ശ്രീയാത്തൂണ്‍! ചിലങ്കകള്‍ ഇപ്പോഴും കിലുങ്ങുന്നു!

അരുണ്‍ കെ. നാണു

01 Sep 2012

എസ്.കെ. പൊറ്റെക്കാടിന്റെ കഥാപാത്രത്തെ തേടിയൊരു യാത്ര- ബാലിദ്വീപിലേക്ക്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരു നിയോഗംപോലെ അവര്‍ മുന്നില്‍ വരുന്നു- ശ്രീയാത്തൂണ്‍ എന്ന രാജകുമാരി!

വര്‍ഷങ്ങള്‍ക്കു മുമ്പ്, കോളേജ് പഠനകാലത്ത് എസ്.കെ. പൊറ്റെക്കാടിന്റെ 'ബാലിദ്വീപ്' വായിച്ചപ്പോള്‍ ഈ പേരാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ഞാന്‍ വായിക്കുന്ന ആദ്യത്തെ സാഹിത്യപുസ്തകം 'ബാലിദ്വീപ്' ആയിരുന്നു. പിന്നീട് എത്രതവണ ആ പുസ്തകം വായിച്ചു എന്നറിയില്ല. എല്ലാതവണ വായിച്ചുതീരുമ്പോഴും 'ശ്രീയാത്തൂണ്‍' എന്ന പേര് മനസ്സില്‍ക്കിടന്ന് കിലുങ്ങും.

1958ല്‍ ബാലിദ്വീപില്‍ എത്തിയ എസ്.കെ.യുടെ ആതിഥേയന്‍ രാജവംശജനും ഉബൂദ് എന്ന ഗ്രാമത്തിന്റെ അധിപനുമായ ചെക്കോര്‍ദ്ദെ അംഗൂംഗ് എന്നയാളായിരുന്നു. ചൊക്കോര്‍ദ്ദെയുടെ ആദ്യ ഭാര്യയിലെ മകളാണ് ശ്രീയാത്തൂണ്‍. എസ്.കെ. ചെന്നപ്പോള്‍ അവള്‍ക്ക് പത്തു വയസ്സായിരുന്നു. 'ബാലിദ്വീപ്' എഴുതിയപ്പോള്‍ എസ്.കെ. ഒരദ്ധ്യായം മുഴുവന്‍ അവള്‍ക്കായി നീക്കിവെച്ചു. അദ്ദേഹം എഴുതി: 'എന്റെ ആതിഥേയന്‍ ചൊക്കോര്‍ദ്ദെക്ക് പത്തുവയസ്സായ ഒരു മകളുണ്ട്. ശ്രീയാത്തൂണ്‍ എന്നാണ് പേര്. ശ്രീയാത്തൂണ്‍- എന്തൊരു ശബ്ദമാധുര്യമുള്ള പേര്!'

ചൊക്കോര്‍ദ്ദെയുടെ കൊട്ടാരത്തില്‍ താമസിച്ച എസ്.കെ. ഈ കൊച്ചുരാജകുമാരിയുടെ 'കുപ്പുകുപ്പുച്ചാരൂണ്‍' എന്ന പാപ്പാത്തി നൃത്തം കാണുന്നുണ്ട്. അവളുടെ കൈപിടിച്ച്, വയലുകളും പറമ്പുകളും താണ്ടി ഉള്‍നാട്ടിലെ അമ്പലത്തില്‍ ഉത്സവം കാണാന്‍ പോകുന്നുണ്ട്. അവളെക്കുറിച്ചുള്ള വര്‍ണനകള്‍ എസ്.കെ. വാരിവിതറിയിരിക്കുന്നു.

വര്‍ഷങ്ങളിലൂടെ അതു വായിച്ചുവായിച്ച് മനസ്സില്‍ ബാലിയും അവിടത്തെ രാത്രികളും ഉത്സവങ്ങളും ഗ്രാമദൃശ്യങ്ങളും നിറഞ്ഞു. എല്ലാറ്റിനും മുകളിലായി ശ്രീയാത്തൂണ്‍ എന്ന, നൃത്തം ചെയ്യുന്ന രാജകുമാരിയും. അവളിപ്പോള്‍ ഉണ്ടാവുമോ? ഉണ്ടെങ്കില്‍ത്തന്നെ എത്ര വയസ്സായിട്ടുണ്ടാവും? അവളുടെ കൈപിടിച്ച് ഉത്സവപ്പറമ്പിലൂടെ നടന്ന ആ മനുഷ്യനെ ഓര്‍ക്കുന്നുണ്ടാവുമോ? ഒരുപാട് ചോദ്യങ്ങളായിരുന്നു മനസ്സു നിറയെ. ഇതാണ് ബാലിദ്വീപിലേക്കുള്ള വഴിതേടാന്‍ പ്രേരിപ്പിച്ചത്.

