണം.

തെരുവുജീവിതം നയിക്കുന്ന ഈ പാവങ്ങള്‍ക്ക് സുരക്ഷ വേണം. മനസ്സിന്റെ സമനില വീണ്ടെടുക്കാന്‍ ചികിത്സ വേണം. മരുന്ന് വേണം, ആഹാരം വേണം.ഇവര്‍ക്ക് വേര്‍പിരിഞ്ഞ് കഴിയാനാവില്ല. മനഃശാസ്ത്രജ്ഞരുടെയും അധികൃതരുടെയും ഇടപെടല്‍ ഉണ്ടായേ തീരൂ.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education