വിവാഹത്തിന്റെ ചരിത്രം

നാലപ്പാട്ട് നാരായണമോനോന്‍

22 Aug 2012

ആദ്യകാലങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ വിവാഹം എന്നൊന്നില്ലായിരുന്നു. മൃഗനിര്‍വിശേഷരായിരുന്ന അവര്‍ക്കു കാമനിവൃത്തിക്കു വല്ലതും കാട്ടിക്കൂട്ടണമെന്നല്ലാതെ, അതില്‍ പങ്കുകൊണ്ടിരുന്നവരെ സ്‌നേഹിക്കണമെന്നോ, അതില്‍നിന്നുണ്ടായിത്തീരുന്ന സന്താനങ്ങളുമായി എന്തെങ്കിലും സംബന്ധമുണ്ടെന്നോ ഉള്ള വിചാരം അന്ന് അവരുടെ തലയില്‍ കടന്നിട്ടുണ്ടായിരുന്നില്ല. എന്നല്ല, സ്ത്രീപുരുഷസംഭോഗവും സന്താനോത്പാദനവും തമ്മില്‍ ഒരടുപ്പമുണ്ടെന്നുകൂടി അവര്‍ക്കറിവില്ലായിരുന്നു. ആസ്‌ത്രേലിയയിലെ കാടന്മാര്‍ക്കിടയിലും സൗത്ത് സീ ദ്വീപുകളിലെ അപരിഷ്‌കൃത നിവാസികള്‍ക്കിടയിലും സ്ത്രീപുരുഷസംഭോഗത്തില്‍നിന്നാണ് സന്താനോത്പാദനമുണ്ടാകുന്നതെന്ന സാമാന്യബോധം ഇനിയും കടന്നുകൂടിയിട്ടില്ല. അവരുടെ വിശ്വാസത്തില്‍, സന്താനങ്ങള്‍ ഉണ്ടായിത്തീരുന്നത് ഒരു മൂര്‍ത്തിയുടെ അനുഗ്രഹം കൊണ്ടാണ്; പല മതച്ചടങ്ങുകളുമായി കൂടിമറിഞ്ഞുകിടക്കുന്ന സ്ത്രീപുരുഷസംസര്‍ഗത്തിനു സന്താനോത്്പാദനവുമായി യാതൊരു വിധത്തിലും അടുപ്പമുണ്ടാവാമെന്ന് അവര്‍ ആലോചിച്ചിട്ടില്ല.

അന്നത്തെ മനുഷ്യന്‍, ഹേര്‍ബെര്‍ട്ട് സ്‌പെന്‍സര്‍ പറയുമ്പോലെ, കേവലം സ്വതന്ത്രനായിരുന്നു. അവന് ആരേയും സ്‌നേഹിക്കേണ്ടതില്ല. ആര്‍ക്കും അവന്റെമേല്‍ സ്‌നേഹമുണ്ടാകേണ്ടതുമില്ല. അന്നു കാമവികാരചോദിതനായിരിക്കുമ്പോള്‍ അവന്‍ ഏതു സ്ത്രീയെ മുന്‍പില്‍ക്കണ്ടുവോ അവളെ പിടികൂടും. അപ്പോഴത്തെ കാമനിവൃത്തി വന്നുകഴിഞ്ഞാല്‍പ്പിന്നെ അതിനെപ്പറ്റി ആലോചിച്ചു തലപുണ്ണാക്കാറില്ല. ഈയൊരു കാലത്തിന്റെ നിഴലാട്ടം കുന്തി തന്റെ ഭര്‍ത്താവിനെ സ്ത്രീസ്വഭാവത്തെപ്പറ്റി പറഞ്ഞു ധരിപ്പിക്കുന്നതില്‍ ഏറെക്കുറെ വ്യാപിച്ചുകിടപ്പുണ്ട്.

'രതിസാമ്രാജ്യം' വാങ്ങാം

'ഇന്ധനങ്ങളില്‍ത്തൃപ്തി വരുമാറില്ലഗ്നിക്കു,
സിന്ധുവിന്നില്ല തൃപ്തി വാഹിനികളിലേതും,
അന്തകന്നില്ല സര്‍വജന്തുക്കളിലും തൃപ്തി,
ബന്ധുരാംഗികളായ നാരിമാര്‍ക്കതുപോലേ
പൂരുഷന്മാരില്‍ത്തൃപ്തി വരുമാറില്ലയല്ലോ.
അഗമ്യഗമനമെന്നുള്ളതില്ലംഗനമാര്‍-
ക്കകതാരിങ്കലൊരുനാളുമെന്നറിഞ്ഞാലും:
താതനാകിലും,നിജപുത്രനെന്നിരിക്കിലും,
ഭ്രാതാവാകിലും, മറ്റു പൗത്രാധിയെന്നാകിലും,
സ്വേദിക്കുമല്ലോ യോനി രഹസി കാണുന്നേരം
ഹേതുവേതുമേ വേണ്ടാ കേവലം സ്വാഭാവികം.'