കോഴിക്കോട്ട് ബിസിനസ് നടത്തുന്ന സുഹൃത്ത് ബിജുവിനൊപ്പമാണ് ഞാന്‍ ബാലിദ്വീപിലേക്ക് യാത്രതിരിച്ചത്- 2008ല്‍. ക്വലാലംപുര്‍ വഴി ഞങ്ങള്‍ ബാലിയിലേക്ക് പറന്നു. വിമാനത്തില്‍ ഇരുന്നുകൊണ്ട് എസ്.കെ.യുടെ 'ബാലിദ്വീപ്' മാറിമാറി വായിച്ചു. രണ്ടുപേരും എത്രയോ തവണ വായിച്ചതാണ്. എന്നിട്ടും മതിവരുന്നില്ല. ഓരോ വായനയിലും ശ്രീയാത്തൂണ്‍ മനസ്സില്‍ നൃത്തംചെയ്തു. ആ രാജകുമാരിയെക്കുറിച്ചുള്ള ആലോചനകള്‍ നിറഞ്ഞു.

ഡെന്‍പസാര്‍ നഗരത്തില്‍ മുറിയെടുത്തു. ബാലിയിലെ ഗ്രാമത്തിന്റെ എല്ലാ തുടിപ്പുകളും ശരീരത്തില്‍ പേറുന്ന സുകര്‍മ എന്ന യുവാവായിരുന്നു ഹോട്ടലില്‍ ഞങ്ങളുടെ റൂം ബോയ്. അവന്റെ സഹായത്തോടെ ഞങ്ങള്‍ പല ഗ്രാമങ്ങളിലും പോയി, ക്ഷേത്രങ്ങള്‍ കണ്ടു, ഉത്സവങ്ങള്‍ കൂടി. പോകുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ ശ്രീയാത്തൂണിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ എല്ലാവരും കൈമലര്‍ത്തി. ഏതൊക്കെയോ ഇടവഴികളിലൂടെയും നാട്ടുപാതകളിലൂടെയും ചെന്ന് അന്വേഷിച്ചു. ഉബൂദില്‍ത്തന്നെ ചെന്ന് അന്വേഷിച്ചു. അങ്ങനെയൊരു രാജകുമാരിയെപ്പറ്റി അവരാരും കേട്ടിട്ടേയില്ല. സുകര്‍മ ഞങ്ങളെ അവന്റെ ഗ്രാമത്തിലെ ഒരു ഉത്സവം കാണാന്‍ കൊണ്ടുപോയി. എസ്.കെ. വിവരിച്ചുതന്നതുപോലെതന്നെയുള്ള തനി ബാലി ഉത്സവം. അവിടെക്കൂടിയിരുന്നവര്‍ ഞങ്ങളെക്കണ്ട് അമ്പരന്നു. അവിടെയെത്തുന്ന ആദ്യ വിദേശികള്‍ ഞങ്ങളാണ്. ആ തിരക്കുകള്‍ക്കിടയിലും തിരഞ്ഞത് ശ്രീയാത്തൂണിനെ മാത്രം. പക്ഷേ അവളെ മാത്രം കണ്ടുകിട്ടിയില്ല, അവള്‍ മാത്രം മുന്നില്‍ വന്നില്ല.

മൂന്ന് ദിവസത്തെ വിഫലമായ അന്വേഷണത്തിനൊടുവില്‍ ഞങ്ങള്‍ തിരിച്ചുപറന്നു. രാത്രി ബാലിക്കു മുകളിലേക്ക് മുകളിലേക്ക് വിമാനം ഉയര്‍ന്നപ്പോള്‍ പുറത്തേക്കു നോക്കി. താഴെ ദീപങ്ങള്‍ നിറഞ്ഞിരിക്കുന്നു. അവയിലേതോ വെളിച്ചത്തില്‍ക്കുളിച്ച് അവള്‍ ഉണ്ടാവും. ഞങ്ങള്‍ക്ക് പിടിതരാതെ. അപ്പോഴും ഞങ്ങളുടെ കൈയില്‍ പൊറ്റെക്കാടിന്റെ 'ബാലിദ്വീപ്' തുറന്നിരുന്നിരുന്നു.

നാട്ടില്‍ വന്നിട്ടും 'ബാലിദ്വീപ്' വായന തുടര്‍ന്നുകൊണ്ടേയിരുന്നു. എത്രയോ തവണ ശ്രീയാത്തൂണിന്റെ അവ്യക്തരൂപം സ്വപ്നം കണ്ടു. ഒരോ പ്രാവശ്യവും ബാലി വിളിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ മൂന്ന് കൊല്ലത്തിനുശേഷം-2011ല്‍- ഞാനും ബിജുവും വീണ്ടും ബാലിയിലേക്ക് വിമാനം കയറി. ൈകയില്‍ ഒറ്റ പുസ്തകമേ ഉണ്ടായിരുന്നുള്ളൂ, ബാലിദ്വീപ്; മനസ്സില്‍ ഒരു രൂപമേ നിറഞ്ഞിരുന്നുള്ളൂ, എസ്.കെ.യുടെ രാജകുമാരി ശ്രീയാത്തൂണ്‍. ''കാണുമോ ഇത്തവണയെങ്കിലും?''- ഞങ്ങള്‍ പരസ്​പരം ചോദിച്ചു.

