തളരാതെ ഈ കവി

03 Sep 2012

എണ്‍പതാം വയസ്സിലും കെ.സി. ഫ്രാന്‍സിസ് എഴുതിക്കൊണ്ടേയിരിക്കുകയാണ്. അറിയപ്പെടാന്‍ വേണ്ടിയല്ല അന്നും ഇന്നും എഴുതുന്നത് എന്നുമാത്രം. കെ.സി. ഫ്രാന്‍സിസ് എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട. ന്യൂസ്‌പേപ്പര്‍ ബോയ് എന്ന ആദ്യ മലയാള ചിത്രത്തിലെ ഗാനരചയിതാവ് കെ.സി. പൂങ്കുന്നം തന്നെയാണീ കെ.സി.ഫ്രാന്‍സിസ്. അമ്പത്തിരണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ കവിതാ ജീവിതം 2012 മാര്‍ച്ചില്‍ പുറത്തിറങ്ങിയ 'നൂറു പുഞ്ചിരികള്‍ വിരിയട്ടെ' എന്ന മിനിക്കഥകള്‍ വരെ എത്തുമ്പോള്‍ ഫ്രാന്‍സിസിന് സംതൃപ്തി മാത്രം.

കോളേജ് പഠനകാലത്താണ് 'പത്തു കക്കകള്‍' എന്ന ആദ്യ കവിത മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നത്. പിന്നീട് മൂന്നു വര്‍ഷം തുടര്‍ച്ചയായി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. അക്കാലത്താണ് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ സഹപാഠിയും സുഹൃത്തുമായ രാംദാസ് ആദ്യമായി ചലച്ചിത്രമെടുക്കാന്‍ പോകുന്നുണ്ടെന്നറിയിച്ചത്. ഗാനരചനയുടെ ചുമതല ഫ്രാന്‍സിസിനെ ഏല്‍പ്പിച്ചു.

''ട്യൂണിട്ടാണ് പാട്ടെഴുതിയത്. അങ്ങനെയെങ്കില്‍ കവിതയുടെ ഒഴുക്ക് കിട്ടില്ല. ഷര്‍ട്ടുണ്ടാക്കി ആളെ തിരയുന്ന പോലെയാണത്. ആറു പാട്ടുകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പ്രതിഫലമൊന്നും കിട്ടിയില്ല. പിന്നെയും ചിലരൊക്കെ പാട്ടെഴുതാനായി വിളിച്ചു. അധ്യാപകജോലി ഉപേക്ഷിച്ചു പോകാന്‍ അപ്പന്‍ സമ്മതിച്ചില്ല. പിന്നെ കവിതയെഴുത്തു മാത്രമായി.''- ഫ്രാന്‍സിസിന്റെ ഓര്‍മകള്‍ക്ക് നല്ല തെളിച്ചം.

പ്രണയമായിരുന്നു കവിതയെഴുത്തിന് പലപ്പോഴും മുഖ്യവിഷയം. ആള്‍ദൈവങ്ങള്‍ പോലുള്ള വിവാദവിഷയങ്ങളില്‍ കൈവച്ചതോടെ വാനോളം പുകഴ്ത്തിയ പ്രസാധകരില്‍ പലരും പില്‍ക്കാലത്ത് കൈയൊഴിയുകയും ചെയ്തു. മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ അധ്യാപകനായിരിക്കെ എഴുതിയ 'ഉച്ചഭാഷിണിയുടെ ഉത്തരം' അത്തരത്തിലൊരു കവിതയായിരുന്നു. നൂറ്റിയെഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇറക്കിയ സ്‌കൂള്‍ മാഗസിന്‍ 'തഴമ്പി'ല്‍ അടുത്തിടെ ആ കവിത വീണ്ടും വെളിച്ചം കണ്ടു. അതിന്റെ കോപ്പി ഫ്രാന്‍സിസ് സംഘടിപ്പിച്ചിട്ടുണ്ട്.

ഡി.സി. അടക്കമുള്ള മലയാളത്തിലെ പ്രമുഖ പ്രസാധകര്‍ എട്ടോളം കവിതാസമാഹാരങ്ങള്‍ പുറത്തിറക്കി. അഞ്ഞൂറോളം ഇംഗ്ലീഷ് കവിതകള്‍ വിവര്‍ത്തനം ചെയ്തു. എന്നും സുഹൃത്തുക്കള്‍ മാത്രമായിരുന്നു ഫ്രാന്‍സിസിന് പ്രോത്സാഹനം. പൂങ്കുന്നം കുട്ടന്‍കുളങ്ങര ക്ഷേത്രത്തിനടുത്ത് കൊള്ളന്നൂര്‍ വീട്ടില്‍ ഫ്രാന്‍സിസിനു കൂട്ടായി ഭാര്യ കാതറിനും ഇളയമകന്‍ ഫേവറും കുടുംബവുമുണ്ട്. മൂത്ത മക്കളായ സോണിയയും സെബിയും മുംബൈയിലാണ്.
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education