കാലക്രമത്തില്‍ ആ നിലയൊന്നു മാറി, മനുഷ്യന്‍ സാമുദായികജീവിതത്തിലേക്കു കാലെടുത്തുവെച്ചു; മനുഷ്യന്‍ വര്‍ഗീയജീവിതമാരംഭിച്ചു. ഒാരോ വര്‍ഗവും മറ്റെല്ലാ വര്‍ഗങ്ങളും തമ്മില്‍ എപ്പോഴും കലഹിച്ചുകൊണ്ടാണിരുന്നെതെങ്കിലും ആ ഓരോ വര്‍ഗത്തിലുമുള്ള അംഗങ്ങള്‍ തമ്മില്‍ കൂട്ടുകെട്ടു തുടങ്ങി. അതോടുകൂടി ആദിമകാലത്തെ വ്യക്തിസ്വാതന്ത്ര്യം ഒന്നിടുങ്ങി. കൈയൂക്കും സംഘബലവും ഏതു വര്‍ഗത്തിനു കൂടുന്നുവോ, അതു മറ്റു വര്‍ഗങ്ങളെ ജയിച്ചു കീഴടക്കിപ്പോന്നു. അതിനാല്‍ ഓരോ വര്‍ഗത്തിനും തദംഗങ്ങള്‍ തമ്മില്‍ യോജിപ്പും അടുപ്പവും വര്‍ധിപ്പിക്കുന്നത് അത്യാവശ്യമായി. ഈയൊരു വിചാരം വിവാഹംകൊണ്ടുള്ള ബന്ധുത്വത്തെ വര്‍ധിപ്പിക്കുന്നതു നല്ലതാണെന്നു കണ്ടുപിടിച്ചു. അഗത്തീര്‍ഷിയന്മാര്‍ക്കിടയില്‍ ഒരു വര്‍ഗത്തിലെ അംഗങ്ങള്‍ത്തമ്മില്‍ സൗഹാര്‍ദം കൂട്ടുന്നതിനുവേണ്ടി, ഏതു സ്ത്രീയേയും ഏതു പുരുഷനും സ്വീകരിക്കാമെന്ന നിയമം നടപ്പാക്കിയിരുന്നു എന്നും, അതു പിന്നീട് അവരുടെ ഒഴിച്ചുകൂടാത്ത ആചാരമായി എന്നും ഹെറോഡോട്ടസ്സ് എന്ന ചരിത്രകാരന്‍ പ്രസ്താവിക്കുന്നത് ഇവിടെ സ്മരണീയമാണ്. ഇങ്ങനെ ചിലര്‍ വര്‍ഗാംഗങ്ങള്‍ തമ്മില്‍ വിവാഹംമൂലം യോജിപ്പും സ്‌നേഹവും കൂടിവരുന്നുണ്ടെന്നു കണ്ടപ്പോള്‍, അതിനെ മറ്റു വര്‍ഗാംഗങ്ങളും പകര്‍ത്തിയെടുത്തു. കുറേക്കഴിഞ്ഞപ്പോള്‍ വിവാഹം ഒരു സാമുദായികാചാരമായിത്തീര്‍ന്നു- എന്നുവെച്ചാല്‍, വിവാഹത്തിന്മേല്‍ സമുദായം തന്റെ 'സ്വന്തം കൈയൊപ്പും മുദ്രയും വെച്ചു' എന്നു പറയട്ടെ.

കാലക്രമംകൊണ്ടു വിവാഹം സാര്‍വത്രികമായിത്തീര്‍ന്നുവെങ്കിലും അതിന്റെ പരിണാമഗതി പല മാര്‍ഗവിശേഷങ്ങളിലൂടെയും ചവുട്ടിപ്പോന്നിട്ടുണ്ട്. പല രൂപഭേദങ്ങളും അതിനുണ്ടായിത്തീര്‍ന്നിട്ടുണ്ട്. ഹിന്ദുക്കളുടെ ഇടയില്‍ നടപ്പുള്ളവയായി മനു മുതലായ സ്മൃതികര്‍ത്താക്കന്മാര്‍ രേഖപ്പെടുത്തിയ അഷ്ടവിധ വിവാഹങ്ങള്‍ വിവാഹത്തിന്റെ പരിണാമഭേദങ്ങളെ സാമാന്യമായി സൂചിപ്പിക്കുന്നുണ്ടെന്നു സി.വി.വൈദ്യ എന്ന പണ്ഡിതന്‍ സിദ്ധാന്തിക്കുന്നു. അതിനാല്‍ അവയെപ്പറ്റി ഒരു സംക്ഷിപ്തവിവരണം അനാവശ്യമായിരിക്കില്ല.