ഇത്തവണ സുകര്‍മയോട് ഒരാഴ്ച ലീവെടുക്കാന്‍ പറഞ്ഞു. അവന്‍ കൂടെയുണ്ടെങ്കില്‍ ഭാഷയുടെ പ്രശ്‌നം ഒഴിഞ്ഞുകിട്ടും. അതിരാവിലെ മുറിയില്‍നിന്ന് ഇറങ്ങുന്ന ഞങ്ങള്‍ എത്തുന്ന സ്ഥലത്തെല്ലാം സുകര്‍മവഴി ശ്രീയാത്തൂണിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. ചെക്കൊര്‍ദ്ദെ രാജാവിനെക്കുറിച്ച് ചോദിച്ചു. എല്ലാവരും കൈമലര്‍ത്തി. ദിവസങ്ങള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടേയിരുന്നു.

ഒടുവില്‍ ഒരുദിവസം സന്ധ്യയ്ക്ക് ചീവീടുകളുടെ ശബ്ദംനിറഞ്ഞ ഒരു ഗ്രാമത്തില്‍ ഞങ്ങള്‍ എത്തി. കാഴ്ചയിലും അനുഭവത്തിലും തനി കേരളം തന്നെ. അവിടെ അരമതിലില്‍ ഇരുന്നിരുന്ന ഒരു കൂട്ടം ആളുകളോടും ശ്രീയാത്തൂണിനെക്കുറിച്ചും ചെക്കോര്‍ദ്ദെയെക്കുറിച്ചുമെല്ലാം വിശദമായി ചോദിച്ചു. എല്ലാം കേട്ടശേഷം അതിലൊരാള്‍ പറഞ്ഞു: ''അവരുടെ വീട് ഇവിടെയടുത്താണ്''.

''ദൈവമേ''- എന്റെ ഉള്ളില്‍ നിന്നും ഒരു വിളി ഉയര്‍ന്നു. കഥയിലെ രാജകുമാരി ജീവിച്ചിരിക്കുന്നു...! വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍. വഴികാണിക്കാന്‍ അയാളും ഞങ്ങള്‍ക്കൊപ്പം വന്നു.

വലിയ ഒരു പറമ്പിന്റെ നടുവിലുള്ള വീടാണ് അയാള്‍ കാണിച്ചുതന്നത്. നന്നായി ഇരുട്ട് വീണുകഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ കൈയില്‍ ഒരുതരി വെളിച്ചമില്ല. തപ്പിപ്പിടിച്ച് നടന്നു. എങ്ങും ചീവീടുകളുടെ ശബ്ദം മാത്രം. പെട്ടെന്ന് വീട്ടിനുള്ളില്‍ നിന്നും തിരികള്‍ നിറഞ്ഞ ഒരു താലം പുറത്തേക്കുവന്നു. താലത്തില്‍ നിറയെ പൂക്കളുമുണ്ടായിരുന്നു. വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീയായിരുന്നു താലമേന്തിയിരുന്നത്. തിരിയിലെ വെളിച്ചം വീണ് അവരുടെ മുഖം തുടുത്തിരുന്നു.
മുറ്റത്ത് അപരിചിതരെക്കണ്ട് അവര്‍ നിന്നു. ഞാന്‍ പരുങ്ങിപ്പരുങ്ങിപ്പറഞ്ഞു: ''ഞങ്ങള്‍ ഇന്ത്യയില്‍നിന്നാണ്, ശ്രീയാത്തൂണിനെത്തേടി വന്നതാണ്''.
അതുകേട്ടയുടനെ അവര്‍ പറഞ്ഞു: ''ഇറ്റ്‌സ് മീ... ഐയാം ന്രശീയാത്തൂണ്‍...''

ഇരുട്ടുനിറഞ്ഞ ആ മുറ്റത്തുനിന്ന് ഞങ്ങള്‍ കോരിത്തരിച്ചുപോയി. അന്വേഷിച്ച രാജകുമാരിയിതാ മുന്നില്‍. പൂക്കളും ദീപങ്ങളുമേന്തി, പ്രഭയോടെ...
അവര്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അത് ചെറിയ വീടായിരുന്നു. പിറ്റേന്ന് ഞങ്ങള്‍ ശ്രീയാത്തൂണിന്റെ തറവാടുവീടായ കൊട്ടാരത്തില്‍ ചെന്നു. ഇവിടെയാണ് എസ്.കെ. വന്നു പാര്‍ത്തത്. പത്തു വയസ്സുകാരിയായ ശ്രീയാത്തൂണ്‍ കുപ്പുകുപ്പുച്ചാരൂണ്‍ നൃത്തം ചെയ്തത്.

ശ്രീയാത്തൂണിന് അറുപത്തിനാലു വയസ്സായിരിക്കുന്നു. അമേരിക്കയിലാണ് അവര്‍ പഠിച്ചത്. എസ്.കെ.യുടെ സന്ദര്‍ശനത്തെക്കുറിച്ച് മങ്ങിയ ഓര്‍മകളുണ്ട്. ഒപ്പം മഴ നനഞ്ഞ് ഉത്സവം കാണാന്‍ പോയതും, കല്ലില്‍ത്തട്ടി കാല്‍മുറിഞ്ഞതുമെല്ലാം.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education