ആദ്യകാലങ്ങളില്‍ ഒരു ശക്തികൂടിയ സമുദായം ശക്തി കുറഞ്ഞ സമുദായത്തെ ജയിച്ചു കീഴടക്കി അതില്‍നിന്നു കൈയിലാക്കാവുന്നേടത്തോളം ആളുകളെ കൊണ്ടുപോന്നു സ്വന്തം അടിമകളാക്കിവെക്കുക പതിവായിരുന്നു. പുരുഷന്മാരോടുകൂടി സ്ത്രീകളേയും വിജയികള്‍ പിടിച്ചുകൊണ്ടുപോരും. അങ്ങനെ അടിമകളായിക്കിട്ടിയ സ്ത്രീകളെ അവരുടെ ഉടമസ്ഥന്മാരായ സമുദായാംഗങ്ങള്‍ സ്വന്തം ഭാര്യമാരായി കൈക്കൊണ്ടു . യുദ്ധത്തില്‍ ജയിച്ചവര്‍ തോറ്റവരുടെ മറ്റു സ്വത്തുക്കളെയെന്നപോലെ, അപഹരിച്ചെടുത്ത സ്ത്രീകളേയും സ്വന്തമാക്കി എന്ന നിലമാത്രമേ അത്തരം വിവാഹത്തിനുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അന്നത്തെ ഭാര്യമാര്‍ വെറും അടിമകള്‍ മാത്രമായിരുന്നു. ഇത്തരം വിവാഹത്തിനു 'രാക്ഷസം' എന്നു പേര്‍ പറയപ്പെടുന്നു. രാക്ഷസവിവാഹം ഇവിടെ മാത്രമല്ല, ലോകത്തിലെവിടെയും നടപ്പുണ്ടായിരുന്ന ഒന്നാണ്.

ഇന്നത്തെ പല വിവാഹച്ചടങ്ങളുകളിലും രാക്ഷസവിവാഹത്തിന്റെ വ്യാപ്തി വെളിപ്പെടുന്നുണ്ട്. ചില അപരിഷ്‌കൃതവര്‍ഗക്കാര്‍ക്കിടയില്‍ വിവാഹച്ചടങ്ങുകള്‍ നിര്‍വഹിക്കപ്പെട്ടതിനുശേഷം, വധു കാട്ടുപുറങ്ങളിലേക്കു പാഞ്ഞുപോയി ഒളിക്കുന്നു. അവളുടെ ബന്ധുക്കള്‍ അവള്‍ക്കു വേണ്ട ഭക്ഷണസാധനങ്ങള്‍ ആ ഒളിസ്ഥലത്തു കൊണ്ടുചെന്നു കൊടുക്കും. വരന്‍ അവളേയും അന്വേഷിച്ചു നടക്കുന്നു. ബള്‍ഗേറിയയില്‍ നവോഢകള്‍ ഭവനത്തില്‍ത്തന്നെ താമസിച്ചുകൊള്ളണമെന്നും പുറത്തേക്കിറങ്ങിപ്പോകരുതെന്നും വ്യവസ്ഥയുണ്ട്. ബാബര്‍ദ്വീപുകളില്‍ വരന്‍ വധുവിനെ ഇരുട്ടുമുറികള്‍ക്കുള്ളില്‍വെച്ചു തിരഞ്ഞുപിടിക്കണം. ട്രാന്‍സില്‍വേനിയയില്‍ വധു രണ്ടു തോഴിമാരോടുകൂടി ഒരു മറശ്ശീലയ്ക്കുള്ളില്‍ ഒളിച്ചിരിക്കും. വരന്‍ അവരിലാരാണ് തന്റെ വധുവെന്ന് കണ്ടുപിടിക്കണം. എസ്‌തോനിയയില്‍ വധുവിന്റെ സഹോദരന്‍ സ്ത്രീജനോചിതമായ ഉടുപ്പിട്ടു സഹോദരിയുടെ സ്ഥാനത്തു നില്ക്കും. ബ്രിട്ടനില്‍ മൂന്നു ബദല്‍ വധുക്കളെ വഴിക്കുവഴിയേ തിരഞ്ഞുമാറ്റിയിട്ടുവേണം, വരന്‍ തന്റെ വധുവിനെ കണ്ടുപിടിച്ചുകൊള്‍വാന്‍ എന്നാണ് ആചാരനിര്‍ബന്ധം. ബീഹാറിലെ വിവാഹച്ചടങ്ങുകളെ വിവരിക്കുന്ന കാളീപദമിത്രന്‍ പറയുന്നു: 'വിവാഹമണ്ഡപത്തിലേറുന്നതിനു മുന്‍പായി വധുവും വധുവിന്റെ സഹോദരഭാര്യയും ('ഭോജൈ') ഒരു വസ്ത്രംകൊണ്ടു മൂടിപ്പുതച്ച് ഒരിടത്ത് ഒരുമിച്ചിരിക്കയോ കിടക്കുകയോ ചെയ്യുന്നു. വരന്‍ ആരാണ് തന്റെ വധുവെന്ന് കണ്ടുപിടിക്കണം. ആ 'ഭോജൈ' അയാളെ ചുംബിക്കും. ചിലപ്പോള്‍ ആ 'ഭോജൈ' യുടെ സ്ഥാനത്ത് ഒരാണ്‍കുട്ടിയായിരിക്കും. ദമ്പതികളെ വിവാഹമച്ചിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ വധൂസഹോദരന്‍ ആ ഘോഷയാത്രയെ തടുക്കുന്നതായി നടിക്കാറുണ്ട്. അയാളെ ആളുകള്‍ പിടിച്ചുനീക്കി വിവാഹമച്ചിലേക്കു പ്രവേശിക്കും. ഇതു ബലാല്‍ക്കാരമായി വിവാഹം നടത്തിയിരുന്ന കാലത്തെ സൂചിപ്പിക്കുന്നു. 'റങ്കൂണില്‍ തായെറ്റ് മിയോവിലെ ഒരു ഗ്രാമത്തില്‍ ഒരു വിവാഹാവസരത്തില്‍വെച്ചു വരന്‍ കുന്തക്കുത്തേറ്റു മരിച്ചതായി പത്രങ്ങള്‍ (1935) പ്രസ്താവിച്ചിരുന്നു. ദമ്പതിമാരുടെ ഭാവിഭാഗ്യത്തിനായി ഗ്രാമവാസികള്‍ വരന്റെ വീട്ടിനു മീതേ കല്ലെറിയണമെന്നുണ്ട്. അതിനു വരന്‍ അവര്‍ക്കു പ്രതിഫലവും കൊടുക്കണം. പതിവുപ്രകാരമുള്ള ആ സംഖ്യ കൊടുക്കാഞ്ഞിട്ടാണ് ക്രുദ്ധരായ ഗ്രാമീണര്‍ വരനെ കുത്തിക്കൊന്നത്.

ഇത്തരം ചടങ്ങുകളോടടുപ്പമുള്ളതാണ് വധു മുഖം മൂടണമെന്നും വിവാഹം കഴിയുംമുന്‍പ് വരന്‍ വധുവിനെ കണ്ടാല്‍ ദാമ്പത്യം അമംഗളമാകുമെന്നുമുള്ള വിശ്വാസം. ഈജിപ്തില്‍ വിവാഹം കഴിയുംവരെ വരന് വധൂമുഖം കാണാന്‍ പാടില്ല. ജെരുസലത്തിലെ യഹൂദര്‍ക്കിടയില്‍ വധു വിവാഹമണ്ഡപത്തില്‍ മേല്ക്കട്ടിക്കു ചുവട്ടില്‍ കണ്ണു മടച്ചു നില്ക്കണം. പിന്നീട് വിവാഹമച്ചിലെത്തിയത്തിനുശേഷമേ അവള്‍ക്കു കണ്ണു തുറന്നുനോക്കാന്‍ പാടുള്ളൂ. മേല്ക്കട്ടി കെട്ടുന്നത് മുകളില്‍നിന്നു വരാവുന്ന ദോഷങ്ങളില്‍നിന്നു വധുവിനെ രക്ഷപ്പെടുത്താന്‍വേണ്ടിയാണ്. ഇന്ത്യയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വധൂവരന്മാര്‍ കുളിക്കാതിരിക്കുകയും വൃത്തികെട്ടവയോ കീറിപ്പറഞ്ഞവയോ ആയ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തുകൊള്ളണമെന്ന് ആചാരം നിര്‍ബന്ധിക്കുന്നുണ്ട്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education